മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് ദാന ചടങ്ങ് ഇന്ന് വൈകിട്ട് അഞ്ചരക്ക് ബഹ്‌റൈന്‍ കേരളിയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും.

വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്ത് മൂന്ന് സര്‍വകലാശാലകള്‍ സ്ഥാപിച്ച് വ്യക്തിമുദ്ര പതിപ്പിച്ച കെ.ജി. മന്മഥന്‍ നായര്‍ക്കാണ് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ്. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകനും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവിയാണ്. 

പ്രശസ്ത പിന്നണി ഗായകരായ രതീഷ് കുമാര്‍, ജാനകിനായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. ഇതുകൂടാതെ കേരളത്തിനു പുറത്ത് ബിസിനസ് മേഖലയില്‍ കഴിവു തെളിയിച്ച സാമൂഹിക സാംസ്‌കാരിക പ്രതിബദ്ധതയുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റു മൂന്ന് അവാര്‍ഡുകള്‍ കൂടി നല്‍കും.

ഡോ.കെ.എസ്. മേനോന്‍, വി.കെ രാജശേഖര പിള്ള, കല്ലയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. ഈ  വര്‍ഷത്തെ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ ബാലചന്ദ്രന്‍ കൊന്നക്കാടും ജൂറി അംഗങ്ങള്‍ പ്രവീണ്‍, രതീഷ്, ശ്രീജന്‍ എന്നിവരുമാണ്.

ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവരെ ആദരിക്കുവാന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയതാണ് മന്നം അവാര്‍ഡ്. 


ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെയിന്റ് വിന്‍സന്റ്, സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്രസിഡന്റും സി.ഇ.ഒയുമായ കെ.ജി. മന്മഥന്‍ നായര്‍ വ്യവസായ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കെ.ജി.എം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ വ്യാപിച്ചു കിടക്കുന്ന അമേരിക്കയിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം.

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫോക്കാന) പ്രസിഡന്റ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഗ്രേറ്റര്‍ ഡള്ളാസ് ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഡോ.വില്യംസ് എസ്. ഹാരിസ് മെമ്മോറിയല്‍ ഗോള്‍ഡ് അവാര്‍ഡ്, ഫോക്കാന മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, മെല്‍വിന്‍ ജോണ്‍സ് ഫെല്ലോഷിപ്പ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതു മാത്രമാണ്. അമേരിക്കയില്‍ ക്ഷേത്ര നിര്‍മ്മാണ രംഗത്ത് അദ്ദേഹം വഹിച്ച നിസ്വാര്‍ത്ഥ സേവനം പ്രശംസാര്‍ഹമാണ്.