മനാമ: ബഹ്‌റൈന്‍ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പാലക്കാട് ഫെസ്റ്റ്' ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. 

സെപ്തംബര്‍ 21 നു വൈകിട്ട് ഏഴു മണിക്ക് ബാങ് സാങ് തായ് റെസ്റ്റോറന്റിലാണ് പരിപാടി നടക്കുന്നത്. വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും പാലക്കാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന ഷാഫി പറമ്പിലിന് പ്രൗഢമായ സ്വീകരണവും ഒരുക്കിയിട്ടുണ്ടെന്നു നേതാക്കള്‍ പറഞ്ഞു.  

പാലക്കാടിന്റെ അഭിമാനമായി പ്രവാസ ലോകത്ത് മികവ് തെളിയിച്ച വ്യക്തികള്‍ക്ക്  എക്‌സലന്‍സ്  അവാര്‍ഡുകള്‍  സമ്മാനിക്കും. ബ്രോഡന്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി എം ഡി ഡോ. കെ എസ് മേനോന്‍ (ബിസിനസ്സ്),  എ വി പി ഫിനാന്‍സ് ബി എം എം ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവേക് മോഹന്‍ദാസ് (പ്രഫഷണല്‍  അച്ചീവ്‌മെന്റ് ) എന്നിവര്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. അവാര്‍ഡുകള്‍ ഷാഫി പറമ്പില്‍ എം എല്‍ എ സമ്മാനിക്കും. അമാദ് ഗ്രൂപ്പ് എം ഡി പമ്പാവാസന്‍  നായര്‍ സംബന്ധിക്കും. മികച്ച കായിക താരം നിഖിത വിനോദ്, പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ പാലക്കാട് അസോസിയേഷന്‍ (പാക്ട്) എന്നിവരെയും ആദരിക്കും. പരിപാടിയോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രശസ്ത കലാകാരന്‍ രാജീവ് വെള്ളിക്കോത്തും സംഘവും നയിക്കുന്ന 'മേഘ മല്‍ഹാര്‍' എന്ന  സംഗീത വിരുന്നും ഉണ്ടായിരിക്കും.  

ഷാഫി പറമ്പില്‍ എം എല്‍ എ യുടെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് പാലക്കാടും ഒ ഐ സി സി പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും വിതരണവും പരിപാടിയില്‍ നടക്കും.

പാലക്കാട് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വേണ്ടി അല്‍ ഹിലാല്‍ ഹോസ്പ്പിറ്റലുമായി സഹകരിച്ച് അന്നു വൈകിട്ട് 4.30 മുതല്‍ വൈകിട്ട് 7.30 വരെ പ്രോഗ്രാം നടക്കുന്ന ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സഘടിപ്പിക്കുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജില്ല പ്രസിഡന്റ് ജോജി ലാസര്‍, ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, ജില്ല സെക്രട്ടറി ഷാജി ജോര്‍ജ്, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ലിജോ പുതുപ്പള്ളി, ജില്ല സെക്രട്ടറി അനസ് സംബന്ധിച്ചു.