മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ബിസിനസ് കണ്‍സള്‍ട്ടന്റും സ്‌പോര്‍ട്‌സ് താരവുമായ ക്യാഷ്യസ് പെരേര നയിച്ച ടീം റിവൈവല്‍ തൂത്തുവാരി. എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി സ്ഥാനം ഒഴികെ എല്ലാ സ്ഥാനങ്ങളിലും റിവൈവല്‍ പാനല്‍ വിജയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍ നയിച്ച ചലഞ്ചേഴ്‌സ് പാനല്‍ വന്‍ പരാജയമാണ് ഏറ്റു വാങ്ങിയത്. 12 അംഗ ഭരണ സമിതിയിലേക്കു മൂന്നു പാനലുകളിലായി 28ഓളം സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. 

പ്രസിഡന്റായി കാഷ്യസ് പെരേര, വൈസ്പ്രസിഡന്റായി വി ഡി തങ്കച്ചന്‍, ജനറല്‍ സെക്രട്ടറിയായി റിക്‌സണ്‍ അന്റോണിയോ റെബല്ലോ, സിബി വര്‍ഗീസ് (അസി.ജനറല്‍ സെക്രട്ടറി), ആര്‍ അനില്‍ കുമാര്‍ (ട്രഷറര്‍) കെ പി രാജന്‍ (അസിസ്റ്റന്റ് ട്രഷറര്‍), സിമിന്‍ ശശി (അസി. എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി) സബ്രഹ്മണ്യ വിശ്വാസ് (സ്‌പോര്‍ട്‌സ് സെക്രട്ടറി ക്രിക്കറ്റ്, ഹോക്കി), ജോസഫ് ജോയ്(ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി) എന്നിവരും റിവൈവലില്‍നിന്നു വിജയിച്ചു. ഈ പാനലില്‍നിന്ന് നേരത്തെ ടെന്നീസ് സ്‌പോര്‍ട്‌സ് സെക്രട്ടറി, ബാഡ്മിന്റന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേയ്ക്ക് യഥാക്രമം ഡോ. ജോണ്‍ ചാക്കോ ഹരി ആര്‍ ഉണ്ണിത്താന്‍ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

722 വോട്ടര്‍മാരില്‍ മാര്‍ച്ച് 31 വരെയുള്ള വരിസംഖ്യയും അംഗത്വ ഫീസുമെല്ലാം കൃത്യമായി അടച്ചവര്‍ക്കായിരുന്നു വോട്ട് ചെയ്യാന്‍ അവകാശമുണ്ടായിരുന്നത്. ടീം ചലഞ്ചേഴ്‌സ്, ടീം റിവൈവല്‍, ടീം റിനൈസന്‍സ് എന്നിങ്ങനെ പേരുകളിലാണ് പാനലുകള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 381 വോട്ടുകള്‍ നേടി ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു വിജയിച്ച അനില്‍ കുമാറിനാണ് ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ സ്ഥാനാര്‍ഥിയായ ചാക്കോയ്ക്ക് 131 വോട്ടുകളാണ് ലഭിച്ചത്. കാഷ്യസ് പെരേര 367 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ എബ്രഹാംജോണിന് 177 വോട്ടാണ്‌ലഭിച്ചത്. 

മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ടു നില. വൈസ് പ്രസിഡണ്ട് തങ്കച്ചന്‍ (296) ശങ്കര്‍ ഭരദ്വാജ് (170), കുര്യന്‍ ജേക്കബ് (75). ജനറല്‍ സെക്രട്ടറി റിക്‌സണ്‍ റെബല്ലോ (278), ജോബ് (265). അസി. ജനറല്‍ സെക്രട്ടറി സിബി വര്‍ഗീസ് (303) സിന്റോ (143) അബ്ദുള്ളക്കുട്ടി (59), സ്റ്റിവ് (25) അസി.ട്രഷറര്‍ രാജന്‍ (267)കോശി ജോര്‍ജ്ജ് (179), ജ്യോതിഷ് കൊയിലാണ്ടി (98), എന്റര്‌ടെയിന്റ്‌മെന്റ് സെക്രട്ടറി നന്ദകുമാര്‍ (247) സ്വാമിനാഥന്‍ (187), ഗോപി നമ്പ്യാര്‍ (108) അസി. എന്റര്‌ടെയിന്റ്‌മെന്റ് സെക്രട്ടറി സിമിന്‍ ശശി (257), സെന്തില്‍ (191), ഉമ്മര്‍ കൊയിലില്‍ (95). ക്രിക്കറ്റ് &ഹോക്കി സെക്രട്ടറി സുബ്രഹ്മണ്യന്‍ (300), ജോണ്‍ ദീപക് (238) ഇന്‍ഡോര്‍ ഗെയിംസ് ജോസഫ് ജോയ് (365), വിജയ് (173)

സ്റ്റാലിന്‍ ജോസഫ് ഇലക്ഷന്‍ ഓഫീസര്‍ ആയുള്ള സമിതിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടു പോയ ഇലക്ഷന്‍ ഓഫിസര്‍ സ്റ്റാലിന്‍ ജോസഫ്, പോളിങ് ഓഫീസര്‍മാരായ രാമനുണ്ണി, ദേശികന്‍ സുരേഷ് എന്നിവരെ ഭരണ സമിതിയും മുന്‍ പ്രസിഡണ്ട് ആനന്ദ ലോബോയും അഭിനന്ദിച്ചു.