തൃശ്ശൂര്‍: ജീവരക്തം പകരാന്‍ ഗുരുവായൂരില്‍നിന്ന് ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നെത്തി. അപൂര്‍വ രക്തഗ്രൂപ്പായ 'ബോംബെ ഒ-നെഗറ്റീവി'ന് ഉടമയായ എം. നിഹാലിന്റെ യാത്ര, തമിഴ്‌നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം ദാനംചെയ്യാനായിരുന്നു. ബുധനാഴ്ച രാവിലെ 5.45-ന്റെ വിമാനത്തിലാണ് നിഹാല്‍ ചെന്നൈയിലെത്തിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് രക്തത്തിന്റെ അളവ് കുറഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ശിവജ്ഞാനം.

രക്തദാന സംഘടനയായ ബ്ലഡ് ഡോണേഴ് കേരള (ബി.ഡി.കെ.)യില്‍ കേരളത്തില്‍നിന്ന് നാലുപേര്‍ മാത്രമാണ് ബോംബെ ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ വഴിയാണ് മുഹമ്മദ് നിഹാലുമായി ബന്ധപ്പെട്ടത്.

ഗുരുവായൂര്‍ പഞ്ചാരമുക്ക് മേച്ചേരി വീട്ടില്‍ അബ്ദുള്‍കരീമിന്റെ മകനായ നിഹാല്‍, അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.

1952-ല്‍ മുംബൈയിലെ ഡോ. ഭെന്‍ഡേ ആണ് ബോംബേ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തിയത്. ബോംബെയില്‍ കണ്ടെത്തിയതിനാലാണ് ഈ പേരുവന്നത്. രക്തഗ്രൂപ്പുകളിലെ അടിസ്ഥാനഘടകമായ എ, ബി, എച്ച് ആന്റിജനുകള്‍ ഉണ്ടാവില്ലെന്നതാണ് ബോംബെ രക്തഗ്രൂപ്പിന്റെ പ്രത്യേകത. ഇന്ത്യന്‍ ജനസംഖ്യയുടെ 0.01 ശതമാനം ആളുകളില്‍ മാത്രമാണ് ബോംബെ രക്തം ഉള്ളത്. ഇക്കൂട്ടരില്‍തന്നെ 10 ശതമാനം പേര്‍ക്കുമാത്രമേ ബോംബെ ഒ നെഗറ്റീവ് ഗ്രൂപ്പ് ഉള്ളൂവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

content highlights: nihal blood donour flew from guruvayur to chennai