നാലാം ക്ലാസ്സില്‍ നാലു വിഷയത്തിനു തോറ്റ എന്നോട് മൂന്ന് വിഷയത്തിന് തോറ്റ ജാസിം പൊന്നൂസ് ചോദിച്ചു, "എന്നെ ഒന്ന് ഹെല്‍പ് ചെയ്യാമോ?" 

നാലാം ക്ലാസ്സില്‍ ബി ഡിവിഷനില്‍ അന്ന് യൂറിസ് മിസ്സ് ആണ് ക്ലാസ് ടീച്ചര്‍. രണ്ടു നിരകളിലായിട്ടാണ് കുട്ടികള്‍ ക്ലാസ്സില്‍ ഇരിക്കുന്നത്. ആദ്യത്തെ വരിയില്‍ ആറാമത്തെയോ ഏഴാമത്തെയോ ബെഞ്ചില്‍ ഇടതു നിന്ന് മൂന്നാമനായി ഞാന്‍ ഇരിക്കുന്നു. ഇടതു വശത്ത് മാത്യു ജി, അത് കഴിഞ്ഞു ജാസിം പൊന്നൂസ്, ഞാന്‍, എന്റെ വലതു വശത്ത് രമേഷ് വി പിള്ള, പിന്നെ ഫിറോസ് ഹമീദ് അങ്ങനെ അഞ്ചു പേരാണ് ഞങ്ങളുടെ ബെഞ്ചില്‍ ഉള്ളത്.

ഇതില്‍ രമേഷ് ക്ലാസ്സിലെ ബെസ്റ്റ് പഠിത്തക്കാരനാണ്. എപ്പോഴും ഒന്നാമത്തെയോ രണ്ടാമത്തെയോ റാങ്കില്‍ വരും. സുന്ദരനാണ്, പോരാത്തതിനു ഗള്‍ഫില്‍ നിന്നും അവന്റെ അച്ഛന്‍ വരുമ്പോള്‍ ടീച്ചര്‍മാര്‍ക്ക് പെര്‍ഫ്യൂം, സ്പ്രേ ഇത്യാദി സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുമുണ്ട്. കാണാതെ പഠിക്കാനുള്ള പദ്യത്തിന്റെ അവസാനത്തെ എട്ടു വരി ആദ്യം പഠിക്കുന്നത് ഇവനായിരിക്കും. 

ഇടതു വശത്തിരിക്കുന്ന മാത്യു ജി ആകട്ടെ അപ്പോഴിറങ്ങിയ ഒരു മലയാളം സിനിമയില്‍ അഭിനയിച്ച കാരണം പരമ ഉഴപ്പനാണെങ്കിലും ടീച്ചര്‍മാരുടെ പ്രിയ വിദ്യാര്‍ഥിയാണ്. ഇത്രയും നാള്‍ ടീച്ചര്‍മാരുടെ തല്ലു കൊണ്ടിരുന്നവരില്‍ പ്രമുഖരായിരുന്നു ഞാനും അവനും. അവന്‍ ഒരടി കൊള്ളുമ്പോള്‍ ഞാന്‍ ഒരടി കൊള്ളും, ഞാന്‍ ഒരടി കൊള്ളുമ്പോള്‍ അവനൊരടി കൊള്ളും, ഇങ്ങനെയുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇപ്പോള്‍, ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍, ടീച്ചര്‍മാര്‍ക്ക് അവനോട് എന്തോ ഒരു ഇത്. അതു കൊണ്ട് ഇപ്പോള്‍ ഞാന്‍ മാത്രമേ അടി കൊള്ളുന്നുള്ളൂ.

ക്ലാസ്സില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ "വാട്ട് ഈസ് ദി നെയിം ഓഫ് ദി ഓര്‍ഗന്‍ വിത്ത് ടു ക്രാനിയല്‍ നെര്‍വ്സ്?" എന്നൊക്കെ ഉള്ള ആര്‍ക്കും പിടികിട്ടാത്ത ഭയങ്കര ചോദ്യങ്ങള്‍ എന്നോടും, "ഹു ഈസ് ദി ഫാദര്‍ ഓഫ് ദി നേഷന്‍" എന്നൊക്കെയുള്ള സാദാ ചോദ്യങ്ങള്‍ മാത്യൂവിനോടും. കൊള്ളം! നടക്കട്ടെ. ഒരു ഒടുക്കത്തെ സിനിമാ നടന്‍! 

oru inchicurry gadgadam

അറ്റത്തിരിക്കുന്ന ഫിറോസ് ഹമീദിന് ഞങ്ങളുടെ ബെഞ്ചിലെ ആരുമായും അടുപ്പമില്ല. പിന്നിലെ ബെഞ്ചിലെ പിള്ളേരുമായിട്ടാണ് കൂട്ട്. കുഴപ്പമില്ലാതെ പഠിക്കുകയും ചെയ്യും. പിന്നെ ആകെയുള്ള ആശ്വാസം ജാസിം പൊന്നൂസാണ്. എന്റെ ഇടതു വശത്തിരിക്കുന്ന അവന്‍ ദൂരെയുള്ള ബോര്‍ഡ് കാണാന്‍ കണ്ണിനു വിഷമമുള്ളത് കൊണ്ട് എന്റെ ബുക്ക് നോക്കിയാണ് പകര്‍ത്തി എഴുതുന്നത്. ഞാന്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു സമയം കളഞ്ഞ് ബോര്‍ഡിലെ പകുതിയേ എഴുതി എടുക്കാറുള്ളൂ, പാവം ജാസിം ഞാന്‍ എഴുതിയതിന്റെ പകുതിയും!

ഞങ്ങളുടെ രണ്ടു പേരുടെയും ബുക്കില്‍ ടീച്ചര്‍മാര്‍ കറക്റ്റ് ചെയ്യുമ്പോള്‍ ഇടുന്ന ചുവന്ന വരയുടെ അയ്യരു കളിയാണ്. എനിക്ക് മിക്കവാറും അടി കിട്ടും. ജാസിമിന് മിക്കവാറും അടിയും പിച്ചും കിട്ടും! ഈ ജാസിമാണ് എന്നോട് സഹായം അഭ്യര്‍ഥിക്കുന്നത്. അവന് ഇന്ന് വീട്ടില്‍ പോകേണ്ട, നാളെ പോയാല്‍ കുഴപ്പമില്ല. അതിപ്പം എന്താ കഥ? കാരണം മറ്റൊന്നുമല്ല, 'ക്രിസ്തുമസ് പരീക്ഷ'. എല്ലാ പേപ്പറും തന്നപ്പോള്‍ ഞാന്‍ നാല് വിഷയത്തിനു പൊട്ടി. വീട്ടില്‍ പ്രശ്നമാകും, പക്ഷെ അതൊക്കെ ഒരു വിധത്തില്‍ തഞ്ചത്തില്‍ ഞാന്‍ ഒതുക്കും. കണക്കിന്റെ പേപ്പര്‍ കിട്ടിയ ദിവസം ജാസിം ഒറ്റ കരച്ചില്‍. അവന്റെ അച്ഛന്‍ ഇന്ന് എവിടെ നിന്നോ ഒരു ദിവസത്തേയ്ക്ക് വീട്ടില്‍ വരുമത്രേ. കണക്കിനു തോറ്റതറിഞ്ഞാല്‍ മിക്കവാറും അവനെ ഇന്നുതന്നെ തല്ലിക്കൊല്ലും.

അവര്‍ക്ക് കുട്ടനാട്ടില്‍ താറാവ് കൃഷിയുണ്ട്. അവന്റെ അച്ഛന്‍ അവനെ തല്ലിക്കൊന്നു താറാവ് തീറ്റയില്‍ ചേര്‍ത്ത് താറാവിനു കൊടുക്കുമത്രേ. ഭയങ്കരം! ഡിറ്റെക്റ്റീവ് നോവലുകളില്‍ കൊള്ളക്കാര്‍ സിഐഡികളെ ആസിഡ് ടാങ്കില്‍ ഇട്ടു നശിപ്പിച്ചു കളയാറുണ്ട്. ചിലരെ ദേഹത്ത് ബോംബ് കെട്ടിവെച്ച് പൊട്ടിച്ചു കൊല്ലാറുമുണ്ട്. പക്ഷെ തല്ലിക്കൊന്നു താറാവ് തീറ്റയില്‍ ചേര്‍ത്ത്... അതിഭയങ്കരം! ഓര്‍ക്കുമ്പോള്‍ തന്നെ പേടി വരുന്നു. ഞാന്‍ എങ്ങനെയെങ്കിലും സഹായിക്കാമെന്ന് സമ്മതിച്ചു.

ഉച്ചയ്ക്ക് ഭക്ഷണത്തിന് ബെല്ലടിച്ചപ്പോള്‍ ജാസിമിന്റെ കാര്യം ഞാന്‍ രമേഷിനോട് പറഞ്ഞു. രമേഷ് വീട്ടില്‍ പോയാണ് ഊണ് കഴിക്കുന്നത്. "താറാവ് മനുഷ്യനെ തിന്നുമോ?" രമേഷ് എന്നോട് ചോദിച്ചു. "അങ്ങനെ ചോദിച്ചാ... ആര്‍ക്കാ അറിയുക? തിന്നില്ലേലും അവന്റെ അച്ഛന്‍ തല്ലിക്കൊന്നു തീറ്റയുമായി കൂട്ടിക്കുഴച്ചാല്‍ തീര്‍ന്നില്ലേ കഥ?"  

ശരിയാണ്.. പ്രശ്നമാണ്. എനിക്കൊരു ബുദ്ധി തോന്നി. നമുക്ക് അവനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാം. അമ്മ പറഞ്ഞിട്ടുണ്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവര്‍ക്ക് അന്ന് വീട്ടില്‍ പോകാന്‍ പറ്റില്ല. സുഖമായി അവിടെ കിടക്കാം. ഭക്ഷണവും കിട്ടും. പക്ഷെ എന്ത് പറഞ്ഞു പോകും? രമേഷ് പറഞ്ഞു, ഒരു വഴിയുണ്ട്.. വയറിന് അസുഖം വന്നാല്‍ മതി, ആശുപത്രിയില്‍ കിടക്കാം. എന്റെ ഒരു അങ്കിള്‍ വയറിന് അസുഖം വന്ന് മൂന്നു ദിവസം വരെ ആശുപത്രിയില്‍ കിടന്നിട്ടുണ്ട്''. അങ്ങനെ അത് തീരുമാനമായി. പക്ഷെ എങ്ങനെ വയറിനസുഖം വരുത്തും? വഴിയുണ്ട്, രമേഷ് പറഞ്ഞു. "ഞാന്‍ വീട്ടില്‍ നിന്നും ഒരു സാധനം കൊണ്ടു വരാം." 

oru inchicurry gadgadam

രമേഷ് വീട്ടില്‍ നിന്നും കൊണ്ടുവന്നത് ഒരു തീപ്പെട്ടിയാണ്. എന്നുവച്ചാല്‍ ഒരു തീപ്പെട്ടി നിറയെ തീപ്പെട്ടി കമ്പിന്റെ അറ്റം മുറിച്ചെടുത്ത ചുവന്ന മരുന്നുണ്ടകള്‍. "ഇത് തിന്നാ മതി, കാര്യം നടക്കും. ഞാന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ കണ്ടിട്ടുണ്ട്, നായകന്‍ വില്ലന് വയറു വേദനയുണ്ടാക്കാന്‍ ഇത് കൊടുക്കുന്നുണ്ട്". രമേഷ് സത്യമായിട്ടു പറയുന്നതാന്നോ? ആര്‍ക്കറിയാം? പക്ഷെ ഒരു കാര്യം ശരിയാണ്. രമേഷിന്റെ വീട്ടില്‍ വിസിആര്‍ ഉണ്ട്. അതില്‍ കാണുന്ന പടങ്ങളുടെ കഥകള്‍ ഞങ്ങളോട് പറയാറുമുണ്ട്. "ഇംഗ്ലീഷ് സിനിമയില്‍ കണ്ടിട്ടുണ്ടെങ്കില്‍ ഉറപ്പാണ്. വൈകിട്ടിത് കഴിച്ചാ മതി," ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും ജാസിമിനെ നോക്കി. ജാസിം ശരി എന്ന അര്‍ത്ഥത്തില്‍ വ്യസനത്തോടെ തലയാട്ടി.

വൈകിട്ട് മൂന്ന് മണിക്കത്തെ ബ്രേക്കിന് വാട്ടര്‍ ബോട്ടിലിലെ വെള്ളവും ചേര്‍ത്ത് ജാസിം തീപ്പെട്ടിക്കമ്പിന്റെ മരുന്ന് കഴിച്ചു. ഒരു പിടി വാരി വായിലിട്ട് വെള്ളം കുടിച്ചു വിഴുങ്ങി. സ്‌കൂളിന് പിന്നിലുള്ള ടീച്ചര്‍മാരുടെ റൂമിനു കീഴെ നിന്ന് ഞാനും രമേഷും ജസിമും മാത്രമുള്ളപ്പോഴാണ് ഇത് ചെയ്തത്. ഞാന്‍ ആകപ്പാടെ ത്രില്ലടിച്ചു ഒരു പരുവമായി. സംഗതി നടക്കുമ്പോള്‍ ഒരു ബോഡി ഗാര്‍ഡിനെപോലെ അവര്‍ക്ക് പുറം തിരിഞ്ഞു നിന്ന് തല അനക്കാതെ ഞാന്‍ കൃഷ്ണമണികള്‍ മാത്രം ഇടത്തോട്ടും വലത്തോട്ടും അനക്കി ആ പ്രദേശം ആകമാനം വീക്ഷിച്ചു കൊണ്ട് ഒരു ഡിറ്റെക്റ്റീവിനെ പോലെ നിന്നു; ഞങ്ങളുടെ ഇടത്തും വലത്തും മതിലുകള്‍ ആയിരുന്നെങ്കില്‍ കൂടിയും! 

തിരിച്ചു ക്ലാസ്സില്‍ ചെന്ന് ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് ആയിക്കാണും. എന്റെ കൈയില്‍ ഒരു തണുത്ത സ്പര്‍ശം. നോക്കുമ്പോള്‍ ജാസിം ആണ്. അവന്‍ എന്നെ നോക്കി തലയാട്ടി കാണിച്ചു... ഗുഡ്. ഓപ്പറേഷന്‍ സക്സസ്സ്! ഞാന്‍ കരുതി. അപ്പോള്‍ അവന്‍ തല ചായ്ച്ച് എന്റെ ചെവിയില്‍ പറഞ്ഞു. "എനിക്ക് ഭയങ്കര വയറു വേദന, ഛര്‍ദ്ധിക്കാന്‍ വരുന്നു, തല കറങ്ങുന്നു, വലതു കാലില്‍ ഒരു പെരുപ്പ് പോലെ, ഞാന്‍ ഇപ്പോ മരിക്കും." 

കര്‍ത്താവെ! പെട്ടോ? ഞാന്‍ കരുതി. "നിനക്ക് തോന്നുന്നതായിരിക്കും. വയറു വേദന മാത്രമല്ലെ ഉള്ളൂ? "ഞാന്‍ ഉറപ്പിക്കാനായി ചോദിച്ചു. അല്ല! എനിക്കിപ്പോ ഇടത്തെ കാലും വേദനിക്കുന്നു...," ഇതു പറഞ്ഞിട്ട് അവന്‍ റോബോട്ട് പറയുന്ന പോലെ വീണ്ടും റിപീറ്റ് ചെയ്തു പറഞ്ഞു... "എനിക്ക് ഭയങ്കര വയറു വേദന, ഛര്‍ദ്ധിക്കാന്‍ വരുന്നു, തല കറങ്ങുന്നു, വലതു കാലില്‍ ഒരു പെരുപ്പ് പോലെ, ഞാന്‍ ഇപ്പോ മരിക്കും," ഞാന്‍ ഇത് രമേഷിനോട് പറഞ്ഞു. അവന്‍ എന്തോ തിരക്കിട്ട് എഴുതുവാണ്. ഒന്നും മിണ്ടുന്നില്ല. കേട്ട് കാണില്ല. ഞാന്‍ വീണ്ടും പറഞ്ഞു. "രമേഷേ, പ്രശ്നമാണ്, ജാസിം ഇപ്പൊ മരിക്കും..." ങ്ഹേ...! രമേഷ് കേട്ടില്ല.  

oru inchicurry gadgadam

ഇതെന്താ ഇവന്‍ കേള്‍ക്കാത്തെ?

സ്‌കൂള്‍ ബെല്ലടിച്ചു. കുട്ടികളെല്ലാം വീട്ടില്‍ പോകാനുള്ള തിരക്കിലായി. ജാസിം എന്നോട് പറഞ്ഞു. "ഞാന്‍ മരിക്കുവാണേല്‍ എന്റെ സ്പോര്‍ട്സ് സ്റ്റാര്‍ മാഗസിന്‍ പോസ്റ്ററുകള്‍ എല്ലാം നീ എടുത്തോ," കൂട്ടത്തില്‍ കുട്ടിപ്പാവാടയിട്ട രണ്ടു ടെന്നീസ് കളിക്കാരികളുടെയും പടമുണ്ട്, അതും നീ എടുത്തോ,"  

സംഗതി കൊള്ളാം, പക്ഷെ ഇപ്പോള്‍ മരിച്ചാല്‍ പ്രശ്നമാകും. ഞാന്‍ വിചാരിച്ചു. പക്ഷേ ഈ രമേഷ് എന്തിയെ? കാണുന്നില്ലല്ലോ!

എന്റെ സൈക്കിള്‍ റിക്ഷ താമസിച്ചേ വരൂ. അതുകൊണ്ട് സ്‌കൂളില്‍ നിന്നേ പറ്റൂ. ജാസിമാണെങ്കില്‍ എന്റെ ഒരു കൈ പിടിച്ച് വയറില്‍ തടവി സ്‌കൂള്‍ ബസ് വരുന്ന സ്ഥലത്ത് താഴെ ഇരിക്കുവാണ്. ഇടയ്ക്ക് അയ്യോ! അമ്മേ! മരിച്ചേ! എന്നൊക്കെ പറയുന്നുമുണ്ട്. ഇങ്ങനെ ഒരു ഇരുപതു ഇരുപത്തിയഞ്ചു മിനിറ്റായിക്കാണും. ഞങ്ങള്‍ രണ്ടും മാത്രമേ അവിടെയുള്ളൂ. ഞാന്‍ നോക്കുമ്പോള്‍ എന്റെ സൈക്കിള്‍ റിക്ഷ ദൂരെ നിന്ന് വരുന്നുണ്ട്. ജാസിമിന്റെ വീട് അടുത്താണ്. അവന്‍ നടന്നാണ് പോകാറ്. പക്ഷെ എങ്ങനെ കൊണ്ട് ചെന്നാക്കും? രക്ഷപെടുന്നതാണ് ബുദ്ധി! അല്ലാ! ഈ രമേഷ് എന്തിയെ?

ഞാന്‍ പറഞ്ഞു, "ജാസിമേ, എന്റെ ഹീറോ പെന്‍ കാണുന്നില്ല. ഞാന്‍ ഇപ്പൊ വരാമേ," ജസീം എന്തോ പറഞ്ഞു. ഞാന്‍ ഗൗനിക്കാതെ പടികള്‍ ചാടി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പോയി. എന്നിട്ട് അപ്പുറത്തെ ഗേറ്റിലൂടെ ഓടിച്ചെന്ന് സൈക്കിള്‍ റിക്ഷയില്‍ കയറി. റിക്ഷയില്‍ മറ്റു കുട്ടികള്‍ കല പില കൂട്ടുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരിക്കുവാണ്. അത് പതിവുള്ളതല്ല. "എന്തുപറ്റി? മോന് നല്ല സുഖമില്ലേ?" സദാശിവന്‍ ചേട്ടന്‍ ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. എനിക്ക് വല്ലാത്ത പേടി തോന്നി. ജാസിം ഇപ്പൊ എന്ത് ചെയ്യുവായിരിക്കും? രക്തം ഛര്‍ദ്ധിച്ചു അവിടെ കിടന്നു മരിക്കുവോ? അങ്ങനെയാണെങ്കില്‍ പോലീസ് പട്ടി വരുമായിരിക്കും. അവറ്റകള്‍ മണം പിടിച്ച് എന്റെ പുറകെ വരും. എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകും. പോലീസ് കൊച്ചു പിള്ളേരെ ജയിലിലിട്ട് ഇടിക്കുമോ?

അന്ന് രാത്രി ഞാന്‍ ഒന്നും പഠിച്ചില്ല. ഭക്ഷണം വിളമ്പിയപ്പോള്‍ ഡൈനിങ്ങ് റൂമില്‍ വന്നിരുന്നു ചുമ്മാ എന്തോ കഴിച്ചെന്നു വരുത്തി. ആരോടും ഒന്നും മിണ്ടിയതുമില്ല. ആകപ്പാടെ ഒരു ഇത്. "പനി വരുന്നുണ്ടോ? തല കറങ്ങുന്നുണ്ടോ? ഈ ചെറുക്കന് ഇതെന്നാ പറ്റി?" അമ്മ ആരോടെന്നില്ലാതെ ചോദിച്ചു, "നിനക്ക് ഇഞ്ചിക്കറി വേണ്ടേ? എന്താ ഒന്നും മിണ്ടാത്തെ?" ചേട്ടന്‍ പറഞ്ഞു, "പൊട്ടനാന്നെന്നു തോന്നുന്നു". ഞാന്‍ ചേട്ടനെ ദഹിപ്പിക്കുന്ന തരത്തില്‍ ഒന്ന് നോക്കി. പുള്ളി എന്നെ നോക്കിക്കൊണ്ട് ചിരിച്ചു. എന്നിട്ട് പറഞ്ഞു. "തിന്നെടാ, നല്ല രുചി!" "ഒന്നും വേണ്ടെങ്കില്‍ എണീറ്റ് പോ," അച്ഛന്‍ പറഞ്ഞു. ഞാന്‍ എണീറ്റ് പോയി, കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു. അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറങ്ങി. 

oru inchicurry gadgadam

രാവിലെ സൈക്കിള്‍ റിക്ഷയില്‍ പോകുമ്പോള്‍ വീണ്ടും ഭീകരമായ ചിന്തകള്‍ എന്നെ പിടികൂടി. രാത്രി പോലീസ് പട്ടി വരാത്ത സ്ഥിതിക്ക് മിക്കവാറും എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്‌കൂള്‍ വാതുക്കല്‍ കാത്തു നില്‍പ്പുണ്ടാവും. ചിലപ്പോള്‍ പോലീസ് എന്നെ കാണുമ്പോള്‍ തന്നെ വെടിവച്ചേക്കും. ജാസിമിന്റെ മൃതശരീരം അവിടെ ഓഡിറ്റോറിയത്തില്‍ വച്ചിട്ടുണ്ടാവും. വെള്ള ഗ്ലൗസൊക്കെയിട്ട്. എല്ലാ ക്ലാസുകാരും അവനെ കാണാന്‍ വേണ്ടി വരിവരിയായി പോകുമായിരിക്കും. അമ്മേ! എനിക്ക് എങ്ങനെയെങ്കിലും സ്‌കൂളില്‍ എത്തിയാ മതിയെന്നായി.

സ്‌കൂളിലേക്കുള്ള വളവു തിരിഞ്ഞപ്പോത്തന്നെ ഞാന്‍ തല പുറത്തിട്ടു നോക്കി. എന്തെങ്കിലും പ്രശ്നമുണ്ടോ? അതാ വാതുക്കല്‍ പതിവ് പോലെ തമിഴന്‍ സെല്‍വന്‍ നിന്ന് ഐസ്‌ക്രീം വില്‍ക്കുന്നു. കുട്ടികള്‍ വരുന്നു, സ്‌കൂളില്‍ കേറുന്നു. ആരെങ്കിലും എന്നെ 'എടാ നീയാണല്ലേ ആ പാവം പയ്യന് വിഷം കൊടുത്തത്' എന്ന അര്‍ത്ഥത്തില്‍ നോക്കുന്നുണ്ടോ? ഇല്ല, ആരുമില്ല. 

എല്ലാം എന്നത്തേയും പോലെ വളരെ സാധാരണം. കൊള്ളം! അപ്പോള്‍ എന്റെ എതിരേ സൂസന്‍ ടീച്ചര്‍ നടന്നു വന്നു. ഞാന്‍ "ഗുഡ് മോര്‍ണിംഗ് മിസ്സ്" പറഞ്ഞു. ടീച്ചര്‍ ചിരിച്ചു കൊണ്ട് തിരിച്ചു ഗുഡ് മോര്‍ണിംഗ് പറഞ്ഞു! പ്രശ്നമൊന്നും ഇല്ല! കര്‍ത്താവെ...! 

ക്ലാസ്സില്‍ കേറി ഞാന്‍ നോക്കുമ്പോള്‍ ദേ ഇരിക്കുന്നു ജാസിം. അവന്‍ ബാഗില്‍ എന്തോ തിരയുകയാണ്. ഞാന്‍ ഓടി അടുത്തു ചെന്നു. ഞാന്‍ ചോദിച്ചു, "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?" "എന്ത് കുഴപ്പം?" അവന്‍ പറഞ്ഞു, "നിനക്ക് ചിപ്സ് വേണോ? അച്ഛന്‍ ഇന്നലെ കൊണ്ടുവന്നതാ." ങേ! അപ്പോ വയറു വേദന? കൈ കാല്‍ തരിപ്പ്? ഛര്‍ദ്ധി? 

"ഓ! അതെല്ലാം ഇന്നലെ വൈകിട്ടു തന്നെ പോയി. ഞാന്‍ നിന്നെ പേടിപ്പിക്കാന്‍ ചുമ്മാ ഇച്ചിരി കൂടുതലും കാണിച്ചാരുന്നു!" അത് കൊള്ളാം. ഞാന്‍ ടെന്‍ഷന്‍ അടിച്ചു ചത്തത് മിച്ചം. അവന്‍ തുടര്‍ന്ന് പറഞ്ഞു. "അച്ഛന്‍ എന്നെ വഴക്കൊന്നും പറഞ്ഞില്ല. അച്ഛന്‍ പറയുകയാ സ്‌കൂളില്‍ കിട്ടുന്ന മാര്‍ക്കിലൊന്നും ഒരു കാര്യവുമില്ല, ബിസിനസാ നല്ലതെന്ന്. വലുതാകുമ്പോള്‍ ബിസിനസ് പഠിച്ചോണം എന്നും പറഞ്ഞു," 

ഞാന്‍ വാ പൊളിച്ചു. ബെസ്റ്റ്!

"ഇന്നാ ചിപ്സ്," അവന്‍ എന്റെ നേരെ ചിപ്സുമായി കൈ നീട്ടി. നല്ല സ്വര്‍ണ നിറമുള്ള വാഴയ്ക്കാ ചിപ്സ് അവന്റെ കൈയില്‍ ഇരുന്നു തിളങ്ങി! 

inchi curry

ശര്‍ക്കരയിട്ട നാടന്‍ ഇഞ്ചിക്കറി
നോയമ്പ് കാലത്ത് ഞങ്ങളുടെ വീട്ടിലെ ഒരു പ്രധാന കറിയാണ് ഇഞ്ചിക്കറി. മിക്കവാറും ഒരു നേരമേ വീട്ടില്‍ അന്ന് ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. അത് രാത്രിയിലാണ്. നോയമ്പ് സമയത്ത്  എനിക്ക് ഒന്നാമതേ ഒടുങ്ങാത്ത വിശപ്പായിരിക്കും, അതിന്റെ കൂടെ ഇഞ്ചിക്കറി കൂടിയാകുമ്പോള്‍ പെട്ടെന്ന് വിശന്നു പ്രാന്തെടുക്കും. ഒരു മണിയാകുമ്പോള്‍ വിശക്കുന്ന എനിക്ക് നോയമ്പ് കാലത്ത് 10 മണിക്കേ വിശക്കും. 'ഇച്ചിരി വിശക്കട്ടെ, നിനക്ക് ഇച്ചിരി പുണ്യം കൂടുതല്‍ കിട്ടേണ്ട ആവശ്യമുണ്ട്. കൈയിലിരിപ്പ് അത്രയ്ക്കല്ലേ'' അമ്മ പറയും. ഞാന്‍ ആരും അറിയാതെ മുറ്റത്തു നില്‍ക്കുന്ന തക്കാളിയും മാങ്ങയുമൊക്കെ പറിച്ചു തിന്നും, സ്റ്റോര്‍ റൂമിലെ ചാക്കില്‍ നിന്നും പച്ചരി വാരി തിന്നും. എന്നിട്ട് കൊതിമൂത്ത് അടുക്കളയില്‍ വന്നു ചട്ടിയുടെ അടപ്പ് പൊക്കി ഇഞ്ചിക്കറി കൈയിട്ടു നക്കി വെള്ളം കുടിച്ചു ഒന്നുമറിയാത്ത പോലെയങ്ങ് പോകും. 

ആവശ്യമുള്ള സാധനങ്ങള്‍:
ഇഞ്ചി- 250 ഗ്രാം
തേങ്ങ- 1 എണ്ണം (ചിരകിയത്) 
വാളന്‍പുളി- ആവശ്യത്തിന്
ശര്‍ക്കര- ഒരു ചെറിയ കഷ്ണം 
വറ്റല്‍മുളക്- 10 എണ്ണം 
മല്ലിപ്പൊടി- 3 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി- കാല്‍ടീസ്പൂണ്‍
ചുമന്നുള്ളി- 25  ഗ്രാം
മഞ്ഞള്‍പൊടി, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, കടുക്- ആവശ്യത്തിന്

എന്നാല്‍ ഉണ്ടാക്കിയാലോ?
ആദ്യം ഇഞ്ചി ഒരു പാത്രത്തില്‍ നല്ലതു പോലെ മുക്കി കഴുകുക. കഴുകിയതിനു ശേഷം ടാപ്പിനു താഴെ വേണമെങ്കില്‍ ഒഴുകുന്ന വെള്ളത്തില്‍ ഒന്നൂടെ കഴുകാം. ഇതിനു ശേഷം തൊലി ചീകി മാറ്റി ചെറുതായി നുറുക്കി അരിയുക. 

ഇനിയിത് വെള്ളത്തില്‍ വേവിക്കുക. അതിനു ശേഷം വെള്ളം നന്നായി ഊറ്റി മാറ്റുക. ഒരു ടിഷ്യു പേപ്പറില്‍ ഇഞ്ചി കോരി വെച്ചാല്‍ വളരെ നല്ലത്. ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി അതില്‍ തേങ്ങയും, ഉള്ളിയുമിട്ടു വറുക്കുക. തീ അധികമാകാതെ സൂക്ഷിക്കണം. ചുവന്നു വരുന്ന കൂട്ടിലേക്ക് മല്ലിപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ല സ്വര്‍ണനിറമാകുന്നവരെ വറുക്കുക. ഇനി ഇത് നല്ല വടിയെ അരച്ചെടുക്കാം. 

ഒരു ചട്ടിയില്‍ എണ്ണയെടുത്ത് വെള്ളം വാര്‍ന്ന ഇഞ്ചിയിട്ട് വറുക്കുക. എന്നിട്ട് അരകല്ലിലോ മിക്സിയിലോ പൊടിച്ചെടുക്കണം. ഈ പൊടി വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത് പിഴിഞ്ഞ വെള്ളത്തില്‍ ആദ്യം തയ്യാറാക്കിയ അരപ്പ് കൂട്ടും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉലുവയും കടുകും വറ്റല്‍ മുളകും എണ്ണയില്‍ മൂപ്പിച്ച് ഒഴിയ്ക്കാം.

വെള്ളം നന്നായി കളഞ്ഞു ശ്രദ്ധിച്ചുണ്ടാക്കിയാല്‍ കുറച്ചേറെ നാളുകള്‍ ഇഞ്ചിക്കറി കേടു കൂടാതെയിരിക്കും.  

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)
വര: ദേവപ്രകാശ്

വള്ളിനിക്കറിട്ട റെസിപ്പികളുടെ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം

പോലീസ് പിടിച്ച മീന്‍പീര

ഊരിപ്പോയ നിക്കറും ഞണ്ടുകറിയും

ഉള്ളിത്തീയലും ഹിന്ദി ട്യൂഷനും തമ്മിലുള്ള അന്തര്‍ധാര

മീന്‍കറിയുടെ എരിവും തോല്‍വിയുടെ പുളിയും!

മഴക്കാലവും മീന്‍ മപ്പാസും

കശുവണ്ടി കുമ്പസാരവും ഞായറാഴ്ച ബീഫും

ഹോ! എന്തായിരുന്നു ആ കാലം!