വീട്ടില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരത്തുള്ള ലിയോ തെര്‍ട്ടീന്ത് പ്രിപ്പാററ്ററി സ്‌കൂളിലാണ് ഞാനും ചേട്ടനും പഠിക്കുന്നത്. പ്രിപ്പാററ്ററി എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 'പപ്പരവെട്ടി' എന്നാണ് ഞങ്ങള്‍ കുട്ടികള്‍ സ്‌കൂളിനെ വിളിച്ചിരുന്നത്. ഞങ്ങളുടെ ചേച്ചിയാകട്ടെ ഇതിന്റെ തൊട്ടടുത്തുള്ള കന്യാസ്ത്രീ അമ്മമാര്‍ നടത്തുന്ന സെയിന്റ് ജോസഫ് ഗേള്‍സ് ഹൈ സ്‌കൂളിലും. സ്‌കൂളിലൊക്കെ അന്ന് നടന്നും സൈക്കിള്‍ റിക്ഷയിലും മറ്റുമാണ് ചെറിയകുട്ടികള്‍ പോയിരുന്നത്.

അന്ന് ഒരു ആറു ഏഴു ക്ലാസ് ആകുമ്പോഴേക്കും മിക്കവര്‍ക്കും സ്വന്തമായി സൈക്കിള്‍ കിട്ടും. പക്ഷെ ചേട്ടന് അഞ്ചാം ക്ലാസ്സില്‍ കിട്ടി. അതുവരെ ഞാനും, ചേട്ടനും ചേച്ചിയും കൂടെ സദാശിവന്‍ ചേട്ടന്റെ സൈക്കിള്‍ റിക്ഷയിലാണ് സ്‌കൂളില്‍ പോയിരുന്നത്. ഞങ്ങളെ കൂടാതെ വേറെ നാലു പിള്ളേര്‍ കൂടെ വണ്ടിയില്‍ ഉണ്ട്. സദാശിവന്‍ ചേട്ടന് താടിയും കപ്പടാ മീശയുമുണ്ട്. സംസാരവും ചിരിയും വളരെ കുറവും. വളരെ പതുക്കെ സൈക്കിള്‍ റിക്ഷചവിട്ടുന്ന കാരണം മിക്കവാറും ബെല്‍ അടിക്കുന്ന നേരത്താണ് ഞങ്ങള്‍ സ്‌കൂളില്‍ എത്തുക. 

ആക്കാലത്ത് ഞങ്ങളുടെ വീട്ട് മുറ്റത്ത് ഒരു ആറു ഏഴു പറങ്കി മാവുകളുണ്ട്. സൈക്കിള്‍ റിക്ഷ കാത്തു നില്‍ക്കുന്ന സമയത്ത് ഞാനെന്നും മുറ്റത്തൂടെ ഒന്ന് കറങ്ങും. പുതുമഴയത്തു കിളിര്‍ത്ത കശുവണ്ടിയില്‍  നിന്നും കിളിര്‍പ്പ് പിച്ചി കഴിക്കും, അല്ലെങ്കില്‍ താഴെ അവിടെ ഇവിടെയായി കിടക്കുന്ന കശുമാങ്ങ അണ്ടി ഇറുത്തു കഴിക്കും. ഒരിക്കല്‍ എനിക്ക് മുറ്റത്ത് നിന്നും രണ്ടു മൂന്നു നല്ല മുഴുത്ത പറങ്കിമാങ്ങാ കിട്ടി. രണ്ടെണ്ണം അപ്പോള്‍ തന്നെ ഞാന്‍ അകത്താക്കി. പിന്നെ എപ്പോഴെങ്കിലും കഴിക്കാന്‍ വേണ്ടി മറ്റു രണ്ടെണ്ണം അണ്ടി ഇറുത്തു സ്‌കൂള്‍ ബാഗില്‍ ഇടുകയും ചെയ്തു. പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ കഴിക്കാം! 

ക്ലാസ്സില്‍ ഏതോ പീരീഡ് മാറിയപ്പോള്‍ ബുക്ക് എടുക്കാന്‍ വേണ്ടി ബാഗ് തുറന്നതാണ്, ദേ കിടക്കുന്നു രണ്ടു മാങ്ങ! ബുക്കിന്റെ സൈഡ് കുത്തി ഒരണ്ണം ചെറുതായി ചതഞ്ഞിട്ടുണ്ട്. ഇളം ചുവപ്പിന്റെയും ഇളം മഞ്ഞയുടെയും ചെറു തിളക്കം. ഞാന്‍ പതുക്കെ എടുത്തു ആരും കാണാതെ ഒളിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ എന്റെ പുറകിലത്തെ ബഞ്ചില്‍ ഇരിക്കുന്ന അനില്‍ വി ഇത് കണ്ടു. ശട പാടേന്ന് ഒരു മാങ്ങ കൈയില്‍ എടുത്തുയര്‍ത്തി അവന്‍ ചോദിച്ചു: 

Vallinikkaritta Receipikal 2nd story

'ഇതെന്തു സാധനം?' ഒച്ച കേട്ട് എല്ലാവരും നോക്കി. ഭാഗ്യം! ടീച്ചര്‍ ക്ലാസ്സില്‍ എത്തിയിട്ടില്ല. ഞാന്‍ തിരിഞ്ഞ് അതവന്റെ കൈയില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. 'അത് സബര്‍ജില്‍ ആണ്', ജോസുകുട്ടന്‍ പറഞ്ഞു. എന്റെ വീട്ടില്‍ സബര്‍ജില്‍ മേടിക്കും. എന്റെ അപ്പൂപ്പനു വിക്കുണ്ട്. വിക്ക് മാറാന്‍ സബര്‍ജില്ല് കഴിച്ചാല്‍ മതി.' 'ഇതിനു ഒരു പ്രത്യേക മണമുണ്ടല്ലോ', ക്ലാസ് ലീഡര്‍ ടോണി അഭിപ്രായപ്പെട്ടു. ടോണിക്ക് മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും മൂക്കൊലിപ്പുണ്ട്. 

'ഇത് ഉറപ്പായിട്ടും സബര്‍ജില്ലാണ്. എനിക്ക് സബര്‍ജില്ല് കണ്ടാല്‍ അറിയാം. എന്റെ വീട്ടില്‍ സബര്‍ജില്‍ മേടിക്കും. എന്റെ അപ്പൂപ്പന്‍ സബര്‍ജില്ല് കഴിക്കും,' ജോസുകുട്ടന്‍ വിടുന്നില്ല. 'ഇത് സബര്‍ജില്ലുമല്ല കുബര്‍ജില്ലുമല്ല', ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. 'ഇതാണ് പറങ്കിമാങ്ങ. മണ്ടന്മാര്‍ ഇതൊന്നും കണ്ടിട്ടിലേ? തിന്നു നോക്ക്,' ഇത് പറഞ്ഞു ഞാന്‍ ഒരു മാങ്ങ എടുത്തു പിച്ചി പറിച്ചു ചെറിയ കഷണങ്ങളാക്കി എല്ലാവര്‍ക്കും കൊടുത്തു. ടൗണിലെ പാവം ഫാരെക്‌സ് ബേബികള്‍! ആരും പറങ്കിമാങ്ങ കണ്ടിട്ടില്ല, തിന്നിട്ടുമില്ല! പറങ്കിമാങ്ങ കടയില്‍ മേടിക്കാന്‍ കിട്ടില്ലല്ലോ! കുരങ്ങന്മാര്‍! കഷ്ടം ! 

ഉച്ചയ്ക്ക് ഭക്ഷണത്തിനു ബെല്ല് അടിച്ചപ്പോള്‍ രമേഷ് കൃഷ്ണന്‍ എന്റെ അടുക്കല്‍ വന്നു. രമേശ് ക്ലാസ്സിലെ വലിയ പഠിത്തക്കാരനാണ്. അച്ഛനും അമ്മയും രണ്ടു പേരും ഡോക്ടര്‍മാര്‍. പച്ച പ്രീമിയര്‍ പദ്മിനി കാറിലാണ് രമേശ് സ്‌കൂളില്‍ വരുന്നത്. 'എനിക്ക് ഒരു മാങ്ങ തരാമോ... നല്ല ടേസ്റ്റ് തോന്നി', ശബ്ദം താഴ്ത്തിയാണ് ചോദിക്കുന്നത്. ഞാന്‍ ചോദിച്ചു 'എനിക്ക് എന്ത് പകരം തരും?' ''വാ'', രമേശ് എന്നെ വിളിച്ചു കൊണ്ട് പോയി അഡിഡാസ് എന്ന് വലുതായി എഴുതിയ ബാഗില്‍ നിന്നും ഒരു ചെറിയ സ്റ്റീല്‍ ടബ്ബ എടുത്തു തുറന്നു കാണിച്ചു. ഞാന്‍ കുനിഞ്ഞു നോക്കി. അതില്‍ നിറയെ തൊലി കളഞ്ഞു മുറിച്ച ആപ്പിള്‍ കഷണങ്ങള്‍! 'എടുത്തോ', അവന്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തോടുകൂടെ അതില്‍ കൈയിട്ടു. പിന്നെ കുറെ നാളത്തേയ്ക്ക് എനിക്ക് പരമ സുഖം. ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ കശുമാങ്ങ- ആപ്പിള്‍ കൈമാറ്റം നടന്നു കൊണ്ടിരിന്നു.

അക്കാലത്തു കശുവണ്ടി ഫാക്ടറിയില്‍ നിന്നും സീസണ്‍ ആകുമ്പോള്‍ ഏജന്റുമാര്‍ വീടുകളില്‍ കേറി ഇറങ്ങി പറങ്കി അണ്ടി ശേഖരിച്ചുകൊണ്ട് പോകും. ആശുപത്രിയില്‍ സര്‍ജിക്കല്‍ പ്ലാസ്റ്റര്‍ അടച്ചു വരുന്ന തകര ടിന്‍ കാലിയാകുമ്പോള്‍ അമ്മ അരിപ്പൊടിയും മറ്റും ഇടാനായി വീട്ടില്‍ കൊണ്ടു വരാറുണ്ട്. അങ്ങനത്തെ ഒരു പഴയ ടിന്നിലാണ് ഞങ്ങള്‍ കുട്ടികള്‍ പറമ്പില്‍ നിന്നും എടുത്തുകൊണ്ടു വരുന്ന പറങ്കി അണ്ടികള്‍ ഏജെന്റുമാര്‍ക്കു കൊടുക്കുവാനായി അമ്മ ഇട്ടുവയ്ക്കുക. മിക്കവാറും പറങ്കി അണ്ടികള്‍ പറമ്പില്‍ നിന്നും പെറുക്കി കൊണ്ട് വരുന്നത് ഞാനായിരിക്കും. സാദാ സമയവും സൈക്കിള്‍ തുടച്ചുകൊണ്ടിരിക്കുന്ന ചേട്ടന് ഇതിലൊന്നും ഒരു തല്‍പര്യവുമില്ല. ''ഹാ! കൊള്ളാമല്ലോടാ'' എന്നു തോളില്‍ തട്ടി അമ്മ പറയുമ്പോള്‍ ഞാന്‍ മൂക്ക് തുടച്ചുകൊണ്ട് വീര പരാക്രമിയായി ചേട്ടനെ നോക്കും. 

Vallinikkaritta Receipikal 2nd story

വീടിന്റെ ഇടതു വശത്തായി നില്‍ക്കുന്ന പറങ്കി മാവിനാണ് ഏറ്റവും പൊക്കമുള്ളത്. പണ്ട് തൊട്ടേ ഓണത്തിന് ഊഞ്ഞാല്‍ ഇടുന്നത് ഈ മാവിലാണ്. അത് കൊണ്ടാവണം മാവു ചെറുതായി ചരിഞ്ഞിട്ടാണ്. അതുകൊണ്ട് താഴത്തെ കൊമ്പില്‍ തൂങ്ങി മുകളിലോട്ടു കയറുക ഒട്ടും ശ്രമകരമല്ല. മരത്തില്‍ കയറുന്നത് കണ്ടാല്‍ അമ്മ വഴക്ക് പറയും. എന്തിനാണ് അമ്മ പേടിക്കുന്നത്? എനിക്ക് ഇതൊക്കെ ഈസിയല്ലേ? കാട്ടിലെ രാജാവായ ടാര്‍സന്‍ നിഷ്പ്രയാസം ഇതൊക്കെ ചെയ്യാറുണ്ട്. ടാര്‍സന് കാട്ടില്‍ ഒരു പാട് മൃഗങ്ങള്‍ കൂട്ടായിട്ടുണ്ട്. ഞാനും ചേട്ടനും ടാര്‍സന്‍ ആരധകന്മാര്‍ ആണ്. അച്ഛനാണ് ഞങ്ങള്‍ക്ക് ടാര്‍സന്‍ കഥകള്‍ പറഞ്ഞു തരുന്നത്. 

ചേട്ടനാണ് എന്നോട് ആ വിപ്ലവകരമായ ആശയം പറഞ്ഞത്. ''ഡാ, നമ്മുക്ക് ഈ മരത്തിന്‍മേല്‍ ഒരു ഏറുമാടം കെട്ടിയാലോ?''. ശരിയാണ്, ഏറുമാടം കെട്ടി ജീവിക്കുക എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര ത്രില്‍ തന്നെ. പക്ഷെ എങ്ങനെ കെട്ടും? ''അത് ഞാന്‍ നോക്കികൊള്ളം, നീ കൂടെ നിന്നാല്‍ മതി'', ചേട്ടന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഏറുമാടം പണിയാന്‍ തുടങ്ങി. കയര്‍, കത്തി മുതലായവ എടുത്തുകൊണ്ട് വന്ന് വെട്ടി ചെറുതാക്കിയ കവള മടല്‍ എല്ലാം കൂടെ കൂട്ടിക്കെട്ടി. പൂര്‍ണമായും ചേട്ടനാണ് പണിയെടുക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്യ്,  ഇങ്ങനെ ചെയ്യ് എന്ന് ഉപദേശവും ടെക്‌നോളജി ആന്‍ഡ് മോറല്‍ സപ്പോര്‍ട്ടും. രണ്ടു ദിവസം കൊണ്ട് പണി തീര്‍ന്നു. എന്നു വച്ചാല്‍ രണ്ടു ദിവസം കൊണ്ട് ചാഞ്ഞു കിടക്കുന്ന ഒരു മാവിന്‍ കൊമ്പില്‍ കവള മടല്‍ എല്ലാം കൂടി എങ്ങനയോ അങ്ങോട്ടും ഇങ്ങോട്ടും ചാരി കെട്ടി വെച്ച് ഒരു മെടഞ്ഞ ഓല കൊണ്ട്  മറച്ചു. ഞങ്ങളുടെ മനസ്സില്‍ വിചാരിച്ച പോലെ ഒന്നും ഒത്തില്ല. ''ഇച്ചിരി കൂടി സ്‌റ്റൈല്‍ ഒക്കെ ആകാമായിരുന്നു'', ഞാന്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന്‍ എന്നോട് ഒന്നും പറഞ്ഞില്ല.

വെട്ടിയ മീന്‍ തല തെങ്ങിന്‍ ചുവട്ടില്‍ കളയാനായി അമ്മ അടുക്കളയില്‍ നിന്നും പുറത്തു വന്നപ്പോള്‍ ചേട്ടന്‍ മാവിന് മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു, ''അമ്മേ, എങ്ങനെയുണ്ട്? ''ഇതെന്താ? ഉറുമ്പിന്‍ കൂടോ? നിനക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ? വെറുതെ സമയമുള്ളപ്പോള്‍ കപ്പയ്‌ക്കോ ചീരയ്‌ക്കോ ഒന്ന് നനച്ചൂടെ? ആ ചെറിയ ചെറുക്കനെ കൂടെ വെയില് കൊള്ളിച്ചു നീ വല്ലതും വരുത്തി വയ്ക്കും. അവന്‍ ഒന്നാമത് ഒരു അയ്യോ പാപി. ചുമ്മാ കമ്പും മടലും എല്ലാം എടുത്തു മാവില്‍ കെട്ടി തൂക്കിയിട്ടിരിക്കുന്നു. കേറി പോടാ രണ്ടും! ചേട്ടന്‍ തിരിഞ്ഞു ദേഷ്യത്തോടെ എന്നെ നോക്കി. ഞാന്‍ എന്ത് ചെയ്യാനാണ്? എല്ലും തോലുമായി ഇരിക്കുന്ന എനിക്ക് എപ്പോഴും പനിയും ചുമയും വരും. ഞാന്‍ പറഞ്ഞു ' അമ്മ ഇന്ന് ചൂടാണ്. ചിലപ്പം മീന്‍ വെട്ടിയപ്പോ കൈയില്‍ മുള്ളുകൊണ്ട് കാണും, അതാണ്'' 

Vallinikkaritta Receipikal 2nd story

ഏതായാലും ഏറുമാടം ഞാന്‍ ശരിക്കും മുതലാക്കി. കായ് വറുത്ത്, കപ്പലണ്ടി മുട്ടായി, എള്ളുണ്ട മുതലായവയുമായി ഞാന്‍ പതുക്കെ മുകളില്‍ വലിഞ്ഞു കേറും. ബാലരമ, പൂമ്പാറ്റ, അമ്പിളി അമ്മാവന്‍  മുതലായ കുട്ടികളുടെ പുസ്തകങ്ങളും കൂടെ കൊണ്ട് പോകും. സ്വസ്ഥമായി ഇരുന്നു കാറ്റ് കൊണ്ട് ഓരോന്ന് കൊറിച്ചു കൊണ്ട് കാറ്റില്‍ ആടുന്ന ശിഖരത്തിലെ സുഖം ഞാന്‍ അനുഭവിക്കും. ആരും ശല്യപ്പെടുത്താനില്ലാത്ത സ്വന്തം സാമ്രാജ്യം. അങ്ങനെ ആനന്ദത്തിന്റെ അപാര സുഖലോലുപതയില്‍ വിരാജിക്കുമ്പോഴാണ് അത് സംഭവിച്ചത്! 

ഒരു ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് എല്ലാരും ഊണ് കഴിച്ചു സുഖമായി ഉറങ്ങുന്നു. ചേട്ടന്‍ മുറിയില്‍ ഇരുന്നു സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസിനിലെ ക്രിക്കറ്റ് പടങ്ങള്‍ നോക്കി സ്വന്തം ക്രിക്കറ്റ് ഭാവി സ്വപ്നം കാണുന്നു. ഞാന്‍ പുതുക്കെ പമ്മി പമ്മി പുറത്തിറങ്ങി. ഗുജറാത്തിലെ ജോണ്‍ കുട്ടി അങ്കിള്‍ കൊണ്ടുവന്ന പല വിധ ബിസ്‌കെറ്റ് പായ്ക്കറ്റുകള്‍ എന്റെ കൈയിലുണ്ട്. ശബ്ദം ഉണ്ടാക്കാതെ, ഇല പോലും അനക്കാതെ ഞാന്‍ മാവില്‍ പിടിച്ചുകേറി, ചരിഞ്ഞ കൊമ്പിലൂടെ ഊര്‍ന്നിറങ്ങി ഏറുമാടത്തിലെത്തി. കാല് പുറത്തേയ്ക്കിട്ടു അറ്റത്തായി ഇരിപ്പുറപ്പിച്ചു. മടിയില്‍ ചിത്രകഥ പുസ്തകം, കൈയില്‍ ക്രീം ബിസ്‌കെറ്റ്, ചെറു കാറ്റ്, സുഖം.. ശാന്തം. അപ്പുറത്ത വീട്ടിലെ ചേച്ചി അലക്കുകല്ലില്‍ തുണി അടിക്കുന്നതിന്റെ മനോഹര ശബ്ദം. കാറ്റില്‍ തെങ്ങോലകള്‍ അനങ്ങുന്നതിന്റെ ശബ്ദം! ഞാന്‍ പുസ്തകം മറിച്ചു നോക്കികൊണ്ട് ഓരോ ബിസ്‌കെറ്റ് ആയി കടിച്ചു തിന്നുകയാണ്. പെട്ടെന്ന് ഞാന്‍ കണ്ടു. 

താഴെ നിന്ന് കൊതിയുള്ള രണ്ടു കണ്ണുകള്‍ എന്നെ നോക്കുന്നു.  ഞങ്ങളുടെ പ്രിയപ്പെട്ട പട്ടി കിഷോര്‍ ആണ്. നാക്ക് പുറത്തിട്ടു കിതച്ചു കൊണ്ട്, ഇടയ്ക്കിടെ കിറി നക്കി, ചെവി പുറകിലോട്ടു മടക്കി തല പൊക്കി ബിസ്‌കെറ്റ് തിന്നുന്ന എന്നെ നോക്കുവാണ്. എനിക്ക് അനുകമ്പ തോന്നി. ഫാരെകസ് ഒക്കെ കഴിച്ചു വളര്‍ന്ന പട്ടിയാണ്, ബിസ്‌കെറ്റ് കണ്ടാല്‍ കൊതി തോന്നും. ഞാന്‍ ഒരണ്ണം താഴേക്ക് ഇട്ടു കൊടുത്തു. ''ടപ്പ്'' എന്ന് കിഷോര്‍ അത് ചാടി പിടിച്ചു വിഴുങ്ങി. കൊള്ളാമല്ലോ! ഒരണ്ണം ഞാന്‍ തിന്നും, ഒരണ്ണം കിഷോര്‍ തിന്നും... അങ്ങനെ പോകുവായിരുന്നു.

ഞാന്‍ ആവേശത്തില്‍ മുമ്പോട്ടോ മറ്റോ കുനിഞ്ഞു എന്നു തോന്നുന്നു. ചന്തിക്കടിയിലെ കവള മടല്‍ തെന്നിപ്പോയി. ബിസ്‌കെറ്റും പുസ്തകങ്ങളും കവളമടലും ഓലയും കൂടെ ഈ ഞാനും എല്ലാം പറിഞ്ഞ് ഒടിഞ്ഞു നേരെ താഴോട്ട് വീണു. ഞാന്‍ വീണത് വെള്ള മണ്ണില്‍ നെഞ്ചും മുഖവും കുത്തിയാണ്. ഭയങ്കര ശബ്ദം. എന്റെ മുതുകില്‍ ഒരു മടല്‍ വന്നു കുത്തിവീണു. കഴുത്തിന് മുകളിലായി ഒരു ഓലയും. ഭയങ്കര വേദന. കൈയൊക്കെ തിരിഞ്ഞു പോയത് പോലെ. നല്ല നീറ്റലും പുകച്ചിലും! കമന്നു കിടക്കുന്ന എന്റെ മുഖത്ത് വാലാട്ടി കൊണ്ട് പതുക്കെ ഓടി വന്നു കിഷോര്‍ നക്കി. ചെവിയില്‍ പട്ടി നക്കുമ്പോള്‍ ഉള്ള സുഖവും വീണതിന്റെ വേദനയും കൂടി ഞാന്‍ വല്ലാതെ ഞരങ്ങി. വായില്‍ ഇഷ്ട്ടികയുടെ രുചി. മണ്ണ് കേറിയത് കാരണം കണ്ണ് തുറക്കാന്‍ വയ്യ. ''മോനെ'', എന്ത് പറ്റിയെടാ?'' എന്ന് ഉറക്കെ വിളിച്ചു അമ്മ ഓടിവന്നു, ഓലയും മടലുമൊക്കെ മാറ്റി എന്നെ പിടിച്ചു എണീപ്പിച്ചു. അപ്പുറത്ത വീട്ടിലെ ചേച്ചി അലക്ക് നിറുത്തി വേലിയുടെ ഇടയില്‍ കൂടെ നൂണ്ടു ഓടിവരുന്നുണ്ട്. ഛെ! ആകപ്പാടെ നാറ്റക്കേസായി. 

Vallinikkaritta Receipikal 2nd story

ശബ്ദം കേട്ട് അന്തിച്ചു ഓടി വന്ന ചേട്ടനെ അമ്മ ഒരു വടിയെടുതു തല്ലി. എന്തിനാണ് ചേട്ടനെ തല്ലിയത്? ചേട്ടന്‍ അടികൊണ്ട തുട തടവികൊണ്ട് ചെറുതായി കരഞ്ഞു പരിഭ്രമിച്ച് മാവുനു ചുറ്റും ഓടി. 'എടുത്തു മാറ്റെടാ ഈ കുന്തമെല്ലാം, നിന്നോട് രണ്ടിനോടും ഞാന്‍ പറഞ്ഞതാ... അപകടം പിടിച്ച കളി!, വിതുമ്പുന്ന ചേട്ടനും, ചിരിക്കുന്ന ചേച്ചിയും ചൂടായ അമ്മയും കൂടി ബാക്കിയുള്ള മടലെല്ലാം വലിച്ചു പൊളിച്ചു കളഞ്ഞു. അപ്പുറത്തെ വീട്ടിലെ ചേച്ചി എന്റെ കണ്ണിലെ മണ്ണ് ഊതിക്കൊണ്ട് ചോദിച്ചു. 'മോന്‍ എന്താ ചെയ്‌തെ? എന്തിനാ പട്ടിയെ പിടിക്കാന്‍ താഴോട്ട് ചാടിയെ?'' ഞാന്‍ എന്ത് പറയാന്‍? പാവം ചേട്ടന് അടിയും കിട്ടി, എന്റെ ഏറുമാടവും പോയി. ഏതായാലും ചേട്ടനെ അടിച്ച സങ്കടം കൊണ്ടാണെന്ന് തോന്നുന്നു. അന്ന് രാത്രി അമ്മ ഞങ്ങള്‍ക്കു മൂന്നു പേര്‍ക്കും വാനില എസ്സെന്‍സ് ഒഴിച്ച് ഐസ് ക്രീം ഉണ്ടാക്കി തന്നു. ഞാന്‍ രണ്ടു കപ്പു കഴിച്ചു. 

അങ്ങനെയിരിക്കെ ഒരു ദിവസമാണ് എന്നില്‍ ചെകുത്താന്‍ ആവേശിച്ചത്. എന്നുവച്ചാല്‍, സ്‌കൂളില്‍ പോകുമ്പോള്‍ സംജു ചെറിയാന്‍ എന്നു വിളിക്കുന്ന ഒരു കുട്ടിയെ കയറ്റാനായി സദാശിവന്‍ ചേട്ടന്‍ ഒരിടത്തു സൈക്കിള്‍ റിക്ഷ നിര്‍ത്തും. നിര്‍ത്തുന്നതിന്റെ അടുത്ത്, നേരെ എതിര്‍ വശത്തായി ഒരു ചെറിയ പീടികയുണ്ട്. ആ പീടികയില്‍ ആളുകള്‍ പറങ്കി അണ്ടി കൊടുത്തു കാശു വാങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ മനസിനെ അപ്പോള്‍ അവിടെവച്ചു ചെകുത്താന്‍ സ്വന്തമാക്കി. എന്നിട്ട് അതെന്നോട് ഒരു ഐഡിയ അരുമയായി ചെവിയില്‍ ഓതി. കൊള്ളാമല്ലോ! ഐഡിയ ഞാന്‍ ഉടന്‍ തന്നെ കൂടെ ഇരുന്ന ചേട്ടനെ ധരിപ്പിച്ചു. കുശുകുശുപ്പു കേട്ട് വായിക്കുന്ന ബുക്കില്‍ നിന്നും തല പൊക്കി ചേച്ചി ചേട്ടനോടായി ചോദിച്ചു ''എന്നാ?'' തോള് രണ്ടും പൊക്കി കൊണ്ട് ചേട്ടന്‍ പറഞ്ഞു ''ആ!''. എന്നോട് ചേച്ചി ചോദിച്ചില്ല, എന്നിട്ടും ഞാന്‍ ചേച്ചിയോടായി പറഞ്ഞു ''ആ!'' 

പിറ്റേ ദിവസം തന്നെ പദ്ധതി നടപ്പാക്കി. പള്ളിയില്‍ നിന്ന് വന്നിട്ട് ആദ്യം ഞാന്‍ കുളിക്കാന്‍ കേറും. വേഗം കുളിച്ചിട്ടു ചേട്ടന്‍ കുളിക്കാന്‍ ബാത്റൂമില്‍ കേറുമ്പോള്‍ അച്ഛനും ചേച്ചിയും കാണാതെ ശൂര്‍ക്കേന്നു മൂന്ന് നാല് പിടി പറങ്കി അണ്ടികള്‍ വാരി നിക്കറിന്റെര ണ്ടു പോക്കെറ്റിലുമായി ഇടും. എനിട്ട് ഒന്നും അറിയാത്തത് പോലെ കഴുത്തറ്റം പുട്ടോ ഇടലിയോ കഴിച്ചിട്ട് കുനിഞ്ഞു ഇരിക്കാന്‍ പറ്റാതെ നിവര്‍ന്നിരുന്ന് സദാശിവന്‍ ചേട്ടനെ പ്രതീക്ഷിക്കും. സദാശിവന്‍ ചേട്ടന്‍ വരുമ്പോഴേക്കും വീര്‍ത്ത രണ്ടു പോക്കെറ്റുമായി ചേട്ടനും കൂടെ എത്തും. പിന്നീടു സംജുവിനെ വിളിക്കാനായി റിക്ഷ നിര്‍ത്തുമ്പോള്‍ ഞാനും ചേട്ടനും റോഡ് മുറിച്ചു കടന്നു പീടികയില്‍ പോയി പോക്കറ്റിലെ പറങ്കി അണ്ടി കടക്കാരനു നല്‍കും. ഞങ്ങള്‍ കുട്ടികള്‍ക്ക് കടക്കാരന്‍ പകരം പൈസ തരില്ല, അതിനു പകരം മിട്ടായി ആണു നല്‍കുക. അതും ചുമ്മാ അങ്ങ് തരില്ല. ആദ്യം പറങ്കി അണ്ടിയെല്ലാം വെള്ളം നിറച്ച പാത്രത്തില്‍ ഇടും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അണ്ടി എല്ലാം വാരിക്കളഞ്ഞു ബാക്കിയുള്ളവയ്ക്കാണ് മിട്ടായി തരിക.

Vallinikkaritta Receipikal 2nd story

ലോക അത്ഭുതങ്ങളില്‍ മഹത്തായ ഒന്ന് സംഭവിക്കുന്നത് അപ്പോഴാണ്... എങ്ങനെയൊക്കെ നോക്കിയാലും ഞാന്‍ കൊടുക്കുന്ന പറങ്കി അണ്ടികളില്‍ പകുതി മുക്കാലും  പൊങ്ങിക്കിടക്കുന്ന പോട് അണ്ടിയായിരിക്കും. എന്നാല്‍ ചേട്ടനോ, തിരിച്ചും! കടക്കാരന്‍ പുച്ഛത്തോടു കൂടി എനിക്ക് ഒരു സാദാ മിട്ടായി തരും, എന്നിട്ട് ചേട്ടന് ആദരവോടുകൂടി ഒരു എന്‍.പി. ബബ്ബിള്‍ഗമ്മോ ഒരു ''ബിഗ് ഫണ്‍'' ബബ്ബിള്‍ഗമ്മോ നല്‍കും. എന്നും എപ്പോഴും അങ്ങനെ തെന്ന, എന്തൊരു ഭീകരമായ അത്ഭുതം! ഞങ്ങള്‍ രണ്ടു പേരും കക്കുന്നത് ഒരേ ടിന്നില്‍ നിന്ന്, എന്നിട്ട് എന്റെ മാത്രം... എന്തുമാകട്ടെ, ഞാന്‍ സമാധാനിക്കും, മിട്ടായി എങ്കില്‍ മിട്ടായി. ബുക്ക് വായിച്ചു കൊണ്ടിരിക്കുന്ന ചേച്ചിക്ക് കൊടുക്കണ്ടല്ലോ! 

അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ സദാശിവന്‍ ചേട്ടന്‍ വരാന്‍ താമസിച്ചു. ആരോ മരിച്ചെന്നോ മറ്റോ! പതിവുപോലെ ഞാന്‍ പ്രാതല്‍ കഴിച്ചു ശ്വാസം വിടാന്‍ പറ്റാതെ ഒരു കൈ കുത്തിയിരുന്ന് മറ്റേ കൈ കൊണ്ട് കിഷോറിന്റെ തലയില്‍ തടവി തിണ്ണമേല്‍ ഇരിക്കുവാണ്. ചേട്ടനെ അവിടെ ഒന്നും കാണുന്നില്ല. പനി കാരണം പാവം അന്ന് പള്ളിയില്‍ പോയതുമില്ല. പതിവിലും താമസിച്ചാണ് എഴുന്നേറ്റതും. ഒന്ന് നോക്കിയേക്കാം എന്നു കരുതി അകത്തു ചെന്ന ഞാന്‍ കാണുന്നത് തറയില്‍ കുത്തിയിരുന്ന് വെള്ളം നിറച്ച ഒരു പാത്രത്തില്‍ നിന്ന് പറങ്കി അണ്ടി വാരിമാറ്റുന്ന ചേട്ടനെയാണ്. കള്ളന്‍! ഭയങ്കരന്‍! 

അപ്പോള്‍ ഇതാണ് കഥ. എന്നും കുളിക്കാന്‍ ഞാന്‍ ആദ്യമേ പോകുമ്പോള്‍ പുള്ളി വെള്ളം നിറച്ച ഒരു പാത്രത്തില്‍ പറങ്കി അണ്ടി ഇട്ടു നല്ലത് മാത്രം എടുത്തു പോട് എല്ലാം ഒന്നും അറിയാത്ത പോലെ തിരിച്ചിടും. ഈ പോട് അണ്ടിയാണ് പാവം ഞാന്‍ എടുത്തു കീശയില്‍ നിറയ്ക്കുന്നത്. ചുമ്മാതാണോ എനിക്കെന്നും മിട്ടായിയും പുള്ളിക്ക് ബബ്ബിള്‍ഗമ്മും! എങ്ങനെയുണ്ട്? എനിക്ക് സങ്കടം വന്നു. ഞാന്‍ ചേട്ടനോട് ചോദിച്ചു'' ചേട്ടന്‍ എന്താ ഇങ്ങനെ കാണിക്കുന്നത്? ഇതുകൊണ്ടല്ലേ എനിക്ക് ബബിൾഗം കിട്ടാത്തെ! ചേട്ടന്‍ പറഞ്ഞു' നീ പോടാ.. നീ വേണേല്‍ അമ്മയോട് കംപ്ലെയിന്റ് കൊട്''. എങ്ങനെ? മിണ്ടാന്‍ പറ്റുമോ? എനിക്കും കിട്ടില്ലേ അടി?

Vallinikkaritta Receipikal 2nd story

അങ്ങനെ ഒരു ഞായറാഴ്ച വന്നു. ഞായറാഴ്ച ഞാനും ചേട്ടനും അതിരാവിലെ തന്നെ കുര്‍ബാനയ്ക്ക് പോകും. നേരത്തേ പോയാല്‍ പള്ളിയുടെ അടുത്തുള്ള സ്റ്റാളില്‍ നിന്നും നല്ല ബീഫ് മേടിക്കാം. പള്ളി കഴിഞ്ഞാല്‍ പിന്നെ കിടാവിന്റെ ഇറച്ചി കിട്ടില്ല, മൂത്ത ഇറച്ചിയേ കിട്ടൂ. മൂത്ത ഇറച്ചി കൊണ്ട് ബീഫ് കറിയുണ്ടാക്കിയാല്‍ സിംഹത്തിനു മാത്രമേ കഴിക്കാന്‍ കൊള്ളൂ എന്നാണ് അമ്മയുടെ അഭിപ്രായം. പള്ളി കഴിഞ്ഞു വേദപാഠ ക്ലാസ്സും കഴിഞ്ഞു വരുമ്പോള്‍ റോഡിലാകെ ഇറച്ചികറിയുടെ മണമാകും. ചില വീടുകളില്‍ നിന്നും അപ്പോള്‍ ശൂ എന്ന് പ്രഷര്‍ കുക്കര്‍ വിസില്‍ അടിക്കുന്നത് കേള്‍ക്കാം. ഇതിന്റെ കൂടെ ആകാശ വാണിയുടെ ''നിങ്ങള്‍ ആവശ്യപെട്ട ചലച്ചിത്ര ഗാനങ്ങള്‍' കേട്ട് കൊണ്ടാണ് മിക്കവാറും വീട്ടിലേക്ക് നടന്നു വരുന്നത്.

പിന്നെ നേരത്തേ പള്ളിയില്‍ ചെന്നാല്‍ തിരക്കില്ലാതെ കുമ്പസാരിക്കുകയും ചെയ്യാം. ഞായറാഴ്ച വിശുദ്ധ കുര്‍ബാന കൈക്കൊള്ളാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടോ എന്ന് അമ്മ നോക്കും, കണ്ടില്ലെങ്കില്‍ പണി കിട്ടും. അതുകൊണ്ട് ഉറപ്പായിട്ടും കുമ്പസാരിച്ച് കുര്‍ബാന കൈകൊള്ളും. അന്ന് കുമ്പസാരിച്ചപ്പോള്‍ ഞാന്‍ അച്ചനോട് കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. ' അച്ചാ, ചേട്ടന്‍ ആദ്യം തന്നെ കശുവണ്ടി വെള്ളത്തില്‍ ഇട്ടു നല്ലത് എടുക്കും, എനിക്ക് പോട് അണ്ടിയാണ് കിട്ടുന്നത്. ഞങ്ങള്‍ രണ്ടു പേരും മോഷ്ടിക്കുന്നുണ്ട്. അച്ചന്‍ ചേട്ടനോട് കക്കരുത് എന്ന് പറയണം. ഞാന്‍ ഇനി മുതല്‍ കക്കത്തില്ല, പക്ഷെ ചേട്ടനും കക്കാന്‍ പാടില്ല! അച്ഛന്‍ പറയണം. 

പിന്നെ, എറുമാടം കേസില്‍ ചേട്ടന് അടി കൊണ്ടത് എന്റെ കുറ്റം കൊണ്ടല്ല!''. അച്ചന് ഒന്നും മനസിലായില്ല. ഞാന്‍ വീണ്ടും വിശദമായി പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അച്ചന്‍ ചെറുതായി ചിരിച്ചോ? അറിയില്ല! ഏതായാലും അച്ചന്‍ കൈ ഉയര്‍ത്തി എന്നെ തടഞ്ഞു. അച്ഛന്‍ ഉപദേശിച്ച കൊണ്ടാണോ അതോ ചേട്ടന്‍ മനസ് മാറിയത് കൊണ്ടാണോ എന്നറിയില്ല, പതുക്കെ പതുക്കെ എനിക്കും ബബിൾഗം കിട്ടിത്തുടങ്ങി. 

beef roast

നാടന്‍ ബീഫ് റോസ്റ്റ് (ഞായറാഴ്ച സ്‌റ്റൈല്‍)
പൊറോട്ടയുടെ ആജീവനാന്ത മിത്രം... കന്യാസ്ത്രീയും കുടയും പോലെ, കരുണാനിധിയും കണ്ണടയും പോലെ! ചോറ്, ചപ്പാത്തി, കപ്പ, ദോശ എന്ന് വേണ്ട ഒരുമാതിരിപ്പെട്ട എല്ലാത്തിന്റെയും സന്തതസഹചാരി. ചുമ്മാ പാത്രത്തില്‍ എടുത്തുവെച്ചു ആഷിക് അബുവിന്റെ പടം കണ്ടു കൊണ്ട് വേണമെങ്കില്‍ തട്ടാം!  ലോകത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ സച്ചിന്‍ ടെണ്ടുല്‍ക്കറും ബീഫു പോലെ ബീഫുമേ ഉള്ളൂ. വേറെ ആഡംബരമോ പുറമേ നിന്നുള്ള സപ്പോര്‍ട്ടോ ഒന്നും ഇവര്‍ക്ക് രണ്ടിനും ആവശ്യമില്ല. എപ്പോഴും നമ്പര്‍ വണ്‍. അതിപ്പോള്‍ ആരോഗ്യത്തിന് എത്ര കേടാണെന്ന് പറഞ്ഞാലും ബീഫ് ഇച്ചിരി കഴിക്കാതെ പറ്റുമോ? അതും നന്നായി നല്ല മസാലയൊക്കെയിട്ട് എരിവു പിടിപ്പിച്ച് ഉണ്ടാക്കിയത്? 

ആവശ്യമുള്ള സാധനങ്ങള്‍ 
ബീഫ് അരക്കിലോ 
സവാള 2 എണ്ണം (നന്നായി കനം കുറച്ചു അരിഞ്ഞത്) 
ഇഞ്ചി കഷണം നന്നായി നുറുക്കിയത്
വെളുത്തുള്ളി  8 അല്ലി ചതച്ചത്
പച്ചമുളക് 7 എണ്ണം
മല്ലി രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി ഒരുടീസ്പൂണ്‍ 
ആവശ്യത്തിന് ഗരം മസാല 
തേങ്ങാക്കൊത്ത് അരക്കപ്പ് 
1 തണ്ട് കറിവേപ്പില 
ആവശ്യത്തിന് വെളിച്ചെണ്ണ 

എന്നാല്‍ ഉണ്ടാക്കിയാലോ? 
ആദ്യമായി ബീഫ് തള്ളവിരല്‍ കനത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി ഒരു മണ്‍ ചട്ടിയില്‍ അര മണിക്കൂര്‍ നേരം വയ്ക്കണം. മസാല നന്നായി ഇറച്ചിയില്‍ പിടിക്കാന്‍ ഇത് സഹായിക്കും. ശേഷം ഇറച്ചി ഇടത്തരം തീയില്‍ ഒരു പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. അടുത്തതായി, ഒരു ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്തും, കറിവേപ്പിലയും കൂടി മൂപ്പിയ്ക്കുക. തേങ്ങാകൊത്ത് ചുവന്ന് നിറം മാറി വരുമ്പോള്‍ ചതച്ചു വച്ചിരിക്കുന്ന വെള്ളുത്തുള്ളി കൂടി ഇതിലേക്കിട്ടു മൂപ്പിയ്ക്കുക. 

ഇതിനു ശേഷം സവാള ചേര്‍ത്ത് ഇളക്കാം. തീ കൂടാതെ ശ്രദ്ധിക്കുക. സവാള നല്ല മൂത്തുവരുമ്പോള്‍ ഇഞ്ചി, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. മസാലയുടെ പച്ചപ്പ് മാറുന്നത് വരെ ഇളക്കണം (സ്വന്തം രീതിക്കനുസരിച്ച് മുളകുപൊടി കൂടുതലോ കുറവോ ആവാം). ഇനി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുത്ത ഇറച്ചി ഇതിലേക്കിട്ട് നന്നായി ഇളക്കണം. ഇറച്ചിയില്‍ നന്നായി മസാല പിടിച്ചു കഴിഞ്ഞാല്‍ കറിവേപ്പിലയും പെരുംജീരകപ്പൊടിയും ഗരംമസാലയും കൂടിയിട്ട് ഇളക്കി വെളിച്ചെണ്ണ തൂവി വാങ്ങി വയ്ക്കാം.

ഓര്‍ക്കുക! 
അതിഥികള്‍ക്ക് ഏറ്റവും എളുപ്പം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ബീഫ്. അരപ്പെടുത്തു വായില്‍ വച്ച ഉടനെ അവര്‍ അതിനെ പറ്റി അഭിപ്രായം പറയും. മീന്‍ കറിക്ക്  മുന്‍പ് ബീഫ് വിളമ്പുന്നത് ഇതിനെ കൂടുതല്‍ പ്രിയമുള്ളതാക്കും. ബീഫ് വരട്ടിയത് എപ്പോഴും ചൂടായി തന്നെ വിളമ്പുക. 

beef curry

കേരള സ്‌റ്റൈല്‍ ബീഫ് കറി
സാധാരണ എല്ലാവരും ബീഫ് കുറുക്കിയാണ് വയ്ക്കുക. അല്ലെങ്കില്‍ തേങ്ങാ കൊത്തൊക്കെയിട്ട് റോസ്റ്റ് ചെയ്യും. പക്ഷെ ഒഴിച്ചു കൂട്ടുന്ന കറിയായും  ബീഫ് വയ്ക്കാം. റേഡിയോയില്‍ ചലച്ചിത്ര ഗാനവും കേട്ടുകൊണ്ട് ബീഫ് കറിയും കൂട്ടി വേണമെങ്കില്‍ മൂന്നു കുറ്റി ഗോതമ്പ് പുട്ട് വരെ ഞാന്‍ കഴിക്കും. ഒരിക്കല്‍ കഴിച്ചിട്ടുമുണ്ട്! പക്ഷെ അത് കഴിഞ്ഞിട്ട് നില്‍ക്കണോ, കിടക്കണോ, ഇരിക്കണോ എന്നറിയാതെ ഞാന്‍ പിരി പിരി കൊണ്ട് മാവിന്‍ ചോട്ടില്‍ പോയി പാ വിരിച്ചു തണലത്തിരുന്നത് ഇന്നലത്തെ പോലെ ഓര്‍മയുണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍ 
ബീഫ്- അരക്കിലോ, 
സവാള- മൂന്നെണ്ണം (നന്നായി കനം കുറച്ചു അരിഞ്ഞത്) 
പച്ചമുളക്- നാല് (നീളത്തില്‍ പിളര്‍ന്നത്) 
ഗരംമസാല പൗഡര്‍ ഒരു ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി- ഒരു കഷണം (നന്നായി നുറുക്കിയത്) 
വെളുത്തുള്ളി- അഞ്ച് അല്ലി (ചതച്ചത്) 
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ 
മല്ലിപ്പൊടി- മുക്കാല്‍ ടേബിള്‍ സ്പൂണ്‍ 
കുരുമുളകുപൊടി- അര ടേബിള്‍ സ്പൂണ്‍,
മുളകുപൊടി- 1 ടേബിള്‍സ്പൂണ്‍ 
പെരുംജീരകം- അര ടീസ്പൂണ്‍ 
ഗ്രാമ്പൂ- രണ്ട് എണ്ണം 
ഏലയ്ക്ക- രണ്ട് എണ്ണം 
ആവശ്യത്തിന് വെളിച്ചെണ്ണ 
ആവശ്യത്തിന് ഉപ്പ് 
1 തണ്ട് കറിവേപ്പില

എന്നാല്‍ ഉണ്ടാക്കിയാലോ?
ആദ്യം തന്നെ ബീഫ് ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക. എന്നിട്ട് ഒരു കുഴിയന്‍ ചട്ടിയില്‍ വച്ച് ഉപ്പു പുരട്ടി വേവിക്കുക. ഇനി സാമാന്യം കുഴിവുള്ള ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിക്കുക. എണ്ണ ചൂടായി കഴിയുമ്പോള്‍ ഇതിലേയ്ക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, പെരുംജീരകം, ഏലയ്ക്ക, ഗ്രാമ്പൂ മുതലായ എല്ലാ ചേരുവകളും ചെറുതായി ചൂടാക്കി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇനി പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ക്കണം. ഇതിലേക്ക് അരച്ച മസാലക്കൂട്ടും ഗരംമസാല പൊടിയും, ഉപ്പും ചേര്‍ത്തിളക്കി അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. കറി നന്നായി തിളച്ചു ഇറച്ചി വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. 

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌