മനാമ: ബഹ്റൈന്‍ 45-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ നടത്തുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി 'അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം' എന്ന പേരില്‍ ത്രിദിന രക്തദാന ക്യാമ്പ് നാളെ ദേശീയ ദിനത്തില്‍ ആരംഭിക്കും. രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററിലും 16-ാമത് രക്തദാന ക്യാമ്പ് ഡിസംബര്‍ 17 ന് ശനിയാഴ്ച്ച ബഹ്റൈന്‍ ബി.ഡി.എഫ് ഹോസ്പിറ്റലിലും 17-ാമത് രക്തദാന ക്യാമ്പ് ഡിസംബര്‍ 18ന് ഞായറാഴ്ച്ച മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈന്‍ ആരോഗ്യമന്ത്രാലയവുമായും ബഹ്റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് ലോകത്തിലെ പ്രമുഖ ട്രാവല്‍ സ്‌കൂള്‍ ബാഗ് നിര്‍മ്മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

രക്തദാന സേവനത്തിന് നൂതന സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷന്‍ കെ.എം.സി.സി ബഹ്റൈന്‍ ബ്ലഡ് ബുക്ക്, 2016 ഡിസംബര്‍ 23 ന് പവിഴ ദ്വീപിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെ നടന്ന ക്യാമ്പുകളില്‍ 2300ല്‍ അധികം പേര്‍ രക്തം ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അടിയന്തിര ഘട്ടങ്ങളില്‍ നിരവധി തവണ കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 7 വര്‍ഷക്കാലയളവില്‍ ഇതുവരെയും അത്യാവശ്യ ഘട്ടങ്ങളില്‍ വിളിച്ചപ്പോഴെല്ലാം രക്തം ദാനം ചെയ്തിട്ടുണ്ട്. ബഹ്റൈനില്‍ ഇത്ര വിപുലമായ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവര്‍ത്തിക്കുന്നതും കെ.എം.സി.സി. മാത്രമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ടീമും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ്റൈന്റെ വിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

അപകടം രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടത്തുന്ന ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ജീവസ്പര്‍ശം എന്ന പേരില്‍ കെ.എം.സി.സി നടത്തുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡും ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം റോയല്‍ മെഡിക്കല്‍ സര്‍വ്വീവസ് പുരസ്‌കാരവും ഇന്ത്യന്‍ എംബസിയുടെ പ്രത്യേക പ്രശംസയും കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ 12 മെഗാ ക്യാമ്പുകളും 2 എക്സ്പ്രസ്സ് ക്യാമ്പുകളും കെ.എം.സി.സി നടത്തിയിട്ടുണ്ട്.
മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികളും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്. 

അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്സൈറ്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കെ.എം.സി.സി.ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാലും തല്‍സമയ രക്തദാന സേവനം നടത്തി വരുന്നു.ബുധനാഴ്ചയും വെള്ളിയാഴ്ച്ചയും നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 39841984, 33161984, 39881099 എന്നീ നമ്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവര്‍ 33189006, 33782478 എന്നീ നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: ശാഫി പാറക്കട്ട (കെ.എം.സി.സി, വൈസ് പ്രസിഡന്റ്), ശംസുദ്ധീന്‍ വെള്ളികുളങ്ങര (കെ.എം.സി.സി ഓര്‍ഗ.സെക്രട്ടറി), കെ.പി.മുസ്തഫ (കെ.എം.സി.സി. സെക്രട്ടറി), കെ.എം. സൈഫുദ്ധീന്‍ (കെ.എം.സി.സി സെക്രട്ടറി) എ.പി.ഫൈസല്‍ (ജനറല്‍  കണ്‍വീനര്‍ ജീവസ്പര്‍ശം)    ഫൈസല്‍ കോട്ടപ്പള്ളി, (കണ്‍വീനര്‍), പാരാജോണ്‍ കണ്‍ട്രി മാനേജര്‍ പി. അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.