ഞ്ഞിയും ചമ്മന്തിയും മേമ്പൊടിക്ക് ഒരു ചുട്ടപപ്പടവും... കുശാലായി. ചമ്മന്തിയുടെ കൂട്ടത്തിലെ ഒരുകാലത്തെ രാജ്ഞിയായിരുന്നു വേപ്പിലക്കട്ടി. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യത അനുസരിച്ച് വേപ്പിലക്കട്ടിയുടെ ചേരുവകള്‍ക്ക് വ്യത്യാസമുണ്ട്.

സാധാരണ അഗ്രഹാരങ്ങളിലും മറ്റും പ്രചുരപ്രചാരം നേടിയ വേപ്പിലക്കട്ടിയുടെ വകഭേദമാണ് നമ്മുടെ നാടന്‍ തേങ്ങാചമ്മന്തി. ഇത്തരത്തിലുള്ള രുചിക്കൂട്ട് ഒരിക്കല്‍ ഉണ്ടാക്കി വെക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടുകൂടാതെ ഉപയോഗിക്കാം. 

ചേരുവകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും ലളിതമായി ഉണ്ടാക്കാവുന്നതുമായ രണ്ടുതരം ചമ്മന്തികള്‍; തേങ്ങാ ചമ്മന്തി, മാങ്ങാ ചമ്മന്തി, ഇവയുടെ കൂട്ട്‌ താഴെ ചേര്‍ക്കുന്നു.

തേങ്ങാചമ്മന്തി 
ചേരുവകള്‍
1. ചിരകിയ തേങ്ങ- 2എണ്ണം
2. ചുവന്ന മുളക്- 15 ഗ്രാം
3. ചെറിയ ഉള്ളി- 15എണ്ണം
4. ഇഞ്ചി- ഒരു ചെറിയ കഷണം
5. മരപുളി- 20ഗ്രാം
6. ഉപ്പ്- ആവശ്യത്തിന്
7. കറിവേപ്പില- 2 ഇതള്‍

പാചകവിധി 
ചിരകിയ തേങ്ങയും ചെറുതായി അരിഞ്ഞ ഉള്ളിയും നുറുക്കിയ പച്ച ഇഞ്ചിയും  ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കരിയാതെ വറുത്ത് ചെമപ്പാകുമ്പോള്‍ കറിവേപ്പിലയും ചതച്ച ചുകന്ന മുളകും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക.

ഉടനെ മരപുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉരലില്‍ (മരം/ കല്ല്) മയത്തില്‍ ഇടിച്ചെടുക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. വൃത്തിയോടെ തയ്യാറാക്കി ഭരണിയില്‍ സൂക്ഷിക്കുന്ന ചമ്മന്തിയില്‍ പിന്നീട് അരുചി, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കരുത്.

മാങ്ങാചമ്മന്തി

mango chammanthy

ചേരുവകള്‍
1. ചിരകിയ തേങ്ങ- 2എണ്ണം
2. ചുവന്ന മുളക്- 15ഗ്രാം
3. ചെറിയ ഉള്ളി- 15എണ്ണം
4. ഇഞ്ചി- ഒരു ചെറിയ കഷണം
5. മാങ്ങ- 2എണ്ണം
6. ഉപ്പ് ആവശ്യത്തിന്
7. കറിവേപ്പില- 2 ഇതള്‍
8. കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍ 

പാചകവിധി  
ചെറുതായി നുറുക്കിയ ഇഞ്ചിയും അരിഞ്ഞ ഉള്ളിയും ചിരകിയ തേങ്ങയും ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കരിയാതെ വറുത്ത് ചെമപ്പാകുമ്പോള്‍ കറിവേപ്പിലയും ചതച്ച മുളകും കുരുമുളക് പൊടിയും  ചേര്‍ത്ത് നന്നായി മൂപ്പിക്കുക.

പാകത്തിന് ഉപ്പും നുറുക്കിയ മാങ്ങയും  ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. രുചികരമായ മാങ്ങാ ചമ്മന്തി തയ്യാര്‍. മാങ്ങാ ചമ്മന്തി ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം.