ദുബായ്: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബര്‍ഗര്‍ ലേലത്തില്‍ വിറ്റത് 36,000 ദിര്‍ഹത്തിന്. പിങ്ക് കാരവന്‍ കാമ്പയിന്റെ ഭാഗമായി ദുബായ് മാളിലെ ഗ്യാലറീസ് ലഫായത്ത് റസ്റ്റോറന്റില്‍ നടന്ന 'പിങ്ക് ബൈറ്റ്' ലേലത്തിലാണ് പ്രമുഖ ഫാഷന്‍ പ്രസിദ്ധീകരണത്തിന്റെ ഉടമ ബര്‍ഗര്‍ വമ്പന്‍ വിലയ്ക്ക് വാങ്ങിയത്. ലേലത്തില്‍ മൊത്തം 1,08,755 ദിര്‍ഹം സമാഹരിക്കാനായി.

പിങ്ക് കാരവനുവേണ്ടി ധനസമാഹരണത്തിന് നടത്തുന്ന ലേലമാണ് പിങ്ക് ബൈറ്റ്. ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലേലം നടന്നത്.
 
അദ്ദേഹവും പാചകവിദഗ്ധന്‍ റസല്‍ ഇംപ്ലാസിയും ചേര്‍ന്നാണ് 'സെവന്‍ എമിറേറ്റ്‌സ് ബര്‍ഗര്‍ സ്റ്റാക് ' എന്ന പേരില്‍ ബര്‍ഗര്‍ തയ്യാറാക്കിയിരുന്നത്. വിവിധ ഷെഫുമാരുടെ നേതൃത്വത്തില്‍ പ്രമുഖര്‍ ചേര്‍ന്ന് ഒരുക്കിയ വിഭവങ്ങളും ലേലത്തിന് വെച്ചിരുന്നു.