karthyaniyamma
സാറും കുട്ടിയും...കാര്‍ത്ത്യായനിയമ്മ തുടര്‍വിദ്യാഭ്യാസ
പദ്ധതിയുടെ അധ്യാപിക ലേഖാ രാജുവിന് ഒപ്പം.

ഹരിപ്പാട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷയുടെ ചൂടിലാണെങ്കില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ കാര്‍ത്ത്യായനിയമ്മയും പഠിക്കുകയാണ്; അടുത്ത മാസം നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍. ആലപ്പുഴ ജില്ലയിലെ സാക്ഷരതാ മിഷന്റെ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് കാര്‍ത്ത്യായനിയമ്മ.

കാര്‍ത്ത്യായനിയമ്മയുടെ ഓര്‍മയുടെ അങ്ങേത്തലയ്ക്കല്‍ അക്ഷരങ്ങള്‍ ഉറച്ച നാളുകളുണ്ടായിരുന്നു. ജീവിത പ്രാരബ്ധങ്ങള്‍ അതെല്ലാം മായ്ച്ചുകളഞ്ഞു. വീട്ടുമുറ്റത്ത് പച്ചമണ്ണില്‍ വിരലമര്‍ത്തി എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം പോയകാലവും ഓര്‍മയില്‍ തെളിയുകയാണെന്ന് കാര്‍ത്ത്യായനിയമ്മ പറയുന്നു.

മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യയാണ് കാര്‍ത്ത്യായനിയമ്മ. അഞ്ചാം ക്ലാസില്‍ തോറ്റപ്പോള്‍ പഠിപ്പ് നിര്‍ത്തി. അപ്പോഴേക്കും അക്ഷരങ്ങളും ഗുണനപ്പട്ടികയുമെല്ലാം മനഃപാഠമാക്കിയിരുന്നു.

പിന്നീട് കല്യാണം. മക്കള്‍ ആറ്. ഇളയ മകള്‍ അമ്മിണിക്ക് 28 ദിവസം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. അന്നു തുടങ്ങിയ കഷ്ടപ്പാടുകള്‍ ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്നു. അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് മക്കളെ വളര്‍ത്തി. ആഗ്രഹമുണ്ടായിരുന്നെങ്കിലും വായിക്കാനും പഠിക്കാനും കഴിഞ്ഞില്ല.

ഒന്‍പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ അമ്മിണി രണ്ടുവര്‍ഷം മുന്‍പ് സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചു. മകളുടെ നേട്ടം കാര്‍ത്ത്യായനിയമ്മയ്ക്ക് പ്രചോദനമായി. തനിക്കും പഠിക്കണമെന്ന് അവര്‍ വാശിപിടിച്ചു. അങ്ങനെയാണ് അയല്‍വാസിയും സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ അധ്യാപികയുമായ ലേഖാരാജു ആ ദൗത്യം ഏറ്റെടുത്തത്.

രണ്ടു മാസമായി നല്ല കുട്ടിയായി ലേഖയുടെ കീഴില്‍ പഠിക്കുന്നു. നാലാം ക്ലാസ് തുല്യതാപരീക്ഷ അടുത്ത മാസമുണ്ടാകും. തുടര്‍ന്ന് എട്ടും കടന്ന് പത്താം ക്ലാസ് ജയിക്കണമെന്നാണ് കാര്‍ത്ത്യായനിയമ്മയുടെ ആഗ്രഹമെന്ന് ലേഖാരാജു പറഞ്ഞു.

പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് കാര്‍ത്ത്യായനിയമ്മ നിന്നു. പിന്നെ മുറുക്കാന്‍ തുപ്പിയ ശേഷം നിവര്‍ന്നു. 'ആയുസ്സുണ്ടെങ്കില്‍ അതുറപ്പാ. പഠിക്കും. പത്തും കടക്കും'-പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തോടെ ആ അമ്മ പറഞ്ഞു. 

 content highlights: 96 year old karthyayaniamma attening 4th stantard equal exam