chicken thoranനാടന്‍ കോഴിയിറച്ചിയില്‍ തയ്യാറാക്കിയ വിഭവങ്ങളുടെ പേരില്‍ പ്രശസ്തിയിലേക്ക് ഉയരുകയാണ് ബാലരാമപുരം-  വിഴിഞ്ഞം റോഡിലെ കട്ടച്ചല്‍ക്കുഴി എന്ന പ്രദേശം. 

ഇവിടുത്തെ കൃഷ്ണാ ഹോട്ടലില്‍ ലഭിക്കുന്ന നാടന്‍ കോഴിപിരട്ട്, കോഴിക്കറി, കോഴിത്തോരന്‍ തുടങ്ങിയ വിഭവങ്ങളാണ് കട്ടച്ചല്‍ക്കുഴിയുടെ പെരുമയ്ക്ക് വഴിയൊരുക്കുന്നത്. 

നാടന്‍ കോഴിയുടെ ഇറച്ചി മാത്രം ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. മസാലകളും മറ്റു കൂട്ടുകളും നാടന്‍ രീതിയില്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ ഷാജി പറയുന്നു. 

ഷാജിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയാണ് ഹോട്ടല്‍ തുടങ്ങിയത്. പുട്ട്, കപ്പ എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന വിഭവങ്ങള്‍. ഇവിടുത്തെ രുചിയെക്കുറിച്ച് കേട്ടറിഞ്ഞ് തിരുവനന്തപുരം നഗരത്തില്‍ നിന്നുപോലും ദിവസേന ഭക്ഷണപ്രിയരെത്തുന്നു. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടുതലാണ്. 

നാടന്‍ കോഴിയിറച്ചി ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന കോഴി പിരട്ട്, കോഴി കറി, കോഴി തോരന്‍ എന്നിവയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. 250 ഗ്രാമിന് 100 രൂപയാണ് വില. എല്ലാത്തരം കോഴി വിഭവങ്ങള്‍ക്കും ഒരേ വിലയാണ്. 

പ്ലേറ്റ് അളവിന് പകരം തൂക്കം കണക്കാക്കിയാണ് വിലയീടാക്കുന്നത്. ഒരു പ്ലേറ്റില്‍ സാധാരണഗതിയില്‍ 250 ഗ്രാമാണ് ഉണ്ടാകുക. രാവിലെ 10 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് കട തുറന്നിരിക്കുക.