തൃശ്ശൂ ചാവക്കാട് മുനയ്ക്കക്കടവ് ഹാര്‍ബറില്‍ കടുംചുവപ്പിന്റെ അഴകുമായി തക്കാളി പുല്ലന് ചെമ്മീന്‍ എത്തിയത് കൗതുകമായി. കുളച്ചല്‍ സ്വദേശിയായ ഡെന്‍സ്റ്റന്റെ ബോട്ടാണ് നിറയെ തക്കാളി പുല്ലന് ചെമ്മീനുമായി തിങ്കളാഴ്ച ഹാര്‍ബറിലെത്തിയത്.
മുനയ്ക്കക്കടവ് ഹാര്‍ബറില്‍ അപൂര്‍വമായാണ് തക്കാളി പുല്ലന് ചെമ്മീന്‍ എത്താറുള്ളത്. അടുത്തകാലത്തൊന്നും കടും ചുവപ്പു നിറത്തിലുള്ള ഈ ചെമ്മീന്‍ ഹാര്ബറിലെത്തിയിട്ടില്ല. സാധാരണയായി കൊല്ലം, മുനമ്പം ഹാര്‍ബറുകളിലാണ് ബോട്ടുകാര് ഈ ഇനത്തില്‍ പെട്ട ചെമ്മീന്‍ കൊണ്ടുവരാറുള്ളത്.
മറ്റ് സ്ഥലങ്ങളില്‍ ഇതിന് വിപണിയില്ലാത്തതാണ് കാരണം. മറ്റ് ചെമ്മീന്‍ ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുംചുവപ്പു നിറമാണ് ഇവയ്ക്കുള്ളത്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവ ലഭിക്കാറുള്ളത്.
പൂവാലന്, കരിക്കാടി തുടങ്ങിയ ചെമ്മീന്‍ ഇനങ്ങള്‍ കരയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയില്‍ നിന്ന് ലഭിക്കുമ്പോള്‍ തക്കാളി പുല്ലന് ചെമ്മീന്‍ ലഭിക്കാന്‍ ആഴക്കടലില്‍ പോകണം. 60 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് ഇവ സാധാരണ പിടിക്കുന്നത്.
സാധാരണയായി മുനയ്ക്കക്കടവ് ഹാര്‍ബറില്‍ ഈ ചെമ്മീന്‍ എടുക്കാറില്ലാത്തതിനാല്‍ കടലില്‍വെച്ചുതന്നെ ഹാര്‍ബറില്‍ തക്കാളി ചെമ്മീന്‍ എടുക്കുമോ എന്ന് തിരക്കിയാണ് ബോട്ടുകാര് ഇവ കൊണ്ടുവന്നത്.
എന്തായാലും ബോട്ടുകാര്‍ക്ക് നിരാശരാകേണ്ടിവന്നില്ല. കിലോയ്ക്ക് 180 രൂപ നിരക്കിലാണ് ഹാര്‍ബറില്‍ തക്കാളി ചെമ്മീന്‍ ലേലത്തില്‍ പോയത്. ആഴ്ചകളോളം കടലില്‍ തങ്ങിയാണ് ഇവര്‍ ബോട്ടുനിറയെ ചെമ്മീനുമായി തിങ്കളാഴ്ച കരയിലെത്തിയത്.