'ഈ വാസ്‌കോഡഗാമ എന്തിനാണ് കോഴിക്കോട് കപ്പലിറങ്ങിയത്? കോഴിക്കോട് താജ് ഹോട്ടലിലെ 402-ാം സ്വീറ്റ് റൂമിലെ വാസ്‌കോഡഗാമയുടെ കൂറ്റന്‍ ഛായാചിത്രം നോക്കി വിഖ്യാത ഗായകന്‍ കാര്‍ത്തിക് ചോദിച്ച ചോദ്യമാണിത്. ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു. 'ചിലപ്പോള്‍ ഇവിടുത്തെ രുചിവൈഭവം തേടിയെത്തിയതാകും. അങ്ങനെയാണെങ്കില്‍ പാരഗണ്‍ ഹോട്ടല്‍ അന്നേ ഇവിടെയുണ്ടായിരുന്നോ?'

ഇന്ത്യ മുഴുവന്‍ തന്റെ സ്വരമാധുരിയാല്‍ കീഴടക്കിയ ഗായകനും സംഗീതജ്ഞനുമായ കാര്‍ത്തിക് കോഴിക്കോടിന്റെ രുചി വൈഭവത്തിനുമുന്നില്‍ തല കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 'മാതൃഭൂമി'യുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് കോഴിക്കോടന്‍ രുചി ആസ്വദിക്കാനായി എത്തിയ അദ്ദേഹത്തെ പാരഗണിലെ ബിരിയാണിയും സുലൈമാനിയും ഏറെ വിസ്മയിപ്പിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരമായിരുന്നെങ്കില്‍ ഒരു ദിവസം മുന്‍പേ അദ്ദേഹം കോഴിക്കോടുനിന്നും ചെന്നൈയിലേക്ക് യാത്ര തിരിച്ചേനേ എന്നാല്‍ പാരഗണിലെ ബിരിയാണിയുടെ  മാന്ത്രികത ഒരു ദിവസത്തേക്കുകൂടി അദ്ദേഹത്തെ കോഴിക്കോട് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കോഴിക്കോടിന്റെ രുചി വൈഭവം മതിവരുവോളം ആസ്വദിച്ച് തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ട് വരെ കാറോടിക്കണമെന്നായി അദ്ദേഹത്തിന്റെ ആഗ്രഹം. എന്നോട് മുന്‍സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് താജ് ഹോട്ടലില്‍ നിന്നും എയര്‍പോര്‍ട്ട് വരെ സംഗീതവും ഭക്ഷണവുമെല്ലാം ഇടകലര്‍ന്ന സ്വപ്‌നതുല്യമായ യാത്രയായിരുന്നു. യാത്രയ്ക്കിടയില്‍ അദ്ദേഹം കോഴിക്കോടന്‍ ഭക്ഷണവിശേഷങ്ങള്‍ പങ്കുവെച്ചു.

കോഴിക്കോട് താങ്കളുടെ പ്രിയ നഗരമാണെന്ന് പറയുകയുണ്ടായി. എന്താണ് അതിനുകാരണം?
കോഴിക്കോടിനെ പ്രണയിക്കാന്‍ ധാരാളം കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും ഇവിടുത്തെ ഭക്ഷണവും ഇവിടുത്തുകാരുടെ സ്‌നേഹവുമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. എന്തൊരു രുചിയാണ് ഇവിടുത്തെ ഭക്ഷണത്തിന്. ലോകത്ത് മറ്റൊരിടത്തും ഇത്രയും രുചിയുള്ള ഭക്ഷണം ലഭിക്കുകയില്ല. മാത്രമല്ല ഇവിടുത്തുകാര്‍ ഒരു കുടുംബാംഗത്തെപ്പോലെയാണ് എന്നോട് പെരുമാറുന്നത്. ഇവരുടെ സ്‌നേഹവും വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയുമാണ് എന്നെ ഏറെ ആകര്‍ഷിച്ച ഘടകങ്ങള്‍. അവ ലോകത്ത് മറ്റെവിടെനിന്നും ലഭിക്കാത്ത ഒന്നാണ്.

കോഴിക്കോടന്‍ ഭക്ഷണത്തെക്കുറിച്ച്?
എങ്ങനെയാണ് ഇവിടുത്തുകാര്‍ ഇത്രയും രുചികരമായ ഭക്ഷണമുണ്ടാക്കുന്നത്? ഇത് ശരിക്കും മാന്ത്രികത തന്നെയാണ്. പാരഗണ്‍ ഹോട്ടലില്‍ നിന്നുമാത്രമേ ഞാന്‍ കഴിച്ചിട്ടുള്ളൂ. അവിടുത്തെ ചിക്കന്‍ ബിരിയാണിയും സുലൈമാനിയുമാണ് ഇപ്പോള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങള്‍. ഇന്നലെ ചെന്നൈയിലേക്ക് തിരിച്ചുപോകേണ്ട ഞാന്‍ ഇന്നേക്ക് ആ യാത്ര നീട്ടിയതിന്റെ കാരണം ഇവിടുത്തെ ഭക്ഷണമാണ്. കഴിച്ചിട്ടും കഴിച്ചിട്ടും വീണ്ടും കോഴിക്കോടന്‍ രുചി എന്നെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്.

ഇഷ്ടഭക്ഷണം?
ഞാന്‍ എല്ലാത്തരം വിഭവങ്ങളും പരീക്ഷിക്കുന്ന ഒരു ഭക്ഷണപ്രേമിയാണ്. വെജും നോണുമെല്ലാം എനിക്കൊരുപോലെ ഇഷ്ടമാണ്. ചിക്കനും മീനുമെല്ലാം എത്ര വേണമെങ്കിലും കഴിക്കും. കോഴിക്കോടന്‍ ബിരിയാണിയാണ് എനിക്ക് ഏറെയിഷ്ടം അതുപോലെ പൊടിച്ചിക്കന്‍ ഫ്രൈയും. ഇവയോടൊപ്പം ഒരു സുലൈമാനിയും കൂടെയായാല്‍ ബലേ ഭേഷ്.

karthik

സുലൈമാനി മുന്‍പ് പരീക്ഷിച്ചിരുന്നോ?
മുന്‍പൊരിക്കല്‍ കോഴിക്കോട് വന്നപ്പോഴാണ് സുലൈമാനിച്ചായയെക്കുറിച്ച് കേള്‍ക്കുന്നത്. അന്നേ എനിക്ക് സുലൈമാനിയോട് വല്ലാത്ത കൊതിയാണ്. ഞങ്ങളുടെ നാട്ടിലൊന്നും ഇതുപോലൊരു ചായ കിട്ടില്ല. പേരുപോലെ വളരെ വ്യത്യസ്തമാണ് സുലൈമാനിയുടെ രുചി. അത് എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇപ്പോഴും നാവില്‍ സുലൈമാനിയുടെ രുചി തങ്ങി നില്‍പ്പുണ്ട്.

വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന താങ്കള്‍ക്ക് കുക്കിങ് അറിയാമോ?
ഞാന്‍ നല്ല ഒരു ഭക്ഷണപ്രേമിയാണെങ്കിലും കുക്കിങ്ങിലേക്ക് ഇതുവരെ കൈകടത്തിയിട്ടില്ല. പാചകം സംഗീതം പോലെ ഒരു കലയാണ്. ആ കലയില്‍ എനിക്ക് അത്ര അറിവ് പോര. എന്നാല്‍ വ്യത്യസ്തങ്ങളായ രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമാണ്. 

കോഴിക്കോടന്‍ സംഗീതത്തെക്കുറിച്ച്?
ഇന്ത്യയ്ക്കായി ഒരു പിടി മികച്ച സംഗീതജ്ഞരെ സമ്മാനിച്ച നഗരമാണ് കോഴിക്കോട്. ഈ നഗരത്തിന് സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും മണമാണ്. ഇവിടുത്തെ കലാസ്വാദകരുടെ സ്‌നേഹവും അവരുടെ പെരുമാറ്റവുമെല്ലാം ആരെയും അതിശയിപ്പിക്കും. ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ എനിക്ക് ഇവിടുത്തുകാര്‍ തന്ന സ്വീകരണം പറഞ്ഞറിയിക്കാനാകില്ല. ഇവിടുത്തെ ഓരോരുത്തരുടെയും മനസ്സില്‍ സംഗീതമുണ്ട്. ഇത്രയും മികച്ച കലാസ്വാദകരെ ലോകത്ത് മറ്റെവിടെയും കാണാനാകില്ല. പൊതുവേ ഗസലുകളാണ് എനിക്ക് ഏറെ പ്രിയം. ഈ നഗരം ഗസലുകളെയും ഹിന്ദുസ്ഥാനിയെയും നെഞ്ചേറ്റുന്നു എന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. 

മറ്റു ഹോബികള്‍?
എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നുള്ളതാണ് എനിക്ക് പ്രധാനം. റെക്കോഡിങ്ങും സ്‌റ്റേജ് ഷോയുമെല്ലാമായി തിരക്കിലാണെങ്കിലും അവരോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. പിന്നെ പ്രകൃതിമനോഹരമായ ഇടങ്ങളിലേക്ക് ഡ്രൈവ് ചെയ്യാന്‍ ഇഷ്ടമാണ്. ഈ വരവില്‍ വയനാട്ടിലേക്ക് ഒരു യാത്ര നടത്തി. മുത്തങ്ങയും മുതുമലയും ബന്ദിപ്പുരുമെല്ലാം എന്നെ അതിശയിപ്പിച്ചു. കേരളത്തില്‍ അതുപോലുള്ള ഒത്തിരിയിടങ്ങളുണ്ടെന്നറിയാം. സമയം കിട്ടുമ്പോള്‍ അവിടേക്കെല്ലാം കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം കാറോടിക്കുന്ന തിരക്കിലായിരുന്നു. രാമനാട്ടുകര വിട്ട് മലപ്പുറം ജില്ലയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചപ്പോള്‍ കോഴിക്കോട് ജില്ല ഇവിടംകൊണ്ട് തീര്‍ന്നെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മറുപടി ഒരു പാട്ടിന്റെ രൂപത്തിലായിരുന്നു.

'ഒരു നോവുപാട്ടിന്റെ നേര്‍ത്ത രാഗങ്ങളോര്‍ത്തു പോകുന്നു ഞാന്‍...അകലെ...അകലെ...ആരോ പാടും.....' കാര്‍ത്തിക് അങ്ങനെയാണ്. ഓരോ നിമിഷവും ഓരോ പാട്ടുകളാല്‍ സംഗീത മഴ തീര്‍ത്തുകൊണ്ടേയിരിക്കും. സംഗീതത്തിന്റെ മാസ്മരിക ഭാവത്താല്‍ ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഈ പാട്ടുകാരന്റെ മനം കീഴടക്കിയ നഗരമാണ് കോഴിക്കോട്. 'ഈ നഗരത്തെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടുത്തുകാരുടെ സ്‌നേഹത്തിനായി... ഈ നഗരത്തിലെ വ്യത്യസ്തങ്ങളായ രുചികള്‍ക്കായി ഞാന്‍ ഇനിയും വരും.'-എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം പ്രവേശന കവാടത്തിലേക്ക് നടന്നകന്നു.