കൊച്ചണ്ണന്‍ സായ്പ് എന്ന പീരുമുഹമ്മദ് 1946-ല്‍ കരമനയില്‍ തുടങ്ങിയ ചെറിയ ഭക്ഷണശാലയില്‍ ഇന്നും തിരക്കൊഴിഞ്ഞ നേരമില്ല.

ആട്ടിറച്ചിയുടെ വിവിധ രുചിക്കൂട്ടുകള്‍ തേടി കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കില്‍ നിന്നു പോലും ദിവസവും ഇവിടേക്ക് എത്തുന്നവരുണ്ട്.

കരമന ജങ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപമാണ് പേരില്ലാത്ത ഈ കൊച്ചുകട. മട്ടണ്‍കറി, റോസ്റ്റ്, കരള്‍ റോസ്റ്റ് തുടങ്ങിയവയാണ് ജനപ്രിയ വിഭവങ്ങള്‍.

ഇതിനു പുറമേ മട്ടണ്‍ സൂപ്പും കിട്ടും. അപ്പം, ദോശ, ഇടിയപ്പം, ഒറട്ടി തുടങ്ങിയ പതിവ് വിഭവങ്ങളുമുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഊണ് കിട്ടും.

പരിപ്പുകറി, അവിയല്‍, തോരന്‍ തുടങ്ങിയവയ്‌ക്കൊപ്പം മട്ടണ്‍ കൂടിയുള്ള ഊണിന് രുചിയേറുമെന്ന് ഇവിടത്തെ പതിവുകാര്‍ പറയുന്നു.

വിപണിയില്‍ കിട്ടുന്ന മുളക്, മല്ലി പൊടികള്‍ ഇവിടെ ഉപയോഗിക്കാറില്ല. മസാലക്കൂട്ടുകള്‍ക്കുള്ള മുളകും മല്ലിയുമൊക്കെ പ്രത്യകം വാങ്ങി പൊടിപ്പിക്കുകയാണ്.

ഇതാണ് ഇവിടത്തെ വിഭവങ്ങളുടെ രൂചി കൂട്ടുന്നതെന്ന് കടയുടെ നടത്തിപ്പുകാര്‍ പറയുന്നു. കൊച്ചണ്ണന്‍ സായ്പിന്റെ മക്കളായ ഫിറോസും സഫീറുമാണ് ഇപ്പോള്‍ കട നടത്തുന്നത്. 

മട്ടണ്‍ കറി, റോസ്റ്റ്, കരള്‍ റോസ്റ്റ് എന്നിവയ്ക്ക് പ്ലേറ്റിന് 110 രൂപയാണ് വില, സൂപ്പിന് 20 രൂപയും. രാവിലെ 10 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കട രാത്രി 11 മണിയോടെയാണ് അടയ്ക്കുക.