കൊച്ചി: പോഷക സമൃദ്ധമായ തനതായ കേരളീയ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ടെക് എക്‌സ്‌പോയില്‍ നടത്തിയ ക്യുലിനറി ചലഞ്ചില്‍ പച്ച ചക്കപ്പൊടി താരമായി.
 
ധാന്യമാവിനൊപ്പം 30 ശതമാനം പച്ച ചക്കപ്പൊടി ചേര്‍ത്ത് ബര്‍ഗറും പിസയും ഉണ്ടാക്കുകയെന്ന ചാലഞ്ച് ഏറ്റെടുക്കുകയെന്നതായിരുന്നു വൈറ്റില ടെക്‌നോഹീറ്റ് അവന്‍സില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ ടാസ്‌ക്. 
 
കൊച്ചിന്‍ ജിംഖാനയില്‍ ശനിയാഴ്ച സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന അവാര്‍ഡ് നിശയില്‍ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും നടക്കുമെന്ന് ഹോട്ടല്‍ടെക് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് മാനേജിങ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. 

കൊച്ചി ക്രൗണ്‍ പ്ലാസയിലെ ഷെഫ് അഭിഷേക് ഗുലേറി, കോഴിക്കോട് റാവിഷിലെ സോമേഷ്, മൂന്നാര്‍ ഫ്രാഗന്റ് നാച്വറിലെ ശ്രീകുമാര്‍, ജേക്കബ് വര്‍ഗീസ്, നൈപുണ്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫെബി ജോസഫ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. 

Jackfruit Pizza

ഷെഫ് ഗ്രിഗറി ലോബോ, ഷെഫ് സിദ്ദിക്, ഷെഫ് ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. സ്വാദിനൊട്ടും കുറവു വരാതെ ഫാസ്റ്റ് ഫുഡ് ആരോഗ്യകരമാക്കാമെന്നതാണ് പച്ച ചക്കപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ബര്‍ഗറും പിസയും ഉറപ്പുതരുന്നതെന്ന് 'ജാക്ഫ്രൂട്ട് 365' സ്ഥാപകന്‍ ജെയിംസ് ജോസഫ് പറഞ്ഞു.
 
ഗ്രെയിന്‍സിനേക്കാള്‍ (ധാന്യങ്ങള്‍) ആരോഗ്യത്തിനു നല്ലത് ഗ്രീന്‍സ് (പഴങ്ങളും ഇലവര്‍ഗങ്ങളും) തന്നെ. പച്ച ചക്കപ്പൊടിയില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അംശം ധാന്യങ്ങളിലേതിനെ അപേക്ഷിച്ച് തുലോം കുറവാണ്. 
 
അതുകൊണ്ട് ചപ്പാത്തി, ദോശ, ഇഡ്ഡലി മാവുകളില്‍ മാത്രമല്ല ബര്‍ഗര്‍, പിസ മാവുകളിലും മുപ്പതു ശതമാനം ചക്കപ്പൊടി ചേര്‍ക്കുന്നതിലൂടെ പ്രമേഹ, പൊണ്ണത്തടി ഭീഷണി ഗണ്യമായി ചെറുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഹോട്ടല്‍ടെക് പ്രദര്‍ശന നഗരിയിലാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങള്‍ നടക്കുക.