ത്തായത്തില്‍ നല്ല നെല്ലുണ്ടെങ്കില്‍ അങ്ങ് വയനാടുനിന്നെത്തും എലി'' എന്നാണല്ലോ പറയാറ്. വയനാട്ടിലെ എലികള്‍ക്ക് നല്ല നെല്ല് കൃത്യമായി അറിയാം എന്നും കൂടി ഈ ചൊല്ല് സൂചിപ്പിക്കുന്നു. 

ഗുണമേന്മയുള്ള ചേരുവകള്‍ സംഘടിപ്പിച്ച് രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വയനാട്ടിലെയും താമരശ്ശേരിയിലെയും ചില നളന്മാരാണ് ഇത്തവണത്തെ താരങ്ങള്‍. അപൂര്‍വ രുചികള്‍ സൃഷ്ടിച്ച് ഹൃദയങ്ങള്‍ കീഴടക്കിയ പുരുഷ കേസരികള്‍. 

'ആണുങ്ങളാണോ പെണ്ണുങ്ങളാണോ ഏറ്റവും നന്നായി പാചകം ചെയ്യുക?' എപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്. ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസ്സിലെത്തുക അമ്മയുടെ മുഖമാവും. 'അമ്മയുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരി', 'അമ്മയുണ്ടാക്കുന്ന കൊഞ്ചു തീയല്‍', 'അമ്മയുണ്ടാക്കുന്ന എരുശ്ശേരി' എന്നിങ്ങനെ പലതും. 

അമ്മ കഴിഞ്ഞാല്‍പിന്നെ അമ്മൂമ്മ, ചേച്ചി, ഇളയമ്മ, മാമി അങ്ങനെ പോകും. എല്ലാം പെണ്ണുങ്ങള്‍. പെണ്ണുങ്ങളായിരിക്കും ഏറ്റവും നല്ല പാചകക്കാര്‍ എന്ന കണ്‍ക്ലൂഷനിലെത്തുമ്പോഴാണ് പുതിയൊരു ചോദ്യം വരിക. 'പിന്നെ ഒരു കല്യാണസദ്യ ഈ പെണ്ണുങ്ങളുണ്ടാക്കാത്തതെന്തേ??'

അതിനു പുരുഷന്മാര്‍ വേണം. ആയിരം പേരുടെ സദ്യ. രണ്ടായിരം പേരുടെ ബിരിയാണി. കണക്കുകളൊന്നും പിഴയ്ക്കാതെ ഇരുപതിനായിരവും മുപ്പതിനായിരവും പേര്‍ക്ക് ഗംഭീര സദ്യയുണ്ടാക്കിയ പഴയിടത്തെപ്പോലെയുള്ള പുപ്പുലികളുടെ അടുത്തുനില്‍ക്കാന്‍പോലും മേല്‍പ്പറഞ്ഞ കക്ഷികള്‍ ഒന്നു പേടിക്കും. 

പുരാണങ്ങളും ഇതിഹാസങ്ങളും പരിശോധിച്ചാല്‍ 'മാസ്റ്റര്‍ ഷെഫ്സ്' ആണുങ്ങളായിരിക്കും! ഭീമസേനന്‍, നളന്‍ അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. പാചകത്തെ സ്‌നേഹിക്കുന്ന പുതിയ ഭീമന്മാരെയും നളന്‍മാരെയും അവരുടെ ചില പ്രത്യേക വിഭവങ്ങളെയും പരിചയപ്പെടാം.

അര്‍മാനിക്കയുടെ കൊച്ചിക്കോയ

ആദ്യം 'കൊച്ചിക്കോയ'യെപ്പറ്റി പറയാം. താമരശ്ശേരിക്കാരുടെ എനര്‍ജി ഡ്രിങ്കാണ് 'കൊച്ചിക്കോയ'. കൊച്ചിയില്‍ നിന്നു വന്ന ആരോ കുഴച്ചു കൊടുത്തതു കൊണ്ടാണ് ഇതിന് നാടന്‍ ഭാഷയില്‍ 'കൊച്ചിക്കൊയ' (കൊച്ചിക്കുഴ) എന്നു പറയുന്നത്. പറഞ്ഞുപറഞ്ഞ് അത് കൊച്ചിക്കോയയായി. 

food kochikkoya
കൊച്ചിക്കോയ

''ഞെട്ടുകറുത്ത പൂവമ്പയം കൈയും കൊണ്ട് ഞവുണ്ടിയാണ് കൊച്ചിക്കോയയുണ്ടാക്കുന്നത്.'' പൂവന്‍പഴം, ശര്‍ക്കര, തേങ്ങാപ്പാല്‍, പശുവിന്‍പാല്‍, ചെറിയുള്ളി, പഞ്ചസാര, ഉപ്പ്, ഇഞ്ചിനീര്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുഴച്ച് വറുത്ത അവലിന് മുകളിലായി ഒഴിച്ച് കൈകൊണ്ട് കോരിക്കുടിക്കും. അതാണ് കൊച്ചിക്കോയ.

താമരശ്ശേരിയില്‍ ഇന്ന് ഏറ്റവും നന്നായി കൊച്ചിക്കോയ ഉണ്ടാക്കുന്ന ആള്‍ അര്‍മാനിക്കയാണ്. കുറ്റിക്കാട്ടില്‍ അബ്ദുറഹ്മാന്‍ എന്നാണ് യഥാര്‍ഥ പേര്. ചളിക്കോടാണ് സ്വദേശം. കൊച്ചിക്കോയ ഉണ്ടാക്കുന്നതിലെ തന്റെ ഗുരു അഹമ്മദ്കുട്ടി ഹാജിയാണെന്നാണ് അര്‍മാനിക്ക പറയുന്നത്. 

ചെറുപ്പത്തില്‍ പീടികയില്‍ പോവുമ്പോ ഞെട്ടുകറുത്ത പൂവമ്പഴം ഉണ്ടെങ്കില്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ആ കുല വാങ്ങി അഹമ്മദ്കുട്ടിഹാജിയെ കൊണ്ട് കൊച്ചിക്കോയ ഉണ്ടാക്കിക്കും. അതു കണ്ടാണ് അര്‍മാനിക്ക പഠിച്ചത്. പിന്നീട് അര്‍മാനിക്കയായി ഉസ്താദ്.

''അറുമാനിക്ക കൊയച്ചാലാണ് കൊച്ചിക്കോയ നന്നാവുക'' എന്ന് എന്നോട് പറഞ്ഞത് എന്റെ സുഹൃത്തായ കാഞ്ഞിരത്താംപൊയില്‍ അബ്ദുറഹ്മാനിക്കയാണ്. അദ്ദേഹം എല്ലാ ചേരുവകളും സംഘടിപ്പിച്ച് അറുമാനിക്കയെ വിളിച്ചുവരുത്തി കൊച്ചിക്കോയ ഉണ്ടാക്കി. 

അര്‍മാനിക്കയെ സഹായിക്കാനായി കുടുംബാംഗങ്ങളെല്ലാം കൂടി. അബ്ദുറഹ്മാനിക്കയുടെ ഭാര്യ റുക്കിയാറാണി, മകന്‍ നവാസ്, നവാസിന്റെ ഭാര്യ സംപ്രീന, മക്കള്‍, പിന്നെ ഞാന്‍. താമരശ്ശേരിക്കാര്‍ക്ക് കൊച്ചിക്കോയ ഉണ്ടാക്കുന്നത് ഒരു ഉത്സവമാണ്.

food Kochikkoya
കൊച്ചിക്കോയ ഉണ്ടാക്കുന്ന അര്‍മാനിക്കയോടൊപ്പം അബ്ദുറഹ്മാനും കുടുംബവും

കൊച്ചിക്കോയ ഉണ്ടാക്കിയാല്‍ അയല്‍വീടുകളിലേക്ക് മുഴുവന്‍ കൊടുത്തയയ്ക്കും. കൊച്ചിക്കോയ കുടിച്ചാല്‍ താമരശ്ശേരി ചുരം ഓടിക്കയറാം എന്നാണ് ഇന്നാട്ടുകാര്‍ പറയുന്നത്. കൊച്ചിക്കോയ അസാധ്യരുചിയാണ്. കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നും. കുട്ടികള്‍ക്കും വളരെ ഇഷ്ടമാണിത്.

അര്‍മാനിക്ക കുഴച്ച കൊച്ചിക്കോയ, വറുത്ത അവലിനു മുകളിലായൊഴിച്ച് കൈകൊണ്ട് കുഴച്ച് ഞങ്ങളെല്ലാവരും കഴിച്ചു. അപ്പോഴും അര്‍മാനിക്ക എല്ലാവരെയും കഴിപ്പിക്കാനുള്ള തിരക്കിലായിരുന്നു. ''അര്‍മാനിക്ക കഴിക്കുന്നില്ലേ?'' ഞാന്‍ ചോദിച്ചു. ''മൂപ്പരു കഴിപ്പിക്കേ ഉള്ളൂ.'' നവാസാണ് മറുപടി പറഞ്ഞത്. എല്ലാവരും ചിരിച്ചു. അര്‍മാനിക്കയും. 

കൊച്ചിക്കോയ രുചിക്കൂട്ട്

നന്നായി പഴുത്ത ഒരുകിലോ പൂവന്‍ പഴം അല്ലെങ്കില്‍ ഞാലിപ്പൂവന്‍ പഴം കട്ടയില്ലാതെ ഉടച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ നൂറുഗ്രാം ചെറിയുള്ളി ചെറുതായി അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ഉടച്ചെടുക്കുക. ഇവ രണ്ടും കൂടി ചേര്‍ക്കുക. 

ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, അതേ അളവില്‍ ഇഞ്ചിനീര്, നൂറുഗ്രാം ശര്‍ക്കര ചീകിയത്, ഒരു മുറി തേങ്ങയുടെ പാല്‍ അത്രയും തന്നെ പശുവിന്‍പാല്‍, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വറുത്ത അവിലിന് മുകളിലായി ഒഴിച്ച് കോരിക്കുടിക്കണം. 

പാപ്‌ളശ്ശേരിയിലെ കപ്പയും ബോട്ടിയും

വയനാട് മീനങ്ങാടിക്കടുത്ത് പാപ്‌ളശ്ശേരിയിലെ മോഹനേട്ടന്റെ പീടികയിലെ കപ്പയും ബോട്ടിയും വയനാടു മുഴുവന്‍ പ്രശസ്തമാണ്. വൈകുന്നേരം ആറരമുതല്‍ എട്ടരവരെയാണ് കച്ചവടം. ബിവറേജസ് കോര്‍പ്പറേഷനിലേതുപോലെ ക്യൂവാണ് ചില ദിവസങ്ങളില്‍ ഇതു കഴിക്കാന്‍. 

ഓഡിയും ബെന്‍സും, ബി.എം.ഡബ്ല്യുവും ഒക്കെ പാര്‍ക്ക്ചെയ്ത് അതിലിരുന്ന് കഴിക്കുന്ന ചില വി.ഐ.പികളെയും ഇവിടെ കാണാം.

മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കടുക് താളിച്ച് ഉടച്ച കപ്പയാണ് ബോട്ടിറോസ്റ്റിന് കോമ്പിനേഷന്‍. ഈ രണ്ടു വിഭവങ്ങളല്ലാതെ ഒരു ചായപോലും മോഹനേട്ടന്റെ പീടികയില്‍ കിട്ടില്ല. 27 വര്‍ഷമായി ഒരേ കച്ചവടം. രണ്ട് മണിക്കൂര്‍ സമയംകൊണ്ട് 25 കിലോ കപ്പയും 25 കിലോ ബോട്ടിയും തീരും. അതാണ് കണക്ക്. 

പക്ഷേ, അതിനുപിന്നിലെ അധ്വാനം വെളുപ്പാന്‍കാലം മുതല്‍ തുടങ്ങും. മസാലക്കൂട്ടുകളും പൊടികളും എല്ലാം വീട്ടില്‍ത്തന്നെ തയ്യാറാക്കും. ബന്ദും ഹര്‍ത്താലും ഒഴികെ എല്ലാ ദിവസങ്ങളിലും ഈ കട തുറക്കും. പത്തുപന്ത്രണ്ടുപേര്‍ക്ക് ഇരുന്നുകഴിക്കാന്‍ പറ്റുന്ന സൗകര്യമേ ഉള്ളൂ കടയില്‍. അത് എപ്പോഴും ഫുള്ളാണ്.

food kappayum bottiyum
മോഹനേട്ടന്റെ ബോട്ടിക്കട
 

ഇക്കയുടെ സ്വന്തം മൊയ്തീനപ്പം

മൊയ്തീനപ്പം എന്ന ഒറ്റ വിഭവംകൊണ്ട് വയനാടു മുഴുവന്‍ അറിയപ്പെട്ടയാളാണ് മൊയ്തീനിക്ക. കലത്തപ്പത്തിന്റെ വലുപ്പത്തിലുള്ള വളരെ മൃദുവായ ഒരു വിഭവമാണ് മെയ്തീനപ്പം. മൊയ്തീനിക്കയുടെ അളിയന്‍ സമീറാണ് ഈ ബിസിനസ് തുടങ്ങിയത്. 

സംഗതി എട്ടുനിലയില്‍ പൊട്ടിയപ്പോ അളിയനെ സഹായിക്കാനായി മൊയ്തീനിക്ക ആ പ്രസ്ഥാനം ഏറ്റെടുത്തു. റെസിപ്പി ഒന്നു മാറ്റിപ്പിടിച്ചു. പേരും മാറ്റി മൊയ്തീനപ്പം. സംഗതി സൂപ്പര്‍ഹിറ്റ്. പിന്നെ തിരിഞ്ഞ്നോക്കേണ്ടി വന്നിട്ടില്ല. 

ഇന്ന് ബത്തേരി, ഇരുളം, പുല്‍പ്പള്ളി, കല്‍പ്പറ്റ, വൈത്തിരി എന്തിന് അടിവാരം വരെ ബേക്കറികളില്‍ മൊയ്തീനപ്പം കിട്ടും. മൂന്നു ദിവസം വരെ ഇത് കേടുകൂടാതിരിക്കും. 30 രൂപയാണ് ഒരപ്പത്തിനു വില. മൊയ്തീനപ്പത്തിന്റെ രഹസ്യം ചോദിച്ചാല്‍ മൊയ്തീനിക്കായുടെ ഉത്തരം വളരെ സിംപിളാണ്.

''അപ്പം തിന്നാല്‍ പോരേ? കുഴി എണ്ണണോ?''

ഇരുളത്തെ ഇറച്ചിപ്പെരുമ

ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളി റോഡില്‍ ഇരുളം സ്‌കൂളിനടുത്തായി ഒരു ചെറിയ ഹോട്ടലാണ് ദില്‍ദാര്‍. ബീഫ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലാണ്. ബീഫ് ബിരിയാണി, വറുത്തരച്ച ബീഫ് കറി, കുരുമുളക് ബീഫ് റോസ്റ്റ് എന്നിവയാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍. 

ബിരിയാണി കോമ്പിനേഷനായി പുട്ട്, കപ്പ, കഞ്ഞി, ഊണ് തുടങ്ങി എല്ലാമുണ്ട്. മുതലാളിയാണെങ്കിലും അതിന്റെ അഹങ്കാരമൊന്നും ഇല്ലാത്ത ആളാണ് ഷാജിദ്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാജിദിന്റെ ഉപ്പ ഇബ്രാഹിം ഹോട്ടല്‍ തുടങ്ങുന്നത്. 

അന്നത്തെ അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗോവിന്ദന്‍ ആണ് ഇന്ന് മെയിന്‍ പാചകക്കാരന്‍. വിറകടുപ്പിലാണ് പാചകം. മുഴുവന്‍ മസാലപ്പൊടികളും വീട്ടില്‍ത്തന്നെ വറുത്ത് പൊടിക്കുന്നവയാണ്. 25 വര്‍ഷമായി ഈ ഹോട്ടലിലെ സ്ഥിരം കസ്റ്റമറായ അലീക്ക പറയുന്നത് ഇബ്രാഹിമിന്റെ കാലത്തുള്ള കറീടെ അതേ സ്വാദുതന്നെയാണ് ഇപ്പോഴുമെന്നാണ്. 

food
ബോട്ടിയും കപ്പയും
 

ചൂടു പുട്ടും വറുത്തരച്ച ബീഫ് കറിയുമാണ് എനിക്കിഷ്ടപ്പെട്ട ഇവിടത്തെ കോമ്പിനേഷന്‍. ഒപ്പം ചൂടു ചായയും നല്ല മഴക്കാലമാണ് ഈ കോമ്പിനേഷന്‍ തട്ടാന്‍ ഏറ്റവും നല്ല സമയം.

വെള്ളേട്ടനാരാ മോന്‍

വയനാടന്‍ വിഭവങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാണ് വെള്ളേട്ടന്‍. കുറുമ സമുദായക്കാരുടെ പാരമ്പര്യ വിഭവങ്ങളായ, കെല്ലുപ്പിട്ട്, കാരക്കുണ്ടപ്പം, മുളയരിപ്പായസം, തേങ്ങാച്ചോറ്, ഞരളഇല, ഇലയൊട്ടി, ഓട്ടട, കൈയ്യൊട്ടി, തിന ചിരകിയത്, റാഗി വിരകിയത്, മണ്‍ചട്ടി കുത്തല്‍, കൂവ്വ വിരകിയത് എന്നിവ പുറം ലോകത്തിന് പരിചയപ്പെടുത്തിയത് വെള്ളേട്ടനാണ്. 

വയനാട് അമ്പലവയലിനടുത്തുള്ള നെല്ലാറച്ചാലാണ് വെള്ളേട്ടന്റെ നാട്. നെല്ലാറച്ചാല്‍ ഒരു കാലത്ത് വയനാടിന്റെ നെല്ലറയായിരുന്നു. കാരാപ്പുഴ ഡാം പ്രവര്‍ത്തനം തുടങ്ങിയതോടുകൂടി നെല്ലാറച്ചാലിലെ വയലുകളെല്ലാം വെള്ളത്തിനടിയിലായി. 

നെല്ലാറച്ചാലിലും പരിസര പ്രദേശങ്ങളിലുമായി മൂവായിരം ഏക്കറോളം കൃഷിഭൂമി വെള്ളത്തിനടിയിലായി. ഗന്ധകശാല, ചോമാല, മുളംചണ്ണ, വെളുമ്പാല എന്നീ നെല്‍വിത്തിനങ്ങളുടെ പ്രധാന കൃഷിയിടങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. 

പണ്ട് നിലമ്പൂര്‍ കോവിലകത്തില്‍ നെല്ലു സൂക്ഷിക്കുന്ന കുടുംബമായിരുന്നു വെള്ളേട്ടന്റേത്. അങ്ങനെയാണ് വെള്ളേട്ടന്റെ വീടിന് നെല്ലറ എന്ന് പേരുവന്നത്.

കുട്ടിക്കാലത്ത് പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ വെള്ളനെ പാരമ്പര്യ വൈദ്യം പഠിക്കാന്‍ വിട്ടു. വൈദ്യം പഠിക്കാന്‍ പോയ വെള്ളന് പാചകത്തോടായിരുന്നു കൂടുതല്‍ കമ്പം. അക്കാലത്ത് വീടിനടുത്തുള്ള വട്ടക്കളി, കോല്‍ക്കളി സംഘത്തിലെ പ്രധാന കളിക്കാരനുമായിരുന്നു വെള്ളന്‍. 

vellettan
വെള്ളേട്ടന്‍ 

കോല്‍ക്കളിയിലെ പതിനെട്ടടവുകളും വെള്ളേട്ടന് പച്ചവെള്ളംപോലെയാണ്. അങ്ങനെ കല്യാണ വീടുകളില്‍ പാടിക്കളിക്കാന്‍ പോകുമ്പോള്‍ പാചകപ്പുരയിലുമെത്തും. താത്പര്യം കണ്ട് ബാലകൃഷ്ണന്‍ എന്ന പാചകക്കാരന്‍ സദ്യവട്ടങ്ങളെല്ലാം പഠിപ്പിച്ചു. 

ഇപ്പോള്‍ ഇന്ത്യയില്‍ പലഭാഗത്തും നടക്കുന്ന ഭക്ഷ്യമേളകളിലെ നിറസാന്നിധ്യമാണ് വെള്ളേട്ടന്‍. വയനാടന്‍ ആദിവാസി വിഭവങ്ങളാണ് വെള്ളേട്ടന്‍ വിളമ്പുന്നത്. അതിന് പുറമേ വെള്ളേട്ടന്‍തന്നെ കണ്ടുപിടിച്ച ചില വിഭവങ്ങളും അവിടെ കിട്ടും. 

കുഴിക്കോഴി, പൊതിക്കോഴി, കോല്‍ക്കോഴി എന്നിങ്ങനെ. ആദിവാസി മസാലപ്പൊടികള്‍ ചേര്‍ത്ത് കനലില്‍ തയ്യാറാക്കുന്നതാണ് ഈ വിഭവങ്ങള്‍. ഒരു തവണ ഡല്‍ഹിയില്‍ പ്രഗതി മൈതാനിയില്‍ നടന്ന ഒരു ഭക്ഷ്യമേളയില്‍ 'ഹോട്ട് സെല്ലറായത്' വെള്ളേട്ടന്റെ റാഗി പഴംപൊരിയാണ്. 

കാരക്കുണ്ടപ്പം  
കുറുമരുടെ ഉണ്ണിയപ്പമാണ് കാരക്കുണ്ടപ്പം. അതുണ്ടാക്കുന്നത് വെണ്ണക്കല്ലി(വെണ്ണാറംകല്ല്)ല്‍ കൊത്തിയെടുത്ത കല്‍ച്ചട്ടിയിലാണ്. 
ഗന്ധകശാല അരി അരച്ച് അതില്‍ ചിരകിയ നാളികേരവും ശര്‍ക്കരയോ കരിപ്പട്ടിയോ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ മാവു പതം വരുത്താന്‍ വെയ്ക്കണം. 
അതിനുശേഷം വെണ്ണക്കല്ലിന്റെ ഉണ്ണിയപ്പച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കാരക്കുണ്ടപ്പം ചുട്ടെടുക്കാം. 

karakkundappam
കാരക്കുണ്ടപ്പം

ഇലയൊട്ടി
റാഗി പൊടിയും ചെറുപഴവും തേങ്ങയും ചേര്‍ത്ത് കുഴച്ച് മാവുണ്ടാക്കി വാഴയിലയിലോ കൂവയിലയിലോ പരത്തി ഓട്ടടച്ചട്ടിയില്‍ വെച്ചു ചുട്ടെടുക്കുന്ന വിഭവമാണ് ഇലയൊട്ടി. ആരോഗ്യദായകമായ ഒരു വിഭവമാണ് ഇലയൊട്ടി. കുട്ടികള്‍ക്ക് കൊടുക്കാനാണ് ഇതുണ്ടാക്കാറ്.

കത്തല്
കുറുമരുടെ വിഭവമാണ് കത്തല്. നല്ല തവിടുള്ള പുഴുങ്ങലരി കഞ്ഞിയ്ക്കും ചോറിനും ഇടയിലുള്ള പാകത്തില്‍ വിറകടുപ്പില്‍ മണ്‍പാത്രം കൊണ്ട് തയ്യാറാക്കുന്നതാണ് കത്തല്. തേങ്ങാച്ചമ്മന്തി, തൈര്, ചുട്ട പപ്പടം എന്നിവയാണ് കത്തലിന്റെ കറികള്‍. 

കെല്ലുപ്പിട്ട് 
കുറുമരുടെ ഒരുതരം ദോശയാണ് കെല്ലുപ്പിട്ട്. പിട്ട് എന്നാല്‍ ആഹാര സാധനം എന്നാണര്‍ഥം. വെണ്ണാറം കല്ലില്‍ കൊത്തിയെടുത്ത ദോശക്കല്ലിലാണ് ഈ വിഭവം ചുട്ടെടുക്കുന്നത്.
ഗന്ധകശാലഅരി ഉരലില്‍ ഇടിച്ച് പൊടിയാക്കി അത് കുഴച്ച് മാവാക്കി അതില്‍ മോരും ഉപ്പും ചേര്‍ത്ത് ഏഴു മണിക്കൂറെങ്കിലും മാവ് പുളിക്കാന്‍ വെയ്ക്കും. 
മാവു പുളിച്ചാല്‍ കല്ലില്‍ നല്ലെണ്ണ തടവി കെല്ലുപ്പിട്ട് ചുടാം. ദോശയുടെ അതേ പരുവമാണിതിന്. രണ്ടുഭാഗവും മറിച്ചിടണം.  

kelluppitt
 കെല്ലുപ്പിട്ട്

വയനാട്ടില്‍ വരുന്ന വിദേശികളില്‍ പലരും വെള്ളേട്ടനെ കാണാന്‍ പോകാറുണ്ട്. അങ്ങനെ വരുന്നവര്‍ക്കൊക്കെ വെള്ളേട്ടന്റെ അടുക്കളയില്‍ നല്ലൊരു കുക്കറി ക്ലാസും പിന്നെ സ്വാദിഷ്ടമായ ഭക്ഷണവും കിട്ടും.

ഈ സ്വാദിന്റെ ഗുട്ടന്‍സ് പിടികിട്ടാതെ പല വിദേശികളും വെള്ളേട്ടനെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെള്ളേട്ടന്‍ എല്ലാം സ്നേഹത്തോടെ നിരസിക്കും. ഈ സ്വാദറിയാന്‍ വയനാട്ടിലേക്കുതന്നെ പോണം. വെള്ളേട്ടനെപ്പോലെ രുചിയുടെ നളപാകം സൃഷ്ടിക്കുന്ന എല്ലാ പുരുഷ കേസരികള്‍ക്കും സലാം.

'രാജ് കലേഷിന്റെ രുചി യാത്രകള്‍' യാത്രാ മാസികയില്‍ പ്രസിദ്ധീകരിച്ചത് 
ചിത്രങ്ങള്‍: ജ്യോതി തേക്കിന്‍കാട്ടില്‍

yathra magazine

യാത്രാ മാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക