Indira Canteen'ബെംഗളൂരുവില്‍ ഒരാള്‍പോലും പട്ടിണികിടക്കാന്‍ പാടില്ല'. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ കാന്റീന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യമാണിത്. ബെംഗളൂരുവില്‍ വൈവിധ്യങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ഏറെയുണ്ടെങ്കിലും ശരാശരിയില്‍ താഴെ ജീവിത നിലവാരം പുലര്‍ത്തുന്ന വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇതൊന്നും പ്രാപ്യമല്ല. 

ഇവര്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വാതന്ത്ര്യദിനപ്പിറ്റേന്ന് ബെംഗളൂരുവില്‍ ആരംഭിച്ചത്. പാവപ്പെട്ടവന് കുറഞ്ഞ കാശിന് വയറുനിറയെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഇന്ദിരാ കാന്റീനുകള്‍ നഗരം ഇരുകൈയുംനീട്ടി സ്വീകരിച്ചുകഴിഞ്ഞു. തുടക്കത്തിലുണ്ടാവുന്ന ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ ധാരാളം പേര്‍ക്ക് ഇന്ദിരാ കാന്റീനുകള്‍ പ്രയോജനമാവുന്നു.

തിരക്കോടുതിരക്ക്
പ്രഭാതഭക്ഷണം അഞ്ചു രൂപയ്ക്കും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണം പത്തു രൂപയ്ക്കും ലഭ്യമാകുന്നതിനാല്‍ കാന്റീനുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്ഷണം ലഭിക്കാന്‍ കാന്റീനിനു മുന്നില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. തിരക്കുകാരണം ഭക്ഷണം തികയാത്തതിനാല്‍ നിരാശരായി മടങ്ങുന്നവരും ഏറെയാണ്. 

ഭക്ഷണം വിളമ്പുന്നതിന് നിശ്ചിത സമയമുണ്ടെങ്കിലും അതിലും ഏറെനേരം മുമ്പുതന്നെ കാന്റീനുകള്‍ക്കു മുമ്പില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു തുടങ്ങും. പ്രഭാതഭക്ഷണം രാവിലെ 7.30 മുതല്‍ പത്തു വരെയും ഉച്ചഭക്ഷണം 12.30 മുതല്‍ മൂന്നു വരെയും രാത്രിയിലെ ഭക്ഷണം 7.30 മുതല്‍ ഒമ്പതു വരെയുമാണ് ലഭിക്കുക. 

ഓരോ കാന്റീനിലും മൂന്നു നേരവും 300 മുതല്‍ 500 പേര്‍ക്ക് വരെയുള്ള ഭക്ഷണമാണ് ലഭ്യമാകുന്നത്. വരുംനാളുകളില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാനാണ് തീരുമാനം. ബെംഗളൂരുവില്‍ ആകെ ദിവസേന ഒരു ലക്ഷത്തിനടുത്ത് പേര്‍ക്ക് ഇന്ദിരാ കാന്റീനില്‍ നിന്ന് ഭക്ഷണം ലഭിക്കും. 

തമിഴ്നാട്ടില്‍ ജനപ്രീതി നേടിയ അമ്മ കാന്റീനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ ഇന്ദിരാ കാന്റീനുകള്‍ ആരംഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത്  ബെംഗളൂരുവിലെ 198 വാര്‍ഡുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 100 കോടി വകയിരുത്തുകയായിരുന്നു. 

സ്വാതന്ത്ര്യദിനത്തില്‍ 198 വാര്‍ഡുകളിലും കാന്റീന്‍ ആരംഭിക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിലും 101 വാര്‍ഡുകളില്‍ തുടങ്ങാനായി. നേരത്തേ നമ്മ കാന്റീന്‍ എന്ന പേരില്‍ പദ്ധതി തുടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരു നല്‍കുകയായിരുന്നു. 

Indira Canteenകരുതല്‍വേണം
കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ വാക്കുകള്‍പോലെ ഇത് നഗരത്തിലെ പാവപ്പെട്ടവന് വേണ്ടവിധം ഉപയോഗപ്പെടുന്നുണ്ടോയെന്ന ചോദ്യവുമുയരുന്നുണ്ട്. 198 കാന്റീനുകള്‍ തുറക്കുന്നതില്‍ 101 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, ഈ കാന്റീനുകളില്‍ എത്തുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന ആക്ഷേപം തുടക്കം മുതല്‍ നിലനില്‍ക്കുകയാണ്. 

ജനപ്രിയപദ്ധതിയാണെങ്കിലും വേണ്ടവിധം നോക്കിയില്ലെങ്കില്‍ പദ്ധതി തിരിച്ചടിയാകാനുള്ള സാധ്യതയും വിരളമല്ല. 101 കാന്റീനുകള്‍ ആരംഭിച്ചതില്‍ പല കാന്റീനുകളും ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 

ആറു അടുക്കളകളില്‍ നിന്നാണ്  ഇത്രയും കാന്റീനുകളിലേക്കുള്ള ഭക്ഷണം എത്തിക്കുന്നത്. അതിനാലാണ് കാന്റീനുകളില്‍ ഭക്ഷണം തികയാതെ വരുന്നത്. കൂടുതല്‍ അടുക്കളകള്‍ തുടങ്ങി കാന്റീനുകളില്‍ ആവശ്യത്തിന് ഭക്ഷണം എത്തിച്ചില്ലെങ്കില്‍ പദ്ധതികാരണം ഗുണത്തിനു പകരം ദോഷമാകും സര്‍ക്കാരിന് വന്നുചേരുക.