ണ്ടൊക്കെ നാട്ടില്‍ തൊടിയിലും പറമ്പിലും വഴിവക്കത്തും അടുക്കളവശത്തുമൊക്കെ ധാരാളമായി കണ്ടിരുന്നു പപ്പായമരങ്ങള്‍. അന്നൊക്കെ പപ്പായ ചേരാത്ത കൂട്ടാനില്ലായിരുന്നു എന്നു തന്നെ പറയാം, സാമ്പാറിലും അവിയലിലും തോരനിലുമൊക്കെ പപ്പായയുടെ സാന്നിദ്ധ്യവും ഉണ്ടാവും. 

ചേരുവകള്‍ 
അരക്കിലോ പപ്പായ 
100 ഗ്രാം ചുവന്നുള്ളി 
100 ഗ്രാം തുവരപരിപ്പ് 
3 പച്ചമുളക് 
2 വറ്റല്‍മുളക് 
2 തണ്ട് കറിവേപ്പില 
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ 
അര ടീസ്പൂണ്‍ കടുക് 
അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി 
ഒന്നര ടേബിള്‍ സ്പൂണ്‍ സാമ്പാര്‍ പൊടി 
1 ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ പുളി 

തയ്യാറാക്കുന്ന വിധം 
പപ്പായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. നല്ലതുപോലെ മൂത്ത് പഴുക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പുള്ള പരുവത്തിലെ പപ്പായയാണ് സാമ്പാര്‍ വയ്ക്കാന്‍ നല്ലത്. 

പപ്പായ കൊണ്ടു സാമ്പാര്‍ വയ്ക്കുമ്പോള്‍ കുറച്ചധികം ചുവന്നുള്ളി ചേര്‍ക്കാം, ചുവന്നുള്ളി കൂടുമ്പോള്‍ സാമ്പാറിന്റെ സ്വാദും കൂടും. പുളി വെള്ളത്തിലിട്ട് 15 മിനിറ്റിനു ശേഷം പിഴിഞ്ഞ് വെള്ളമെടുത്തു മാറ്റി വയ്ക്കുക. 

ഇനി പപ്പായ സാമ്പാര്‍ ഉണ്ടാക്കാം. ആദ്യം തന്നെ പരിപ്പ് വേവിക്കുക. ശേഷം കഷണങ്ങളാക്കിയ പപ്പായയും ചുവന്നുള്ളിയും പച്ചമുളകും കൂടി മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. 

പപ്പായ കഷണങ്ങള്‍ നന്നായി വെന്ത ശേഷം പുളിവെള്ളം കൂടി ചേര്‍ത്തിളക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കുറച്ചുകൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. കറി നന്നായി തിളച്ചു കഴിഞ്ഞാല്‍ സാമ്പാര്‍പൊടി ചേര്‍ക്കാം. 

സാമ്പാര്‍ പൊടി കൂടി ചേര്‍ത്താല്‍ വീണ്ടും 5 മിനിറ്റു കൂടി തിളപ്പിച്ച് അടുപ്പില്‍ നിന്നും വാങ്ങാം. ഇനി മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം മുളകും കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ച് സാമ്പാറിന് മുകളില്‍ ഒഴിക്കാം. 

സ്വാദിഷ്ടമായ പപ്പായ സാമ്പാര്‍ തയ്യാര്‍. ഇനി വേണമെങ്കില്‍ സാമ്പാര്‍ പൊടിക്കു പകരം ചേരുവകള്‍ ചേര്‍ത്ത് വറുത്തരച്ചും ചേര്‍ക്കാം. അങ്ങിനെ ഉണ്ടാക്കുന്ന സാമ്പാരിന് രുചി കൂടുതലായിരിക്കും.