ഐവി 9- പേരുകേട്ടാല്‍ ഭക്ഷണവുമായി ഒരു ബന്ധവുമില്ല. എന്നാല്‍, ഈപേര് ഇപ്പോള്‍ കോഴിക്കോടന്‍ രുചിയുടെ പര്യായമായി മാറിക്കഴിഞ്ഞു. പന്തീരാങ്കാവും തൊണ്ടയാടും കഴിഞ്ഞ് മലാപ്പറമ്പ് ജങ്ഷനിലെത്തുമ്പോള്‍ത്തന്നെ കാണാം തലയെടുപ്പോടെ നില്‍ക്കുന്ന ഐവി 9 റെസ്റ്റോറന്റ്.

ഉച്ചയൂണ്‍ കേന്ദ്രം

ഉച്ചസമയത്ത് ഐവി-9ല്‍ നല്ലതിരക്കാണ്. ചോറിനും ബിരിയാണിക്കും തന്നെയാണ് കൂടുതല്‍ ആളുകളുള്ളത്. ഫിഷ് കറി മീല്‍സ്, ചിക്കന്‍കറി മീല്‍സ്, വെജിറ്റേറിയന്‍ മീല്‍സ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ബിരിയാണി അന്വേഷിച്ചുവരുന്നവരും കുറവല്ല. ഫിഷ്, ചിക്കന്‍, ബീഫ് ബിരിയാണിക്കുപുറമേ കോഴി വരട്ടിയത്, നാടന്‍ ചിക്കന്‍കറി, പെപ്പര്‍ ചിക്കന്‍, ബീഫ് ഉലര്‍ത്തിയത് തുടങ്ങിയവയുടെ  അകമ്പടികൂടിയാവുമ്പോള്‍ ഉച്ചഭക്ഷണം കെങ്കേമം. സൗത്തിന്ത്യന്‍ വിഭവങ്ങളില്‍ കോഴിറോസ്റ്റും ചിക്കന്‍ ചെട്ടിനാടും അച്ചാറി ചിക്കനുമെല്ലാം വേറിട്ട രുചിയുള്ളവതന്നെ.

ഹൈവേയാത്രക്കാരേക്കാള്‍ കോഴിക്കോട്ടും പരിസരപ്രദേശത്തുമുള്ള പതിവുകാരാണ് ഇവിടെ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഉച്ചയ്ക്കുചെന്നുകയറുമ്പോള്‍ ലിമിറ്റഡ് മെനു കാര്‍ഡാണ് എല്ലാവര്‍ക്കും നല്‍കുന്നത്. ആരെയും കാത്തിരിപ്പിക്കാന്‍ ഇടവരുത്താതിരിക്കുക എന്നതാണ് റെസ്റ്റോറന്റ്  നടത്തുന്നവരുടെ ലക്ഷ്യം. സമയമുള്ളവര്‍ക്കായി നീണ്ട മെനു വേറെയുമുണ്ട്.

നോര്‍ത്തിന്ത്യനും ചൈനീസും ചേര്‍ന്ന വൈകുന്നേരം

വൈകിട്ട് ഏഴുമുതല്‍ നോര്‍ത്തിന്ത്യന്‍- ചൈനീസ്  വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. വിവിധ തന്തൂര്‍വിഭവങ്ങള്‍ നിറഞ്ഞ ഐവി 9 സ്‌പെഷല്‍ തന്തൂറിന് വന്‍ ഡിമാന്റാണ് ഇവിടെ. മലായ് കബാബും രേഷ്മി കബാബും ഷീക് കബാബും ടിക്കയുമെല്ലാം ഇവയില്‍ ചിലതുമാത്രം.
നാനിന്റെയോ തന്തൂരി റൊട്ടിയുടെയുമോ ഒപ്പം ക്രീം നിറഞ്ഞുനില്‍ക്കുന്ന ചിക്കന്‍ മുഗുളായ് ആരുടെയും നാവില്‍ രുചിപടര്‍ത്തും. രാത്രി 11 മണിവരെ റെസ്റ്റോറന്റില്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ക്കായുള്ള തിരക്കായിരിക്കും.

നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ഷെഫ് ഷാന്റോ മാത്യുവിന്റെയും ബിരിയാണി നാരായണ്‍ദാസിന്റെയും ഊണ്‍ മണിയുടെയും കൈകളില്‍ ഇവിടെ ഭദ്രമാണ്. ചൂടുകാലത്ത് തണുപ്പേകാന്‍ ജ്യൂസുകളും ഷേക്കുകളും ഇവിടെയുണ്ട്. നാലുമണിനേരത്തെ ചര്‍ച്ചകള്‍ക്കായി എത്തുന്നവരും ഇവിടെ കുറവല്ല. ദോശയും ചായയും കാപ്പിയും എല്ലാം മലയാളിയുടെ തനത് സ്വാദില്‍ത്തന്നെ ഇവിടെ വരുന്നവര്‍ക്ക് മുന്നിലെത്തുന്നു.

സ്വസ്ഥം, ശാന്തം

ഹൈവേയ്ക്ക് അരികിലാണെങ്കിലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യത്തോടെ റോഡില്‍നിന്ന് അല്പം നീങ്ങിയാണ് ഐവി 9 നില്‍ക്കുന്നത്. വാഹനങ്ങളുടെ ശബ്ദമൊന്നും റെസ്റ്റോറന്റിനകത്തേക്ക് എത്തുന്നതേയില്ല. രണ്ടുനിലകളില്‍ ആവശ്യത്തിന് സൗകര്യമുള്ള ഭക്ഷണശാലയാണിത്. മുകളിലത്തെ നിലയില്‍ പാര്‍ട്ടികളും മറ്റും നടത്താന്‍പറ്റിയ ഇടംകൂടിയാണ്.

കൂട്ടായ്മയുടെ വിജയം

എല്‍.കെ.ജി.മുതല്‍ തുടങ്ങിയ കൂട്ടുകെട്ടാണ് ഈ ഭക്ഷണശാലയുടെ പിറകിലുള്ള ശക്തി. എപ്പോഴൊക്കെയോ ആയി എല്ലാവരുടെയും മനസ്സില്‍ ഒരുപോലെ കടന്നുവന്ന ആഗ്രഹമാണിത്. അസ്പദ വെഞ്ചേഴ്സ് എന്ന കുടക്കീഴില്‍ അവര്‍ ഒന്നിക്കുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ മനസ്സിലുള്ളൂ. നല്ലഭക്ഷണം നല്‍കണം. വരുന്നവര്‍ ആസ്വദിച്ചുകഴിക്കണം. വീണ്ടുംവീണ്ടും വരാന്‍ ആര്‍ക്കുംതോന്നണം. ഐവി 9 ഇത് ഉറപ്പുനല്‍കുന്നു -അവര്‍ പറയുന്നു.

പൂളാടിക്കുന്ന് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജീനിയറുമായ അഖിലും കുടുംബവും ഇവിടെ ഇടയ്ക്കിടെ വരാറുണ്ട്. ഉച്ചനേരത്താണ് മിക്കവാറും എത്താറുള്ളത്. അഖിലിന് ഊണിനോടാണ് താത്പര്യം. 'നല്ല രുചിയാണ് ഇവിടത്തെ മീല്‍സിന്. ഇവിടത്തെ വെജിറ്റബിള്‍ ഫ്രൈഡ് റൈസും മീന്‍ വറുത്തതും മറ്റൊരു ഇഷ്ടമാണ്. ഞങ്ങള്‍ ഇടയ്ക്കിടെ വരാറുണ്ട്. പാര്‍ക്കിങ്ങും ഉണ്ട്, എത്താനും എളുപ്പം' -അഖില്‍ പറയുന്നു.

എങ്ങനെ എത്താം

മലാപ്പറമ്പ് ജങ്ഷനില്‍ത്തന്നെയാണ് ഐവി 9 റെസ്റ്റോറന്റുള്ള എമ്പോറ വ്യൂ കെട്ടിടം. ഏതുഭാഗത്തുനിന്നും മലാപ്പറമ്പ് എത്തുന്നവര്‍ക്ക് എളുപ്പം കാണാവുന്ന വിധത്തിലാണ് റെസ്റ്റോറന്റ്.