ചെറുപ്പത്തില്‍ എന്റെ ഒരു പ്രകൃതത്തിനും ആരും എതിര് നിന്നിട്ടില്ല. ഓണക്കാലത്ത് പുത്തന്‍ സാധനങ്ങള്‍ വാങ്ങാന്‍ അച്ഛന്‍ മക്കളെ കൂട്ടിപ്പോവും. ചേച്ചിക്ക് ഫ്രോക്ക്. ചേട്ടന്മാര്‍ക്ക് പാന്റും ഷര്‍ട്ടും കളിത്തോക്കും. ഞാനപ്പോള്‍ അവിടെയിങ്ങനെ തപ്പിത്തപ്പി നില്‍ക്കും. ചേച്ചി ഇഷ്ടപ്പെട്ടെടുത്ത ഫ്രോക്കിന്റെ അരിക് പിടിച്ച് നില്‍ക്കും ഞാന്‍! തോക്ക് വേണോന്ന് അച്ഛന്‍ ചോദിക്കുമ്പൊ എനിക്കറിയില്ല വേണോ എന്ന്! എന്റെ കണ്ണുകള്‍ റോസ് നിറമുള്ള പാവക്കുട്ടികളുടെ പുഞ്ചിരിയിലാവും! എനിക്ക് നിക്കറും ഷര്‍ട്ടുമൊക്കെ അച്ഛന്‍ വാങ്ങും. വീട്ടിലെത്തി എല്ലാവരും ചേര്‍ന്ന് വാങ്ങിയതെല്ലാം വീണ്ടും പുറത്തെടുത്ത് വീതം വെയ്ക്കും. എന്റെ സമ്മാനങ്ങള്‍ കണ്ട് ഞാനന്ന് മുഴുവന്‍ ഭയങ്കര കരച്ചിലായിരിക്കും! അന്നൊന്നും എനിക്കുമറിയില്ല, മറ്റാര്‍ക്കുമറിയില്ല എന്താണ് എന്റെ കരച്ചിലിന്റെ അര്‍ത്ഥമെന്നത്...  സ്വയം തിരിച്ചറിഞ്ഞു...

എനിക്ക് അഞ്ച് വയസ്സ് ആയപ്പോള്‍ത്തന്നെ ഞാനെന്നെ തിരിച്ചറിഞ്ഞിരുന്നു. ഞാനൊരു സ്ത്രീയാണെന്നും പുരുഷനല്ലെന്നും എനിക്ക് മനസ്സിലായിരുന്നു. ആണ്‍പിള്ളേരുടെ കൂടെ കളിക്കില്ല. നാണം വരും. വീട്ടില്‍ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് മാറിക്കിടക്കുന്ന രീതിയുണ്ട്. തീണ്ടാരിപ്പുര എന്ന് പറയുന്ന പ്രത്യേക മുറിയിലേക്ക്. അവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. എനിക്കും പോവാന്‍ പാടില്ല. പക്ഷെ അമ്മ മാറികിടക്കുന്ന ദിവസങ്ങളില്‍ ഞാനും കൂടെ പോയി കിടക്കും. ആരെങ്കിലും ചുമ്മാ തമാശയാക്കും, ''എന്താ നമ്മുടെ പൊടിക്കും തീണ്ടാരിയായോ'' എന്ന്. പൊടി, എന്റെ ചെല്ലപ്പേരാണ്. സത്യത്തില്‍ എനിക്ക് സ്വസ്ഥതയും അടുപ്പവും സ്ത്രീകളോടായിരുന്നു. അവരുടെ വലയത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തി. 

GRIHALAKSHMI

വളരുന്ന പ്രായത്തില്‍ പെണ്ണിന്റെ തോന്നലുകളാണ് എന്റെ മനസ്സ് നിറയെ...പട്ടുപാവാടയും ബ്‌ളൗസുമിട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പോവണം. ചേച്ചിയൊക്കെ പൂമാല ചൂടുമ്പോള്‍ എനിക്കും പൂവെയ്ക്കാന്‍ ആഗ്രഹം വരും. എല്ലാവരും മൈലാഞ്ചി അരച്ചിടുമ്പോള്‍ ഞാനുമിടും. എന്നാല്‍ പരസ്യമായി ആളുകളുടെ മുന്നിലിറങ്ങുമ്പോള്‍ സ്വയം ഞാനതൊക്കെ ഒഴിവാക്കി. സ്‌കൂളില്‍ ഞാന്‍ വളരെ ആക്ടീവായ കുട്ടിയായിരുന്നു. സ്‌പോര്‍ട്‌സില്‍ സ്റ്റേറ്റ് ലെവലില്‍ സമ്മാനങ്ങളൊക്കെ കിട്ടി. പഠനത്തിലും മോശമായിരുന്നില്ല. ഇതൊക്കെകൊണ്ടാവാം, എല്ലാവര്‍ക്കും എന്നെ കാര്യമാണന്ന്. 

പ്രീഡിഗ്രിക്ക് ചേരുന്ന സമയത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള ആഗ്രഹം കഠിനമായി. അന്ന് വേഷമൊക്കെ ആണിന്റെത് തന്നെ. പക്ഷെ നഖം വളര്‍ത്തും. നെയില്‍ പോളിഷിടും. പെണ്ണിന്റേതായ ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ ഒരുപാട് ആഗ്രഹം...കുടുംബത്തോടുള്ള സ്‌നേഹബഹുമാനങ്ങള്‍ കൊണ്ട് അതെല്ലാം അടക്കി ഒരു ഫാന്‍സിഡ്രസ്സിനുള്ളില്‍ എന്നപോലെ ഞാന്‍ ജീവിച്ചു.