ക്ഷ്യം മറ്റൊന്നായിരുന്നുവെങ്കിലും തലശ്ശേരി അഫാമിയയിലെ'ഇന്നത്തെ സ്‌പെഷ്യല്‍' ബോര്‍ഡില്‍ 'ക്രാബ് ലോലിപോപ്പ്' എന്നു കണ്ടപ്പോള്‍ ഉണ്ടായ കൗതുകം വൈവിധ്യങ്ങളുടെ ഒരു കലവറയിലേക്കാണ് വിളിച്ചു കയറ്റിയത്. 

തലശ്ശേരിയില്‍ ബി.ഇ.എം.പി. സ്‌കൂളിന്റെ എതിര്‍ വശത്താണ് അഫാമിയ സ്ഥിതി ചെയ്യുന്നത്. സാദിഖ് ഉമ്മര്‍ എന്ന പ്രവാസിയുടെ ഏറെ നാളത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് അഫാമിയ. ഏതൊരു പ്രവാസിയേയും പോലെ നാട്ടിലെത്തി സെറ്റില്‍ ചെയ്യണം എന്ന ആഗ്രഹം മാത്രമല്ല മുന്നോട്ടുള്ള ജീവിതത്തിന് എന്തു ചെയ്യണം എന്ന വ്യക്തമായ രൂപരേഖയും ഉണ്ടായിരുന്നു സാദിഖിന്.  

ആറു മാസമേ ആയുള്ളൂ രുചിയുടെ ഈ കലവറ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. പഴയ പീകോക്ക് റസ്‌റ്റോറന്റ് ഇരുന്ന സ്ഥലത്ത് എന്നു പറഞ്ഞാല്‍ അന്വേഷിക്കുന്നവര്‍ക്ക് കട കണ്ടെത്താന്‍ കുറച്ചുകൂടി എളുപ്പമാണ് എന്നു പറഞ്ഞു തന്നു സാദിഖ് ഇക്ക. 

crab lollipop
ക്രാബ് ലോലിപോപ്പ്

അഫാമിയ സ്‌പെഷ്യല്‍ ക്രിസ്പി 

കയറിയത് ക്രാബ് ലോലിപോപ്പിന്റെ റസിപ്പി കിട്ടിയാലോ എന്നു പ്രതീക്ഷിച്ചാണ്. എന്നാല്‍ അത് കഴിക്കാന്‍ അഫാമിയയില്‍ തന്നെ എത്തേണ്ടി വരുമെന്നു മനസിലായതോടെ നിരാശയായി. എങ്കിലും മറ്റൊരു പുതിയ ഐറ്റം പരിചയപ്പെടുത്തിത്തരാം എന്നു പറഞ്ഞതോടെ സമാധാനമായി. 

അങ്ങനെയാണ് ബോംബെ സ്വദേശിയായ സ്‌പെഷ്യല്‍ ക്രിസ്പി കണ്‍മുന്നിലെത്തുന്നത്. ബീഹാറുകാരനായ മൃത്യുഞ്ജയനും സഹായി സഞ്ജയുമാണ് അഫാമിയയിലെ മറുനാടന്‍ രുചികള്‍ക്ക് പിന്നില്‍.

special crispy

തയ്യാറാക്കുന്ന വിധം 

കോഴിയുടെ തുടയിലെ എല്ലില്ലാത്ത മാംസം  മൈദ അര കപ്പ് 

മൈദാ മാവ് വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ ആക്കുക. ഇതില്‍ അല്‍പം മഞ്ഞപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മാറ്റിവെക്കുക. 

കോഴിയുടെ തുടയിലെ എല്ലില്ലാത്ത മാംസം കനം കുറച്ച് ചെത്തിയെടുക്കുക. ഇത് നീളത്തില്‍ കനം കുറഞ്ഞ കഷ്ണങ്ങളായി മുറിച്ചെടുക്കുക. 

ഈ കഷ്ണങ്ങള്‍ കുഴമ്പു രൂപത്തിലാക്കിയ മൈദാ മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ മുങ്ങിക്കിടക്കത്തക്ക രീതിയില്‍ വറുത്ത് തവിട്ടുനിറമാവുമ്പോള്‍ കോരുക. 

സ്‌പെഷ്യല്‍ ക്രിസ്പി തയ്യാര്‍. നോമ്പ് സമയത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. 

അഫാമിയയിലെ അബ്ദുറഹ്മാനിക്കാടെ സ്‌പെഷ്യല്‍ ചായ

അബ്ദു റഹ്മാനിക്കാടെ സ്‌പെഷ്യല്‍ ചായ കുടിക്കാന്‍ മാത്രമല്ല ഇക്ക ചായ അടിക്കുന്നത് കാണാന്‍ അഫാമിയയില്‍ എത്തുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. 

ആ ചായയടി ഒന്നു കാണേണ്ടതു തന്നെയാണ്. ഗ്ലാസ്സില്‍ മൂന്നു തട്ടിലായി വെള്ളം വേറെ, തേയില വേറെ, പാലു വേറെയായി നില്‍ക്കുന്ന ചായ. അവസാനം ഗ്ലാസ് കറക്കിയൊരു വെപ്പും. ഗ്ലാസിനുള്ളില്‍ മൂന്നുതട്ടിലായി കിട്ടുന്ന ഈ ചായയുടെ രുചിയും അഫാമിയയില്‍ നിന്നു മാത്രമേ കിട്ടൂ.

അഫാമിയയില്‍ വിഭവങ്ങളുടെ വൈവിധ്യം പേരുകളിലും രുചികളിലുമായി പരന്നു കിടക്കുന്നു... 

ചിക്കന്‍ ലാ ജബാബ്, ചിക്കന്‍ മസ്താനിഹണ്ഡി, മട്ടന്‍ ജുറാനി, ഫിഷ് തവാ മസാല, ചിക്കന്‍ ചട്ട്പട്ടാ, ചിക്കന്‍ ഹംഗാമ, ചിക്കന്‍ ചസ്‌കാ മസ്‌കാ, ചിക്കന്‍ മുര്‍ഗ് മുസല്ലം, ചിക്കന്‍ ദില്‍ഖുഷ്

വെറും കച്ചവടം മാത്രമല്ല സാദിഖിന് ഈ ഹോട്ടല്‍. പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി അദ്ദേഹം നടത്തുന്ന യാത്രകള്‍ തന്നെ അതിനേറ്റവും വലിയ ഉദാഹരണം. അങ്ങനെയൊരു യാത്രയില്‍ ചെന്നൈയില്‍ നിന്നാണ് ക്രാബ് ലോലിപ്പോപ് തലശ്ശേരിയിലെത്തിയത്. 

sadiq
സാദിഖ് ക്രാബ് ലോലിപ്പോപ്പുമായി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സാദിഖ് രുചിപ്പെരുമ തേടി ആദ്യ യാത്ര നടത്തിയത് മുംബൈയിലേക്കാണ്. ഇപ്പോഴും യാത്രകള്‍ നടത്തുന്നതിന്റെ പ്രധാന ഉദ്ദേശം വ്യത്യസ്തമായ രുചികള്‍ കണ്ടെത്തുക എന്നതു തന്നെയാണ്. 

ലോകത്തിന്റെ രുചിപ്പെരുമ തലശ്ശേരിയിലെ തന്റെ നാട്ടുകാര്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് സാദിഖിന്റെ ലക്ഷ്യം.

Photos & Videos : Siva Chandru