ലിയ മഴയും വലിയ കാറ്റും എന്നും എന്റെ ചെറു ജനാലയെ പിടിച്ചുലയ്ക്കും, എന്നിട്ട് എനിക്കായി മാത്രം മഴ നൂലുകളെ മുറിയുടെ ഉള്ളിലേയ്ക്ക് എറിയും! വേനല്‍ അവധി തീരാനാകുമ്പോള്‍ ഉറപ്പായും  പമ്മി പമ്മി മഴയെത്തും. ആദ്യമൊക്കെ ചിന്നി ചിന്നി പെയ്യുന്ന മഴ പിന്നീട് എപ്പോഴോ ആര്‍ത്തലച്ചു രസിച്ചു മറിയുന്നവനാകും.

ഇടതൂര്‍ന്ന മഴ പതുക്കെ പതുക്കെ ഞങ്ങളുടെ പറമ്പിലെ കുളം നിറയ്ക്കും. അങ്ങനെ നിറഞ്ഞു പുറത്തേക്കൊഴുകുന്ന കുളത്തില്‍ നിന്നും ചെറുമീനുകള്‍ ഓരോന്നായി പതഞ്ഞു കവിയുന്ന തെങ്ങിന്‍ തടങ്ങളിലേക്ക് ചാടി മറിയും. അവറ്റകള്‍ അവിടെ നിന്നു വെള്ളമൊലിക്കുന്ന ഇടവഴികളിലൂടെയും, കുത്തി ഒഴുകുന്ന തോടുകളില്‍ കൂടിയും നീന്തി അറിയപ്പെടാത്ത കുളങ്ങളില്‍ ചെന്നെത്തും. 

മഴയാണ് മഴ, സര്‍വത്ര ചിരിച്ചുല്ലസിക്കുന്ന പെരുമഴ... അതൊന്ന് പെയ്‌തൊഴിയുമ്പോള്‍, ചാര്‍ത്തിലെ അഴയില്‍ നിന്നും തണുത്ത തോര്‍ത്ത് വലിച്ചെടുത്തു അരയില്‍ ചുറ്റി, ഊര്‍ന്നു വീഴാനായി വെമ്പി നില്‍ക്കുന്ന നിക്കര്‍ കാലുകൊണ്ട് ഉരിഞ്ഞെറിഞ്ഞ് ഞാന്‍ കുളത്തിലോട്ടോടും! എന്നിട്ട് കുളത്തിന് വലത്തു വശത്തായി ചാഞ്ഞു നില്‍ക്കുന്ന പറങ്കിമാവില്‍ കയറി, അങ്ങോട്ടും ഇങ്ങോട്ടും ആഞ്ഞു ഇലകളില്‍ കൂമ്പി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍ തെറുപ്പിച്ച് കൊണ്ട് വലിയ ശബ്ദത്തില്‍ കുളത്തിലോട്ടു ചാടും. 

d3പുതു വെള്ളത്തിന്റെ തണുപ്പ് ശരീരത്തില്‍ ആകമാനം ഒരുണര്‍വ് പകരും. മുങ്ങി പൊങ്ങി ശ്വാസം വലിച്ചുവിട്ടു നീന്തി തുടിക്കും. അപ്പോഴേക്കും ഈ ആഘോഷ തിമ്മിര്‍പ്പിലേക്ക് ചേട്ടനും ചേച്ചിയും ഓടി എത്തും. ഞങ്ങള്‍ എല്ലാവരും കൂടി കാല് കൊണ്ടും കൈകൊണ്ടും വെള്ളം തെറിപ്പിച്ചു കളിക്കും. ഞങ്ങളെ കണ്ടു ചെറു മീനുകള്‍ ഓടി ഒളിക്കും. 

പള്ളി പെരുന്നാളിനു മേടിച്ചു തന്ന തിരി കത്തിച്ചു വയ്ക്കുമ്പോള്‍ ''ട്ടപ് ട്ടപ്പു ട്ടപ്ട്ടപ്'' എന്ന ശബ്ദത്തില്‍ വെള്ളത്തില്‍ വട്ടത്തില്‍ ഓടുന്ന തകിട് ബോട്ട്, വണ്ടിനെയും വെട്ടിലിനെയും കയറ്റി ഞങ്ങള്‍ കുളത്തില്‍ ഓടിക്കും. ഞാഞ്ഞൂലിനെ പിടിച്ചു കൊളുത്തി സിലോപ്പിയയെ പിടിക്കാന്‍ ചൂണ്ട ഇടും. ഉടുത്ത തോര്‍ത്ത് ഉരിഞ്ഞെടുത്ത് അതുകൊണ്ട് കൊണ്ട് കോരി എളുപ്പം പൂഞ്ഞാനെ പിടിക്കും. കവള മടല്‍ കൊണ്ട് കുളത്തിന്റെ കരയില്‍ കുള വാഴകള്‍ക്ക് കീഴില്‍ പമ്മിയിരിക്കുന്ന പച്ച തവളയെ അടിച്ചു പരത്തും. 

പപ്പായയുടെ ഇല വെട്ടി കുഴല്‍ ഉണ്ടാക്കി തമ്മില്‍ ബന്ധിപ്പിച്ചു ഒരു തെങ്ങിന്‍ തടത്തില്‍ നിന്നും മറ്റു തെങ്ങിന്‍ തടത്തിലേക്കു ജലസേചനം ചെയ്യും. വൈകുന്നേരം ആകുമ്പോഴേക്കും മൂന്നു പേരുടെയും ദേഹമാസകലം അവിടെയും ഇവിടെയുമൊക്കെ തട്ടിയും മുട്ടിയും നീറ്റലും വേദനയുമായിരിക്കും. 

d4അന്ന്, അക്കാലത്ത്, ഇന്നത്തെ പോലെ വലിയ വലിയ ആളെ പേടിപ്പിക്കുന്ന ബ്രാന്‍ഡുകള്‍ ഒന്നും തന്നെ ഇല്ല. കുടയാണെങ്കില്‍ ഒരു സൈയിന്റ് ജോര്‍ജ് കുട, മിടുക്കന്മാരുടെ പേന ഹീറോ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് കാമെല്‍, ബ്രില്‍ മഷി, ബിസ്മിയും ജൂബിലിയും പേനകള്‍, പരിസ് മിട്ടായി... ഇതൊക്കെയാണ് സാധാരണ കുട്ടികളുടെ കൈയില്‍ ഉണ്ടാകുക. 

ഗള്‍ഫില്‍ മാതാപിതാക്കള്‍ ഉള്ളവര്‍ മാഗ്‌നെടിക് പെന്‍സില്‍ ബോക്‌സ് കൊണ്ട് വരും. ബാറ്റ ചെരുപ്പിന് നല്ല ഡിമാണ്ട് ആണ്. ബോള്‍ പേനയുടെ റീഫില്‍ മാറ്റി ഞങ്ങളെല്ലാം വളരെ കാലം ഉപയോഗിക്കും. കടയില്‍ കൊണ്ട് ചെന്ന് ഫൗണ്ടന്‍ പേന കൊടുത്താല്‍ 10 പൈസയ്ക്ക് മഷി നിറച്ചു തരും. പേന താഴെ വീണു നിബ്ബൊടിഞ്ഞാല്‍ നിബ്ബ് മാത്രമായി മാറ്റിവെച്ചു തരും. 

അന്ന് പത്തു പൈസയും അഞ്ചു പൈസയും ഉണ്ട്. കടയില്‍ അഞ്ചു പൈസക്ക് വെളുത്ത ഗ്യാസ് മിട്ടായി കിട്ടും. പത്തു പൈസക്ക് സേമിയ ഐസ് മിട്ടായി, ചുവന്ന പാരിസ് ഉണ്ട മിട്ടായി, ഒരു ഗ്ലാസ് ഐസ് വാട്ടര്‍, മുപതു പൈസക്ക് സോഡാ നാരങ്ങ, എഴുപത്തിയഞ്ച് പൈസക്ക് സോഡാ സര്‍ബത്ത് മുതലായവ കിട്ടും. അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ രാവിലെ പ്രാതല്‍ മേടിക്കുവാന്‍ ഞാനും ചേട്ടനും കൂടെ വീടിനടുത്തുള്ള പുരുഷന്‍ ചേട്ടന്റെ ചായക്കടയില്‍ പോകും. കടയില്‍ വാതുക്കല്‍ തന്നെ പുരുഷന്‍ ചേട്ടന്‍ ഇരിപ്പുണ്ടാകും. പുരുഷന്‍ ചേട്ടന് പിന്നിലായി ഭിത്തിയിലെ ഷെല്‍ഫില്‍ ഒരു നൂറു ഇരുനൂറു ട്രോഫികള്‍, മെഡലുകള്‍, ശീല്‍ഡടുകള്‍ മുതലായവ പ്രദര്‍ശനത്തിനായി വച്ചിട്ടുണ്ട്. 

d2പുള്ളിയുടെ രണ്ടു മക്കളും ഭയങ്കര ജിമ്മന്‍മാരാണ്. ആലപ്പുഴയിലെ സ്വാമി ജിമ്മിലെ പ്രശസ്ത മസിലന്മാര്‍! അവര്‍ക്ക് ഓരോരോ മത്സരങ്ങള്‍ക്കു സമ്മാനം കിട്ടിയതാണിവയൊക്കെ. അവരെ കാണുമ്പോള്‍ ചേട്ടന്‍ പറയും, ഡാ... നീ നോക്കിക്കേ അവരുടെ വിങ്ങ്‌സ് കണ്ടോ? വിങ്ങ്‌സോ? ഞാന്‍ എത്ര നോക്കിയാലും വിങ്ങ്‌സ് കാണില്ല! 'നമുക്ക് ജിമ്മില്‍ പോയാലോ? ജിമ്മന്മാര്‍ക്ക് നിഷ്പ്രയാസം ഇഷ്ടികയും അമ്മികല്ലും അരകല്ലുമൊക്കെ പൊക്കാന്‍ പറ്റും''. എന്നോടായി ചേട്ടന്‍ പറഞ്ഞു. മസിലുള്ളതൊക്കെ എനിക്കും ഇഷ്ട്ടമാണ്. ഇച്ചിരി മസിലൊക്കെ വരാനായി ഞാന്‍ മാവിന്റെ കമ്പില്‍ ദിവസവും തൂങ്ങുന്നുണ്ട്. ഭീമനും ഹനുമാനും ടാര്‍സനുമൊക്കെ ഭയങ്കര മസിലാണ്. പക്ഷെ ആര് ജിമ്മില്‍ കൊണ്ട് പോകും? കൊച്ചു കുട്ടികളെ ജിമ്മില്‍ എടുക്കുമോ? അച്ഛനോട് പറഞ്ഞാലോ? 

d5''ജിമ്മില്‍ പോയാല്‍ മാത്രം പോരാ, ജീവന്‍ ടോണും കഴിക്കണം. ജീവന്‍ ടോണ്‍ കഴിച്ചാലേ നല്ല ബലം വയ്ക്കൂ,'' ചുറ്റും നോക്കികൊണ്ട് ചേട്ടന്‍ തുടര്‍ന്നു. ശെടാ! ജീവന്‍ ടോണ്‍ ഇപ്പോള്‍ ആരു മേടിച്ചു തരും? അച്ഛനോട് ചോദിച്ചാലോ? കടല കറി, കിഴങ്ങ് കറി, അപ്പം, പൊറോട്ട ഇതാണ് പുരുഷന്‍ ചേട്ടന്റെ കടയില്‍ എല്ലാ ദിവസവുമുള്ള ചോയ്‌സ്. അപ്പത്തിനു പത്തു പൈസ, പൊറോട്ടയ്ക്ക് പതിനഞ്ചു  പൈസ, ഇതാണ് കണക്ക്. മിക്കവാറും ഞങ്ങള്‍ അപ്പമാണ് മേടിക്കാറ്. വീട്ടില്‍ നിന്നും തന്നുവിടുന്ന സ്റ്റീല്‍ പാത്രത്തില്‍ ഇവ മേടിച്ചു പ്ലാസ്റ്റിക് ബാഗില്‍ വച്ച് ഞങ്ങള്‍ നടന്നു വരും. ചേട്ടന് സൈക്കിള്‍ മേടിച്ചതിനു ശേഷം ചേട്ടന്‍ എന്നെ പുറകില്‍ ലോഡു വെച്ചു കടയില്‍ പോകും. ചേട്ടനായിരിക്കും സൈക്കിള്‍ ചവിട്ടുക. ഞാന്‍ കാഴ്ചയൊക്കെ കണ്ടു കൊണ്ട് ബാഗും പിടിച്ചു പിന്നില്‍ ഇരിക്കും. 

അക്കാലത്തു ഞങ്ങളുടെ വീട്ടില്‍ വരുത്തിയിരുന്നതു ദീപിക ദിനപത്രമാണ്. പത്രക്കാരന്‍ അസംഘ്യം നാട്ടു പട്ടികളുമായി പൊരുതി, തോടുകള്‍ ചാടി, പാടത്ത് കൂടി സൈക്കിള്‍ ഉരുട്ടി ഞങ്ങളുടെ വീട്ടില്‍ എത്തുമ്പോള്‍ ഏതാണ്ട് രാവിലെ ഒന്‍പതു മണിയാവും. അതുകൊണ്ട് പത്രം ഞങ്ങള്‍ കുട്ടികള്‍ വായിക്കുക വൈകുന്നേരമാണ്. പത്രം വായിക്കുക എന്നു പറഞ്ഞാല്‍ ഞാനും ചേച്ചിയും ചേട്ടനും കൂടി പത്രം  പല പേജുകളായി ചുവന്ന സിമെന്റ് തറയില്‍ നിരത്തി പരത്തിയിട്ടു അകം പുറം നോക്കും. അന്ന് രാഷ്ട്രീയക്കാര്‍ ഇന്നത്തെ പോലെ നിയമസഭയില്‍ അങ്ങോട്ടും ഇങ്ങോട്ടും തുണി പൊക്കി കാണിക്കുക, സ്പീക്കറുടെ കൈയില് കടിക്കുക, എതിര്‍ പക്ഷക്കാരന്റെ അമ്മയുടെ സഹോദരന്റെ മച്ചുനന്റെ അച്ഛന് വിളിക്കുക മുതലായ വിനോദങ്ങളില്‍ അധികം വ്യാപരിക്കാത്തതിനാല്‍ പത്രം വായന പൊതുവേ ബോറായിരുന്നു. വിവാദങ്ങള്‍ എന്നൊരു സാധനം അന്നില്ല. 

അന്ന് പത്രങ്ങള്‍ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്, കളറല്ല. എല്ലാ പത്രത്തിലും ഏതെങ്കിലും കോമിക് സ്ട്രിപ് ഉണ്ടാവും. കുട്ടികളായ ഞങ്ങള്‍ക്ക് ആകപ്പാടെ കിട്ടിയിരുന്ന വായനാസുഖം പ്രധാനം ചെയ്തിരുന്നത് ''മാന്‍ഡ്രേക്ക് എന്ന മജീഷ്യനും'', ഫാന്റം എന്ന കോമിക് സ്ട്രിപ്പുമായിരുന്നു. മാന്‍ഡ്രേക്ക് താമസിച്ചിരുന്നത് ''സാനടു'' എന്നൊരു വലിയ ബംഗ്ലാവിലാണ്. ഇത് മാന്‍ഡ്രേക്കിന് മാഗ്‌നന്‍ എന്ന ഒരു കൂട്ടുകാരന്‍ സമ്മാനിച്ചതാണ്. മാഗ്‌നന്‍ പത്തു ലക്ഷം ഗ്രഹങ്ങളുടെ ഭരണാധികാരിയാണ്.  മാന്‍ഡ്രേക്കിന്റെ ഭാര്യയുടെ പേരു നര്‍ദ. കൂട്ടുകാരന്‍ ലോതര്‍. ഫാന്റവും മാന്‍ഡ്രേക്കും എഴുതുന്നത് ഒരാള്‍ തന്നെയാണ്. അതുകൊണ്ട് ഫാന്റത്തിന്റെ കല്യാണത്തിനു മാന്‍ഡ്രേക്ക് വരുന്നുണ്ട്. 

d6ഫാന്റത്തിന്റെ ഭാര്യയാണ് സുന്ദരിയായ ഡയാന. ഡയാനയെ ഞാന്‍ (പുനര്‍) വിവാഹം കഴിച്ചു കൂടെയിരുത്തി മഴയത്ത് കുതിര ഒടിച്ചു പോകണം എന്ന ഒരു ചിന്ത ഇടക്കാലത്ത് എനിക്കുണ്ടായിരുന്നു. ഏഷ്യാഡില്‍ പിടി ഉഷയെ തോല്‍പിച്ച ലിഡിയ ദിവേഗയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പത്രത്തിന്റെ മുന്‍ പേജില്‍ കാണുന്നതു വരെ! സുന്ദരിയായ ലിഡിയ ദിവേഗ ഇപ്പൊ എവിടെയായിരിക്കും? 

മഴ ഏറ്റവും ബുദ്ധിമുട്ടിച്ചിരുന്നത് അമ്മയെ ആണ്. ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ നടന്നാലേ മെഡിക്കല്‍ കോളേജില്‍ പോകുവാന്‍ ബസ് കിട്ടൂ. അതും, വല്ലവരുടെയും പറമ്പിലൂടെയും, കുളിമുറിയിലൂടെയും ഒന്നുമറിയാത്ത് പോലെ താഴോട്ടും നോക്കി നടന്നാല്‍. എട്ടു മണിക്ക് ജോലിക്ക് കയറേണ്ടതിനാല്‍ ഏഴ് മണിക്ക് വീട്ടു ജോലികള്‍ ഒതുക്കി അമ്മ ഓടും. ഒരു തോളില്‍ ഹാന്‍ഡ് ബാഗും മറ്റേ കൈയില്‍ കുടയുമായി, നന്നായി ഉടുത്ത സാരി ചെറുതായി പൊക്കി പിടിച്ചു വെള്ളം തെറിക്കാതെ അമ്മ പായും. പലപ്പോഴും തിരിച്ചു വരുമ്പോള്‍ മാത്രമാണ് അമ്മയെ നടക്കുന്നതായി കാണാറ്. മിക്കവാറും അപ്പോള്‍ അമ്മയുടെ ബാഗിലോ കൈയിലോ വഴിയില്‍ എവിടെ നിന്നെങ്കിലും കിട്ടിയ കാക്ക കൊത്തിയ ഒരു മാങ്ങയോ, തളിര്‍ത്തു നില്‍ക്കുന്ന ഒരു കുഞ്ഞു പച്ചക്കറി ചെടിയോ ഉണ്ടാവും. 

അത് പിന്നെ ശ്രദ്ധാപൂര്‍വ്വം പറമ്പില്‍ അവിടെയും ഇവിടെയുമായി കുഴിച്ചിടും, എന്നിട്ട് അരയില്‍ രണ്ടു കൈയും കുത്തി ഇതെല്ലാം നോക്കി കൊണ്ട് ശരീരം അനങ്ങാതെ നില്‍ക്കുന്ന എന്നോടായി പറയും 'എടാ! എന്നെ ഓര്‍ക്കാന്‍ നിനക്കൊക്കെ ഇതെല്ലാമേ ഉണ്ടാവൂ, നോക്കിക്കോ!'' ഉപ്പിലിട്ട മാങ്ങ ഭരണിക്ക് പുറത്തെടുക്കുന്നത് മഴക്കാലത്താണ്. ഉപ്പു കുടിച്ചു പകുതി അലിഞ്ഞു വീര്‍ത്ത മാങ്ങയും, ഉപ്പു നീരും പച്ച മുളക് അരിഞ്ഞതും കൂടി ഞെരടി സെറാമിക് പാത്രത്തില്‍ എടുത്ത ചൂടുള്ള വെള്ള ചോറിനു മുകളിലായി വച്ചു തരും അമ്മ. കൂടെ ഒരു ഉണക്ക മീന്‍ പൊട്ടി ഒടിയാന്‍ പാകത്തില്‍  പൊരിച്ചതും ഉണ്ടാവും. പുളി കൂടിയ മാങ്ങ, നീളത്തില്‍ അരിഞ്ഞ് കല്ലുപ്പിട്ട് ഉളുമ്പ് മാറ്റിയ മീന്‍ വട്ടംമുറിച്ച്, ഇഞ്ചിയും മഞ്ഞളും തേങ്ങയും കൂട്ടിയുള്ള മീന്‍കറി ഇന്നും എന്റെ ബാല്യകാല സ്മൃതിയുടെ ഭാഗമാണ്. 

d7വീട്ടില്‍ വലിയ മീനുകള്‍ മേടിക്കുക അതിഥികള്‍ വിരുന്നിനെത്തുന്ന അവസരങ്ങളിലാണ്. അപ്പോള്‍ എന്നെ ഒറ്റയ്ക്ക് വിടാന്‍ അമ്മയ്ക്ക് പേടിയാണ്. കാരണം, ഞാന്‍ മേടിച്ചോണ്ട് വരുന്നത് എന്താണെന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് എന്നെയും ചേട്ടനെയും കൂട്ടി വിടും. ചേട്ടന്‍ എന്നെ ലോഡ് വച്ച് ചവിട്ടി കളര്‍കോട് ചന്തയില്‍ പോകും. മീന്‍ കണ്ടാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് മനസിലാവില്ല. അതുകൊണ്ട് ഒരു മൂലയ്ക്ക് മാറി നിന്ന് നന്നായി ഡ്രസ്സ് ചെയ്ത ആരെങ്കിലും വരുന്നത് വരെ കാക്കും. ആരെങ്കിലും വന്നാല്‍, അവരുടെ പുറകെ പോയി അവര്‍ എന്ത് വലിയ മീന്‍ മേടിക്കുന്നോ അതങ്ങ് മേടിക്കും. ഈ ട്രിക്ക് കൊണ്ട് പലപ്പോഴും രക്ഷപെടും, പക്ഷെ ചിലപ്പോള്‍ ലോകത്തെങ്ങും കാണാത്ത മീന്‍ ഞങ്ങള്‍ മേടിച്ചു കൊണ്ട് വരും. 

അമ്മ അത് ചട്ടിയില്‍ വെട്ടാനായി ഇട്ടിട്ടു ഇരുന്നു വിളിക്കും, ''ടാ ഇവിടെ വാ. നീ ഇത് എന്ത് കുന്തമാ മേടിച്ചോണ്ട് വന്നിരിക്കുന്നേ? ഈ പിള്ളേരെ കൊണ്ട് ഞാന്‍ തോറ്റ്. വല്ല ആകോലിയോ കരിമീനോ മേടിച്ചാ പോരായിരുന്നോ? ഇത് ഞാന്‍ ഇനി എങ്ങനെ കറി വെയ്ക്കും?'' പിന്നെ പിന്നെ വലിയ മീനുകള്‍ കണ്ടാല്‍ എനിക്ക് മനസിലാകുമെന്നായി.

അമ്മയുടെ കൂടെ ചന്തയില്‍ പോകുമ്പോള്‍ അവര്‍ ചൂണ്ടി കാണിച്ചു പറഞ്ഞു തരും. ''ഇത് മോത, അത് നെയ്മീന്‍, നെയ്മീന്‍ ചൂര, മാച്ചാന്‍, കരിമീന്‍, പൂമീന്‍, തിരണ്ടി, ആകോലി... ഇനി മീന്‍ മേടിച്ചു കൊണ്ട് വരുമ്പോള്‍ പൊട്ടന്‍ കളിക്കരുത്!'' അന്നു തൊട്ട് ഇന്ന് വരെ, വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ നിന്ന് മാത്രമേ മീന്‍ വാങ്ങിച്ചു കൊണ്ട് വരൂ. 

എന്നാല്‍ ഇനി ഒരു മീന്‍ കറി ആയാലോ?fish mappasമീന്‍ മപ്പാസ്
ഞങ്ങളുടേത് ഒരു ഇടത്തരം കുടുംബമായിരുന്നത് കൊണ്ട് തന്നെ വീട്ടില്‍ അതിഥികള്‍ വരുമ്പോഴാണ് സാധാരണ വലിയ മീന്‍  വാങ്ങാറ്. പല കാരണങ്ങള്‍ കൊണ്ടും ആകോലിക്കാണ് മിക്കപ്പോഴും നറുക്ക് വീഴുക.  ആകോലിയില്‍ കറുത്തതും വെള്ളുത്തതുമുണ്ട്. വറുത്താല്‍ ബഹു കേമന്‍. കറിയില്‍ കെങ്കേമന്‍. അമ്മ ചോറിനു പുറത്തു ഒരു കഷണവും അതിനു മുകളില്‍ കറിയും ഒഴിച്ചു തരും. മറ്റെല്ലാവര്‍ക്കും വിളമ്പി തീരുന്നത് മുന്‍പ് തന്നെ ഞാന്‍ ആ കഷണം തീര്‍ക്കും. ''ഡാ, മീന്‍ മാത്രം കഴിക്കാതെ ചോറ് കഴിക്കെടാ' എന്നൊക്കെ അമ്മ സ്‌നേഹപൂര്‍വ്വം എന്നെ ശകാരിക്കും. ആര് കേള്‍ക്കാന്‍? 

ആവശ്യമുള്ള സാധനങ്ങള്‍
ആകോലി മീന്‍- ഒരു കിലോ (അല്ലെങ്കില്‍ കരിമീന്‍, അയല മുതലായവ ആയാലും മതിയാകും)
ചെറിയ ഉള്ളി അര കപ്പ് 
തക്കാളി ഇടത്തരം രണ്ട് 
പച്ചമുളക് മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഇഞ്ചി - ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി നാലെണ്ണം ചതച്ചത് 
ഒരു തേങ്ങയില്‍ നിന്നെടുത്ത ഒരു കപ്പു തല പാല്‍ (അഥവാ ഒന്നാം പാല്‍) 
അര കപ്പു രണ്ടാം പാല്‍ 
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍ 

അരച്ച് പുരട്ടി വയ്ക്കാന്‍
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
വിനാഗിരി - ഒരു ടീസ്പൂണ്‍

കറി താളിക്കുവാന്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
പട്ട - ഒരു കഷണം 
ഗ്രാമ്പു - മൂന്നെണ്ണം 
ഏലക്ക - രണ്ടെണ്ണം 
കുരുമുളകുപൊടി - അര ടീസ്പൂണ്‍ 
കറിവേപ്പില - ഒരു പിടി

എന്നാല്‍ ഉണ്ടാക്കിയാലോ?
കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ ആദ്യം അരപ്പു പുരട്ടാം. മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയ പൊടികളും വിനാഗിരിയും കുറച്ച് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്തെടുത്ത അരപ്പ് മീന്‍ കഷണങ്ങളില്‍ പുരട്ടി വയ്ക്കുക. ഒരു പത്തു പതിനഞ്ചു മിനിട്ട് അതവിടെ ഇരിക്കട്ടെ. ശേഷം ഒരു പരപ്പ് കൂടിയ ചീനചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് മീന്‍ കഷണങ്ങള്‍ പൊടിയാതെ ചെറുതീയില്‍ പാതി വറുത്തെടുക്കുക. 

ചുവടു കട്ടിയുള്ള ഒരു ഇടത്തരം ഉരുളിയില്‍ മപ്പാസ് ഉണ്ടാക്കാം. ഉളുരി ചൂടാകുമ്പോള്‍ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, കുരുമുളക് എന്നിവ ഇടുക. പുറകെ കറിവേപ്പില, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവയിട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അരിഞ്ഞു വെച്ച തക്കാളിയും ചേര്‍ത്ത് ഒന്നിളക്കുക. പുറകെ മഞ്ഞള്‍, കുരുമുളക് പൊടികള്‍ ചേര്‍ത്ത് വഴറ്റുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം, പൊടികള്‍ ചേര്‍ക്കുമ്പോള്‍ ചെറുതീയിലും താളിപ്പ് ഉരുളിയിലെ ഒരു വശത്തേയ്ക്ക് മാറ്റിയും ചെയ്യുവാന്‍ ഓര്‍ക്കുക. മസാല പച്ചചുവയ്ക്കാതിരിക്കാന്‍ ഇത് സഹായിക്കും. 

ഇനി എല്ലാം കൂടി ഒന്ന് ചേര്‍ത്തിളക്കാം. ഇനി ഇതിലേക്ക് പാതി വറുത്ത മീന്‍ കഷണങ്ങള്‍, രണ്ടാം പാല്‍, ആവശ്യമുള്ള ഉപ്പും ചേര്‍ത്ത് തീ കൂട്ടി തിളപ്പിക്കുക. തിള വന്ന ശേഷം ചെറുതീയില്‍ 5 മിനിറ്റ് കൂടി അടച്ചു വെക്കുക. അതിനു ശേഷം കുറുകിയ തലപാല്‍ കൂടി ചേര്‍ത്ത് രണ്ടു മിനിറ്റിന് ശേഷം തീ അണയ്ക്കുക. പാതി മൂടി വെച്ചിട്ട് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം വിളമ്പാം. 

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌