വൈകുന്നേരം വിശന്നെത്തുന്ന കുട്ടികള്‍ക്കു കൊടുക്കാന്‍ ആരോഗ്യകരമായ എന്തെങ്കിലും നല്‍കണം എന്നു വിചാരിച്ചാല്‍ നാടന്‍ വിഭവങ്ങളിലേക്കു തന്നെ പോകേണ്ടി വരുമെന്നാണ് ഭൂരിഭാഗം അമ്മമാരുടെയും അഭിപ്രായം. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഉരുളക്കിഴങ്ങ് ബോണ്ട. 

ചേരുവകള്‍ 
2 കപ്പ് ഉരുളക്കിഴങ്ങ് (വേവിച്ച് പൊടിച്ചത്) 
2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി 
1 ടേബിള്‍സ്പൂണ്‍ ഉഴുന്നുപരിപ്പ് 
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി 
കാല്‍ ടീസ്പൂണ്‍ മുളകുപൊടി 
കാല്‍ ടീസ്പൂണ്‍ കായപ്പൊടി 
1 ടീസ്പൂണ്‍ കടുക് 
1 കപ്പ് കടലമാവ് 
4 ഉണക്കമുളക് കീറിയത് 
ആവശ്യത്തിന് എണ്ണ 
ആവശ്യത്തിന് ഉപ്പ് 

തയാറാക്കുന്നവിധം 
ഒരു പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായാല്‍ അതിലേക്ക് കടുക്, ഉണക്കമുളക്, ഉഴുന്നുപരിപ്പ് എന്നിവയിട്ട് മൂപ്പിക്കുക. കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റൊരു പാത്രത്തില്‍ വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് എടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ കൂടി ചേര്‍ത്തിളക്കുക. 

ഇതിലേക്ക് നേരത്തേ മൂപ്പിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ കൂടി ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ കൂട്ട് തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക. അടുത്തതായി മറ്റൊരു പാത്രത്തില്‍ അരിപ്പൊടിയും കടലമാവും എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കിയെടുക്കുക. ശേഷം ഇതിലേക്ക് കായപ്പൊടിയും ഉപ്പും കൂടി ചേര്‍ത്തിളക്കുക.  

ഇനി ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ മുങ്ങിക്കിടന്ന് വേവാന്‍ തക്ക കുഴിവുള്ള ഒരു പാത്രത്തില്‍ എണ്ണയെടുത്തു ചൂടാക്കുക. നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ അരിപ്പൊടിയും കടലമാവും കലക്കിയ മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഉരുളക്കിഴങ്ങ് ബോണ്ട തയ്യാര്‍. ഉരുളകള്‍ അധികം മൂത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.