ള്ളുഷാപ്പില്‍ പോകുന്നത് കള്ളുകുടിക്കാന്‍ മാത്രല്ല, പലരും നല്ല ഭക്ഷണം കഴിക്കാന്‍ കൂടി വേണ്ടിയാണ്. സുഹൃത്തുക്കളോടൊപ്പം രുചികരമായ ഭക്ഷണം കഴിക്കാന്‍ ഷാപ്പിലേക്കു കയറാന്‍ മടിയില്ലാത്തവര്‍ക്ക് കോഴിക്കോട് നഗരപരിസരത്ത് നല്ലൊരു കള്ളുഷാപ്പുണ്ട്. കള്ളിനല്ല നല്ല ഭക്ഷണത്തിന്. കുടുംബത്തോടൊപ്പം വന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് എ.സി.യുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

കോഴിക്കോട് പൂളാടിക്കുന്ന് ബൈപാസില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ്  പുറക്കാട്ടിരി കള്ളുഷാപ്പ്. മുന്നില്‍ കാണുന്ന വാഹനങ്ങളുടെ നീണ്ടനിര കാണാം. ആ വഴിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയും കള്ളുകുടിയന്‍മാരുണ്ടോ എന്ന് കരുതിയിട്ടുണ്ട്. ആരോടോ ഇത് പങ്കു വയ്ച്ചപ്പോഴാണ് ഭക്ഷണം കഴിക്കാനാണ് ഈ തിരക്കെന്ന് മനസ്സിലായത്. വായില്‍ വെള്ളം നിറയ്ക്കുന്ന ഞണ്ട് ഫ്രൈയും സ്‌പെഷ്യല്‍ തലക്കറിയും ബീഫ് വരട്ടിയതും മാത്രം വീണ്ടും വീണ്ടും കഴിക്കാന്‍ ഇവിടെയെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് ഇവിടത്തെ ഭക്ഷണത്തിന്റെ രുചി നാവില്‍ നിന്നും മാഞ്ഞു പോകാത്തതു കൊണ്ടാണ്.

അകലാപ്പുഴ നിറഞ്ഞൊഴുകുമ്പോള്‍ അതില്‍ നിന്നും പിടിക്കുന്ന ചെമ്മീനിനും ഞണ്ടിനും രുചി മാത്രമല്ല ആവശ്യക്കാരും കൂടും. ഇവിടെ പുഴ മത്സ്യമാണ് വിഭങ്ങളുണ്ടാക്കാനുപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ പുഴമത്സ്യത്തിന്റെ അസമാന്യരുചി അനുഭവിച്ചറിയാനെത്തുന്നവര്‍ വീണ്ടും അത് തേടിയെത്തുന്നു. ഇവിടത്തെ കപ്പയും കേമം തന്നെ.

shapukari ഭക്ഷണമുണ്ടാക്കുന്നവര്‍ എന്തു മായാജാലമാണ് കാണിക്കുന്നതെന്നറിയാന്‍ ആഗ്രഹിച്ചാണ് കള്ളു ഷാപ്പില്‍ കയറാനുള്ള രഹസ്യാഭിലാഷവും ഒരാഴ്ച കൊണ്ട് സംഭരിച്ച മനക്കരുത്തുമായി അവിടെ ചെന്നത്. കള്ളു ഷാപ്പിലെ മുതലാളി എന്നാല്‍ ഒന്നൊന്നര സംഭവമായിരിക്കുമെന്ന ധാരണ പാടേ തിരുത്തിക്കൊണ്ടായിരുന്നു ദിനേശേട്ടന്റെ വരവ്. വെറുമൊരു കള്ളുഷാപ്പുടമ മാത്രമല്ല. ദിനേശേട്ടനെന്ന് പെരുമാറ്റം പറയുന്നുണ്ടായിരുന്നു. 

ദിനേശേട്ടനെ വെറുമൊരു ഷാപ്പുകാരനാക്കുന്നത് ശരിയല്ല. പാചക കലയില്‍ മാത്രമല്ല അഭിനയകലയിലും താന്‍ കേമനാണെന്ന് തെളിയിച്ചു കഴിഞ്ഞു അദ്ദേഹം. 1998 ലെ കേരളോത്സവത്തില്‍ മികച്ച നടന്‍, നാടകങ്ങളിലെ അഭിനയം, പതിനഞ്ചിലധികം സിനിമകളിലെ ചെറുതെങ്കിലും മികച്ച വേഷങ്ങള്‍. എല്ലാം അദ്ദേഹത്തിന്റെ കലയോടുള്ള ആരാധന ബോധ്യപ്പെടുത്തുന്നു. ഷാപ്പിലെ രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതെങ്ങനെയെന്ന് കാണിക്കാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഒഴിവുദിവസമാണെങ്കില്‍ നിങ്ങള്‍ക്ക് സൗകര്യമാവുമെന്ന് പറഞ്ഞ് ആകെ കിട്ടുന്ന ഒഴിവു ദിനം ഞങ്ങള്‍ക്കു വേണ്ടി മാറ്റി വയ്ക്കാന്‍ ദിനേശേട്ടനും കൂടെയുള്ളവരും തയ്യാറായി എന്നുള്ളത് നന്ദിപൂര്‍വം സ്മരിക്കാതെ വയ്യ.

ഉണ്ടാക്കുന്നവരുടെ മനസിന്റെ നന്മ ഭക്ഷണത്തിന്റെ രുചിയില്‍ പ്രതിഫലിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇവിടത്തെ ഭക്ഷണത്തിന്റെ രുചിയില്‍ ഈ ഷാപ്പിലെ പണിക്കാരുടെ മനസിന്റെ നന്മയായിരിക്കണം പ്രതിഫലിക്കുന്നത്. വിവിധതരം മത്സ്യങ്ങള്‍ സ്ഥിരമായെത്തിക്കുന്ന ആള്‍ക്കാരുണ്ട്. പുഴയില്‍ നിന്നുള്ള ഞണ്ട്, ചെമ്മീന്‍, മുരു, എരുന്ത് തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങള്‍ക്ക് ആരാധകരേറെയാണ്. കൂടാതെ ബീഫ്, താറാവ്, കരിമീന്‍. എല്ലാം പറഞ്ഞറിയിക്കാനാവാത്ത രുചിയുടെ പര്യായമാണ്. shappukari കൃത്രിമ ചേരുവകളൊന്നുമില്ലാതെ ഇത്രയും രുചി എങ്ങനെയുണ്ടാവും എന്ന സംശയം അതു ഉണ്ടാക്കുന്നത് ലൈവായി കണ്ടപ്പോള്‍ പാടേ മാറി. കോണ്‍ഫഌറോ സോസോ അജിനോമോട്ടോയോ ചേര്‍ക്കാതെ 'കൊല്ലുന്ന'രുചിയുള്ള ഭക്ഷണം ദാമുവേട്ടനും ചന്ദ്രേട്ടനും ഉണ്ടാക്കുന്നതു കണ്ടപ്പോള്‍ അസൂയ കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഭക്ഷണത്തിന്റെ രുചി കൂടുന്നതില്‍ ഓരോരുത്തരുടേയും മനസുണ്ടെന്നാണ് ദിനേശേട്ടന്‍ പറയുന്നത്. ഏതെങ്കിലും ചേരുവ രുചി കൂട്ടുമെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ മറ്റുള്ളവര്‍ അത് പരീക്ഷിക്കാന്‍ തയ്യാറാവുന്നു. ഒത്തൊരുമ രുചി വിജയത്തിന്റെ പ്രധാന ചേരുവയാണെന്നാണ് ഇവരുടെ അഭിപ്രായം.

മാതൃഭൂമി ഓണ്‍ലൈനിനു വേണ്ടി അവരുണ്ടാക്കിയ വിഭവങ്ങളൊക്കെ തന്നെ രുചിയില്‍ ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍ എന്നു മത്സരിച്ചു. ഞങ്ങള്‍ക്കു വേണ്ടി അന്നുണ്ടാക്കിയത് സ്‌പെഷ്യല്‍ തലക്കറി, മുരു പെപ്പര്‍ ഫ്രൈ, ഞണ്ട് ഫ്രൈ എന്നിവയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാം ഉണ്ടാക്കുന്നത് സമയമെടുത്ത് കാണിച്ചു തരികയും ചെയ്തു.

രുചി നോക്കിയതു മാത്രമേ ഓര്‍മയുള്ളൂ. കഴിച്ചു തീര്‍ത്തത് രുചിയുടെ മായാലോകത്തിലായിരുന്നു. ഇത്രയും രുചികരമായ വിഭവങ്ങളുടെ പാചകരീതി പരസ്യമാക്കുന്നതില്‍ മടി കാണിച്ചില്ല എന്നത് ദിനേശേട്ടനോടുള്ള ബഹുമാനം കൂട്ടി.  സാധാരണ കള്ളുഷാപ്പില്‍ ഉണ്ടാകാവുന്ന ബഹളങ്ങള്‍ ശല്യപ്പെടുത്താതെ സ്വസ്ഥമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കാമെന്നത് ഇവിടെയുള്ള സൗകര്യമാണ്. അത് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുകയും ചെയ്യുന്നു.

നാട്ടുകാരുടെ കണ്ണു വെട്ടിച്ച് വീണ്ടുമെങ്ങനെ ഷാപ്പില്‍ കടന്ന് അവിടത്തെ ഭക്ഷണം കഴിക്കുമെന്ന് ആലോചിച്ച് നിരാശയും ഭക്ഷണം കഴിക്കാന്‍ പറ്റിയതിന്റെ ആനന്ദത്തിലും അവിടെ നിന്ന് മടങ്ങുമ്പോള്‍ വീട്ടിലെത്തി എങ്ങനെ ആ വിഭവങ്ങള്‍ തയ്യാറാക്കി നോക്കണം എന്നായിരുന്നു മനസില്‍.

Recipe ദാമുവേട്ടന്റെ സ്‌പെഷ്യല്‍ തലക്കറി

ചേരുവകള്‍ സവാള ഇടത്തരം കനം കുറച്ചരിഞ്ഞത്- 2  തക്കാളി - 2  വെളുത്തുള്ളി - 5-6 അല്ലി  ഇഞ്ചി അരിഞ്ഞത് - 1 കഷണം  പച്ചമുളക് - 3-4  പുളി കുതിര്‍ത്ത് പിഴിഞ്ഞത് - 1 നെല്ലിക്കാ വലിപ്പത്തില്‍  മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍  മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍  മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍  ഉലുവ - 1 ടീസ്പൂണ്‍  പെരുംജീരകം - 1 നുള്ള്  ഉപ്പ് ആവശ്യത്തിന് കറിവേപ്പില, മല്ലിയില, പുതിനയില ആവശ്യത്തിന് വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍  വലിയ മീന്‍തല(അയക്കൂറ/നെയ്മീന്‍തലയായാല്‍ നന്ന്) - 1  വെള്ളം -  തല മുങ്ങാനാവശ്യമായത്

തയ്യാറാക്കുന്ന രീതി

മണ്‍ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. ഉലുവ ഉടുക. ഉലുവ പൊട്ടിക്കഴിഞ്ഞാല്‍ വെളുത്തുള്ളി ചതച്ചിടുക. മൂത്തു കഴിഞ്ഞാല്‍ സവാളയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. തക്കാളി മുറിച്ചു ചേര്‍ക്കുക. പെരുംജീരകം ഇടുക. അതിനു ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ക്കുക. മൂത്തു മണം വരുമ്പോള്‍ പുളി പിഴിഞ്ഞൊഴിക്കുക. തിളക്കുമ്പോള്‍ തല മുങ്ങാനാവശ്യമായ വെള്ളം ഒഴിക്കുക. തല അതിലിട്ട് ഉപ്പും ചേര്‍ത്ത് പത്തു മിനിറ്റ് അടച്ചു വെയ്ക്കുക. ഇതില്‍ കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് വിളമ്പാം.