കാടമുട്ടയും കോഴിമുട്ടയും താറാമുട്ടയും അങ്ങനെ ഏതാണെങ്കിലും നല്ലതെങ്കില്‍ ശരീരത്തിന് ആരോഗ്യത്തിന് ഏറെ നല്ലതും അല്‍പമെങ്കിലും കേടായാല്‍ ശരീരത്തിന് അതിലേറെ ദോഷം ചെയ്യുന്നതുമാണ് മുട്ട. 

കേടായ മുട്ടയും നല്ല മുട്ടയും കണ്ടാല്‍ തിരിച്ചറിയാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. വീട്ടില്‍ വാങ്ങിക്കൊണ്ടു വച്ചിരിക്കുന്ന മുട്ട പൊട്ടിച്ച് പാചകം ചെയ്യാന്‍ തുടങ്ങുമ്പോഴായിരിക്കും അവ ചീത്തയായ വിവരം പലരും മനസിലാക്കുന്നത്. 

എന്നാല്‍ മുട്ട പൊട്ടിക്കാതെ തന്നെ, പച്ചവെള്ളം മാത്രം ഉപയോഗിച്ച് മുട്ട നല്ലതാണോ ചീത്തയായോ എന്ന് മനസിലാക്കുവാന്‍ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസില്‍ നിറച്ച് വെള്ളമെടുക്കുകയാണ്. ഇനി ഈ വെള്ളത്തിലേക്ക് ഓരോ മുട്ടയായി ഇട്ടു നോക്കുക. 

വെള്ളത്തില്‍ മുട്ടയുടെ കിടപ്പു ശ്രദ്ധിച്ചാല്‍ തന്നെ വളരെ കൃത്യമായി ഓരോ മുട്ടയുടെയും പഴക്കം നമുക്ക് കണ്ടെത്താം. അങ്ങനെ വെള്ളത്തിലിട്ടു വച്ചിരിക്കുന്ന മുട്ടയുടെ ചിത്രം ശ്രദ്ധിക്കുക. അതില്‍ വെള്ളത്തില്‍ താഴ്ന്നുകിടക്കുന്ന മുട്ട പുതിയതും പൊങ്ങിക്കിടക്കുന്ന മുട്ട പഴകിയതുമായിരിക്കും. egg water test

ഇനി അതിന്റെ ശാസ്ത്രീയവശം പരിശോധിക്കാം. പുതിയ മുട്ടയില്‍ വായുവിന്റെ അംശം കുറവായിരിക്കും. സ്വാഭാവികമായും ഈ മുട്ട വെള്ളത്തില്‍ താഴ്ന്നായിരിക്കും കിടക്കുക. പഴകുന്തോറും മുട്ടയിലെ ജലാംശം കുറയുക മാത്രമല്ല മുട്ടത്തോടിലെ ചെറിയ സുഷിരങ്ങളിലൂടെ വായു മുട്ടയ്ക്കുള്ളില്‍ കടക്കുകയും ചെയ്യും. 

ഏകദേശം 10 ദിവസം വരെയാണ് മുട്ട കേടാകാതെയിരിക്കുക. 10 ദിവസത്തിലധികം പഴക്കമുള്ളതാണ് മുട്ടയെങ്കില്‍ ആ മുട്ട തീര്‍ച്ചയായും വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അതേസമയം, അന്തരീക്ഷത്തിലെ താപനിലയില്‍ വ്യത്യാസത്തിനനുസരിച്ച് ഇതില്‍ വ്യത്യാസം വരാറുണ്ട്. 

അന്തരീക്ഷ താപനില സാധാരണയില്‍ കുറവാണെങ്കില്‍ മുട്ട 10 ദിവസത്തില്‍ കൂടുതല്‍ കേടുകൂടാതെ ഇരിക്കും. അങ്ങനെയാണെങ്കിലും 15 ദിവസത്തിനകം മുട്ട ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാല്‍ താപനില കൂടുതലാണെങ്കില്‍ മുട്ട പെട്ടെന്നു തന്നെ കേടാകുകയും ചെയ്യും.