foodതാജ്‌ ഗേറ്റ്‌വേയിൽ ഇനി ഖവാലിയും ഗസലുമാസ്വദിച്ച് ഹൈദരാബാദിന്റെ രുചിയാസ്വദിക്കാം.

'ഹൈദരാബാദ് താജ് ബൻജാര'യിലെ മാസ്റ്റർഷെഫ് മുഹമ്മദ് അംജദിന്റെ നേതൃത്വത്തിൽ തുടങ്ങിയ  ഹൈദരാബാദി ഭക്ഷ്യമേളയിലാണ് രുചിയും സംഗീതവും വിരുന്നാവുന്നത്.

ഹൈദരാബാദി മട്ടൺബിരിയാണി, മട്ടണും ഗോതമ്പും ചേർത്തുള്ള അലീസയുടെ മാതൃകയിലുള്ള ‘ഗോഷ്ട് കി ഹലീം’ എന്നിവയാണ് മേളയുടെ ഹൈലൈറ്റ്.

ഷീർകുർമയെന്ന നൈസാമിന്റെ നാട്ടിലെ മധുരവും ഇവിടെയെത്തുന്നവർക്ക് നുണയാം.

കാച്ചി ഗോഷ്ട് കി ബിരിയാണി, ദംമുർഗ് കി ബിരിയാണി, ദം സബ്‌സ് കി ബിരിയാണി എന്നിവയാണ് നവാബി രുചിയിലൊരുങ്ങുന്ന ബിരിയാണികൾ. ദംബിരിയാണികളാണ് ഇവയെല്ലാം.

മട്ടൺ അരിയ്ക്കൊപ്പംതന്നെ വേവിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മട്ടന്റെ രുചിമുഴുവൻ ഇതിൽ അലിഞ്ഞുചേരുന്നു. ചിക്കൺ, വെജിറ്റേറിയൻ ബിരിയാണികൾ വേറെയുമുണ്ട്. 

മീൻ, ചിക്കൻ എന്നിവ കൊണ്ടുണ്ടാക്കിയ ഷിക്കാംപുരി കബാബുമുണ്ട്. വൈകീട്ട് ഏഴുമുതൽ 10.30 വരെയാണ് മേള. ആയിരം രൂപയാണ് ബുഫെ ഡിന്നറിന് വാങ്ങുന്നത്.

അഞ്ചുമുതൽ 12 വരെയുള്ള കുട്ടികൾക്ക് 450 രൂപയും. ഇതിനുപുറമെ 20 ശതമാനം നികുതിയുമുണ്ട്. ഒമ്പത് നോൺവെജിറ്റേറിയൻ വിഭവങ്ങൾ, 14 വെജിറ്റേറിയൻ വിഭവങ്ങൾ, ആറുതരം മധുരങ്ങൾ എന്നിവ ഇതിനൊപ്പമുണ്ട്. ഇഷ്ടമുള്ള ബീവറേജസും തിരഞ്ഞെടുക്കാം.