ഒരു പ്രസംഗത്തിനൊന്നും മുതിരുന്നില്ല, കുഞ്ഞുങ്ങളെയൊക്കെ ഒന്നു കാണാന്‍ വന്നതാണ് ഞാനും... എന്ന മുഖവുരയോടെയാണ് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിച്ചു തുടങ്ങിയത്. നിഷ്‌കളങ്കരായ ഈ കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുമ്പോള്‍ ക്ഷേത്രത്തില്‍ പോയതുപോലെ ഒരു പ്രതീതിയാണ് എനിക്ക്... തന്റെ ചുറ്റും കൂട്ടുകൂടിയിരിക്കുന്ന കുരുന്നു മുഖങ്ങളിലേക്ക് നോക്കി ദിവ്യ പറഞ്ഞു. മ്യൂസിയം കാണാനെത്തിയ ഓട്ടിസം ബാധിച്ച കുരുന്നുകളുമായി സംവദിക്കുകയായിരുന്നു സബ് കളക്ടര്‍. 

ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണസംഘവും ആറ്റിങ്ങല്‍ ബി.ആര്‍.സി. ഓട്ടിസം സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന വിനോദയാത്രയുടെ ഭാഗമാണ് കുട്ടിക്കൂട്ടം തിരുവനന്തപുരം നഗരം ചുറ്റാനിറങ്ങിയത്. തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയത്തില്‍ എത്തിയാണ് ദിവ്യ അയ്യര്‍ കുട്ടികളെ കണ്ടത്. നിയമപരമായും ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും ഈ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടവും സംസ്ഥാനസര്‍ക്കാരും നല്‍കുമെന്ന് സബ് കളക്ടര്‍ ഉറപ്പു നല്‍കി. 

ഇത്തരം കുഞ്ഞുങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ കണ്ടെത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും ആ കഴിവുകള്‍ വികസിപ്പിച്ചെടുത്ത് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രയത്നിക്കണമെന്നും സബ് കളക്ടര്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളോട് പറഞ്ഞു. മാതാപിതാക്കള്‍ക്കു മാത്രമല്ല, സമൂഹത്തിനും സര്‍ക്കാരിനും ഒരുപോലെ പ്രിയപ്പെട്ടവരാണ് ഈ കുട്ടികളെന്നും സബ് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

tvm2

ഓട്ടിസത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത് ഒരു പുസ്തകത്തിലൂടെയാണ്. ടെമ്പിള്‍ ഗ്രാന്‍ഡിന്‍ രചിച്ച തിങ്കിങ് ഇന്‍ പിക്ചേഴ്സ് എന്ന പുസ്തകമായിരുന്നു അത്. ആ പുസ്തകം വായിക്കുന്നത് ഓട്ടിസത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പകരുന്നതിന് ഉപകരിക്കും - ദിവ്യ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നാഷണല്‍ ട്രസ്റ്റ് ആക്ട് എന്ന നിയമം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദിവ്യ വ്യക്തമാക്കി. 

ഓട്ടിസം, സെറിബ്രല്‍ പോളിസി, മെന്റല്‍ റിട്ടാഡേഷന്‍ എന്നീ അവസ്ഥകളിലുള്ള കുട്ടികള്‍ക്കും വ്യക്തികള്‍ക്കും സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഒരു നിയമമാണിത്. ഈ നിയമത്തിന്റെ കീഴില്‍ ഇത്തരക്കാര്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മാത്രമല്ല അവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് എന്ന ഒരു സര്‍ട്ടിഫിക്കറ്റും നല്‍കും. പതിനെട്ടു വയസു പൂര്‍ത്തിയായ ശേഷവും ഇത്തരത്തില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ രക്ഷകര്‍തൃത്വം ആര്‍ക്കായിരിക്കും എന്നു നിര്‍വചനം ചെയ്യുവാനാണ് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുക. ഈ സര്‍ട്ടിഫിക്കറ്റിനായി ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിച്ചാല്‍ മതിയാകും - ദിവ്യ പറഞ്ഞു. 

tvm

കുട്ടികള്‍ക്ക് ഇത് വളരെ അവിസ്മരണീയമായ ഒരു ദിവസമായിരിക്കും എന്നതില്‍ സംശയമില്ല. അദ്ധ്യാപകര്‍ എന്ന ജോലിയില്‍ ഏറ്റവും നന്നായി അധ്യാപനം ചെയ്യുന്നവരാണ് ഈ കുട്ടികളുടെ അദ്ധാപകര്‍. ഇങ്ങനെ ഒരു യാത്ര യാഥാര്‍ത്ഥ്യമാക്കാനും ഇവരെ ഇന്നിവിടെ കൊണ്ടുവരാനും പ്രയത്നിച്ച ഇവരുടെ അദ്ധ്യാപകര്‍ക്കും മറ്റെല്ലാവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു - ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. 

പരിചയപ്പെടാന്‍ വന്ന ഒരു വിരുതനെ മടിയിലിരുത്തിയും എല്ലാ കുട്ടികള്‍ക്കും കൈകൊടുത്തും നിമിഷ നേരം കൊണ്ടു തന്നെ ദിവ്യ കുട്ടികളെ കൈയ്യിലെടുത്തു. പുതുതായി കൂട്ടുകൂടാനെത്തിയ സബ് കളക്ടര്‍ ചേച്ചിക്ക് കുട്ടികള്‍ അവര്‍ തന്നെ ഉണ്ടാക്കിയ പേപ്പര്‍ പൂക്കളും പൂമ്പാറ്റയും സമ്മാനിച്ചു. ഒടുവില്‍ കുട്ടികള്‍ക്കായി ഒരു പാട്ടും പാടിക്കൊടുത്ത ശേഷമാണ് അവര്‍ കുട്ടികളോട് യാത്ര പറഞ്ഞത്. 

ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീകുമാരന്‍, ബി.പി.ഓ. സജി, ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡന്റ്  ഇളമ്പ ഉണ്ണികൃഷ്ണന്‍, സൊസൈറ്റി സെക്രട്ടറി രതീഷ് രവീന്ദ്രന്‍, അനില്‍കുമാര്‍, അമൃത, സരിത എന്നിവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു. മ്യൂസിയവും മൃഗശാലയും ശംഖുമുഖം കടപ്പുറവും ഉള്‍പ്പെടെ തിരുവന്തപുരത്തെ വിവിധ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.