വൈകുന്നേരം ചായകുടിക്കണം എന്നത് പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. എന്നാല്‍ ചായയ്‌ക്കൊപ്പം കഴിക്കാന്‍ എന്തുണ്ടാക്കും എന്ന ചിന്തയാണ് വീട്ടമ്മമാരെ മിക്കപ്പോഴും കുഴയ്ക്കാറ്. പഴയപലഹാരങ്ങള്‍ മടുത്തു തുടങ്ങിയെങ്കിലിതാ പരീക്ഷിക്കാന്‍ ഒരു നാടന്‍ വ്യത്യസ്ത വിഭവം. 

ചേരുവകള്‍ 
1 കിലോ കപ്പ 
1 ചെറിയ കഷണം ഇഞ്ചി 
1 സവാള 
5 പച്ചമുളക് 
1 ടേബിള്‍സ്പൂണ്‍ മുളകുപൊടി 
2 ടേബിള്‍സ്പൂണ്‍ മൈദ 
ആവശ്യത്തിന് എണ്ണ 

തയ്യാറാക്കുന്ന വിധം 
കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച വേവിക്കുക. വേവിച്ച് വെള്ളം വാര്‍ത്തെടുത്ത കപ്പ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

ശേഷം മുളകുപൊടി കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അടുത്തതായി നന്നായി തരി കളഞ്ഞ് അരിച്ചെടുത്ത മൈദ കൂടി ഈ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കപ്പയും മറ്റ് ചേരുവകളും ചേര്‍ത്ത് വട പരുവത്തില്‍ കുഴച്ചെടുത്തു കഴിഞ്ഞാല്‍ ഇത് ചെറിയ ഉരുളകളാക്കുക. 

ഈ ഉരുളകള്‍ കൈയ്യില്‍വച്ചു ചെറുതായി പരത്തി എണ്ണയില്‍ വറുത്തുകോരാം. സ്വാദിഷ്ടമായ കപ്പവട തയ്യാര്‍. ഒരോരുത്തരുടേയും സൗകര്യമനുസരിച്ച് വടയുടെ നടുവില്‍ കുഴിയിട്ടോ ഇല്ലാതെയോ ഉണ്ടാക്കാവുന്നതാണ്. വട ചെറുതായി മൊരിഞ്ഞാല്‍ മതിയാവും. കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

വളരെ പെട്ടെന്നു തയ്യാറാക്കാമെന്നതും അധികം കൂട്ടുകള്‍ ഇല്ലാത്തതും കപ്പവടയുടെ പ്രിയം കൂട്ടുന്നു. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപരമായ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലാ എന്നതും കപ്പവടയുടെ പ്രത്യേകതയാണ്.