ച്ചയ്ക്ക് ഉണക്കച്ചെമ്മീന്‍ ചമ്മന്തി കൂട്ടി ചോറ് കഴിക്കുന്നത് ഒന്നാലോചിച്ചു നോക്കിയേ... കൊതി വരുന്നുണ്ടല്ലേ. വീട്ടില്‍ ഉണക്കച്ചെമ്മീന്‍ ഉണ്ടെങ്കില്‍ ഇപ്പോ തന്നെ ആയിക്കോട്ടെ, ഇല്ലാത്തവര്‍ കടയില്‍ നിന്നു ഉണക്കച്ചെമ്മീന്‍ വാങ്ങിക്കോളൂ, എന്നാപ്പിന്നെ ഉണ്ടാക്കി നോക്കിയാലോ! 

ചേരുവകള്‍ 
1 കപ്പ് ഉണക്കച്ചെമ്മീന്‍ 
1 കപ്പ് തേങ്ങ ചിരകിയത് 
1 ടേബിള്‍സ്പൂണ്‍ മുളകുപൊടി 
1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ
1 നുള്ള് വാളന്‍പുളി 
10- 12 ചുവന്നുള്ളി 
 ആവശ്യത്തിന് ഉപ്പ് 

തയ്യാറാക്കുന്ന വിധം 
ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. ചെമ്മീന്‍ ചൂടാറിയ ശേഷം നന്നായി ചതച്ചെടുക്കുക. ഇനി മറ്റൊരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. 

ചൂടായ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയിട്ട് വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. തേങ്ങ സ്വര്‍ണനിറം ആകുമ്പോഴേക്കും മുളകുപൊടി ചേര്‍ക്കുക. 

മുളകുപൊടിയുടെ മണം മാറി വരുമ്പോള്‍ വാളന്‍പുളി കൂടി ചേര്‍ത്തിളക്കുക. ഒടുവിലായി ചെമ്മീന്‍ ചേര്‍ത്തിളക്കുക. ഇനി അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുക. ചേരുവകള്‍ എല്ലാം കൂടി നന്നായി ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങാം.