മീനില്‍ തൊട്ടു നോക്കിയാണ് പ്രധാനമായും മീന്‍ നല്ലതാണോ ചീത്തയാണോ എന്ന മനസിലാക്കുന്നത്. മാംസത്തിന് നല്ല ഉറപ്പുള്ളവയായിരിക്കും നല്ല മീന്‍. മീനില്‍ ചെറുതായി അമര്‍ത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കില്‍ അത് ചീത്ത മീനാണ് എന്നു മനസിലാക്കാം. 

ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും എന്നാല്‍ ഇവ വിളറിയിരിക്കും. ഇത് കൂടി ശ്രദ്ധിച്ചു വേണം മീന്‍ വാങ്ങാന്‍. ഫ്രഷ് മീനിന്റെ കണ്ണുകള്‍ക്ക് നല്ല തിളക്കമുണ്ടാകും, ഒരു തരത്തിലുള്ള നിറവ്യത്യാസവും ഉണ്ടാകില്ല. 

വെള്ള കലര്‍ന്ന ഇളം നിറമായിരിക്കും നല്ല മീനിന്റെ കണ്ണിന്റെ നിറം. മത്തി മീനൊക്കെ വാങ്ങുമ്പോള്‍ ഈ രീതി പ്രയോജനപ്പെടുത്താം. കണ്ണിന്റെ പരിസരത്ത് ചുവന്ന നിറമുള്ള മീനാണെങ്കില്‍ അത് ചീത്തയായ മീനാണ്. 

രാസവസ്തുക്കള്‍ ധാരാളമായി ചേര്‍ത്തിട്ടുള്ള മീനാണെങ്കില്‍ അതിന്റെ കണ്ണിന് ഒരു തരത്തിലെ നീല നിറമായിരിക്കും. മാത്രമല്ല കണ്ണുകള്‍ വാടിയിരിക്കും. മീനുകളുടെ വ്യത്യാസമനുസരിച്ച് ഈ അടയാളങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. അപ്പോള്‍ മീന്‍ ഫ്രഷ് ആണോ എന്നു നോക്കാന്‍ വേറെയും വഴികളുണ്ട്. 

Fresh Fish
Image Courtesy: pixabay

മീന്‍ വാങ്ങുമ്പോള്‍ മീനിന്റെ ചെകിള ഉയര്‍ത്തി നോക്കിയ ശേഷം വേണം വാങ്ങാന്‍. ഫ്രഷ് മീനിന്റെ ചെകിള ഉയര്‍ത്തി നോക്കിയാല്‍ നല്ല ചുവപ്പു നിറവും നനവും കാണാം. ചെകിളപ്പൂക്കള്‍ കറുത്തിരുന്നാല്‍ മീന്‍ ഫ്രഷ് അല്ല എന്നു മനസിലാക്കാം. 

മീനിന് മഞ്ഞ പോലുള്ള നിറമോ തവിട്ടു നിറമോ ആണെങ്കില്‍ അത് പഴകിയ മീനാണെന്ന് മനസിലാക്കാം. മീന്‍ വാങ്ങി വീട്ടില്‍ കൊണ്ടു വന്ന ശേഷവും മീന്‍ അധികനേരം വെള്ളത്തിലിട്ടു വയ്ക്കാതെ പെട്ടെന്നു തന്നെ വെട്ടിയെടുക്കുക. 

ഇനി മീനിന്റെ തൊലി കളയുവാനുള്ള എളുപ്പമാര്‍ഗം നോക്കിയാലോ. തൊലി കളയുവാനുള്ള മീനിന്റെ തലയും വാലും വശങ്ങളിലെയും വയറിലെയും ചിറകുകളും മുതുകിലെ മുള്ളും ആദ്യം തന്നെ മുറിച്ചു മാറ്റുക. വാലും തലയും കുറച്ചു കയറ്റി വെട്ടി മാറ്റുക. മുതുകിലെ മുള്ളും കുറച്ച് കയറ്റി വേണം വെട്ടാന്‍. 

ഇനി മീനിന്റെ വയറിലുള്ളില്‍ മുട്ടയോ പരിഞ്ഞിലോ പോലെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും മാറ്റുക. മുട്ട വയറ്റില്‍ നിന്നും വിട്ടു വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വാലിന്റെ വശത്തേക്ക് മീനിന്റെ വായറില്‍ കനം തോന്നുന്ന ഭാഗത്ത് ഒന്നു ചെറുതായി കീറി വിട്ടാല്‍ മതി. മുട്ട അത്രയും ഭാഗം പുറത്തുവരും. 

Fresh Fish
Image Courtesy: pixabay

ഇതിന്റെ ബാക്കി ഭാഗം മീനിന്റെ വയര്‍ഭാഗം മാത്രമായി മുറിച്ചെടുക്കുമ്പോള്‍ പുറത്തെടുക്കാം. വയറിന്റെ ലൂസായി കിടക്കുന്ന ഭാഗം മാത്രമേ മുറിച്ചെടുക്കാവൂ. മുള്ളിനോട് ചേര്‍ന്ന് കട്ടിയായി ഇരിക്കുന്ന ഭാഗം മുറിയ്‌ക്കേണ്ട. 

ഇനി മീനിന്റെ മുതുകുവശത്തു നിന്നും കത്തി വച്ച് തൊലി മാത്രമായി കുറച്ച് ഇളക്കി വിടുക. ചൂണ്ടു വിരലും തള്ളവിരലും പൊടി ഉപ്പില്‍ മുക്കി ആ വിലുകള്‍ വച്ച് നേരത്തേ ഇളക്കിവിട്ട തൊലി കുറേശ്ശെയായി ഇളക്കിയെടുക്കുക. മാംസം അടര്‍ന്നു വരാതെ തൊലി നന്നായി ഇളകി വരും.