മീന്‍ നമ്മള്‍ പല തരത്തിലും പാചകം ചെയ്യാറുണ്ടെങ്കിലും പീര പറ്റിക്കുന്നതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. കറി വയ്ക്കാനായാലും വറുക്കാനായാലും പീര പറ്റിക്കാനായാലും ഒരു പോലെ ഉപയോഗിക്കാവുന്ന മീനാണ് നമ്മുടെ സ്വന്തം നത്തോലി. എങ്ങനെ വച്ചാലും നത്തോലിയുടെ രുചി നാവിലങ്ങനെ മാറാതെ നില്‍ക്കും. നത്തോലി പീരപറ്റിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍ 
അര കിലോ നത്തോലി 
അര മുറി തേങ്ങ 
ഒരു ചെറിയ കഷണം ഇഞ്ചി 
കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 
2 തണ്ട് കറിവേപ്പില 
2 കുടംപുളി 
3 കുഞ്ഞുള്ളി 
4 പച്ചമുളക് 
ആവശ്യത്തിന് എണ്ണ 

തയ്യാറാക്കുന്ന വിധം 
തേങ്ങ ചിരകിയത്, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ നല്ലതു പോലെ ചതച്ചെടുക്കുക. തേങ്ങ അരഞ്ഞു പോകരുത്, കല്ലില്‍ വച്ച് ചതച്ചെടുത്താല്‍ ഏറ്റവും ഉത്തമം. ഇനി കുടംപുളി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ചതച്ചെടുക്കുക. 

പീര മണ്‍ചട്ടിയില്‍ വയ്ക്കുന്നതിന് സ്വാദ് കൂടും. ഒരു ചട്ടിയില്‍ വൃത്തിയാക്കിയ മീന്‍, കുടമ്പുളി ചതച്ചത്, തേങ്ങ ചതച്ചതും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ ശ്രദ്ധയോടെ വേണം ഇളക്കാന്‍. 

ഒന്ന് ആവി വന്നാല്‍ ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ കുറച്ച് എണ്ണ പീരയുടെ മീതെ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഒന്നു കൂടി ആവി കയറ്റുക. ഇനി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. അല്പസമയം അടച്ചുവച്ച ശേഷം മാത്രം ഉപയോഗിക്കുക. സ്വാദിഷ്ടമായ മീന്‍ പീര തയ്യാര്‍.