മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം വെള്ളിയാഴ്ച വൈകീട്ട് കൊടിയേറും. തുടര്‍ന്ന് തിരുവാതിര മത്സരം നടക്കും. സമാജം ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിര്‍വഹിക്കും.
 
തുടര്‍ന്ന് കെ.എസ്. ചിത്രയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും. ഡോ. കെ.ജെ. യേശുദാസ്, ജി വേണുഗോപാല്‍, ഡോ. രാജന്‍ നമ്പ്യാര്‍, അപര്‍ണ ബാലമുരളി, ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50-ഓളം കലാകാരന്മാരാണ് ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത്.

ചാക്യാര്‍ കൂത്ത്, 150-ഓളം സ്ത്രീകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, പുലികളി, ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളും ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കേരള സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.
 
തുടര്‍ന്ന് ഡോ. കെ.ജെ. യേശുദാസ് അവതരിപ്പിക്കുന്ന സംഗീതകച്ചേരി ഉണ്ടായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സെപ്തംബര്‍ 15-ന് നടക്കുന്ന 5000 പേര്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നത്. ശങ്കര്‍ പള്ളൂര്‍ ജനറല്‍ കണ്‍വീനറും ബാബു സുരേഷ് ജനറല്‍ കോര്‍ഡി നേട്ടരും ആയുള്ള 250 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.