ഹൈസ്‌കൂള്‍ ആയപ്പോഴേക്കും പതുക്കെ പതുക്കെ ഞങ്ങളുടെ പെരുമാറ്റത്തില്‍ ഒരു 'ഇതൊക്കെ' വന്നു. ഇതൊക്കെ എന്ന് വെച്ചാല്‍, മൊത്തത്തില്‍ ഒരു, ഒരു ഇത്. ഒന്നാമത്, ഞങ്ങള്‍ എല്ലാരും ഒന്ന് വലുതായി എന്ന ഒരു തോന്നല്‍ ഞങ്ങളെല്ലാവര്‍ക്കും വന്നു. രണ്ടാമത്, ഓടിപ്പിടുത്തം, കണ്ണുപൊത്തിക്കളി, കള്ളനും പോലീസും കളി മുതലായ കൊച്ചു പിള്ളേരുടെ പരട്ട കളികള്‍ ഒക്കെ നിറുത്തി കൂടുതല്‍ സമയം ക്രിക്കറ്റ് കളിയും അതിനെ പറ്റിയുള്ള ചര്‍ച്ചയുമൊക്കെ തുടങ്ങി. ഇപ്പോള്‍ എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ ഒക്കെയാണ് സംസാരിക്കുക.

വലിയ വലിയ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ സിനിമ, സിനിമ നടന്മാര്‍, സിനിമ നടിമാര്‍ എന്നിവരെ കുറിച്ചുള്ള കാര്യങ്ങള്‍. അതില്‍ സിനിമാനടിമാരെ പറ്റിയുള്ള കാര്യങ്ങളാണ് പരക്കെ കൂടുതല്‍. ഞങ്ങളുടെ എല്ലാരുടെയും പോക്കറ്റില്‍ പരന്ന ചീപ്പ്, ഓരോ ക്ലാസ്സു കഴിയുമ്പോഴും മുടിചീകലുകള്‍, മുഖം കഴുകല്‍, അടക്കി പിടിച്ച സംസാരങ്ങള്‍, തമാശകള്‍, എന്നിങ്ങനെ.

എന്തായാലും ഞാന്‍ അപ്പോഴും പഴയ പോലെയൊക്കെ തന്നെ. എവിടെയോ എന്തോ ഒരു മാറ്റമൊക്കെ എനിക്ക് വന്നിട്ടുണ്ടെങ്കിലും മനസ്സില്‍ നിന്നും അമ്പും വില്ലും വാള്‍പയറ്റും ഒക്കെ പൂര്‍ണമായി മാറിയോ എന്ന് സംശയം. ഞാന്‍ അന്നും ചിത്രകഥ പുസ്തകങ്ങള്‍ രഹസ്യമായി ക്ലാസ്സില്‍ കൊണ്ട് വന്നു വായിക്കും. എന്റെ കൂട്ടുകാരന്‍ സുജേഷ് സുഗുണനും കഥകളൊക്കെ വലിയ ഇഷ്ടമാണ്. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടും കൂടി ഉച്ചയ്ക്ക് സ്‌കൂള്‍ ബ്രേക്കിനു സൈക്കളില്‍ ലോഡ് ഇരുന്നു അവന്റെ വീട്ടില്‍ പോകും.

അവന്റെ അമ്മയ്ക്ക് വീടിനോട് ചേര്‍ന്ന് ഒരു തയ്യല്‍ക്കടയുണ്ട്. അവിടെ പോയി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും, ചേച്ചിമാര്‍ തയിക്കുന്നതും കണ്ടും സമയം കളയും. പറമ്പില്‍ നിന്നും കൊക്കോ, ചാമ്പയ്ക്ക മുതലായവ പറിച്ചു കഴിക്കും. അടുക്കളയില്‍ കേറി പാത്രങ്ങള്‍ ഒക്കെ പൊക്കി നോക്കി കിട്ടാവുന്നതൊക്കെ എടുത്തു കഴിക്കും. സുജേഷിന്റെ അച്ഛന്റെ അംബാസിഡര്‍ കാറിന്റെ ഗ്ലാസില്‍ മുഖം നോക്കി മുടി ഒരു അമ്പതു പ്രാവശ്യം എങ്കിലും ചീകും.

"ഡെനിസേ, കല്യാണം കഴിക്കുന്നെകില്‍ പ്രേമിച്ചു തന്നെ കഴിക്കണം'. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് സുജേഷിന്റെ വീട്ടുപടിയില്‍ ഇരുന്നു അലുവ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സുജേഷ് എന്നോട് പറഞ്ഞു. നമ്മുടെ ടോബിന്‍ കെ. ദാസിനു ഒരു പ്രേമമുണ്ട്. അവന്‍ അത് നിങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല, പക്ഷെ ഞാന്‍ അതൊക്കെ പല വഴി അറിഞ്ഞു. ക്ലാസ്സില്‍ മിക്കവര്‍ക്കും പ്രേമങ്ങളൊക്കെ ഉണ്ട്."

"നമുക്കും ഒരു പ്രേമമൊക്കെ വേണം. വെറുതെ ഇങ്ങനെ, എന്തു കഷ്ടമാണ്? ഇത് പറഞ്ഞിട്ട് ഒരു നിമിഷം എന്നെ സൂക്ഷിച്ചു നോക്കിയിട്ട് അവന്‍ തുടര്‍ന്ന്. 'ടോബിന്റെ കാര്യം ആരോടും പറയാന്‍ നില്‍ക്കേണ്ട, കേട്ടോ. നമ്മള്‍ അടുത്ത കൂട്ടായത് കൊണ്ട് നിന്നോട് പറഞ്ഞതാണ്. ഇതൊക്കെ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളാണ്".ശരിയാണ്. ഞാനും സുജേഷ് ആറാം ക്ലാസ്സ് മുതലേ അടുത്ത കൂട്ടുകാരാണ്. അവന്‍ അവന്റെ അമ്മയുടെ തയ്യല്‍ കടയില്‍ പ്രത്യേകം പറഞ്ഞു. 'ഫ്രണ്ട്‌സ് ഫോര്‍ എവെര്‍'. എന്ന് എംബ്രോയിഡറി ചെയ്ത ഒരു വയലറ്റ് നിറമുള്ള തൂവല എന്നിക്ക് സമ്മാനിച്ചിട്ടുണ്ട്.

ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിയ വലിയ രഹസ്യങ്ങള്‍ കൈമാറാറുണ്ട്. അവന്‍ എന്നോട് ഒരുപാടു കാര്യങ്ങള്‍ പേഴ്‌സണല്‍ ആയി പറഞ്ഞിട്ടുണ്ട്. അപൂര്‍വ്വം ചിലത് സത്യമാണ്. എന്നാല്‍ മിക്കതും ലോകപുളുവാണ്. അത് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. ചുമ്മാ ഒരു ഗമയ്ക്ക് ഉണ്ടാക്കി അടിച്ചു വിടുന്നതാണ്. ഒരു കുറവും വരണ്ട എന്ന് കരുതി ഞാനും കുറെ കാര്യങ്ങള്‍ ഉണ്ടാക്കി സത്യം എന്നത് പോലെ അവനോടും പറയും. പുള്ളുവാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തലകുലുക്കി ക്ഷമിച്ചു കേള്‍ക്കും. മനസ്സില്‍ ചിരിക്കും.

പക്ഷെ ഈ കാര്യം അത് പോലെയല്ല. ഇത് സത്യമാണ്. ടോബിന്‍ കെ. ദാസിനു ഒരു പ്രേമമുണ്ട്. അത് അവന്‍ ഒരേ ബെഞ്ചില്‍ ഇരിക്കുന്ന എന്നോട് നേരിട്ട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. ആ കുട്ടിയുടെ പേരു ഷാനി എന്നണെന്നും അവള്‍ ഒരിക്കല്‍ ഒരു ബുക്ക് നിറയെ 'ഐ ലവ് യു ടോബിന്‍' എന്ന് എഴുതി ടോബിനു കൊടുത്തിട്ടുണ്ടെന്നും അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പ്രേമപരമായ കാര്യങ്ങളില്‍ ഞാന്‍ ആരും അറിയാതെ ടോബിനെ വേണ്ട വിധം ഉപദേശിച്ചിട്ടുമുണ്ട്. ഞാന്‍ ഇത് സുജേഷിനോട് പറഞ്ഞിട്ടില്ല. മനസ്സില്‍ രഹസ്യമയി സൂക്ഷിച്ചിരുന്ന ഒരു സംഗതിയാണ്. ഈ കാര്യമാണ് വലിയ കുന്തമായി ഇപ്പോള്‍ അവന്‍ എന്നോട് പറയുന്നത്. എനിക്ക് ചിരി വന്നു.

എന്താണ്.പശു, ഇളിക്കുന്ന പോലെ ഇളിക്കുന്നത്? സുജേഷ് കുറച്ചു. ദേഷ്യത്തോടെ ചോദിച്ചു. പൊട്ടനെ പോലെ ഇങ്ങനെ അലുവയും തിന്നു ചിരിച്ചോണ്ട് ഇരുന്നോ. നമ്മുടെ ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന സുമേഷ് ജോണ്‍ ഇന്നലെ ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അവള്‍ക്കു മിക്കവാറും അവനെ ഇഷ്ടമാകും. അശോക കൃഷ്ണനും എന്തെക്കെയോ സൈറ്റപ്പ് ഉണ്ട്. പ്രദീപ് ജി ഔസേപ്പിനെ കാണാന്‍ അവന്റെ വീടിനു സമീപം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ മൂന്ന് പെണ്‍കുട്ടികള്‍ എപ്പോഴും വൈകിട്ട് സൈക്കിളില്‍ കാത്തു നില്‍ക്കുന്നുണ്ട്. അതില്‍ കാലിലൊക്കെ പൂടയുള്ള ഒരു തടിച്ചിക്ക് അവനോടു പ്രേമവും ഉണ്ട്. നീ ഇങ്ങനെ അലുവയും തിന്നു ഇരുന്നോ!

എനിക്ക് കരച്ചില്‍ വന്നു. എന്തിനാണ് ഞാനൊക്കെ ഇങ്ങനെ ജീവിക്കുന്നത്? സങ്കടത്തോടെ എന്റെ കൈയില്‍ ഇരുന്ന അവുല കഷണത്തെ ഞാന്‍ നോക്കി. ഞാന്‍ എന്ത് ചെയ്യാനാണ്?. എന്നെയൊന്നും ആരും പ്രേമിക്കില്ല. ഒന്നാമത് ഞങ്ങള്‍ പഠിക്കുന്ന ലിയോ തെര്‍ടീന്‍ത് ഹൈസ്‌കൂള്‍ ഒരു ആണ്‍ പള്ളിക്കൂടമാണ്. രണ്ടാമതു ഈ പറയുന്ന സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പെണ്ണുങ്ങള്‍ ഇവന്മാരുടെ കൂടെ പഠിക്കുന്നത് ഏതോ ട്യൂഷന്‍ ക്ലാസ്സിലാണ്. എന്നെ അച്ഛന്‍ ടൂഷന്‍ ക്ലാസ്സില്‍ ഒന്നും വിടില്ല. അത് കൊണ്ട് ഈ പെണ്‍പിള്ളേരെ കാണാനൊന്നും എനിക്ക് ഒരു വഴിയും ഇല്ല.

എന്നാല്‍ എല്ലാരേയും പറ്റി ഒരുപാട് കേട്ടിടുണ്ട്. വിനിത ഈപ്പന്‍, സ്വപ്ന നായര്‍, നിത, തെസ്‌നി റെഷീദ്, ജിന്നു. മിന്നു ഡോമിനിക്‌സ് എന്നിങ്ങനെയുള്ള പേരുകളെല്ലാം എനിക്ക് സുപരിചിതങ്ങളാണ്. ഇവരെയൊക്കെ ഞാന്‍ എന്റേതായ രീതിയില്‍ മനസ്സില്‍ കണ്ടിട്ടുമുണ്ട്. "പക്ഷെ ആരൊക്കെ ആരെയൊക്കെ പ്രേമിക്കുന്നു എന്ന് എനിക്ക് അറിയാം. ഈ പെണ്‍കുട്ടികളെ ഒക്കെ പ്രേമിക്കുന്നവന്മാരെ എനിക്ക് അറിയാം. ഞാനും അത്ര മോശമൊന്നുമല്ല", ഞാന്‍ സുജേഷിനോടായി ഇച്ചിരി അഹന്തയോടെ പറഞ്ഞു.

ഇവരെയൊന്നും സുജേഷിനു എന്നെ പോലെ അറിയില്ല. അന്തിച്ചു എന്നെ നോക്കിയ അവന്റെ ചെവിയില്‍ ഞാന്‍ അവരെയൊക്കെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ ക്ലാസ്സിലെ ആണ്‍കുട്ടികളുടെ പേരു പറഞ്ഞു. 'ശരിക്കും? സുജേഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ എനിക്ക് എല്ലാം അറിയാം എന്നാ ഭാവത്തില്‍ തല പതുക്കെ മുകളിലോട്ടും താഴത്തോട്ടും ആട്ടികൊണ്ട് കൈയില്‍ ഇരുന്ന അടുത്ത് ആലുവ കഷണം വായില്‍വച്ചു.

ഇവരൊക്കെ എങ്ങനെ ഇരിക്കും? സുന്ദരികള്‍ ആയിരിക്കുമോ? സുജേഷ് എന്നോട് വീണ്ടും ചോദിച്ചു. ഞാന്‍ വീണ്ടും തല താഴത്തോട്ടും മുകളിലോട്ടും ഗൗരവത്തില്‍ ആട്ടി. കുറച്ചു നേരത്തേ ്ക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ നിശബ്ദമായി എന്തെക്കെയോ ചിന്തകളില്‍ മുഴുകി അലുവ കഴിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ചു വരാന്തയിലെ വലിയ തൂണിന്റെ ബേസ്‌ബ്ലെന്‍ഡിന്റെ കീഴെ, പൊക്കത്ത്, കാലൊക്കെ ആട്ടി ഇരിക്കുവാണ്.

നല്ല കാറ്റ് അവിടെയും ഇവിടെയും എല്ലാം പിള്ളേര്‍ അലമുറയിട്ടുകൊണ്ട് ഓടി നടക്കുന്നു. കാറ്റില്‍ തണല്‍ മരങ്ങള്‍ ആടുന്നു. നല്ല സുഖം. നോക്കുമ്പോള്‍ ടോബിന്‍ ദൂരെ നിന്നും നടന്നു വരുന്നു. മുഖത്ത് പതിവില്ലാതെ ഒരു ചിരി. അടുത്ത് വന്നിട്ട് കൈയിലുള്ള ബാഗ് താഴെ വെച്ചിട്ട് അവന്‍ എന്റെ ഇടതു വശത്തായി ഇരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒന്ന് രണ്ടു നിമിഷം ഒന്നും മിണ്ടിയില്ല. അപ്പോള്‍ ആട്ടിക്കൊണ്ടിരുന്ന എന്റെ വലതു കാല്‍ അറിയാതെ ഇടതുകാലിന്റെ മുകളില്‍ തട്ടി എന്റെ വലതു കാലിലെ വള്ളി ചെരുപ്പ്.ദാ കിടക്കുന്നു തെറിച്ചു താഴെ!

vallinickeritta recipiekal

ശ്ശെടാ! ഇനി ഇതെടുക്കാന്‍ താഴെ ഇറങ്ങണമെല്ലോ എന്ന് ഓര്‍ത്തു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ടോബിന്‍ എന്നോടായി പറഞ്ഞു. 'നാളെ, ശനിയാഴ്ച, കാണാന്‍ പറ്റുമോന്നു ചോദിച്ചു, ഷാനിയേ..എന്നോട് ചോദിച്ചു കാണാന്‍ പറ്റുമോന്നു'. ഇത് പറയുമ്പോള്‍ അവന്റെ കണ്ണു കൂമ്പിയിരുന്നു. "നമുക്ക് റഫീക്കിന്റെ വീട്ടില്‍ സൈക്കിള്‍ വെച്ചിട്ട് ഒരു പതിനൊന്നരയോടെ ആലപ്പുഴ കടപ്പുറത്ത് പോയി അവളെ കാണാം. അവള്‍ അവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്. നീയും വേണമെങ്കില്‍ വന്നോ. ചിലപ്പോള്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാകും".

താഴെ ഇറങ്ങി ചെരുപ്പെടുക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഏതായാലും പെണ്‍കുട്ടികളെ കാണാന്‍ അവന്‍ എന്നെ ക്ഷണിച്ചല്ലോ! ഹോ ! ഷാനിയുടെ കൂടെ അവളുടെ കൂട്ടുകാരികള്‍ എല്ലാം അന്ന് വരുമായിരിക്കും. നീല പാവാട യൂണിഫോറം അണിഞ്ഞ സുന്ദരിമാര്‍ എന്നെ നോക്കി ചിരിക്കും. അവരെല്ലാം ഞാന്‍ ബുധനാഴ്ച കാണുന്ന ചിത്രഹാറിലെ പോലെ സ്ലോ മോഷനില്‍ സ്വന്തം കൈകള്‍ കൊണ്ട് മുടി കോതിമാറ്റി ചിരിച്ചു കൊണ്ട് എന്നോട് സംസാരിക്കും. പെണ്‍കുട്ടികളായ അവരുടെ സൈക്കളിന്റെ മുന്‍വശത്ത് ഒരു കുട്ടയും അതില്‍ നിറയെ മഞ്ഞ പൂക്കളും ഉണ്ടാകും. സിനിമയില്‍ ഒക്കെ അങ്ങനെയാണല്ലോ? 

എന്തായാലും ഞങ്ങളുടെ സ്‌കൂളിലെ ഏതോ പഴയ അദ്ധ്യാപകന്‍ മരിച്ചത് കൊണ്ട് അന്ന് രണ്ടു പിരീഡ് നേരത്തെ സ്‌കള്‍ വിട്ടു. ഞാന്‍ എന്തുകൊണ്ടോ അവിടെയും ഇവിടെയും നിന്ന് കറങ്ങാതെ നേരെ വീട്ടിലോട്ടു പോയി. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഞങ്ങളുടെ പറമ്പില്‍ തേങ്ങ ഇടുകയാണ്. വിശാലമായ പറമ്പാണ്. അവിടെയും ഇവിടെയുമായി കൊതുമ്പും ഓലയും ഒക്കെ ചിതറിക്കിടക്കുന്നു.

വീടിനു തെക്കുവശത്തായി തേങ്ങയെല്ലാം കൂടി കൂട്ടിയിട്ടിരിക്കുന്നു. തേങ്ങയിടാന്‍ വന്ന സോമന്‍ ചേട്ടന്‍ ചിരിച്ചു കൊണ്ട് എന്റെ അമ്മയോട് നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ട് ഓലമടല്‍ എല്ലാം മെടയാനായി വെട്ടി തയ്യാറാക്കുന്നു. ലോകത്തുള്ള കാര്യങ്ങള്‍ ഒക്കെ അറിയാമെന്നാണ് സോമന്‍ ചേട്ടന്റെ വിചാരം. എങ്ങനെ മീന്‍ പിടിക്കാനായി ചൂണ്ടയില്‍ ഇര കോര്‍ക്കാം, വീട്ടിലെ പട്ടിക്കു വയറിളക്കം വന്നാല്‍ എന്ത് ചെയ്യണം, മഞ്ഞനിറത്തില്‍ ഇരിക്കുന്ന പല്ലുകള്‍ വെളുപ്പിക്കാന്‍ എന്ത് ചെയ്യണം, ആണ്‍ കാക്കയേയും പെണ്‍കാക്കയും എങ്ങനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം എന്നൊക്കെ എനിക്കും ചേട്ടനുമൊക്കെ പണ്ട് പറഞ്ഞു തന്നിട്ടുള്ളത് പുള്ളിക്കാരനാണ്.

"ഡാ, കരിക്ക് വേണമെങ്കില്‍ നീ സോമനോട് പറഞ്ഞു. ഒരണം കുടിച്ചോ. നിന്റെ ചേട്ടനും ചേച്ചിക്കും കൂടി വെച്ചേക്കണം, എന്തെങ്കിലും പറഞ്ഞാല്‍ മൊത്തം തീര്‍ത്തുകളയും ചെറുക്കന്‍"-അമ്മ എന്നോട് വിളിച്ചു പറഞ്ഞു. ഞാന്‍ ഒന്നും കേള്‍ക്കാത്ത മാതിരി അടുക്കളയുടെ വരാന്തയില്‍ ചുമ്മാ സോമന്‍ ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു. എന്റെ മനസ്സില്‍ ഒരു ആയിരം ചന്ദ്രന്മാര്‍ ഉദിച്ചത് പോലെ ഉള്ള ഒരു സുഖം. ഞാന്‍ ഒന്നും അറിയുന്നില്ല. എനിക്ക് ഒന്നും വേണ്ട. അപ്പോഴാണ് ഈ മാങ്ങത്തോലി കരിക്ക്.

കുറച്ചുനേരം ഓല വെട്ടുന്നതിനു കൂടെ എന്നെ സംശയത്തോടെ നോക്കികൊണ്ടിരുന്ന ശേഷം സോമന്‍ ചേട്ടന്‍ അമ്മയോടായി പറഞ്ഞു. "ചേച്ചി, മോന് വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് തോന്നുന്നു. ഇന്ന് രാവിലത്തെ റേഡിയോയില്‍ 'നിങ്ങളുടെ ആരോഗ്യം' എന്നാ പരിപാടിയില്‍ പറഞ്ഞതാണ്. വൈറ്റമിന്‍ ഡിയുടെ കുറവു വരുന്ന കുട്ടികള്‍ ചിലപ്പോള്‍ പൊട്ടന്‍മാരെ പോലെ ചിരിച്ചു കൊണ്ട് വെറുതെ ഇരിക്കുമത്രേ. ചേച്ചിയൊന്നു നോക്കണേ". അമ്മയിതു കേട്ടില്ല എന്ന് തോന്നുന്നു.

ഞാന്‍ ദേഷ്യത്തോടെ സോമന്‍ ചേട്ടനെ ഒന്ന് നോക്കിയിട്ട് എന്റെ മുറിയിലേക്ക് നേരെ പോയി സാമന്ത ഫോക്‌സസിന്റെയും ബോണി എം ഇന്റെയും പോസ്റ്ററുകള്‍ക്ക് താഴെ കട്ടിലില്‍ വീണ്ടും മനസ്സില്‍ പ്രേമം നിറച്ചു ഇരുന്നു. ഒരു വൈറ്റമിന്‍ ഡി! ഇയാള്‍ക്ക് എന്തു മണ്ണാങ്കട്ട അറിയാം? പിറ്റേന്ന് രാവിലെ ഞാന്‍ എണീറ്റ് അച്ഛനോട് പുറത്തു പോകാനുള്ള അനുമതി മേടിച്ചു. പല്ലൊക്കെ തേച്ചതിനു ശേഷം ദേഹത്തൊക്കെ തുളസി ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചു കുറച്ചു നേരം ചെറുവെയില്‍ കൊണ്ടു. ഇങ്ങനെ ചെയ്താല്‍ തൊലി നന്നായി തിളങ്ങുമത്രേ.

ഇതൊക്കെ ഞാന്‍ വനിത മാസികയില്‍ വായിച്ചതാണ്. ഞാന്‍ ഈ മാസികകളില്‍ വായിക്കുന്ന പൊടിക്കൈകള്‍ ചിലപ്പോള്‍ സ്വയം ശ്രമിച്ചു നോക്കാറുണ്ട്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പത്തു പൊടിക്കൈകള്‍ എങ്കിലും എനിക്ക് അറിയാം. ഒരു പത്തു പതിനഞ്ചു മിനിട്ട് എണ്ണ തേച്ചു നിന്നിട്ട് കിണറിന്റെ അടുത്ത് പോയി നിന്ന് ഞാന്‍ തൊട്ടിയില്‍ വെള്ളം കോരി ഒഴിച്ചു ചന്ദ്രിക സോപ്പ് ഇട്ടു കുളിച്ചു.

തല തോര്‍ത്തി ഞാന്‍ നേരെ ചെന്നത് ചേച്ചിയുടെ മുറിയിലേക്കാണ്. അവിടെയാകുമ്പോള്‍ നീവിയ ക്രീം, പോണ്‍സ് ഡ്രീം ഫ്‌ലവര്‍ ടാല്‍ക്കം പൗഡര്‍ എന്നിവയൊക്കെ ഉണ്ടാകും. എന്നോട് തൊട്ടു പോകരുതെന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രത്യേകകാര്യം പരിഗണിച്ചു ഞാന്‍ ഒരു റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്ന് ഒന്ന് ഒരുങ്ങി ഇറങ്ങിയില്ലെങ്കില്‍ ഇനി എന്ന് ഒരുങ്ങി ഇറങ്ങാനാണ്?

ചെന്ന് നോക്കിയപ്പോള്‍ നല്ല തക്കം. ആരെയും അവിടെ കാണുന്നില്ല. ഞാന്‍ കുറെ ക്രീം ഉള്ളം കൈയില്‍ എടുത്തു മുഖത്തും കഴുത്തിലുമെല്ലാം ആദ്യം പുള്ളിക്കുത്തുണ്ടാക്കി. പിന്നെ നന്നയി തേച്ചു പിടിപ്പിച്ചിട്ട് കണ്ണാടിയില്‍ നോക്കി. ഒന്ന് വെളുത്തിട്ടുണ്ടേലും അത്ര പോര.

vallinickeritta recipiekal

ക്രിക്കറ്റ് കളിക്കാരന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെക്കാളും ഇച്ചിരി കൂടുതല്‍ വെളുപ്പ്. അത്രേയേ ഉള്ളൂ. സാരമില്ല. പൗഡര്‍ കൊണ്ട് ഒപ്പിക്കാം. ഇപ്പോള്‍ പൗഡര്‍ ഇട്ടാല്‍ മണം കൊണ്ട് ചേച്ചി കണ്ടു പിടിക്കും. അത് കൊണ്ട് ഞാന്‍ ഒരു ചെറിയ പേപ്പര്‍ കീറി അതില്‍ പൗഡര്‍ ഇട്ടു ഒരു പൊതിയാക്കി പോക്കറ്റില്‍ വെച്ചു. പിന്നെ തരം കിട്ടുമ്പോള്‍ ഇടാം.

ഞാന്‍ ഞങ്ങളുടെ മുറിയില്‍ പോയി ചേട്ടന്റെ ഡ്രസ്സ് വെയ്ക്കുന്ന പെട്ടി തുറന്നു അതില്‍ നിന്നും 'ഹാപ്പി' എന്നു മഞ്ഞ നിറത്തില്‍ വലുതായി നെഞ്ചില്‍ എഴുതിയിട്ടുള്ള ഒരു ചുവന്ന ടി ഷര്‍ട്ട് എടുത്തു ഇട്ടു. സംഗതി എനിക്ക് അത്ര ഇഷ്ടമല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് ചുകപ്പു കളര്‍ ഇഷ്ടമാണ് എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അങ്ങനെ ആയിക്കോട്ടേ! ഇന്ന് ഒരു ദിവസത്തേയ്ക്ക് അവരുടെ ഇഷ്ടതിനു പ്രാധാന്യം കൊടുത്തേയ്ക്കാം. ഇതിനു ശേഷം മുടിയൊക്കെ ഒന്നും കൂടി ചീകിയൊതുക്കിയിട്ട് ഞാന്‍ ആരും അറിയാതെ പുറത്തു കടന്നു സൈക്കിള്‍ എടുത്തു ചവിട്ടി പോയി.

അങ്ങനെ പറഞ്ഞ സ്ഥലത്ത് തന്നെ ഞാന്‍ ടോബിനെ കണ്ടു. ഞങ്ങളുടെ സ്‌കൂളിനു മുന്‍വശത്ത് കൂടി പോകുന്ന റോഡിലാണ് ഞങ്ങള്‍ കണ്ടത്. 'ദാ, അവിടെ, ആ വളവിനു വരാമെന്നാണ് അവള്‍ പറഞ്ഞത്. അവള്‍ വരട്ടെ, എന്നിട്ട് നമ്മള്‍ക്ക് മൂന്നുപേര്‍ക്കും കൂടി കടപ്പുറത്ത് പോകാം', റോഡിനു ഒരു വശത്തായി നിന്നിരുന്ന എന്റെ അടുത്തുവന്നു സ്വന്തം സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ടുകൊണ്ട് അവന്‍ പറഞ്ഞു. ഒരു രണ്ടു മൂന്ന് മിനിട്ട് കഴിഞ്ഞു കാണും, ടോബിന്‍ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.

ദേ! ഷാനി വരുന്നു!. ഞാന്‍ നോക്കുമ്പോള്‍ സൈക്കിള്‍ ഉന്തി കൊണ്ട് മുടിയൊക്കെ പിന്നിയ ഒരു പെണ്‍കുട്ടി ഞങ്ങളുടെ നേരെ വരുന്നു. എനിക്ക് സന്തോഷം തോന്നി. ഞാന്‍ ആ കുട്ടിയെ നോക്കി വെളുക്കെ ചിരിച്ചു. ഷാനിയാകട്ടെ ടോബിനെ നോക്കി മാത്രം ചിരിച്ചു. നീ ഇവിടെ നിന്നോ ഞാന്‍ ഇപ്പം വരാം, ഇത് പറഞ്ഞു ടോബിന്‍ നേരെ നടന്നു അവളുടെ അടുത്തേയ്ക്ക് ചെന്നു. എന്റെ ഹൃദയം ടപ് ടപ് എന്ന് മിടിച്ചു തുടങ്ങി.

ആകെ മൊത്തം ഒരു സംഭ്രമം. ഒരു സന്തോഷം. ഇത് തന്നെ തക്കം, ഞാന്‍ വിചാരിച്ചു. അവര്‍ സംസാരിച്ചു നില്‍കെ ഞാന്‍ പോക്കറ്റില്‍ നിന്നും പൗഡര്‍ പൊതി എടുത്തു മുഖത്ത് പൊത്തി. ശരിക്ക് ഒന്ന് തേച്ചു പിടിപ്പിക്കും മുന്‍പ് ടോബിന്‍ തിരിച്ചു വന്നു എന്നോട് പറഞ്ഞു. 'എടാ! ഞങ്ങള്‍ രണ്ടു പേരും കൂടി മുമ്പേ പോകാം, നീ പുറകെ വന്നാല്‍ മതി. ഞങ്ങള്‍ക്ക് ഒന്ന് സംസാരിക്കുകയും ചെയ്യാമല്ലോ?' ഇത് പറയുമ്പോള്‍ ടോബിന്‍,എന്റെ മുഖത്തേയ്ക്കു ഒന്ന് സൂക്ഷിച്ചു നോക്കിയോ? ഇല്ലേ ?

അങ്ങനെ എല്ലാം നന്നായി പോയികൊണ്ടിരുന്നപോഴാണ് വിധി ഇടപെടുന്നത്. അങ്ങനെ ഒന്നും എപ്പോഴും നന്നായി പോയി കൂടെല്ലോ? ഒരു ഇറക്കം ഇറങ്ങി വളവു തിരിയാന്‍ പോയപ്പോഴേക്കും എന്റെ സൈക്കിളിന്റെ ചെയിന്‍ കക്കി. കക്കി എന്ന് വെച്ചാല്‍ ചാടിപ്പോയി. ഭയങ്കര ഒരു ശബ്ദം. ഞാന്‍ ചാടി ഇറങ്ങി നോക്കി. അപ്പോള്‍ എന്റെ മുന്‍പില്‍ ടോബിനും ഷാനിയും വളവു തിരിച്ചു പോകുന്നത് ഞാന്‍ മിന്നായം പോലെ കണ്ടു.

എന്ത് കഷ്ടം ! ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് കൈകൊണ്ടും ഒരു കമ്പുകൊണ്ടമെല്ലാം ചെയിന്‍ പിടിച്ചു. ഇടാന്‍ നോക്കി. നോ രക്ഷ. ഞാന്‍ മുന്നോട്ടു ഓടി ചെന്ന് വളവു തിരിഞ്ഞു നോക്കി. അവരെ കാണുന്നു പോലുമില്ല. എനിക്ക് പറ്റിയത് അറിയാതെ അവര്‍ നേരെ പോയി. എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ നിന്ന് വിയര്‍ത്തു. എനിക്ക് ആകെ സങ്കടം തോന്നി. എത്ര നേരം അങ്ങനെ പോയെന്നു ഒരു വിവരവുമില്ല.

"അല്ലാ ! ഇതാരാണ് വെയിലത്ത് നിന്ന് ചുറ്റി തിരിയുന്നത്?", ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. കണ്ടത് ഒരു ഓട്ടോറിക്ഷയും അതില്‍ നിന്നും തല പുറത്തേയ്ക്കിട്ട് നോക്കുന്ന സുജേഷിന്റെ അമ്മയുമാണ്. വളിച്ച മുഖവുമായി ഞാന്‍ ഓട്ടോയ്ക്ക് അടുത്തേയ്ക്ക് ചെന്നു. എന്ത് പറയാനാണ്? എന്തെക്കെയോ പറഞ്ഞു. ആന്റി എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്നിട്ട് പറഞ്ഞു, 'ഒരു കാര്യം ചെയ്യ്, മോന്‍ ഇതിന്റെ അകത്തോട്ടു കേറിക്കോ. പേടിക്കേണ്ട പൂട്ടിവേച്ചാല്‍ സൈക്കിള്‍ ആരും കൊണ്ട് പോകില്ല. നമ്മുടെ വീടിന്റെ അടുത്ത് ഒരു സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് ഉണ്ട്. അവിടുത്തെ പയ്യന്‍ വന്നു എടുത്തോള്ളും. വാ, വന്നു കേറ്'

ഞാന്‍ ചെന്ന് വ്യസനത്തോടെ സൈക്കിള്‍ പൂട്ടി വന്നു ഓട്ടോറിക്ഷയില്‍ കയറി. എന്റെ മുഖത്തേയ്ക്കു ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് സുജേഷിന്റെ അമ്മ വീണ്ടും ചോദിച്ചു, 'മോന്‍ സൈക്കിള്‍ നിന്നും മുഖവും കുത്തി ചാരത്തില്‍ വല്ലതും വീണോ? മുഖമാകെ വെളുത്തു ഇരിക്കുന്നല്ലോ! സൂക്ഷിച്ചൊക്കെ ചവിട്ടു സൈക്കിളൊക്കെ.'ഞാന്‍ ദേഷ്യവും സങ്കടവും കാരണം ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇപ്പോള്‍ ടോബിനും ഷാനിയും അവളുടെ കൂട്ടുകാരികളുടെ കൂടെയിരുന്നു ജ്യൂസ് കുടിക്കുകയായിരിക്കും. എന്നെ അവര്‍ ഓര്‍ക്കുന്ന പോലുമുണ്ടാവില്ല! മീരയും, അനിതയും, ബിബിയുമൊക്കെ വന്നു കാണുമോ? ശേ! വെറുതെ രാവിലെ ഒരുങ്ങി ഇറങ്ങി.

ഒരു പത്തു മിനിട്ടിനകം കുലുങ്ങി കുലുങ്ങി ഞങ്ങള്‍ സുജേഷിന്റെ വീട്ടിലെത്തി. ഓട്ടോയ്ക്ക് ഹൈസ കൊടുത്തു കഴിഞ്ഞു. ആന്റി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. 'സുജേഷ് ഇവിടെ ഇല്ല കേട്ടോ. അവന്‍ വണ്ടിയുമായി എറണാകുളത്ത് പോയിരിക്കുകയാണ്. മോന്‍ നേരെ അകത്തേയ്ക്ക് ചെല്ലു, ഞാന്‍ ഊണ് എടുത്തു തരാന്‍ രഹിയാനത്തിനോട് പറയാം. കഴിച്ചിട്ട് വരുമ്പോള്‍ സൈക്കിള്‍ റെഡി ആക്കി എടുക്കാനുള്ള വഴി നമുക്ക് കണ്ടു പിടിക്കാം.'

രഹിയാനത്ത് സുജേഷിന്റെ വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്ന ഒരു ചേച്ചിയാണ്.ഞാന്‍ കയ്യും കാലും ഒക്കെ കഴുകി അകത്തേയ്ക്ക് ചെന്നപ്പോഴേക്കും മേശപ്പുറത്തു ഭക്ഷണം വിളമ്പി വെച്ചിരിക്കുന്നു.
പക്ഷെ ഞാന്‍ നോക്കുമ്പോള്‍ രണ്ടു പ്ലേറ്റ് മേശമേല്‍ വച്ചിരിക്കുന്നു. എന്തിനാണ് രണ്ടു പ്ലേറ്റ്? ചെലപ്പോള്‍ സുജേഷിന്റെ അച്ഛന്‍ കഴിക്കാന്‍ ഉണ്ടാകും. അതായിരിക്കും. ഇത് വിചാരിക്കുമ്പോഴേക്കും പുറകില്‍ ഒരു വളകിലുക്കം കേട്ടു.

നല്ല ഏതോ വിലകൂടിയ പെര്‍ഫ്യൂമിന്റെ മണം എന്റെ അടുത്തേയ്ക്ക് പിന്നില്‍ നിന്നും നടന്നു വന്നു. എന്നിട്ട് ആ സുഗന്ധവും ശബ്ദവും കൂടി ഇടതു വശത്തുകൂടി എന്റെ മുന്‍പില്‍ കയറി കസേര വലിച്ചിട്ടു ഭക്ഷണത്തിനു ഇരുന്നു. ഞാന്‍ പതുക്കെ തല പൊക്കി ഇടത്തേയ്ക്ക് ഒന്ന് പാളി നോക്കി. ഒന്നേ നോക്കിയുള്ളൂ. വാ പൊളിച്ചു പോയി. നീല ചുരിദാറില്‍ ഒരു ജൂഹി ചൗള, അല്ല മമത കുലക്കര്‍ണി. ഇതാരാ? ഇതിപ്പോള്‍ എവിടെ നിന്ന് വന്നു?'

vallinickeritta recipiekal

നമ്മുടെ കടയില്‍ തയിക്കാനായി പുതുതായി ചേര്‍ത്തലയില്‍ നിന്നും വന്ന സഫീനയില്ലേ? അതിന്റെ അനിയത്തിയാണ്. ഒരു ജഗ്ഗില്‍ വെള്ളവുമായി വന്ന രഹിയാനത്ത് എന്നോട് പറഞ്ഞു. 'കൂടെ വന്നതാണ്. ഇതിവിടെ രാവിലെ തൊട്ടു ബോര്‍ അടിച്ചു ഇരിക്കുവാണ്. തയ്യല്‍ കടയില്‍ പോയിരിക്കാന്‍ ഞാന്‍ പറഞ്ഞതാണ്. പക്ഷെ പോണില്ല! ഭക്ഷണം കഴിക്കാന്‍ തന്നെ എത്ര വിളിച്ചിട്ടാണ് വന്നത്? മോന് ചക്കക്കുരു തോരന്‍ ഇച്ചിരി ഇടട്ടെ?

ചക്കകുരു തോരനല്ല ആര്‍സനിക്ക് തോരന്‍ വരെ ഞാന്‍ കഴിച്ചോളാം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. "എന്താ പേര്?"-സറീന, ചിരിച്ചു കൊണ്ട് ആ കുട്ടി മൊഴിഞ്ഞു. ഹോ! അന്നാ അലുമിനിയം പാത്രത്തില്‍ മുത്തിട്ടു കിലുക്കുന്നത് പോലെയുള്ള മധുര സ്വരം. ഏതു ടോബിന്‍? ഏതു ഷാനി? ഏതു തെസ്‌നി റഷീദ്? അവരൊക്കെ ഇപ്പോള്‍ എവിടെ എന്തു ചെയ്താലും എനിക്ക് എന്താണ്? സുജേഷ് എനിക്കായി പ്രത്യേകം തയിപ്പിച്ചു തന്നെ ഫ്രണ്ട്‌സ് ഫോര്‍ എവെര്‍', തുവാല ഇവള്‍ക്ക് സമ്മാനമായി കൊടുത്താലോ? മുഖത്തിട്ട പൗഡര്‍ മുഴുവന്‍ തുടച്ചു കളയണ്ടായിരുന്നു! കുറച്ചു ചക്കക്കുരു തോരനും ചോറും കൂട്ടി ഒരു പിടിയാക്കി വായില്‍ വെച്ച് കൊണ്ട് ഞാന്‍ പതുക്കെ സംസാരിച്ചു തുടങ്ങി. ' ഞാന്‍ ഇവിടുത്തെ സുജേഷിന്റെ കൂട്ടുകാരനാണ്. എന്റെ പേര്.'

ചക്കക്കുരു തോരന്‍

ഞങ്ങളുടെ വീട്ടില്‍ ചക്കക്കുരു കൊണ്ട് എന്തെകിലും ഉണ്ടാക്കുന്നത് അപൂര്‍വ്വമായിട്ടാണ്. ഞങ്ങള്‍ താമസിക്കുന്നയിടത്തും അടുത്തമൊന്നും പ്ലാവുകള്‍ ഇല്ല. പിന്നെ ചിലപ്പോള്‍ അമ്മയുടെ കൂട്ടുകാര്‍ അമ്മയ്ക്ക് ജോലിസ്ഥലത്ത് കൊണ്ട് ചക്ക കൊടുക്കും. അത് വീട്ടില്‍ കൊണ്ട് വന്നു കഴിച്ചു കഴിയുമ്പോള്‍ അമ്മ കുരുവോക്കെ എടുത്തു കഴുകി മാറ്റിവയ്ക്കും. അങ്ങനെ ഉണ്ടാക്കിയിരുന്ന ഒരു കൂട്ടാനാണ് ഞങ്ങളുടെ വീട്ടില്‍ ചക്കക്കുരു തോരന്‍.

ആവശ്യമുള്ള സാധനങ്ങള്‍:
ചക്കക്കുരു - രണ്ടു കപ്പ്, തൊലി കളഞ്ഞു വൃത്തിയായി കഴുകി നീളത്തില്‍ അരിഞ്ഞത്
തേങ്ങ- അരമുറി ചിരണ്ടിയത്‌
വെളുത്തുള്ളി- നാല് അല്ലി
ചുവന്നുള്ളി-എട്ടെണ്ണം
വറ്റല്‍ മുളക്- രണ്ട് എണ്ണം
പച്ചമുളക് മൂന്ന് എണ്ണം
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
മുളകുപൊടി-കാല്‍ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്‌
വെളിച്ചെണ്ണ- ആവശ്യത്തിന്‌
കറിവേപ്പില- ഒരു തണ്ട്

എന്നാല്‍ ഉണ്ടാക്കിയാലോ?

ഒരു കുഴിയന്‍ പാത്രത്തില്‍ ഇടത്തരം തീയില്‍ മഞ്ഞള്‍ പൊടി, മുളകുപൊടി പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചക്കക്കുരു വേവിച്ചെടുക്കുക. ഇതിനു ശേഷം ഒരു പാത്രത്തില്‍ തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് കുറച്ചു മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി ചതച്ചു എടുക്കുക. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു രണ്ടു ചുവന്ന ഉള്ളി അരിഞ്ഞതും, വറ്റല്‍ മുളകും, കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു എടുക്കുക. ഇതിലോട്ടു ചതച്ചു വെച്ച ചേരുവകള്‍ ഇട്ടു ഇളക്കിയെടുക്കുക. പച്ചമണം മാറിയത്തിനു ശേഷം വേവിച്ചു വെച്ച ചക്കകുരു ഇട്ടു ഇളക്കി അഞ്ചു മിനിട്ട് അടച്ചു വെച്ച് വേവിച്ചു എടുക്കുക. ഇനി ചൂടോടെ വിളമ്പാം! 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌

More read...

മായാത്ത ചിരിയും ചെമ്മീന്‍ ഉലര്‍ത്തിയതും
മീന്‍കറിയുടെ എരിവും തോല്‍വിയുടെ പുളിയും
ഒരു നിറതോക്കും ചൂരക്കറിയും
ഐ ലവ് യു മാമ്പഴ പുളിശ്ശേരി