ചിലര്‍ എന്തുവച്ചാലും നല്ല സ്വാദാണ്, കൃത്യമായി പാചകവിധികള്‍ അറിയണം എന്നുപോലുമില്ല പക്ഷേ വിഭവം കിടുക്കും. എന്നാല്‍ എല്ലായ്‌പ്പോഴും കഥ അങ്ങനെയാകണമെന്നില്ല. പ്രത്യേകിച്ചും മുതിര്‍ന്നവര്‍ അല്ലെങ്കില്‍ പാചകം അറിയാവുന്നവര്‍ കൂടെയുണ്ടാകുമ്പോള്‍ കൈ അല്‍പം വിറയ്ക്കും. 

എന്നാല്‍ അവരെയും ഞെട്ടിക്കാന്‍ ചില വഴികളുണ്ട്. പാചകം കൊണ്ടു മാത്രമല്ല കറിയ്ക്ക് രുചി കൂടാനും പാചകം വൃത്തിയും വെടിപ്പുമായി ചെയ്യാനും ചില നുറുങ്ങുവിദ്യകളും നിങ്ങളെ സഹായിക്കും. അവയില്‍ ചിലത് പരിചയപ്പെടാം. 

പച്ചക്കറികള്‍ നന്നായി കഴുകിയെടുത്ത ശേഷം മാത്രം കറിയ്ക്കായി അരിഞ്ഞെടുക്കുക. അരിഞ്ഞ ശേഷം കഴുകിയാല്‍ പച്ചക്കറികളിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെട്ടുപോകും. വൃത്തിയായി കഴുകിയെടുത്ത പച്ചക്കറികള്‍ തൊലിയോടുകൂടി വേവിക്കുന്നതാണ് പോഷകാംശങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ഏറെ നല്ലത്. 

Vegetablesഇനി ഇത് കറിവയ്ക്കുമ്പോള്‍ കഷണങ്ങളുടെ നിറം മങ്ങാതിരിക്കാന്‍ കറിയില്‍ അല്‍പം പഞ്ചസാരയോ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്താല്‍ മതി. ഇനി അറിയേണ്ട മറ്റൊന്ന്, അധികനേരം വേവിച്ചാല്‍ പച്ചക്കറികളിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെട്ടു പോകും എന്ന തിരിച്ചറിവാണ്. 

പച്ചക്കറികള്‍ അരിയുമ്പോള്‍ കൈയില്‍ കറ പുരണ്ടാല്‍ ഒരു കഷണം ഉരുളക്കിഴങ്ങ് മുറിച്ച് കൈയ്യില്‍ കറയുള്ളിടത്തായി ഉരച്ചാല്‍ മതി കറ മാറിക്കിട്ടും. ഉരുളക്കിഴങ്ങ് അരിഞ്ഞത് തണുത്തവെള്ളത്തില്‍ ഇട്ടുവച്ചിരുന്നാല്‍ ഇത് വാടുന്നതും കറുത്ത നിറമാകുന്നതും തടയാം. 

കറിയില്‍ ഉപ്പ് കൂടിപ്പോയാല്‍ അതില്‍ ഉരുളക്കിഴങ്ങു കഷണങ്ങള്‍ ചേര്‍ത്ത് അടച്ചുവെച്ച് വിളമ്പുന്നതിന് മുമ്പ് ഇവ കറിയില്‍ നിന്നും സ്പൂണ്‍ ഉപയോഗിച്ച് കോരിമാറ്റിയാല്‍ മതി. ഉപ്പ് കുറഞ്ഞിട്ടുണ്ടാകും. 

വാടിയ കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ അരമണിക്കൂര്‍ നേരം ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ചിരുന്നാല്‍ വീണ്ടും ഫ്രഷ് ആയി കിട്ടും. ഉരുളക്കിഴങ്ങ് പുഴുങ്ങുന്ന വെള്ളത്തില്‍ ചെറുനാരങ്ങയുടെ നീര് കൂടി ചേര്‍ത്താല്‍ കിഴങ്ങ് നന്നായി വെന്തു കിട്ടുമെന്ന് മാത്രമല്ല രുചിയും കൂടുതലായിരിക്കും. 

Onionകറിയ്ക്ക് ഉള്ളി അരച്ചു ചേര്‍ക്കുമ്പോള്‍ അതിനോടൊപ്പം ഇഞ്ചിയോ പച്ചമുളകോ ചേര്‍ത്തരച്ചാല്‍ ഉള്ളിയുടെ മണം കുറഞ്ഞു കിട്ടുമെന്ന് മാത്രമല്ല രുചിയും കൂടുതലായിരിക്കും. 

സവാള ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ച ശേഷം അരിയുകയാണെങ്കില്‍ കണ്ണില്‍ നിന്നും വെള്ളം വരുന്ന പ്രശ്‌നം പരിഹരിക്കാം. പക്ഷേ അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളിയുടെ തണുപ്പ് പൂര്‍ണമായും മാറിയശേഷമേ കറിയ്ക്കായി ഉപയോഗിക്കാവൂ. 

കാബേജ് പാചകം ചെയ്യുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ചേര്‍ത്താല്‍ കാബേജിന്റെ മണം മാറിക്കിട്ടും. കാബേജ് അരിഞ്ഞ് ഉപ്പ് പുരട്ടി 10 മിനിറ്റ് വയ്ക്കുക. ശേഷം കാബേജ് നന്നായി കൈ കൊണ്ട് അമര്‍ത്തി പിഴിഞ്ഞ് അതിലെ വെള്ളം മുഴുവന്‍ കളയുക. അതിന് ശേഷം തോരന്‍ വച്ചാല്‍ അതിന് നല്ല രുചിയായിരിക്കും. 

Cabbage

Image Courtesy: pixabay