ചെമ്മീന്‍ ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. ഏതൊക്കെ തരത്തില്‍ പാചകം ചെയ്താലും ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഒന്നു വേറെ തന്നെയായിരിക്കും. ചെമ്മീന്‍ വിഭവങ്ങളില്‍ പ്രധാനിയായ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ...

ചേരുവകള്‍
250 ഗ്രാം ചെമ്മീന്‍ 
4 സവാള (ഇടത്തരം വലിപ്പമുള്ളത്) 
7 അല്ലി വെളുത്തുള്ളി 
4 തണ്ട് കറിവേപ്പില 
3 പച്ചമുളക് 
2 തക്കാളി 
ഒരു ചെറിയ കഷണം ഇഞ്ചി 
1 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ 
2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി
2 ടേബിള്‍സ്പൂണ്‍ മുളകുപൊടി 
 ഒന്നര ടേബിള്‍സ്പൂണ്‍ ഗരം മസാല പൊടി 
കാല്‍ ടേബിള്‍സ്പൂണ്‍ പഞ്ചസാര
ആവശ്യത്തിന് വെളിച്ചെണ്ണ 
ആവശ്യത്തിന് ഉപ്പ് 

 

തയ്യാറാക്കുന്ന വിധം 
ആദ്യം തന്നെ ചെമ്മീന്‍ നുള്ളി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഉപ്പ്, കാല്‍ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 1 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ലവര്‍ എന്നിവ ചെമ്മീനില്‍ ചേര്‍ത്തിളക്കുക. 

ശേഷം ചെമ്മീനില്‍ അരപ്പു പിടിക്കാനായി 15 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഒരു പാനില്‍ ചെമ്മീന്‍ വറുക്കാന്‍ ആവശ്യമായ എണ്ണയെടുത്ത് ചൂടാക്കുക. എണ്ണ ചൂടായ ശേഷം അരപ്പു പിടിക്കാനായി മാറ്റിവച്ചിരിക്കുന്ന ചെമ്മീന്‍ ഇതില്‍ വറുത്തു കോരുക. ചെമ്മീന്‍ കരിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അടുത്തായി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഒന്നിച്ച് ചതച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ ഉള്ളിയും തക്കാളിയും ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. ഇനി ചെമ്മീന്‍ വറുത്ത എണ്ണയില്‍ തന്നെ നേരത്തേ ചതച്ചെടുത്തു വച്ചിരിക്കുന്ന കൂട്ട് വഴറ്റുക. 

ഇത് മൂത്തുവരുമ്പോള്‍ സവാള കൂടിയിട്ട് വഴറ്റുക. സവാള സ്വര്‍ണനിറമാകുമ്പോള്‍ നേരത്തേ മുറിച്ചുവച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ക്കാം. ഇനി ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി വെന്തു തുടങ്ങി നേരത്തേ വറുത്തു കോരിവച്ച ചെമ്മീന്‍ കൂടി ഇതിലേക്ക് ചേര്‍ക്കാം. 

ചെമ്മീന്‍ ബാക്കി ചേരുവകളുമായി നന്നായി ഇളക്കി ചേര്‍ക്കുക. ഇനി കാല്‍ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടിയും 1 ടേബിള്‍സ്പൂണ്‍ മുളകുപൊടിയും അര ടേബിള്‍സ്പൂണ്‍ ഗരം മസാല പൊടിയും 1 ടേബിള്‍സ്പൂണ്‍ മുളകുപൊടിയും പാകത്തിന് ഉപ്പും കൂടി ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക. 

ഇനി കുറച്ചു നേരം അടച്ചു വച്ച് വേവിക്കാം. അഞ്ച്‌ മിനിറ്റിന് ശേഷം അടപ്പ് തുറന്ന് കാല്‍ ടേബിള്‍സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി 3 മിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടമായ ചെമ്മീന്‍ റോസ്റ്റ് തയ്യാര്‍. റോസ്റ്റിന് ചെറിയ മധുരം കിട്ടാന്‍ വേണ്ടിയാണ് പഞ്ചസാര ചേര്‍ക്കുന്നത്. 

പഞ്ചസാര ചേര്‍ക്കുന്നതുകൊണ്ട് റോസ്റ്റിന്റെ രുചി മാറിപ്പോകുമോ എന്ന സംശയം വേണ്ട, ഇത് റോസ്റ്റിന്റെ രുചി കൂട്ടുകയേ ഉള്ളൂ. അടുപ്പില്‍ നിന്നും വാങ്ങിയ ശേഷം കറിവേപ്പില തൂവി വിളമ്പാം. ചപ്പാത്തി, പത്തിരി, ഫ്രൈഡ് റൈസ്, ചോറ് ഇവയുടെ കൂടെയെല്ലാം കഴിക്കാവുന്ന ഒരുഗ്രന്‍ വിഭവമാണ് ചെമ്മീന്‍ റോസ്റ്റ്.