ഷാപ്പു വിഭവങ്ങൾ അതിന്റെ എരിവും പുളിയും തനി നാടൻ രുചിയും കൊണ്ട് സൂപ്പർ ഹിറ്റായവയാണ്. ഷാപ്പിലെ മീൻ കറി തട്ടുകടകളിലേക്കും പിന്നെ സോഷ്യൽ മീഡിയ വഴി അടുക്കളകളിലേക്കും ചേക്കേറി. അത്തരത്തിൽ അതിർത്തി കടന്ന് സഞ്ചരിച്ച ഒരു വിഭവമാണ് തലക്കറി. മീനിന്റെ തലഭാഗം കറിയാവുന്നതെങ്ങനെ  എന്ന്  പരിചയപ്പെടാം.

ചേരുവകള്‍

മീന്‍ തല (അയക്കൂറ, നെയ്മീൻ, വറ്റ ഏതായാലും): 1 എണ്ണം
വെള്ളുത്തുള്ളി: 12 എണ്ണം
ഇഞ്ചി: ഒന്ന്
ചെറിയ ഉള്ളി: 250 ഗ്രാം 
പച്ച മുളക്:  10 എണ്ണം
തക്കാളി: ഒന്ന് 
മഞ്ഞപ്പൊടി: അര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി: 3 ടേബിള്‍ സ്പൂണ്‍
ഗരം മസാല: രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി: 5 ടേബിള്‍ സ്പൂണ്‍
കുടംപുളി
ഉലുവ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന രീതി

മൺചട്ടിയാണ് ഷാപ്പുകറികൾ തയ്യാറാക്കാൻ ഉത്തമം. ആദ്യം മണ്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉലുവ, കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് ചെറിയുള്ളി,  വെള്ളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ചതച്ചിട്ട് വീണ്ടും മൂപ്പിക്കുക. മൂത്തതിനു ശേഷം കുരുമുളക് പൊടി, മഞ്ഞള്‍ പൊടി,മുളക് പൊടി,ഗരം മസാല, എന്നിവയിട്ട് നന്നായി വഴറ്റുക.

മസാല മൂത്തതിനുശേഷം തക്കാളി കട്ട് ചെയ്തത് ഇതിലേക്ക് ഇടുക. എല്ലാം നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഒപ്പം കുടംപുളിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ശേഷം തീ കുറച്ചതിനു ശേഷം തലക്കഷ്ണങ്ങള്‍ ചേര്‍ത്ത്, ഒരു തണ്ട് കറിവേപ്പിലയും മൂന്ന് പച്ചമുളകും തിളച്ച ശേഷം ചേര്‍ത്ത്  പാത്രം അടച്ച് വെച്ച്  വേവിക്കുക. 

ഉച്ചഭക്ഷണത്തിന് ഊണിനൊപ്പവും കപ്പയ്‌ക്കൊപ്പവും തലക്കറി കഴിച്ചുനോക്കൂ. ഗംഭീരം.