മനാമ: ബഹ്‌റൈനില്‍ സ്വകാര്യമേഖലയിലെ നിര്‍ദിഷ്ട കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) ഫീസ് വര്‍ധന അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യവസായികള്‍ക്ക് അനുഗ്രഹമായി.

ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) അധികൃതരും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം ആറുമാസത്തേക്ക് നീട്ടിവെയ്ക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ തീരുമാനത്തെ ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്യുകയും പ്രധാനമന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 22 മുതലാണ് സി.ആര്‍. നിരക്കുവര്‍ധന ആലോചിച്ചിരുന്നത്. ഇത് അടുത്ത വര്‍ഷം മാര്‍ച്ച് 31-നുശേഷമേ നടപ്പാക്കൂ എന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബോധവത്കരണം നടത്താനും ചെറുകിട കച്ചവടക്കാരുടെ ആഘാതം വിലയിരുത്താനും ഇതുവഴി ബി.സി.സി.ഐ.ക്ക് മതിയായ സമയം ലഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
 
നിലവില്‍ വ്യാപാരസ്ഥാപന ഉടമകള്‍ സി.ആര്‍. പുതുക്കാന്‍ പ്രതിവര്‍ഷം 50 ദിനാര്‍ ആണ് അടച്ചിരുന്നത്. ഇതാണ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ചില വിഭാഗങ്ങളില്‍ 20 മടങ്ങ് വരെ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്. സി.ആറിലെ വിവിധ പ്രവൃത്തികള്‍ക്ക് പ്രത്യേക ചാര്‍ജും നല്‍കേണ്ടതുണ്ട്. ഇതുവഴി കോള്‍ഡ് സ്റ്റോര്‍ മേഖലയില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബി.സി.സി.ഐ, പ്രശ്‌നം പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുകയും പ്രധാനമന്ത്രി വാണിജ്യ മന്ത്രാലയം പ്രശ്‌നം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബി.സി.സി.ഐ. അധികൃതരുമായി ചര്‍ച്ച നടത്തിയ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ വ്യാപാര സമൂഹത്തില്‍നിന്നുള്ള എതിര്‍പ്പുണ്ടെങ്കിലും ഫീസ് വര്‍ധനയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിരുന്നു. ഫീസ് വര്‍ധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന വ്യാപാരികളുടെ വാദം അതിശയോക്തിപരമാണെന്നും മന്ത്രി പറഞ്ഞു. സി.ആര്‍. നിരക്കുവര്‍ധന പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ കമ്മിഷന്റെ അധ്യക്ഷനാണ് മന്ത്രി സായിദ് അസ്സയാനി.