മനാമ: ഭീഷണികള്‍കൊണ്ട് എഴുത്തിന്റെ ശക്തിയെ ചെറുത്തുകളയാം എന്ന് ആരും കരുതരുതെന്നു സാഹിത്യകാരന്‍ എം മുകുന്ദന്‍. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന കഥയിലെ മുകുന്ദ കാലം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേന പേപ്പറിലൂടെ ഉരഞ്ഞ് നീങ്ങുന്ന സുഖകരമായ ശബ്ദത്തില്‍ മുഴുകിയാണ് എഴുത്തുകാരന്‍ എഴുതുന്നത്. ആ കൈ തടസ്സപ്പെടുത്തുന്ന ഇടപെടലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഗാന്ധിയെ ഒരു വെടിയുണ്ട കൊണ്ട് അവസാനിപ്പിക്കാനായി. എന്നാല്‍ ലോര്‍ക്കയെന്ന വിശ്വകവിയെ നാസികള്‍ സ്വന്തം ശവകുഴി തോണ്ടിപ്പിച്ച ശേഷം അതിലേയ്ക്ക് വെടി വച്ചിട്ട് മൂടുകയായിരുന്നു. പക്ഷേ കവികളുടെ കുലം അവിടെ അവസാനിച്ചില്ല. ആയിരക്കണക്കിന് സ്വതന്ത്ര ദാഹികളായ എഴുത്തുകാര്‍ ജനിച്ചു കൊണ്ടേയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 കഥകളിലും കവിതകളിലും സജീവമായ പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ടെന്നും അവരില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. തുടര്‍ന്ന്, സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മുകുന്ദന്റെ ആദ്യം മുതല്‍ക്കുള്ള കഥകളെയും നോവലുകളെയുംകുറിച്ചു അദ്ദേഹം സംസാരിച്ചു.

സുധീഷ് രാഘവന്‍, രാജു ഇരിങ്ങല്‍, അനഘാ രാജീവ്, രഞ്ജന്‍ ജോസഫ്, സ്വപ്നാ വിനോദ്, എസ് വി ബഷീര്‍, ജോര്‍ജ്ജ് വര്‍ഗീസ്, നിമ്മി ജോസഫ് തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അനില്‍ വേങ്കോട്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായിരുന്നു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി ഫിലിപ്പ് എന്നിവരും സംസാരിച്ചു.