മനാമ: 'നടനം' എന്ന പേരില്‍ ബഹ്‌റൈനില്‍ നിലവില്‍ വന്ന കൂട്ടായ്മ വിഷു ഫെസ്റ്റിവല്‍ 2017 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഏപ്രില്‍ 14, 15 തിയ്യതികളിലാണു പരിപാടികള്‍ നടക്കുകയെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മണിയൂര്‍ അകം നാടക വേദി അവതരിപ്പിക്കുന്ന നാടകോല്‍സവമാണ് ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം. അദ്‌ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍  ഏപ്രില്‍ 14 വിഷുദിനത്തില്‍ 'പ്രവാസി' എന്ന നാടകം അവതരിപ്പിക്കും. 

രാവിലെ 11. 30 മുതല്‍ 2.30 വരെ വിഷു സദ്യ ഒരുക്കും. ഒരാള്‍ക്കു രണ്ടു ദിനാറും കുടുംബത്തിന് അഞ്ചു ദിനാറുമാണ് സദ്യക്ക് ഈടാക്കുക. വൈകീട്ട് 7.30 നു കലാപരിപാടികള്‍ ആരംഭിക്കും. ഈ പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. 

കേരളത്തില്‍ 230 ഓളം സ്‌റ്റേജില്‍ അവതരിപ്പിച്ച പ്രവാസി എന്ന നാടകം പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ രചനയാണ്. എം കെ സുരേഷ് ബാബുവാണു സംവിധാനം. രണ്ടു കലാകാരന്‍മാര്‍ മാത്രം രംഗത്ത് അവതരിപ്പിക്കുന്നതും അരങ്ങിന്റെ പിന്‍ബലം ആവശ്യമില്ലാത്തതുമായ നാടകമാണ് അകം നാടകവേദി അവതരിപ്പിക്കുന്നത്. 

നാട്ടില്‍ നിന്നു മൂന്നു കലാകാരന്‍മാരണ് ഇതിനായി എത്തുന്നത്. തുടര്‍ന്നു ബഹ്‌റൈനിലെ മറ്റു കലാകാരന്‍മാരുടെ കലാപരിപാടികളും ഉണ്ടാവും. 15 ന് ഇതേ വേദിയില്‍ ഇതേ സംഘം ബഹ്‌റൈന്‍ പ്രതിഭയുടെ ആഭിമുഖ്യത്തില്‍ 'മണ്ടോടി പറയുന്നു, ഒഞ്ചിയം ചുവന്ന മണ്ണ്' എന്ന നാടകം അവതരിപ്പിക്കും. 

13 നു ബഹ്‌റൈനില്‍ അകം നാടക വേദിയുടെ പ്രശസ്തമായ 'തുന്നല്‍ക്കാരന്‍' എന്ന നാടകം അരങ്ങേറും. കേരളത്തില്‍ 2300ല്‍ പരം  വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. 'നടനം' സംഘടിപ്പിക്കുന്ന ഈ അവതരണത്തിന്റെ വേദി പിന്നീട് പ്രഖ്യാപിക്കും. 

നാടകത്തിന് പ്രവേശനം സൗജന്യമായിരിക്കും. നാട്ടിലുള്ള അറിയപ്പെടാതെ പോവുന്ന കലാകാരന്‍മാര്‍ക്കു പ്രവാസ ഭൂമിയിലും അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നടനം ബഹ്‌റൈന്‍ എന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
വാര്‍ത്താ സമ്മേളനത്തില്‍ ജന. കണ്‍വീനര്‍ രമേശന്‍ ഇല്ലത്ത്, ചെയര്‍മാന്‍ ബാബുരാജ് മാഹി, ഗിരീശന്‍ കല്ലേരി, ആര്‍ പവിത്രന്‍, രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.