ദേശീയപാതയോരത്ത് ഷീറ്റ് വലിച്ചുകെട്ടിയ മറയ്ക്ക് താഴെയുള്ള ഉന്തുവണ്ടിക്ക് ചുറ്റും നില്‍ക്കുന്ന ആള്‍ക്കൂട്ടം കണ്ടാണ് അടുത്തേക്ക് ചെന്നത്... പച്ചമുളകുകള്‍ കൊണ്ട് മാല കോര്‍ത്ത് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഉന്തുവണ്ടി അലങ്കരിച്ചിരിക്കുകയാണ്... ബജി കഴിക്കാനെത്തിയവരുടെ തിരക്കാണ് ഉന്തുവണ്ടിക്ക് ചുറ്റും. 

ചൂടു ബജി മുളകു ചമ്മന്തിയില്‍ മുക്കി ആസ്വദിച്ചു കഴിക്കുന്ന തിരക്കിലാണ് ആളുകള്‍. ചൂടും എരിവും കൂടിയായപ്പോഴുള്ള പ്രത്യേക ഭാവം എല്ലാവരുടെയും മുഖത്ത് കാണാം. കാറിലും ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും ഒക്കെ ബജി കഴിക്കാനെത്തിയവര്‍ നിരവധിയുണ്ട്.

ചുറ്റും നില്‍ക്കുന്നവരില്‍ പാഴ്സല്‍ വാങ്ങിക്കൊണ്ടുപോകാനായി എത്തിയവരുമുണ്ട്. ചിലര്‍ പാഴ്സല്‍ വാങ്ങി, പാതയോരത്ത് ഒതുക്കിയിട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് കഴിക്കുന്നു. എടുത്തു കൊടുക്കാന്‍ മൂന്നുപേര്‍  ഉണ്ടായിട്ടും തിരക്കിനൊട്ടും കുറവില്ല.

ചിലര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടുത്ത പ്ലേറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നു. ബജി ഉണ്ടാക്കുന്ന യുവാവിന് നടുനിവര്‍ത്താന്‍ നേരം കിട്ടുന്നില്ല എന്നുതന്നെ പറയാം. 
 
ദേശീയപാതയോരത്ത് വരാപ്പുഴയിലെ കാഴ്ചയാണിത്. എന്‍.എച്ച്-17ന്റെ വഴിയോരങ്ങള്‍ക്ക് ഇപ്പോള്‍ നല്ല എരിവാണ്. കൊച്ചിയുടെ 'സ്‌പൈസി സ്ട്രീറ്റ്' ആയി ഇത് മാറിക്കഴിഞ്ഞു. വൈകീട്ട് നാല് മണി കഴിഞ്ഞാല്‍ ബജി കഴിക്കാനെത്തുന്നവരുടെ തിരക്കാണിവിടെ.

വാഹനങ്ങളിലും അല്ലാതെയുമെത്തുന്ന യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈകുന്നേരത്തെ ചായകുടി സുഭിക്ഷമാക്കാനുള്ള ഒരിടം. ചൂടുള്ളതും ഏറെ രുചികരവുമായ വിവിധതരം ബജികള്‍ വൈകീട്ട് നാലുമണിയോടെ തന്നെ റെഡി.

ആറ് രൂപയാണ് ഒരു ബജിയുടെ വില, മൂന്നെണ്ണം അടങ്ങിയ ഒരു പ്ലേറ്റ് കഴിച്ചാല്‍ വൈകുന്നേരത്തെ ചായകുടി കുശാല്‍. മുളക് ബജിക്കാണ് ആവശ്യക്കാര്‍ ഏറെയും. ചട്ടിയില്‍ നിന്ന് ഉന്തുവണ്ടിയിലെ അലമാരയിലേക്ക് കോരിയിടുന്നതിനിടയില്‍ തന്നെ മുളക് ബജി തീരും. മുട്ട ബജി, കായ ബജി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

ബജിക്കാവശ്യമായ മുളകും പച്ചക്കായയും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. മറ്റൊരു രുചികരമായ വിഭവം കോളിഫ്‌ളവര്‍ ഫ്രൈയാണ്. പ്ലേറ്റിന് 30 രൂപയാണ് വില. കണ്മുന്നില്‍ വെച്ചുതന്നെ പാചകം ചെയ്‌തെടുക്കുന്നു എന്നതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ബജി പൊരിക്കുന്നതിനായി ഉപയോഗിക്കുന്നത് പൂര്‍ണമായും പാമോയില്‍ ആണ്. മൈദയും കടലമാവും മുളകുപൊടിയും ഉപ്പും ചേര്‍ത്തുണ്ടാക്കിയ കുഴമ്പ് രൂപത്തിലുള്ള മിശ്രിതം വലിയൊരു വട്ടപ്പാത്രത്തില്‍ ഒരുക്കി വെച്ചിരിക്കുകയാണ്. 

വൈകിട്ട് തുടങ്ങുന്ന ബജി വില്പന രാത്രി 11 വരെ നീളും. ചട്ടിയില്‍ ഒഴിച്ച അവസാന തുള്ളി എണ്ണയും തീരുന്നതു വരെയാണ് വില്പന. ഉടമസ്ഥര്‍ നാട്ടുകാരെങ്കിലും ജോലിക്കാരെല്ലാം മറുനാടന്‍ തൊഴിലാളികള്‍. ഒറ്റനോട്ടത്തില്‍ മലയാളികളാണെന്നേ പറയൂ. സംസാരവും മലയാളം തന്നെ.