മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എല്‍.എം.ആര്‍.ഏ)  കഴിഞ്ഞ മാസം 23 മുതല്‍ വിതരണം ചെയ്തു തുടങ്ങിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് മികച്ച പ്രതികരണം ലഭിക്കുന്നതായി എല്‍.എം.ആര്‍.ഏ. ചീഫ് എക്‌സിക്യൂട്ടീവ് ഔസാമ അല്‍ അബ്‌സി. ഓരോ ദിവസവും അന്‍പതോളം ഫ്‌ളെക്‌സി പെര്‍മിറ്റുകളാണ് വിതരണം നടക്കുന്നതെന്നും പുതിയ സംവിധാനത്തിന് വിദേശിയര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതുവരെയായി 16 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഫ്‌ളെക്‌സി പെര്‍മിറ്റ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ അപേക്ഷിച്ചത് ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ് രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും ഔസാമ വെളിപ്പെടുത്തി. 

അതേസമയം, വീട്ടുവേലക്കാര്‍ക്കോ കോടതിയില്‍ കേസ് നില നില്‍ക്കുന്നവര്‍ക്കോ യാത്രാനിരോധനമുള്ളവര്‍ക്കോ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കോ ഫെളെക്‌സി പെര്‍മിറ്റിന് അപേക്ഷിക്കാന്‍ യോഗ്യതയില്ല. കഴിഞ്ഞ പൊതുമാപ്പില്‍ രേഖകള്‍ നിയമവിധേയമാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് ഒരു നല്ല അവസരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുള്ളവരായിരിക്കണം അപേക്ഷകര്‍.

 ഇതിനാല്‍ത്തന്നെ നിരവധി പേര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനായി എംബസിയെ സമീപിക്കുന്നുണ്ടെന്ന് വിവിധ എംബസികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ സംവിധാനം ഫ്രീവിസക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് പ്രതീക്ഷ. ഏകദേശ കണക്കനുസരിച്ച് രാജ്യത്ത് അറുപതിനായിരത്തോളം പേര്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷം മാസം ശരാശരി രണ്ടായിരത്തോളം ഫ്‌ളെക്‌സി പെര്‍മിറ്റുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. 

തങ്ങള്‍ അപേക്ഷിക്കാന്‍ അര്‍ഹരാണോയെന്നറിയാന്‍ 33150150 എന്ന നമ്പറിലേക്ക് തങ്ങളുടെ സി.പി.ആര്‍. നമ്പര്‍ അയച്ചാല്‍ മതി.. എല്‍.എം.ആര്‍.ഏ.യുടെ വെബ്‌സൈറ്റില്‍ ഇംഗ്‌ളീഷ്, ബഗാളി, ഉര്‍ദു, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ വിശദീകരണം നല്‍കുന്നുമുണ്ട്. അര്‍ഹരായവര്‍ക്ക് ബ്‌ളൂ കാര്‍ഡ് ലഭിച്ചുകഴിഞ്ഞാല്‍ എവിടെയും ജോലിയെടുക്കാം. അതേസമയം മൊബൈല്‍ നമ്പറിലൂടെ മാത്രമേ അപേക്ഷകര്‍ക്ക് തങ്ങളുടെ വിസാ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നതിനാല്‍ സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ അപേക്ഷകനു വേണം. ഫ്‌ളെക്‌സിബിള്‍ വിസ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 17103103 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്കാണ് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹത.