shahul hameedമനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മരണമടഞ്ഞ മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം നാട്ടിലേയ്ക്ക് ബഹ്‌റൈന്‍ വിമാനത്താവളം വഴി മടങ്ങുകയായിരുന്ന കൊല്ലം ശാസ്താംകോട്ട ശൂരനാട് തെക്കേമുറി വിളയിലയ്യത്ത് ഷാഹുല്‍ ഹമീദ് റാവുത്തര്‍ (74)ആണ് തിങ്കളാഴ്ച വൈകീട്ട് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മരിച്ചത്.

 ഓഗസ്റ്റ് 28 ന് ഇന്ത്യന്‍ ഗവര്‍മെന്റ് ഹജ്ജ് സംഘത്തോടൊപ്പമായിരുന്നു ഇദ്ദേഹം മെക്കയിലേയ്ക്ക് തിരിച്ചത്. ഒക്ടോബര്‍ 2 നു മടങ്ങാനിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മദീനത്തു പള്ളി സന്ദര്‍ശിച്ചു മടങ്ങവേ അസുഖബാധിതനായതിനെ തുടര്‍ന്ന് സഹായി കരുനാഗപ്പള്ളി വട്ടപ്പറമ്പ് സ്വദേശി ഇബ്രാഹിം കുട്ടി മുസലിയാര്‍ക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

 ഗള്‍ഫ് എയറില്‍ കണക്ഷന്‍ ഫ്‌ളൈറ്റ് വഴി പോകാന്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കവെയാണ് ഹൃദയാഘാതമുണ്ടായത്. പിന്നീട് മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹുമൈബാന്‍ ബീവിയാണ് ഭാര്യ. മക്കള്‍ ജലീല, റജുല, റുഷ്ദ ലാലുദീന്‍, സാബിത്, അന്‍സര്‍.