സ്‌നേഹത്തിന്റെ അളവെന്താണ്? അതിന്റെ ആഴം മനസിലാക്കുന്നവര്‍ ആരാണ്? സഹനത്തിന്റെയും കാത്തിരിപ്പിന്റെയും ചിരികളുടെയും കണ്ണീരിന്റെയും ഭാഷ സംസാരിക്കുന്ന സ്‌നേഹത്തെ അറിയാത്ത യൗവനം എന്ത് വ്യര്‍ഥമാണ്? തെളിച്ച വഴികളില്‍ കൂടി മാത്രം യാത്ര പൂര്‍ത്തിയാക്കിയ യാത്രികനെ പോലെ കാണാത്ത കാഴ്ചകള്‍ അവനെ ആജീവനാന്തം വേദനിപ്പിച്ചു കൊണ്ടേയിരിക്കും. 

അന്ന് എന്റെ വീടിനു സമീപത്തുകൂടി ചെങ്കല്ലിട്ട റോഡില്ല. കുറച്ചു ദൂരത്തുകൂടി താറിട്ട ഒരു റോഡ് പോകുന്നുണ്ട്. ബസ് സൗകര്യം തീരെയില്ല. ഞാനും ചേട്ടനും ചേച്ചിയുമൊക്കെ കുറച്ചു നാള്‍ സൈക്കിള്‍ റിക്ഷയിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. പിന്നെ ഞങ്ങള്‍ നടന്നു പോകുവാന്‍ തുടങ്ങി. സ്ഥിരമായ വഴികള്‍ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ഞാന്‍ പുതിയ വഴികള്‍ പരീക്ഷിക്കും. സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് ഈ പരീക്ഷണങ്ങള്‍. ഇങ്ങനെയിങ്ങനെ വീടിന്റെ അടുത്തുള്ള ഊടുവഴികളൊക്കെ എനിക്ക് പരിചിതമായി.

മിക്കവാറും എനിക്കും ചേട്ടനും യുണിഫോം വര്‍ഷത്തില്‍ ഒരിയ്ക്കലേ തയ്പ്പിക്കുകയുള്ളൂ. വെള്ള ഷര്‍ട്ടും കറുത്ത നിക്കറും. അതും ഒരു മൂന്ന് ജോഡി. അത് കഴുകി ഉപയോഗിച്ച് കൊള്ളണം. വള്ളിച്ചെരുരുപ്പാണ് സ്‌ക്കൂളില്‍ ഇടുക. തറപ്പായ പോലൊരു തുണി കൊണ്ട് പട്ടാള പച്ച കളറില്‍ മുതുകത്തു തൂക്കുന്ന ഒരു ബാഗ്. ഒരു ബാഗ് ഒക്കെ ഞങ്ങള്‍ മൂന്നു കൊല്ലം വരെ ഉപയോഗിക്കും.

ആലപ്പുഴ ടൗണിലെ 'ബ്രദേഴ്‌സ്' ടൈലേഴ്‌സില്‍ കൊടുത്താണ് അമ്മ ഞങ്ങളുടെ ഉടുപ്പുകള്‍ തയ്പ്പിക്കുക. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉച്ചയ്ക്ക് ഊണ് സമയത്ത് ജോലി സ്ഥലത്തുനിന്നും "ഞാന്‍ ഇപ്പൊ വരാമേ!," എന്നും പറഞ്ഞു പോയി തുണി കൊടുത്താണ് കാര്യം നടത്തുക. നടന്നാണ് പോകുക. അമ്മയ്ക്കതു ശ്രമകരമായിരുന്നിരിക്കണം! 

അങ്ങനെയിരിക്കെ, ഞങ്ങളുടെ വീട്ടില്‍ പാല് കൊണ്ടുതന്നിരുന്ന കോങ്കണ്ണുള്ള ലീലച്ചേച്ചി പറഞ്ഞാണ് തയ്യല്‍ക്കാരി ജാനകിയെ അമ്മ അറിയുന്നത്. "കയര്‍ ചാപ്ര നടത്തുന്ന പൗലോസ് ചേട്ടന്റെ പഴയ ആ വീടില്ലേ? അവിടെ പുതിയതായി വന്ന താമസക്കാരാ. ഒരു കൊച്ചു പെണ്‍കൊച്ചാ, മക്കളൊന്നും ഇല്ല, കെട്ടിയവന് വടക്കെവിടെയോ എന്തോ പണിയാണ്. തയ്യലൊക്കെ ചെയ്യും. ചേച്ചി ഒന്ന് പോയി നോക്ക്". 

അടുത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഞാനും അമ്മയും കൂടി തയ്യല്‍ക്കാരി ജാനകിയെ തപ്പി പോയി. വീട് കണ്ടു പിടിക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ പല തവണ ആ വഴി പോയിട്ടുള്ളതാണ്. വഴിക്ക് ഇടതു വശത്തായി ഇങ്ങനെ ഒരു വീടുള്ളതായി പക്ഷെ ഒരിക്കലും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കാടും പടലും പിടിച്ചു കിടന്നിരുന്ന കൊണ്ടാവണം കാണാതിരുന്നത്. ഇപ്പോള്‍ എല്ലാം വെട്ടി മാറ്റി വൃത്തിയാക്കി ഇട്ടിരിക്കുന്നു. 

വേലി പുതുക്കി പത്തലുകള്‍ നട്ട് അതിനോട് ചേര്‍ന്ന് അകത്തുനിന്നും പല നിറത്തിലുള്ള ചെമ്പരത്തികള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നു. വഴിയില്‍ നിന്നു തന്നെ കാണാവുന്ന ഓടിട്ട ചെറിയ ഒരു വീട്. അതിനു വലതു വശത്തായി കയര്‍ കൊണ്ട് കെട്ടി മരക്കമ്പുകള്‍ കുത്തിനിര്‍ത്തി പന്തലിട്ടു പച്ചക്കറികള്‍ പടര്‍ത്തിയിരിക്കുന്നു. 

ഞങ്ങള്‍ ചെന്നപ്പോള്‍ വീടിന്റെ വാതില്‍ പകുതി തുറന്നു കിടക്കുകയാണ്. ആരെയും കാണുന്നില്ല. വരാന്തയില്‍ ഒരു മേശയും അതിനു സമീപത്ത് ഒരു കസേരയില്‍ കുറച്ചു തയ്ച്ചതും തയ്ക്കാത്തതുമായ തുണികള്‍ കൂട്ടിയിട്ടിരിക്കുന്നു. വീടിന്റെ ഇടതു വശത്തായി ഒരു ചെറിയ കിണര്‍, അതിനു ചുറ്റും അടുത്തെപ്പോഴോ നട്ട കപ്പത്തണ്ടുകള്‍. അതിന്റെയൊക്കെ തടം തുറന്ന് വെള്ളവും ചാണകവും ഇട്ടു വെച്ചിരിക്കുന്നു. ആകെ മൊത്തം നല്ല വെടിപ്പും വൃത്തിയും.

ഞങ്ങള്‍ രണ്ടു മിനിറ്റ് അവിടെ നിന്ന് കാണും, അപ്പോള്‍ ഒരു ചേച്ചി വലതു കൈയില്‍ കുറച്ചു തുണിയും ഇടതു കൈയില്‍ ഒരു ബക്കറ്റുമായി വീടിന്റെ പിന്നില്‍ നിന്നും ഞങ്ങളുടെ അടുത്തേയ്ക്ക് കയറി വന്നു. ബ്ലൗസും തോര്‍ത്തും  കൈലിയും വേഷം. എന്റെ അമ്മയെ പോലെ തന്നെ പൊക്കം കുറവാണ്. നല്ല വെളുത്ത നിറം. മെലിഞ്ഞ ശരീരം. എന്റെ ചേച്ചിയേക്കാളും കുറച്ചു പ്രായക്കൂടുതല്‍ പറയും, അത്രേയുള്ളൂ. 

കണ്ടാലൊക്കെ കുറച്ചു ഭംഗിയുണ്ട്. "ജാനകിയാണോ?" അമ്മ ചോദിച്ചു. അവര്‍ ആണെന്ന് ചെറുതായി തലകുലുക്കി കൊണ്ട് ചെറിയ ഒരു അമ്പരപ്പോടു കൂടി എന്നെയും അമ്മയേയും മാറി മാറി നോക്കി. സമയം കളയാതെ അമ്മ സ്വയം പരിചയപ്പെടുത്തി വന്ന കാര്യം അവരോടു പറഞ്ഞു. 

"സാധാരണ ടൗണിലെ ഒരു കടയിലാണ് ഞാന്‍ തയ്പ്പിക്കാറ്. ഇതിപ്പോ വില കുറഞ്ഞു കിട്ടിയപ്പോള്‍ മേടിച്ചതാണ്," കയ്യിലിരിക്കുന്ന കവറില്‍ നിന്നും തുണി പുറത്തേക്ക് എടുത്തു കൊണ്ട് അമ്മ പറഞ്ഞു. "ഇവന് ഒരു നിക്കര്‍. മോള് ഇവന്റെ അളവെടുത്തോളൂ. മൂത്തവന്റെ അളവ് നിക്കര്‍ ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്. തിരക്കൊന്നുമില്ല. പതുക്കെ തന്നാല്‍ മതി. പക്ഷെ ഇറുക്കി തയ്ക്കരുത്. ഇവന്മാര് രണ്ടും നിന്ന നില്‍പ്പിലാണ് പൊക്കം വെയ്ക്കുന്നത്. ഒരു വര്‍ഷമെങ്കിലും ഉപയോഗിക്കാന്‍ പറ്റണം. പിന്നെ എന്റെ രണ്ടു അടിപ്പാവാടയുടെ അരികു മടക്കി അടിക്കണം. അത് ഞാന്‍ പിന്നെ കൊണ്ടുവരാം. ഇപ്പോള്‍ ഇത് കൊണ്ട് തുടങ്ങാം." 

Vallinikkaritta Recipes 16

എന്റെ അളവെടുത്തു കൊണ്ടിരുന്നപ്പോള്‍ ജാനകിച്ചേച്ചി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു, "മോന്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നേ?" തല കുനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു 'അഞ്ചാം ക്ലാസ്സില്‍'. "ഭയങ്കര വിരുതനാ. അവന്റെ ക്ലാസൊന്നും നോക്കണ്ട," അമ്മ സ്‌നേഹപൂര്‍വം എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു. ഇത് കേട്ട് ചിരിച്ചു കൊണ്ട് ജാനകി ചേച്ചി ഒരു നോട്ടു ബുക്കില്‍ എന്തൊക്കെയോ എഴുതി. 

"അടുത്ത ശനിയാഴ്ച തന്നേക്കാം. വലിയ പണിയൊന്നും ഇല്ല. ഞങ്ങള്‍ ഇവിടെ പുതിയതല്ലേ! ആളുകള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വൈകിട്ട് ചേച്ചി മോനെ വിട്ടോളൂ," ബുക്ക് അടച്ചു വെച്ച ശേഷം ജാനകി ചേച്ചി അമ്മയോട് പറഞ്ഞു. ഇത് പറഞ്ഞു കൊണ്ട് അവര്‍ എന്റെ ഉച്ചിയില്‍ കോഴി വാല്‍ പോലെ പൊങ്ങിനിന്നിരുന്ന രണ്ടു മൂന്ന് മുടികളില്‍ പിടിച്ചു തമാശയ്ക്ക് പതിയെ വലിച്ചു. 

പോകാനായി എണീറ്റ അമ്മ പെട്ടെന്ന് ഒരു കുശലാന്വേഷണം നടത്തി. "മോള് ഏതു നാട്ടുകാരിയാ? കെട്ടിയോന്‍ എന്ത് ചെയ്യുന്നു? ഈ നാട്ടില്‍ എങ്ങനെ വന്നു?" അങ്ങനെ തുടരെ തുടരെ കുറെ ചോദ്യങ്ങള്‍. ഇതിനൊക്കെ ജാനകി ചേച്ചി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. കോഴിക്കൂട്ടില്‍ പോയി കോഴിയെയും അവിടെ കൂടി നടന്നു വന്ന ഒരു പൂച്ചയുടെയും പുറകെ പോയത് കാരണം ഞാന്‍ അവര്‍ പറയുന്നത് മുഴുവനുമൊന്നും കേട്ടില്ല. കേട്ടത് ഇത്രയുമൊക്കെയാണ്. 

കണ്ണൂരാണ് അവരുടെ സ്വദേശം. ഭര്‍ത്താവ് ചന്ദനത്തിരിയോ മെഴുകുതിരിയോ മറ്റോ ഉണ്ടാക്കി വില്‍ക്കുന്ന ഒരാളാണ്. ഇടയ്ക്കിടയ്‌ക്കേ ഇവിടെ വരൂ. പുള്ളിയുടെ ഏതോ ബന്ധുക്കള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. അങ്ങനെയാണ് ഇവിടെ താമസം തുടങ്ങിയത്. അവിടെ നിന്നും ഇറങ്ങി വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു, 'പാവം കൊച്ച്!' അമ്മ എന്തുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസിലായില്ല. 

ആ ശനിയാഴ്ച സ്‌പെഷ്യല്‍ ഹിന്ദി ട്യൂഷന്‍ ഉള്ളത് കൊണ്ട് എനിക്ക് പറഞ്ഞ പോലെ തയ്ച്ചത് മേടിക്കാന്‍ പോകാന്‍ പറ്റിയില്ല. ഞായറാഴ്ച പള്ളിയില്‍ നിന്നും വരുമ്പോള്‍ ആ വഴി അവിടെ ഒന്ന് കേറിയാല്‍  മതിയെന്ന് അമ്മ പറഞ്ഞു. അങ്ങനെ വേദപാഠ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ഞാന്‍ നേരെ ജാനകി ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. ഒരു പന്ത്രണ്ടു മണി സമയം. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി വേലിക്ക് അരികിലുള്ള ഒരു വാഴപിടിച്ചു താഴ്ത്തി ഒരു സ്ടൂളില്‍ കയറി നിന്ന് പച്ചക്കായ വെട്ടിയെടുക്കുവായിരുന്നു. 

"കൊള്ളാം! ഇന്നലെ വരാമെന്നു പറഞ്ഞിട്ട് മോനെ ഈ വഴിയൊന്നും കണ്ടില്ലല്ലോ. ഞാന്‍ ഇപ്പോള്‍ എടുത്തു തരാം, ഒന്ന് നിക്കണേ," ഇത് പറഞ്ഞ് അവര്‍ സ്ടൂളില്‍ നിന്നും സൂക്ഷിച്ചു താഴെ ഇറങ്ങി കുല താഴെ വെച്ചിട്ട് തല ഉയര്‍ത്തി എന്നെ നോക്കി ചിരിച്ചു. "ചേച്ചി ഇപ്പൊ വരാമേ. ഇവിടെ നിന്നോ," എന്ന് പറഞ്ഞു മുറിയുടെ ഉള്ളിലേയ്ക്ക് കയറി പോയി. അവിടെ നിന്ന് ഞാന്‍ ചുറ്റും നോക്കി. മുറ്റമെല്ലാം അടിച്ചു വൃത്തിയാക്കി ഇട്ടിരിക്കുന്നു. 

വാഴയുടെയും കപ്പ തണ്ടുകളുടെയും കീഴെ നനഞ്ഞ മണ്ണ്. വരാന്തയില്‍ ഇട്ടിരിക്കുന്ന മേശമേല്‍ തുണിയെല്ലാം മടക്കി അടുക്കി വെച്ചിട്ടുണ്ട്. പടിക്ക് താഴെയായി തേഞ്ഞു തീരാറായ രണ്ടു ജോഡി ചെരുപ്പുകള്‍ നിരതെറ്റാതെ ഇരിക്കുന്നു. ഒന്നിനും ഒരു മാറ്റവും ഇല്ല. 'എന്തൊരു അടുക്കും ചിട്ടയും!' ഞാന്‍ വിചാരിച്ചു. 

അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. വരാന്തയ്ക്കു ചേര്‍ന്നുള്ള ഭിത്തിയില്‍ ഒരു ഫ്രെയിം ചെയ്ത ഫോട്ടോ  തൂക്കിയിരിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഉണ്ടായിരുന്നില്ലല്ലോ! കാക്കി തൊപ്പിയും, കാക്കി ഉടുപ്പും ഒക്കെയിട്ട് കയ്യില്‍ ഒരു ബാറ്റന്‍ പിടിച്ചു ഗൗരവത്തില്‍ നില്‍ക്കുന്ന ഒരു പോലീസ് ഇസ്‌പെക്ടര്‍. നീളന്‍ കണ്ണുകള്‍, പഴുതാര പോലത്തെ മീശ, ചിരിക്കാത്ത മുഖം. അരകെട്ടിനു സമീപമായി  മുമ്പില്‍ ഇരിക്കുന്ന പീഠത്തില്‍ ഒരു ഉരുണ്ട ഫ്‌ലവര്‍വേസ്, അതില്‍ നിന്നും നിറച്ചും പൂക്കള്‍ പുറത്തോട്ടു ചാടി നില്‍ക്കുന്നു. മൊത്തത്തില്‍ നല്ല  അടിപൊളിയായിട്ടുണ്ട്! ആര് കണ്ടാലും ഒന്ന് വിറച്ചു പോകും.  

ഞാന്‍ ഇങ്ങനെ ഫോട്ടോയും നോക്കി നില്‍ക്കുമ്പോള്‍ ജാനകി ചേച്ചി അകത്തു നിന്നും ഇറങ്ങി വന്നു. ഞാന്‍ എന്തുവാ നോക്കുന്നതെന്ന് ഒരുനിമിഷം തലതിരിച്ചു നോക്കി അവര്‍ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. "മോന്‍ പേടിക്കേണ്ട. പോലീസ് ഒന്നും അല്ല. എന്റെ ഭര്‍ത്താവാണ്. പുള്ളിക്കാരന് നാടകവും സിനിമയും ഒക്കെ വലിയ കമ്പമാണ്. ഒന്നു രണ്ടു സിനിമയില്‍ മുഖമൊക്കെ കാണിച്ചിട്ടുണ്ട്. അതിലെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഞാന്‍ വെച്ചതാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഫോട്ടോയാണ്. 

ഓരോ സ്ഥലത്തും വാടകയ്ക്ക് മാറി മാറി താമസിച്ചപ്പോഴെല്ലാം ഞാന്‍ ഇത് കൂടെ കൊണ്ടുപോയിട്ടുണ്ട്," ഇത്രയും പറഞ്ഞു കൈയിലെ പത്രകടലാസു പൊതി അഴിച്ച് അവര്‍ എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു, "ഇത് മോന്റെ നിക്കര്‍, ഇത് ചേട്ടന്റെ നിക്കറും അളവ് നിക്കറും. പൈസ ഞാന്‍ അമ്മയോട് പറഞ്ഞോളാം. താഴെ കളയാതെ കൊണ്ട് പോകണം. കറിയൊന്നും ആയിട്ടില്ല. പുള്ളി ചില്ലപ്പോള്‍ ഇന്ന് വരും. ചേച്ചി അടുക്കളയിലോട്ടു കയറട്ടെ. ഇവിടുന്നു വീട്ടില്‍ പോകാന്‍ വഴി അറിയാമല്ലോ ഇല്ലെ?"

അടുത്ത ദിവസം വൈകിട്ട് അമ്മയുടെ പാവാടയുടെ അരിക് അടിക്കാന്‍ കൊടുക്കാനായി ഞാന്‍ വീണ്ടും ജാനകി ചേച്ചിയുടെ വീട്ടിലോട്ടു പോയി. നിക്കര്‍ തയ്ച്ചതിന്റെ പൈസയും എന്റെ കൈയില്‍ തന്നിട്ടുണ്ട്. പോകുന്ന വഴിക്ക് വേദപാഠ ക്ലാസ്സിലെ എന്റെ കൂട്ടുകാരന്‍ ജോസിനെയും ഞാന്‍ കൂടെ കൂട്ടി. വഴിയില്‍ വെച്ച് കണ്ടതാണ്. അവനു ജാനകി ചേച്ചിയെ മുമ്പേ അറിയാം. ജോസിന്റെ അമ്മയുടെ കൂടെ ജാനകി ചേച്ചി പാടത്തു പണിക്കു പോയിട്ടുണ്ടത്രേ. 

Vallinikkaritta Recipes 16

കളിച്ചു ക്ഷീണിച്ചു പോകുന്ന സമയം പലപ്പോഴും അവന്‍ ജാനകി ചേച്ചിയുടെ കിണറ്റില്‍ നിന്നും വെള്ളം കുടിക്കാറുണ്ട്. "ചേച്ചി പാവമാ. ഇടയ്ക്ക് ഒന്ന് രണ്ടു തവണ എനിക്ക് ശര്‍ക്കര ചായ ഇട്ടു തന്നിട്ടുണ്ട്. ചേച്ചി എന്ത് നന്നായി കക്ക റോസ്റ്റ് ഉണ്ടാക്കുമെന്നോ? എന്റെ അനിയന്‍ ജോണിക്കുട്ടീടെ മാമോദീസയ്ക്ക് ചേച്ചിയാണ് വീട്ടില്‍ വന്നു കക്ക റോസ്റ്റ് ഉണ്ടാക്കി തന്നത്. പുതുതായി വന്നതാണെങ്കിലും ഇപ്പോള്‍ എന്റെ  അമ്മയുടെ വലിയ കൂട്ടുകാരിയാണ്." 

ഞങ്ങള്‍ ചെന്നപ്പോള്‍ കാണുന്നത് ജാനകി ചേച്ചി വീടിന്റെ വരാന്തയില്‍ ഇരുന്നു തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. ഞങ്ങള്‍ വന്നത് അവര്‍ അറിഞ്ഞില്ലായെന്നു തോന്നുന്നു. തല കുമ്പിട്ടാണ് ഇരിക്കുന്നത്. തയ്യല്‍ മെഷീന്റെ കട കടാ ശബ്ദം. ഞങ്ങള്‍ രണ്ടു പേരും വീടിന്റെ മുമ്പില്‍ ചെന്നു നിന്നു. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞു കാണും. ജോസ് ഉച്ചയുയര്‍ത്തി വിളിച്ചു, "ചേച്ചീ..." വിളികേട്ടു ജാനകിച്ചേച്ചി തല ഉയര്‍ത്തി നോക്കി. എന്തോ കുഴപ്പമുണ്ട്, എനിക്ക് തോന്നി. മുഖത്താകെ ഒരു സങ്കടം. 

ചിരിക്കാതെ, എന്താ? എന്ന അര്‍ത്ഥത്തില്‍ ചേച്ചി ഞങ്ങളെ നോക്കി കണ്ണനക്കി. "അമ്മേടെ പാവാട. തയ്ക്കാന്‍ വേണ്ടി ഇന്നാള് പറഞ്ഞ പോലെ ഇവിടെ തരാന്‍ പറഞ്ഞു'', പത്രകടലാസ് പൊതി ചേച്ചിയുടെ നേരെ നീട്ടി ഞാന്‍ ഇച്ചിരി ഉറക്കെ പറഞ്ഞു. ചേച്ചി എണീറ്റ് ഇറങ്ങി വന്നു പൊതി എന്റെ കൈയില്‍ നിന്നും മേടിച്ചു. പതിവ് ചിരിയോ കളിയോ ഒന്നുമില്ല. ജോസിനെ ഒന്ന് നോക്കിയത് പോലുമില്ല. ''അടുത്താഴ്ച തരാമെന്ന് അമ്മയോട് പറ. തുന്നി കഴിയുമ്പോള്‍ ഞാന്‍ തന്നെ വീട്ടില്‍ കൊണ്ട് തന്നോളാം''. സന്തോഷമില്ലാത്ത ശബ്ദം. 

ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടാതെ തമ്മില്‍ തമ്മില്‍ നോക്കി. പോകാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ ഒരു മെലിഞ്ഞ മനുഷ്യന്‍ കൈയില്‍ ഒരു തലയിണയുമായി വീട്ടില്‍ നിന്നും ഇറങ്ങി വരാന്തയില്‍ വന്നു. പൊക്കമൊക്കെ കുറവാണ്. ഞങ്ങളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അയാള്‍ തലയിണ വലിയ ശബ്ദത്തില്‍ കൈകൊണ്ടു തട്ടി പൊടി കളയാന്‍ തുടങ്ങി. നേരം കളയാതെ ജോസും ഞാനും അവിടെ നിന്നും ഇറങ്ങി എന്റെ വീട്ടിലേക്കു നടന്നു. ഞങ്ങള്‍ക്ക് പിന്നില്‍ തലയിണയില്‍ അടിക്കുന്ന വലിയ ശബ്ദം!

"അതാരാണ്? ഞാന്‍ കണ്ടിട്ടില്ലല്ലോ?", ജോസ് ആരോടെന്നില്ലാതെ പറഞ്ഞു. "എനിക്ക് ആളെ മനസിലായി," ഞാന്‍ പറഞ്ഞു. "ചേച്ചിയുടെ ഭര്‍ത്താവാണ്! ഇന്നലെ വന്നതാണ്. സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോയാണ് അവിടെ തൂക്കിയിട്ടിരിക്കുന്നത്." ജോസ് ഒന്നും പിടികിട്ടാത്ത പോലെ എന്നെ നോക്കി. ഞങ്ങള്‍ പിന്നെ ഒന്നും മിണ്ടിയില്ല. പിരിയാന്‍നേരം ജോസ് ആരോടെന്നില്ലാതെ പറഞ്ഞു, "എന്തോ പ്രശ്‌നമുണ്ട്!"

അടുത്ത ശനിയാഴ്ച ഞങ്ങളുടെ പറമ്പില്‍ തെങ്ങ് കേറാന്‍ സോമന്‍ ചേട്ടനും മറ്റു പണിക്കാരും വന്നു. തെങ്ങ് കയറ്റക്കാര്‍ വന്നാല്‍ എനിക്ക് അപ്പിടി പണിയാണ്. അവര്‍ വെട്ടിയിടുന്ന തേങ്ങ പെറുക്കി കൂട്ടണം, കൊതുമ്പു പെറുക്കണം, ചൂലുണ്ടാക്കാനായി വെട്ടിയിടുന്ന ഓലകള്‍ കൂട്ടിയിട്ടു കൊടുക്കണം എന്നിങ്ങനെ ഒരുപാടു സമയം കൊല്ലി ബോറന്‍ ജോലികളുണ്ട്.

കാര്യമെന്താന്നുവെച്ചാ ഇതൊന്നും ഒരിക്കലും ചേട്ടന് ചെയ്യേണ്ടി വരില്ല. എന്തോ അത്ഭുദം കൊണ്ട് തെങ്ങുകേറ്റക്കാര്‍ വരുന്ന ദിവസങ്ങളിലൊന്നും ചേട്ടന്‍ വീട്ടില്‍ ഉണ്ടാകില്ല. ചേച്ചി സഹായിക്കും. സഹായിക്കുമെന്ന് വെച്ചാ. "എടാ ചെറുക്കാ, നീ ആ മടല്‍ അങ്ങോട്ട് ഇട്ടേ! നീ ആ തേങ്ങാക്കൊല പൊക്കി ഇവിടെ വെച്ചേ!", എന്നൊക്കെ പറഞ്ഞ് എന്നെ കൊണ്ട് ജോലി ചെയ്യിക്കും. അത്രേയുള്ളൂ! 

അങ്ങനെ തേങ്ങാ പെറുക്കിക്കൊണ്ടിരുന്നപ്പോള്‍ എന്തോ ഗോസ്സിപ്പ് പറഞ്ഞതിനൊപ്പം ചേച്ചി ആ കാര്യം എന്നോട് പറഞ്ഞു. "എടാ, നിനക്ക് ആ ജാനകി ചേച്ചിയുടെ കാര്യം അറിയാമോ? കോങ്കണ്ണുള്ള ലീല ചേച്ചി അമ്മയോട് പറയുന്നത് ഞാന്‍ കേട്ടതാ. ജാനകി ചേച്ചിയുടെ ഭര്‍ത്താവ് ഒരു ദുഷ്ടനാ. അയാള്‍ എപ്പോഴും ചേച്ചിയെ അടിക്കേം ഇടിക്കേം ഒക്കെ ചെയ്യും." ഇത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ മുഖത്തിന്റെ അടുത്തോട്ടു തലകുനിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു, 

"അതെ, ജാനകി ചേച്ചി വലിയ ഏതോ കുടുംബത്തെയാ! അയാളുടെ കൂടെ ഒളിച്ചോടി പോയതാ. ഇപ്പോള്‍ ചേച്ചിയുടെ വീട്ടുകാര്‍ ചേച്ചിയെ കേറ്റത്തില്ല. പാവം!" ഒരു നിമിഷം നിറുത്തിയിട്ട്, വിദൂരതയിലേക്ക് കണ്ണുകള്‍ നീട്ടി, ഏതോ കഠിനമായ ആലോചനയില്‍ മുങ്ങി ചേച്ചി ആരോടെന്നില്ലാതെ ചോദിച്ചു, "ആണുങ്ങള്‍ എന്തിനാണ് പെണുങ്ങളെ ഇടിക്കുന്നത്?" ഇത് പറഞ്ഞിട്ട് ചേച്ചി എന്നെ നോക്കി. ഞാന്‍ ചുണ്ട് വക്രിച്ചു ഇടത്തോട്ടും വലത്തോട്ടും തലയാട്ടി അറിയില്ല എന്ന് കാണിച്ചു.

ഏതായാലും ആ ദിവസത്തിന് ശേഷം പലപ്പോഴും ആ വഴി പോകുമ്പോള്‍ ഞാന്‍ വേലിക്കിപ്പുറത്തു നിന്നും ചേച്ചിയെ നോക്കി ചിരിക്കും. മിക്കവാറും ചേച്ചി എന്തെങ്കിലും തുന്നുകയോ, കപ്പയ്ക്ക് നനയ്ക്കുകയോ, വീട് തൂക്കുകയോ ഒക്കെ ആയിരിക്കും. ഒരിക്കല്‍ സ്‌കൂള്‍ കഴിഞ്ഞു വരുന്ന വഴി ഒന്ന് എത്തി നോക്കിയപ്പോള്‍ ചേച്ചിയുടെ വീടിനു മുമ്പില്‍, കിണറിനു അടുത്തായി കുറെ ചക്ക കൂട്ടി വെച്ചിരിക്കുന്നു. ഒരു ആറു ഏഴ് എണ്ണം കാണും. ഞാന്‍ നോക്കുമ്പോള്‍ ജാനകി ചേച്ചി ദൂരെ നിന്നും നടന്നു വരുന്നു. ഇടുപ്പിലും കൈകളിലും ഓരോ കുടങ്ങള്‍. പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്തു കൊണ്ട് വരികയാണ്. എന്നെ കണ്ടതും പോകല്ലേ എന്ന് ചേച്ചി കൈ ഉയര്‍ത്തി കാണിച്ചു. 

"ഞാന്‍ മോനെ ഓര്‍ത്തായിരുന്നു. ഇപ്പോള്‍ കണ്ടതും നന്നായി. ഒരു ചക്ക തന്നു വിട്ടാല്‍ കൊണ്ട് പോകുമോ? എങ്ങനെ കൊണ്ട് പോകും? ഭാരമുണ്ടാകും. ചേച്ചി മുറിച്ചു തരാം. മോന്റെ അമ്മ ഒരിക്കല്‍ കൂഴ ചക്ക കിട്ടുന്ന കാര്യം ചോദിച്ചായിരുന്നു. ചക്കയപ്പം ഉണ്ടാക്കാന്‍ കൂഴചക്കയാ ബെസ്റ്റ്. എന്റെ അനിയന്‍ ഇന്ന് വന്നപ്പോള്‍ കൊണ്ട് വന്നതാ. അവന്‍ ഇത്രയും ദൂരം ഇതൊക്കെ വണ്ടിയില്‍ വെച്ച് കൊണ്ട് വന്നു ചുമന്നാ ഇവിടെ കൊണ്ട് വന്നു തന്നത്. ഞാന്‍ ഇപ്പോള്‍ കത്തി എടുത്തു കൊണ്ട് വരാം."

ചേച്ചി അകത്തേയ്ക്ക് പോയപ്പോള്‍ ഞാന്‍ പതുക്കെ വരാന്തയിലോട്ടു കയറി നിന്നു. ഒരു അഞ്ചു അഞ്ചര സമയം. അവിടെ തയ്ക്കാനായി കൊണ്ട് വെച്ചിരിക്കുന്ന തുണികളും, തയ്ച്ചു മടക്കി വെച്ചിരിക്കുന്ന കുപ്പായങ്ങളുമൊക്കെ ഞാന്‍ പതുക്കെ കൈകൊണ്ടു മറിച്ചു നോക്കി. ഭിത്തിയില്‍ ഇരിക്കുന്ന പോലീസുകാരന്റെ പടത്തിന്റെ അടിയില്‍ പോയി വീണ്ടും ഞാന്‍ അതിനെ ഉറ്റു നോക്കി. അപ്പോഴാണ് അകത്തുള്ള റൂമില്‍ വെച്ചിരിക്കുന്ന ഒരു കൂജയും അതിനു മുകളിലായി കമഴ്ത്തി വെച്ചിരിക്കുന്ന ഒരു സ്റ്റീല് ഗ്ലാസും എന്റെ കണ്ണില്‍ പെട്ടത്. 

സ്‌കൂളില്‍ നിന്നും നടന്നു വരുന്ന വഴിയാണ്. നല്ല ദാഹമുണ്ട്. മണ്‍കൂജയിലെ വെള്ളത്തിന് നല്ല തണുപ്പാണ്. ഞാന്‍ അകത്തോട്ടു കയറിച്ചെന്ന് ഗ്ലാസ്സെടുത്ത് കുറച്ചു വെള്ളമൊഴിച്ച് കുടിച്ചു. കുടിച്ചു ഗ്ലാസ് തിരിച്ചു വെച്ചപ്പോഴേക്കും ചേച്ചി കത്തിയുമായി എത്തി. എന്നെ അകത്തു കണ്ടതും ചേച്ചിയുടെ കണ്ണുകളില്‍ ചെറിയൊരു പതര്‍ച്ച. "മോന്‍ വെള്ളം കുടിച്ചതാണോ? ദാഹിച്ചോ? പറഞ്ഞിരുന്നെങ്കില്‍ ചേച്ചി എടുത്തു തരുമായിരുന്നല്ലോ? വാ, ഇവിടെ അകത്തു നില്‍ക്കണ്ട. വരാന്തയില്‍ നിന്നോള്ളൂ. ഞാന്‍ ചക്ക മുറിച്ചു തരാം.. വാ," ജാനകി ചേച്ചി പറഞ്ഞു. 

Vallinikkaritta Recipes 16

കുറച്ചു ബുദ്ധിമുട്ടി ചക്ക മുറിച്ചു ന്യൂസ്‌പേപ്പര്‍ കൊണ്ട് അതിന്റെ കറ തുടച്ചു കളഞ്ഞു ചേച്ചി എനിക്ക് ചക്ക മുറി കൈയില്‍ തന്നു. ഞാന്‍ അത് കൈയില്‍ എടുത്തു പുറകോട്ടു തിരിഞ്ഞതും, എവിടെ നിന്നോ ചേച്ചിയുടെ ഭര്‍ത്താവ് വരാന്തയിലോട്ട് അപ്രതീക്ഷിതമായി കാറ്റ് പോലെ കയറി വന്നു. ഞാന്‍ ഒരു നിമിഷം ഞെട്ടിപ്പോയി. ഇയാള്‍ ഇത് എവിടെ നിന്ന് വന്നു? "അവന്‍ ഇന്ന് ഇവിടെ വന്നിരുന്നു അല്ലേ? നിന്റെ വീട്ടുകാരാണ് നിനക്ക് വേണ്ടതെങ്കില്‍ അവന്റെ കൂടെ തന്നെ തിരിച്ചു സ്വന്തം വീട്ടിലോട്ടു പോകാഞ്ഞതെന്ത്? ഒരു ആങ്ങള വന്നിരിക്കുന്നു!" ഇങ്ങനെ പറഞ്ഞു കൊണ്ട് അയാള് ചേച്ചിയെ പിടിച്ചു ശക്തിയായി തള്ളി. 

അപ്പോഴാകണം അയാള്‍ എന്നെ കണ്ടത്. "ആരാടാ നീ? എന്താടാ ഇവിടെ?" എന്ന് ചോദിച്ചു കൊണ്ട് അയാള്‍ വരാന്തയുടെ മൂലയിലോട്ടു ചെരുപ്പുകള്‍ അഴിച്ചു എറിഞ്ഞു. ഞാന്‍ പരിഭ്രമിച്ചു കൊണ്ട് ചക്കമുറി താഴെ വെച്ച് ഒരു നിമിഷം ചേച്ചിയെ നോക്കി.     
 
"പൊയ്‌ക്കോ, വീട്ടില്‍ പൊയ്‌ക്കോ," എന്ന് ശബ്ദം താഴ്ത്തി ചേച്ചി എന്നോട് പറഞ്ഞു. എനിക്ക് വല്ലാതെ പേടിയായി. ഞാന്‍ തിരിഞ്ഞു നോക്കാതെ, ഒന്നും മിണ്ടാതെ നടന്നുകൊണ്ട് ഓടി. ഇത്ര പെട്ടെന്ന് സന്ധ്യ മയങ്ങിയോ? വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു, "അയ്യേ! എന്താ നിന്റെ കൈ മുട്ടിലും കൈപ്പത്തിയിലും? കറുത്ത് ഇരിക്കുന്നല്ലോ? എവിടെ പോയി നിരങ്ങി? സ്‌കൂളില്‍ തന്നെയാണോ എന്നും പോകുന്നത്?" 

ഞാന്‍ നോക്കുമ്പോള്‍ ശരിയാണ്, കൈപ്പത്തിയിലും കൈമുട്ടിലും എന്തോ കറുത്ത കളര്‍. തൊട്ടപ്പോള്‍ ഒട്ടുന്നു. ചക്ക കറയാണ്. ഞാന്‍ പോയി മുറ്റത്തെ കിണറില്‍ നിന്നും വെള്ളം കോരി മണ്ണ് ഉരച്ചു കഴുകി. നടന്നതൊന്നും ഞാന്‍ ആരോടും പറഞ്ഞില്ല. അതിനു ശേഷം ഒരു ദിവസം വൈകിട്ട് ഞാനും ചേച്ചിയും കൂടി മുട്ടത്തോട് പൊടിച്ചു കോഴിത്തീറ്റയില്‍ കുഴച്ചു കോഴിക്ക് കൊടുക്കാനായി ശരിയാക്കി കൊണ്ടിരിക്കുകയായിരുന്നു. മുട്ടത്തോട് ഇങ്ങനെ പൊടിച്ചു കൊടുത്താല്‍ കോഴിമുട്ടയ്ക്ക് നല്ല കനം കിട്ടും. ഞാനാണ് പൊടിക്കുന്നത്. ചേച്ചി അത് തീറ്റയും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുന്നു.
 
"നീ അറിഞ്ഞോ? എന്നോട് അമ്മ പറഞ്ഞതാണ്. നമ്മുടെ ജാനകി ചേച്ചിയൊക്കെ അവിടെ നിന്നും വീടൊക്കെ വിട്ടു പോയി. കഴിഞ്ഞ ആഴ്ച അവരുടെ അനിയന്‍ അവിടെ വന്നാരുന്നത്രേ. അത് ചേച്ചിയുടെ ഭര്‍ത്താവ് അറിഞ്ഞു. അയാള്‍ ബസൊക്കെ പിടിച്ചു എവിടെ നിന്നോ വീട്ടില്‍ വന്നു ചേച്ചിയുമായി മുട്ടന്‍ വഴക്കിട്ടു. രാത്രി അയാള്‍ എന്തോ പറഞ്ഞു കയര്‍ത്തു ചേച്ചിയെ തല്ലി. പിറ്റേന്ന് ചേച്ചിയുടെ അനിയന്‍ വന്നു ചേച്ചിയെ വിളിച്ചു കൊണ്ട് പോയി. ഇതറിഞ്ഞു ദേഷ്യം വന്ന അവരുടെ ഭര്‍ത്താവ് വീടൊക്കെ തല്ലി പൊളിച്ചു എല്ലാം വലിച്ചു വാരിയിട്ടു കത്തിച്ചു. 

പൗലോസ് ചേട്ടന്‍ പോലീസുകാരുമായി വരുമെന്ന് കേട്ട് അടുത്ത ദിവസം പുലര്‍ച്ചെ അയാള്‍ എവിടെയോ ഓടി പോയി," ഇത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ അടുത്തോട്ടു തല കുനിച്ചു ഒച്ച താഴ്ത്തി പറഞ്ഞു. "അയാള്‍ ഓടി പോയത് നന്നായി. ഇല്ലേല്‍ പോലീസ് അയാളെ തല്ലി കൊല്ലും. പെണ്ണുങ്ങളെ അടിച്ചാല്‍ അടിച്ച ആളെ പോലീസിനു തല്ലികൊല്ലാം, അറിയാമോ നിനക്ക്? ഏതായാലും അമ്മയുടെ തൈക്കാന്‍ കൊടുത്ത പാവാട പോയി കിട്ടി!"
 
ഇത് കേട്ട് എനിക്ക് വലിയ സങ്കടമായി. ചേച്ചി ചോദിച്ചത് ശരിയാണ്.. എന്തിനാണ് അയാള്‍ ജാനകി ചേച്ചിയെ ഇടിക്കുന്നത്? അന്ന് രാത്രി ശരിക്കും ഉപദ്രവിച്ചു കാണും. ഏതായാലും ചേച്ചി അവരുടെ സഹോദരന്റെ കൂടെ പോയി രക്ഷപെട്ടല്ലോ. അടുത്ത ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു വരുന്ന വഴി ഞാന്‍ ജാനകി ചേച്ചിയുടെ വീടിന്റെ വഴി വന്നു. നല്ല വെയില്‍. റേഡിയോയില്‍ 'നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍' പരിപാടി നടക്കുന്നു. ഇടവഴിയിലൊക്കെ ഇറച്ചിക്കറിയുടെയും നല്ല മീന്‍കറിയുടെയും മണം.
 
വേലിക്കപ്പുറം ഞാന്‍ ആദ്യം കണ്ടത് മുറ്റത്തെ ചാരകൂനയാണ്. എന്തൊക്കെയോ കൂട്ടിയിട്ടു കത്തിച്ചിരിക്കുന്നു. പേപ്പറും തുണിയുമൊക്കെ. കരിപുരണ്ട തയ്യല്‍ മെഷീന്‍ അതിനു മുകളില്‍ പകുതി ചാരത്തില്‍ മൂടിയ നിലയില്‍ കിടക്കുന്നു. കിണറിനു സമീപം ചില കപ്പ തണ്ടുകള്‍ മറിഞ്ഞു കിടക്കുന്നു. ചെടികള്‍ എല്ലാം വാടിയിട്ടുണ്ട്. തയ്യല്‍ മെഷീന്‍ ഇരുന്ന മേശപ്പുറത്തു കുറച്ചു പഴയ തുണികള്‍ ചിതറിക്കിടക്കുന്നു. മുറ്റമെല്ലാം നിറയെ ഇലകള്‍. 

തിരിച്ചു പോകാനായി ഇറങ്ങവേ എന്റെ കണ്ണുകള്‍ വരാന്തയുടെ ഭിത്തിയില്‍ ഉടക്കി. എന്തിയേ ആ പോലിസ് ഫോട്ടോ? എന്തിയേ തീഷ്ണമായ ആ കണ്ണുകള്‍? അതവിടെ ഇല്ല. ഭിത്തി ശൂന്യമായി ഇരിക്കുന്നു. ആരോ അതവിടുന്നു എടുത്തു മാറ്റിയിരിക്കുന്നു. ഞാന്‍ ഇറങ്ങി നടന്നു തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു പോയി.
 
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഞാന്‍ പ്രീഡിഗ്രി ആയി. ചേട്ടന്‍ ഡിഗ്രിയും. കൊതിച്ചു കാത്തിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനായി ചേട്ടന് കണ്ണ് പരിശോധന നടത്തണം. അതിനായി ഞങ്ങള്‍ രണ്ടു പേരും ആലപ്പുഴ മെഡിക്കല്‍ കോളേജ് പരിസരത്ത് ചെന്നു. ആശുപത്രിക്ക് ചുറ്റും ധാരാളം ഡോക്ടര്‍മാരുടെ വീടുകള്‍ ഉണ്ട്. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തതിനാല്‍ ചേട്ടന്‍ ഡോക്ടറിന്റെ മുറിയിലേക്ക് നേരെ കയറി. ഞാന്‍ ചേട്ടന്‍ തിരിച്ചു വരുന്നതും കാത്തു പുറത്തിരുന്നു.
 
ഡോക്ടറിന്റെ റൂമിന് വെളിയിലായി കൂറെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഒരു നിമിഷം! പരിചിതമായൊരു മുഖം പെട്ടെന്ന് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ജാനകി ചേച്ചി! ചെറുതായി തടി വെച്ചിട്ടുണ്ട്. കൈയില്‍ ഒരു ചെറിയ മടക്കുകുട. കടും നിറത്തിലുള്ള ഒരു സാരി നന്നായി ഉടുത്തിരിക്കുന്നു. എന്നെ കണ്ടിട്ടില്ല. ഞാന്‍ എണീറ്റ് ചേച്ചിയുടെ അടുത്തേക്ക് ചെന്നു. "ചേച്ചീ..." ഞാന്‍ പതുക്കെ വിളിച്ചു.
 
ഒരു നിമിഷം ആ കണ്ണുകള്‍ എന്റെ മുഖത്ത് പരതി. ആ മുഖം വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി. "മോനെ..." ചേച്ചി വിളിച്ചു. "ചേച്ചി എന്താ ഇവിടെ?" ഞാന്‍ ചോദിച്ചു. "മോന്‍ അങ്ങ് വലുതായല്ലോ!" ഇത് പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. 

Vallinikkaritta Recipes 16

 
"ഞങ്ങള്‍ ഇപ്പോള്‍ തിരുവമ്പാടിയില്‍ ആണ് താമസിക്കുന്നത്. പുള്ളിക്കാരന് കുറച്ചു ദിവസമായി നല്ല കണ്ണുവേദന. കാണിക്കാന്‍ കൊണ്ടു വന്നതാണ്. ഇപ്പോള്‍ സിഗരറ്റോ മറ്റോ വലിക്കാന്‍ പുറത്തു പോയതാണ്. മോന്റെ അമ്മയ്‌ക്കൊക്കെ സുഖമാണോ? ചേട്ടനും ചേച്ചിയും എന്ത് പറയുന്നു?" ചേച്ചി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു. ഞാന്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ ചേച്ചി എന്നോട് പറഞ്ഞു. "അയ്യോ, ദെ! പുള്ളിക്കാരന്‍ വരുന്നുണ്ട്. മോന്‍ ചെന്നോ. ചിലപ്പോള്‍ പുള്ളിക്കാരന് ഇഷ്ടപ്പെടില്ല," ആ കണ്ണുകള്‍ പതറുന്നത് ഞാന്‍ കണ്ടു. അന്ന് കൂജയിലെ വെള്ളം കുടിക്കാനായി ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ കണ്ട അതേ പതര്‍ച്ച.
 
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ചേച്ചി പറഞ്ഞു. "അമ്മയോട് പറയണം. ആ പാവാട... തിരിച്ചു തരാന്‍ പറ്റിയില്ല. നഷ്ടപ്പെട്ടു പോയി. വേറെ കുറച്ചു പേര്‍ക്കും അതും ഇതുമൊക്കെ കൊടുക്കാന്‍ ഉണ്ടായിരുന്നു. ഒന്നും പറ്റിയില്ല. കാര്യങ്ങള്‍ അറിയാമല്ലോ?" ഇത് പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ ചെറിയ ഒരു നനവ് പൊടിഞ്ഞുവോ? ഞാന്‍ പോയി എതിര്‍വശത്ത് ഭിത്തിയില്‍ ചാരി ചേട്ടന്‍ വരുന്നതും കാത്തു നിന്നു. 

ഭര്‍ത്താവു അടുത്ത് വന്നപ്പോള്‍ ചേച്ചി സ്‌നേഹത്തോടെ എന്തോ പരിഭവം പറഞ്ഞു. അയാള്‍ ഒന്നും കേള്‍ക്കാത്ത പോലെ, വെള്ളമുണ്ടൊന്നു മടക്കി കുത്തി മുന്നോട്ടു നടന്ന് അര വാതിലിനു മുകളിലൂടെ ഡോക്ടറിന്റെ മുറിയിലേക്ക് അക്ഷമനായി എത്തി നോക്കി. എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. ആ ഫോട്ടോ? അത് ചേച്ചി എടുത്തു കൊണ്ട് പോയതായിരുന്നോ? അതോ, അത് അയാള് തന്നെ...? സ്‌നേഹബന്ധങ്ങളില്‍ ക്ഷമയ്ക്കും സഹനത്തിനും അതിരുകളുണ്ടോ? 

കക്ക റോസ്റ്റ്

Kakka varattiyathu Mussels fry
Image Credit: Mathrubhumi Archives | Jayesh P 

കക്ക ഇറച്ചി ചെറിയതാണ് വാങ്ങുന്നതെങ്കില്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് ഇടത്തരം തന്നെ വാങ്ങുക. ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ചെറിയ കക്കാ ഇറച്ചിയുടെ രുചി വലിയ കക്കാ ഇറച്ചിക്ക് ഇല്ലെന്ന്. അറിയില്ല! എനിക്ക് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. കക്കാ ഇറച്ചി കുരുമുളകോട് കൂടി തന്നെ റോസ്റ്റ് ചെയ്യുന്ന രീതിയാണ് പരക്കെ കണ്ടു വരുന്നത്. 

ആവശ്യമുള്ള സാധനങ്ങൾ
കക്ക ഇറച്ചി - 2 കപ്പ്, നന്നായി ചെറു ചൂടുവെള്ളത്തില്‍ കഴുകിയത് 
മഞ്ഞള്‍പൊടി - ചെറിയ സ്പൂണ്‍ 
ചുവന്നുള്ളി - 1 കപ്പ്
തേങ്ങാകൊത്ത് - 1/4 കപ്പ്
ഇറച്ചി മസാല - ചെറിയ സ്പൂണ്‍ 
മുളകുപൊടി - 1/4 സ്പൂണ്‍ 
കുരുമുളകുപൊടി - പാകത്തിന്
കറിവേപ്പില - 2 തണ്ട്
എണ്ണ - 2 ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്

റോസ്റ്റ് തയ്യാറാക്കുന്ന വിധം 
ചെറു ചൂട് വെള്ളത്തില്‍ കക്ക ഇറച്ചി കഴുകി അഴുക്ക് കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഒരു കളിമണ്‍ ചട്ടിയില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളത്തില്‍ വേവിക്കുക. 

സാമാന്യം വലിയ ഒരു ചീനിച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും കൂടി വഴറ്റുക. ഇതിലേക്ക് മുളകുപൊടി ചേര്‍ക്കുക. 

ഇനി വേവിച്ച കക്ക ഇറച്ചിയും കുരുമുളകുപൊടിയും മസാലപ്പൊടിയും ചേര്‍ത്തു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ചെറു തീയില്‍ വഴറ്റുന്നത് കക്കയുടെ മണവും രുചി നിലനിര്‍ത്താന്‍ സഹായകമാകും. ചൂടോടെ വിളമ്പുക. 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍... facebook/denisthewriter

വര: രജീന്ദ്രകുമാര്‍ 

കൂടുതല്‍ വള്ളിനിക്കറിട്ട റെസിപ്പികള്‍ വായിക്കാം 
അമ്മയുടെ ചിരി ചിത്രങ്ങള്‍... 
ഡ്രാക്കുളയും മാങ്ങാ അച്ചാറും... 

Content Highlights: food, food stories, Vallinikkaritta Recipes, Kakka Roast, Kakkairachi Roast recipe, Kerala Style Fish Recipes, Fish Recipes, Mussels Roast recipe, Mussels Recipes, Mussels fry, Fish Fry