പ്രകൃതിസ്‌നേഹികള്‍ ആദ്യം എടുക്കേണ്ട തീരുമാനം തങ്ങളുടെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക എന്നതാണ്. ചില പ്രകൃതിഭക്ഷണരീതികളെ പരിചയപ്പെടാം...

Tulsi

 

തുളസിച്ചായ

നമ്മുടെ മുറ്റത്ത് വളരുന്ന ആയുര്‍വേദ ഔഷധമായ തുളസി പ്രകൃതിഭക്ഷണത്തില്‍ മികച്ച പാനീയമാക്കാം. 

ചേരുവകള്‍: 

നന്നായി കഴുകിയെടുത്ത തുളസിയില-ഒരുപിടി 
ശര്‍ക്കര രണ്ട്-ആണി 
ഏലക്കായപ്പൊടി-ഒരുനുള്ള്
 
തയ്യാറാക്കുന്നവിധം

മൂന്ന് ഗ്‌ളാസ് വെള്ളമെടുത്ത് ശര്‍ക്കര അതിലിട്ട് തിളപ്പിക്കുക. ശര്‍ക്കര അലിഞ്ഞുകഴിഞ്ഞാല്‍ അതിലേക്ക് തുളസിയില ചേര്‍ക്കുക. തിളച്ചാല്‍ ഏലക്കാപ്പൊടിചേര്‍ത്ത് വാങ്ങിവെക്കുക. തുളസിയിലചേര്‍ത്ത് അധികനേരം തിളയ്ക്കരുത് കയ്പുരസം അനുഭവപ്പെടും. രുചികരമായ തുളസിച്ചായ ഇളംചൂടില്‍ കുടിക്കാം. 

ഓറഞ്ച് ചായ

ചേരുവകള്‍


ഓറഞ്ച്‌തൊലി ഉണക്കിപ്പൊടിച്ചത്-2 ടീസ്പൂണ്‍
ശര്‍ക്കര-3 ആണി
തേങ്ങാപ്പാല്‍-അരക്കപ്പ്
ഏലക്കായപ്പൊടി-ഒരുനുള്ള്

തയ്യാറാക്കുന്നവിധം

തേങ്ങാപ്പാലില്‍ മൂന്നുകപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് അലിയിച്ചതിനുശേഷം ഓറഞ്ച്‌തൊലി ഉണക്കിപ്പൊടിച്ചത് ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിവെച്ചതിനുശേഷം ഏലക്കായപ്പൊടി ചേര്‍ത്ത് ഇളംചൂടോടെ  ഉപയോഗിക്കാം.

വാഴപ്പിണ്ടി കക്കിരി ജ്യൂസ്

ചേരുവകള്‍

വാഴപ്പിണ്ടിചെറുതായി അരിഞ്ഞത് ഒരു കപ്പ്
കക്കിരി ചെറുതായി അരിഞ്ഞത് അരക്കപ്പ്
കുരുമുളകുപൊടി  ഒരുനുള്ള്
ഉപ്പ് ഒരുനുള്ള്

തയ്യാറാക്കുന്നവിധം

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് ജ്യൂസറില്‍ അടിച്ചതിനുശേഷം അരിപ്പയില്‍ അരിച്ചെടുക്കുക. കക്കിരി ജ്യൂസറില്‍ അടിച്ച് കൂടെ വാഴപ്പിണ്ടി അടിച്ച് അരിച്ചെടുത്തത് ചേര്‍ത്തിളക്കിയതിനുശേഷം കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

മല്ലിയില ചട്ണി

ചേരുവകള്‍

മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ്  
വെളുത്തുള്ളി 5 അല്ലി 
തേങ്ങ ചിരകിയത് ഒരുകപ്പ്
കറിവേപ്പില, ഉപ്പ്പാകത്തിന്
ഇഞ്ചി ഒരുകഷ്ണം

തയ്യാറാക്കുന്നവിധം

മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

വെജ് ഇഡ്ഡലി
 
ചേരുവകള്‍


തവിടുകളയാത്ത അരി 3 കപ്പ്
ഇളയവെണ്ടയ്ക്ക അല്ലെങ്കില്‍ ഇളവന്‍ചെറുതായി അരിഞ്ഞത് ഒരുകപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത്അരക്കപ്പ്
ബീന്‍സ് ചെറുതായിഅരിഞ്ഞത്കാല്‍ക്കപ്പ്
സവാള ചെറുതായി അരിഞ്ഞത്കാല്‍ക്കപ്പ്
പച്ചപ്പട്ടാണി വേവിച്ചത്കാല്‍ക്കപ്പ്

തയ്യാറാക്കുന്നവിധം

തവിടുകളഞ്ഞ് പുഴുങ്ങിയെടുത്ത അരികൊണ്ട് ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുന്നത് പ്രകൃതിഭക്ഷണക്കാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ത്തന്നെ അവര്‍ ഉപയോഗിക്കുന്നത് തവിടുകളയാത്ത അരിയാണ്. അരി കുതിര്‍ത്തതിനുശേഷം ഉഴുന്നു പരിപ്പിന് പകരമായി വെണ്ടയ്ക്കയോ, കുമ്പളങ്ങയോ ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. അതിലേക്ക് കാരറ്റ് ചെറുതായി അരിഞ്ഞത്, ബീന്‍സ് ചെറുതായി അരിഞ്ഞത്, സവാള ചെറുതായരിഞ്ഞത്, പച്ചപ്പട്ടാണി വേവിച്ചത് എന്നിവ ചേര്‍ത്തിളക്കിയതിനുശേഷം ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. ചട്ണി കൂട്ടിയും അല്ലാതെ വെറുതെയും വെജ് ഇഡ്ഡലി കഴിക്കാം.

മുതിരമുളപ്പിച്ച കറി

ചേരുവകള്‍
മുതിരമുളപ്പിച്ചത് രണ്ടുകപ്പ്
തക്കാളിഅരിഞ്ഞത് അരക്കപ്പ്
ചെറിയുള്ളിഅരിഞ്ഞത് കാല്‍ക്കപ്പ്
തേങ്ങാപ്പാല്‍  രണ്ടുകപ്പ്
മുരിങ്ങയില അല്ലെങ്കില്‍ ചീരയില  ഒരുപിടി
പച്ചമുളക് കുരുകളഞ്ഞ് ചീന്തിയത്നാലെണ്ണം
കുരുമുളകുപൊടി  ഒരുനുള്ള്

തയ്യാറാക്കുന്നവിധം

മുതിരമുളപ്പിച്ചത് കുറച്ച് വെള്ളം വെച്ച് വേവിക്കുക. തക്കാളി അരിഞ്ഞത്, ചെറിയുള്ളി അരിഞ്ഞത് എന്നിവചേര്‍ത്ത് വേവിച്ചശേഷം തേങ്ങാപ്പാല്‍, പച്ചമുളക് കുരുകളഞ്ഞത്, ഉപ്പ്   എന്നിവചേര്‍ത്ത് തിളപ്പിക്കുക. അതില്‍ മുരിങ്ങയില അല്ലെങ്കില്‍ ചീരയില ഒരു പിടി ചേര്‍ത്തതിനുശേഷം ഇളക്കി കുരുമുളകുപൊടി ഒരുനുള്ള് ചേര്‍ത്ത് വാങ്ങിവെച്ച് ഒഴിച്ചുകൂട്ടാം. വേണമെങ്കില്‍ കറിവേപ്പിലയും ചേര്‍ക്കാം.


തൈര്‌ചോറ്

ചേരുവകള്‍

തവിട് കളയാത്ത അരി  മൂന്ന് കപ്പ്
പച്ചമുളക് കുരുകളഞ്ഞ് ചതച്ചത്നാലെണ്ണം
തൈര് ഒരു കപ്പ്
മഞ്ഞള്‍പൊടി  ഒരുനുള്ള്
നല്ലെണ്ണ 15 മില്ലി.
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില, ഉപ്പ്  ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക് കുരുകളഞ്ഞ് ചതച്ചത് എന്നിവ മഞ്ഞള്‍പൊടി ചേര്‍ത്ത്  വഴറ്റുക. അതിലേക്ക് മൂന്നു കപ്പ് വെള്ളം ചേര്‍ത്തതിന് ശേഷം തിളപ്പിക്കുക. പാകത്തിന് ഉപ്പു ചേര്‍ത്തതിന്‌ശേഷം കഴുകിവെച്ച തവിടുകളയാത്ത അരി ചേര്‍ത്തശേഷം അടച്ചുവെച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റിയതിനുശേഷം തൈര് ചേര്‍ക്കുക. നന്നായിളക്കിയതിനുശേഷം കറിവേപ്പിലചേര്‍ത്ത് വാങ്ങി ചൂടോടെ ഉപയോഗിക്കാം. തൈരിനുപകരം പുളിക്ക് ചെറുനാരങ്ങനീരുപയോഗിച്ചാല്‍ ലെമണ്‍ റൈസായി.

മിക്‌സഡ് ഓലന്‍

ചേരുവകള്‍ 

മത്തന്‍ അരിഞ്ഞത്ഒരു കപ്പ്
ഇളവന്‍ അരിഞ്ഞത്ഒരു കപ്പ്
പയര്‍ അരിഞ്ഞത്ഒരു കപ്പ്
പച്ചമുളക് കുരുകളഞ്ഞ്  ആറെണ്ണം
തേങ്ങാപ്പാല്‍രണ്ടുകപ്പ്
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില  ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മത്തന്‍, ഇളവന്‍, പയര്‍ എന്നിവ  അരിഞ്ഞതും പച്ചമുളക് ചീന്തിയതും അപ്പച്ചെമ്പില്‍ ആവിയില്‍ വേവിക്കുക. അത് വെന്തതിനുശേഷം വാങ്ങിവെച്ച് അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ചിളക്കുക ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്തതിനുശേഷം അല്പം പച്ചവെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.


ഉലുവയില ചപ്പാത്തി

ചേരുവകള്‍

ഗോതമ്പുപൊടി 3 കപ്പ്
ഉലുവയില അരിഞ്ഞത് ഒരുകപ്പ്
ഉപ്പ്, വെളിച്ചെണ്ണ  ആവശ്യത്തിന്
തേങ്ങ ചിരകിയത്  അരക്കപ്പ് 

തയ്യാറാക്കുന്നവിധം

ഗോതമ്പുപൊടി, ഉലുവയില അരിഞ്ഞത്, തേങ്ങ ചിരകിയത് എന്നിവ പാകത്തിന് ഉപ്പുചേര്‍ത്ത് കുഴയ്ക്കുക. ദോശക്കല്ല് ചൂടാക്കി വെളിച്ചെണ്ണ പുരട്ടി ഇരുവശവും മറിച്ചിട്ട് മൊരിച്ച് ചുട്ടെടുക്കുക.

പച്ചമാങ്ങാ ജ്യൂസ്

ശരീരത്തിനനുയോജ്യവും പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് പ്രകൃതി ഭക്ഷണക്കാര്‍ പച്ചമാങ്ങ പാനീയത്തെ ആഹാരത്തിലുള്‍പ്പെടുത്താന്‍ കാരണം

ചേരുവകള്‍

പച്ചമാങ്ങ കഷ്ണമാക്കിയത് 2കപ്പ്
വെള്ളരിക്ക കഷ്ണമാക്കിയത്1കപ്പ് 
കുരുമുളക്‌പൊടി ഒരുനുള്ള്
ഉപ്പ്  പാകത്തിന്

തയ്യാറാക്കുന്നവിധം

പച്ചമാങ്ങ കഷ്ണമാക്കിയത് മിക്‌സിയിലടിച്ചതിന് ശേഷം അരിപ്പയില്‍ അരിച്ചെടുക്കുക. വെള്ളരിക്ക കഷ്ണമാക്കിയതും മിക്‌സിയിലടിച്ചതിന് ശേഷം അരിപ്പയില്‍ അരിച്ചെടുക്കുക. കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.


സ്‌പെഷല്‍ സലാഡ്

ചേരുവകള്‍

സലാഡ്‌വെള്ളരി അരിഞ്ഞത്ഒരുകപ്പ്
കാരറ്റ്അരിഞ്ഞത് ഒരുകപ്പ്
തക്കാളിയരിഞ്ഞത് ഒരുകപ്പ്
കാബേജരിഞ്ഞത് ഒരുകപ്പ്
മുള്ളങ്കിയരിഞ്ഞത് അരക്കപ്പ്
സവാളയരിഞ്ഞത് ഒരുകപ്പ്
പച്ചമുളക് അരിഞ്ഞത് കാല്‍ക്കപ്പ്
ഒലിവ് ഓയല്‍  മൂന്ന് ടീസ്പൂണ്‍
വിനാഗിരി മൂന്ന് ടീസ്പൂണ്‍
ഉപ്പ്  പാകത്തിന്

തയ്യാറാക്കുന്നവിധം

പച്ചക്കറികളെല്ലാം അരിഞ്ഞതിനുശേഷം വിനാഗിരിചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതിലേക്ക് പാകത്തിന് ഉപ്പുചേര്‍ത്തിളക്കിയതിന് ശേഷം ഒലിവ്ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കാം 

pramodpurath@gmail.com