ളപട്ടണം പുഴയോരത്തെ തെങ്ങുകള്‍ അകിടുനിറഞ്ഞ പശുക്കളെപ്പോലെ കാത്തുനില്‍ക്കുന്നു.കാലില്‍ തളപ്പും കൈയില്‍ കുടങ്ങളുമായി താളമിട്ട് കയറുന്ന തോര്‍ത്തുമുണ്ടുകാര്‍,അവര്‍ക്കുമുന്നില്‍ അനുസരണയുള്ള കിടാങ്ങളായി അവ ചുരത്തിത്തുടങ്ങി.ചൂട് കള്ള് ഭൂമിയിലേക്ക് ഇറങ്ങിവരുന്നു.
 
സ്വകാര്യ വണ്ടിയുടെ നമ്പര്‍ പ്ലേറ്റുപോലെ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളില്‍ ഒരു ബോര്‍ഡ്.'ടി.എസ്.നമ്പര്‍...'ഒരാള്‍ അതിനുമുന്നില്‍ പരുങ്ങിനില്‍ക്കുന്നു.ആദ്യരാത്രി മണിയറയിലേക്ക് കടന്നുവരുന്ന പുതുപ്പെണ്ണിന്റെ നാണമുണ്ട് ആ മുഖത്ത്.

 'എന്താണപ്പാ അവിടെത്തന്നേ നിന്നേ...ധൈര്യമായി ഇങ്ങുകേറിക്കോ'തനി കണ്ണൂര്‍ ശൈലിയില്‍ അകത്തുനിന്ന് ഒരപരിചിതന്‍ ധൈര്യം പകര്‍ന്നു. ചുറ്റുമൊന്ന് പാളിനോക്കി പുള്ളിയും അകത്തേക്ക് വെച്ചുപിടിച്ചു.

ഊഞ്ഞാലാടുന്ന രണ്ടുമൂന്ന് മേശകള്‍.ദ്രവിച്ചുതുടങ്ങിയ അഞ്ചാറുബെഞ്ചുകള്‍.തീര്‍ന്നു അകത്തെ മുറിയുടെ പകിട്ട്.അന്നത്തെ പാര്‍ട്ടിപത്രവും ഒന്നുരണ്ടു ദിനേശ് ബീഡിയും അവിടെ ചിതറിക്കിടക്കുന്നുണ്ട്. ഓലക്കീറിനുള്ളിലൂടെ അരിച്ചിറങ്ങുന്ന വെയിലില്‍ മരനീര് നിറച്ച ഗ്ലാസുകള്‍ തിളങ്ങി, അതിലേക്ക് മുഖം ചേര്‍ക്കുന്നു നാലഞ്ച് കാരണവന്‍മാര്‍.

അപരിചിതത്വം കൊഴിഞ്ഞുവീഴുകയാണിവിടെ. ജന്മാന്തരബന്ധംപോലെ സൗഹൃദങ്ങള്‍ പൂവിട്ടുതുടങ്ങി.രാഷ്ട്രീയവും കലയും സാഹിത്യവും മനുഷ്യരുടെ ആ സാഗരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്നു.

'പാര്‍ട്ടി സമ്മേളനം കഴിഞ്ഞില്ലേ. ഇനിയെങ്കിലും അടി തീര്വോ...', നരച്ച തലയില്‍ സ്‌നേഹപൂര്‍വം ഉഴിഞ്ഞ് ചുവന്ന ഷര്‍ട്ടുകാരന്റെ ചോദ്യം.അടുത്തിരിക്കുന്നയാള്‍ക്ക് പക്ഷേ ഇതിലൊന്നും താത്പര്യമില്ല. മുന്നില്‍ നിറച്ചുവെച്ച ഗ്ലാസിനെ അയാള്‍ ഓമനിച്ചുകൊണ്ടിരിക്കുകയാണ്..

'അല്ലേലും കള്ളും കമ്യൂണിസവും ഒരു പോലെയാ.രണ്ടും രക്തത്തില്‍ പിടിച്ചാല്‍ കളയാനാവില്ല...', പെട്ടെന്നൊരു ബോധോദയമുണ്ടായ പോലെ അയാള്‍ ഒരു തത്വചിന്തയ്ക്ക് തിരികൊളുത്തി.സംസാരത്തിന്റെ ഇടവേളകളില്‍ മധുരക്കള്ള് ഇടതടവില്ലാതെ ആ തൊണ്ടയിലൂടെ ഇഴഞ്ഞിഴഞ്ഞ് ഇറങ്ങിപ്പോയി.

കള്ളാണ് നിവേദ്യം 

ഒരു തിരുവപ്പനയുടെ ഒരുക്കത്തിലാണ് പറശ്ശിനി മടപ്പുര.മടയനും വെള്ളാട്ടവും ഒരുങ്ങിയിറങ്ങുന്നു.
'ചോറ്, കായക്കറി, നീര്‍ക്കറി, കുളുക്ക്... ഈ സാധനോക്കെ ണ്ട്,വന്ന് കയിച്ചോ.'മടയന്‍ അകത്തേക്കുവന്ന് മുത്തപ്പനെ വിളിച്ചു.മുത്തപ്പന് പ്രിയപ്പെട്ട പാനീയം ചൂടാറാത്ത കള്ള് മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. കള്ള് നിവേദിക്കുന്ന ക്ഷേത്രത്തില്‍ ഭക്തര്‍ ആദരപൂര്‍വം കൈകൂപ്പി നില്‍ക്കുന്നു.

ചെണ്ടക്കൊട്ടുയര്‍ന്നു.ഒരു കാരണവര്‍ കിതച്ചുകൊണ്ട് അടുത്തെത്തി.'മടപ്പുരയില്‍ പണ്ട് പ്രസാദമായി കള്ള് കൊടുക്കാറുണ്ടായിരുന്നു.ഇപ്പോഴും ദിവസം എട്ടുലിറ്റര്‍ കള്ള് മുത്തപ്പന് പ്രസാദമായി അളക്കും.ആരെങ്കിലും കള്ള് പാര്‍സലെത്തിച്ചാല്‍ ഇന്നയാളുടെ വകയാണെന്നുംപറഞ്ഞ് കൊടുക്കും.' 

മുത്തപ്പനെ തൊഴുത് തേങ്ങാപ്പൂളും മമ്പയര്‍ പുഴുക്കും കഴിക്കുന്നവര്‍ മറ്റൊരു അര്‍ച്ചനയ്ക്കായി നേരെ അക്കരെയ്ക്ക് യാത്ര തുടങ്ങി. തെങ്ങിന്‍തോപ്പിലെ കള്ളുഷാപ്പിന് മുന്നില്‍ അവര്‍ ചാലിടുന്നു. ഷാപ്പിലെ അളവുകാരന്‍ സന്തോഷ് നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചു.മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ അയാള്‍ ഒരു ഗ്ലാസ് കാണിക്ക വെച്ചു.അതുകഴിഞ്ഞ് നട തുറന്നപ്പോള്‍ ആണുംപെണ്ണുമായി ഭക്തര്‍ ഇരച്ചുകയറി.'ഇതിനെന്തുകൊഴപ്പം,മുത്തപ്പന്റെ പ്രസാദമല്ലേ', ആ ധൈര്യത്തില്‍ രണ്ട് കേമത്തിമാര്‍ സേവ തുടങ്ങി.

ഷാപ്പില്‍ മേമ്പൊടിയൊരുക്കുന്നതിന്റെ ബഹളത്തിലാണ് അടുക്കള. സന്തോഷും ഭാവേഷും അടുപ്പിന്റെ മുന്നില്‍ നിവര്‍ന്നുനിന്നു.പറശ്ശിനിഷാപ്പിലെ കുക്കുമാരാണ്. 'ഈടത്തെ ഭക്ഷണത്തില്‍ പായ്ക്കറ്റ് പൊടിയൊന്നും ചേര്‍ക്കില്ല,അതാ ഇത്ര ടേസ്റ്റ്', മുന്നിലെ ഉരുളിയില്‍ കിടന്ന് വേവുന്ന കക്കയും കല്ലുമ്മക്കായയും അവര്‍ സാമ്പിളായി നീട്ടി.നാട്ടുരുചിയുടെ വമ്പ്. പുട്ട്, വെള്ളാപ്പം, ചെമ്മീന്‍, കക്ക, കല്ലൂമ്മക്കായ...അവര്‍ മെനു നിവര്‍ത്തിവെച്ചു.

അതിനിടെ മൂളിപ്പാട്ടും പാടി കുറെ പ്ലസ്ടു കില്ലാഡികള്‍ കയറിവന്നു.ക്ലാസിലെ പ്രേമവും ടീച്ചറുടെ സാരിയും മൊബൈല്‍ പടങ്ങളും അവരുടെ മേശ നിറച്ചു.പെട്ടെന്ന് ഒരുത്തന്റെ മൊബൈല്‍ പ്രകാശിക്കുന്നു,വീട്ടില്‍നിന്ന് അമ്മയാണ്...അവന്‍ ഒന്നു മുരടനക്കി,ശബ്ദമൊന്ന് ചിട്ടപ്പെടുത്തി അമ്മയോട് പറഞ്ഞു 'ഞാന്‍ കാന്റീനിലാ,പിന്നെ വിളിക്കാമേ....', കൂട്ടുകാരെ നോക്കി വിരുതന്‍ കണ്ണിറുക്കി.

പുറത്ത് വെയില്‍ മൂക്കുകയാണ്.നാറാത്തുനിന്ന് മയ്യില്‍വരെ പുഴയ്ക്കരികിലുള്ള 'കള്ളിന്‍തോപ്പുകള്‍' ക്ഷീണിച്ചുകിടക്കുന്നു.രണ്ടായിരത്തിലേറെ ചെത്ത് തൊഴിലാളികള്‍ വീട്ടിലേക്കുള്ള മടക്കത്തിലാണ്.കോഴിക്കോടും മലപ്പുറവും കടന്ന് പോവുമ്പോള്‍ തീവണ്ടി പോലും മത്തുപിടിച്ചുള്ള പാച്ചിലിലാണ്.ഷൊറണൂരില്‍ പാതക്കരികിലെ കുറ്റിക്കാട്ടില്‍നിംന്ന് രണ്ട് തലകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് ചുവന്നഗ്ലാസുകളെ സാക്ഷിയാക്കി അവര്‍ മറ്റേതോ സുന്ദരലോകത്ത് അലഞ്ഞുതിരിയുകയാണ്.

ദേ പെണ്ണുകിട്ടാതിരിക്കരുത് ട്ടോ 

ഇരിങ്ങാലക്കുടയില്‍നിന്ന് കുറെ ഗഡികള്‍ വെടികൊണ്ട പന്നിയെപ്പോലെ മാപ്രാണത്തേക്ക് പായുന്നു.വയലിന് നടുവിലെ കിളിക്കൂടുപോലുള്ള ഷാപ്പില്‍ അവര്‍ ചെന്ന് കരപറ്റി.അടുപ്പത്ത് കിടക്കുന്ന മീനിനെ പുതിയ ചില പാഠങ്ങള്‍ പഠിപ്പിക്കുകയാണ് സുകേഷ് എന്ന കണ്ണന്‍.

'ശരിക്കുള്ള രുചിയറിയാന്‍ ഷാപ്പില്‍ തന്നെ വരണം.ഒരുപാട് വെറൈറ്റി ഐറ്റംസല്ലേ ഇവിടെ.അതുകൊണ്ടാ കള്ളുകുടിച്ചില്ലേലും ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ഇടിച്ചുകയറുന്നേ.' ആദ്യത്തെ ബെഞ്ചില്‍ രണ്ട് കുടം കള്ളും നാല് പ്ലേറ്റ് ഞെണ്ടും രണ്ടട്ടി കപ്പയും ഇറക്കിവെച്ച് സുകേഷ് തിരിച്ചെത്തി. മുന്നിലെ പലകയില്‍ അയാള്‍ ചോക്ക് കൊണ്ട് കണക്കെഴുതി.

'ഇവിടെ ഓരോ ഐറ്റത്തിനും സ്‌പെഷലൈസേഷനുണ്ട്.കക്കയും താറാവും എന്റെ ഡിപ്പാര്‍ട്ട്‌മെന്റ്. കാടയും ഞെണ്ടും കൈകാര്യം ചെയ്യുന്നത് ചേട്ടന്‍ ജയനാണ്.ചേച്ചി ഉഷ ചിക്കനും ബീഫും ഏറ്റെടുക്കും.പോര്‍ക്കും മട്ടണുമെല്ലാം ഷീജയുടെ കൈയിലാണ്.ഓരോരുത്തരും ഓരോ ഐറ്റത്തിലങ്ങ് പിടിക്കും.'
ജയനൊരു റെസിപ്പി തുറന്നു'കക്കയിറച്ചി വെക്കുമ്പോള്‍ ആദ്യം മസാല തയ്യാറാക്കും.പിന്നെ ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി,ഇഞ്ചി,ഉപ്പ് ചേര്‍ക്കും.അതിനുശേഷം മസാല അരപ്പ് അല്‍പം തേങ്ങാപ്പാലും ചേര്‍ത്ത് അടുപ്പത്ത് കയറ്റും', മുന്നിലെ ചെറിയവട്ടയില്‍ ചുവന്ന മുളകില്‍ കുളിച്ചുകിടക്കുന്ന ഞെണ്ടിന്‍ കാലുകള്‍ അയാള്‍ സ്‌നേഹത്തോടെ തിരിച്ചിട്ടു.

അകത്തുനിന്ന് ചര്‍ച്ചയുടെ മേളം.നാല് ചുള്ളന്‍മാരാണ് ഫീല്‍ഡില്‍.'എന്റമ്മേ എന്തൂട്ടാ ദ്...', ക്യാമറയുടെ കഴുത്ത് കണ്ടപ്പോള്‍ നാലുപേരും ഒരുമിച്ച് പുറകോട്ട് വലിഞ്ഞു.

'ദേ ഗഡീ ഞങ്ങടെ മൂന്നുപേരേയും കല്യാണം കഴിഞ്ഞിട്ടില്ല ട്ടോ.പെണ്ണുകിട്ടാതാക്കരുതേ...'ഗള്‍ഫില്‍നിന്ന് അവധിക്കുവന്ന എന്‍ജിനീയര്‍മാര്‍ ഷനോജും ജോസഫും അനിലും ഒരേ സ്വരത്തില്‍ ശബ്ദിച്ചു.കൂട്ടത്തിലുള്ള അനിഷ് എന്തിനും തയ്യാറെന്ന മട്ടില്‍ നെഞ്ചുവിരിച്ചുനിന്നു.'അവന്റെ കല്യാണം കഴിഞ്ഞു,ഇനിയെന്തുനോക്കാനാ.'

'നാട്ടിലെത്തിയാല്‍ ഞങ്ങള്‍  ഇടയ്ക്കിടെ ഇങ്ങനെ കൂടും.കള്ള് കുടിക്കാന്‍ നാട്ടില്‍ത്തന്നെ വരണ്ടേ.'അനിഷിന്റെ ന്യായം. അനിയന്‍ അനിലും അതുതന്നെയെന്ന് തല കുലുക്കി.ചേട്ടനും അനിയനുമൊക്കെ അങ്ങ് വീട്ടില്‍ എന്ന മട്ടില്‍ അവര്‍ തോളില്‍ കൈയിട്ടിരുന്നു..

'ഞങ്ങള്‍ ഇത്തിരി അടിച്ച് ഒന്ന് ഉഷാറാക്കും.പഴയ കോളേജ് ലൈന്‍ കേസുകളൊക്കെയാണ് അപ്പോള്‍ ഓര്‍മ വരിക.അതൊക്കെ സംസാരിച്ചിരിക്കുമ്പോള്‍ നേരം പോവുന്നതറിയില്ല...',ഷനോജിന്റെ വക ഒരു ഗുണ്ട്. ശാരി, മേരി, രാജേശ്വരി...പഴയ കുറെ കോളേജ് സുന്ദരിമാര്‍ അവരുടെ ഓര്‍മകളില്‍ വന്ന് എത്തിനോക്കിപ്പോയി.

ടെസ്റ്റര്‍ വാസുവും ചാലക്കുടിയും 

FOOD ON TRAVEL

ചാലക്കുടിയില്‍ സിനിമാതിയേറ്ററിനുമുന്നില്‍ പോലും ഇത്ര തിരക്കില്ല.ഷാപ്പായ ഷാപ്പിലെല്ലാം ആളും ആരവവും മാത്രം.അല്ലെങ്കിലും കുടിയില്‍ കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന സ്ഥലമല്ലേ ഇത്.

'അതങ്ങനെ എളുപ്പത്തില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാനൊന്നും പോവുന്നില്ല', സ്‌മോളില്‍ നിന്ന് ലാര്‍ജിലേക്കുള്ള ലാപ്പിനിടയില്‍ മഹേഷ് തുറന്നുചിരിച്ചു.റിയല്‍ എസ്റ്റേറ്റിലാണ് ആശാനു പണി.ടെന്‍ഷന്‍ മാറ്റാനാണ് കുടി.


പുറത്ത് ഉറക്കംതൂങ്ങി നില്‍ക്കുന്ന ഒരാളെ ചൂണ്ടി മഹേഷ് പരിചയപ്പെടുത്തി.'അതാ ഒരു മടല്‍ചാരി'.കള്ളുകുടിയുടെ ഡിക്ഷണറിയില്‍നിന്ന് അതിന്റെ അര്‍ത്ഥവും പുള്ളി തപ്പിയെടുത്തുതന്നു.'ഒരു ഡ്രിങ്കിനുശേഷം ചാരാന്‍ ഒരു മടല്‍ നിര്‍ബന്ധമുള്ളവര്‍...' 'വെള്ളിയാഴ്ച വരണം, രണ്ടുമൂന്ന് യേശു ക്രിസ്തുമാരെക്കാണാം.'മഹേഷിന്റെ അടുത്ത ഡയലോഗില്‍ ശരിക്കും ഫഌറ്റായിപ്പോയി.

'ഒരു ദിവസത്തെ കുടി കഴിഞ്ഞുപോയാല്‍ മൂന്നുദിവസം കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് ഈ യേശു ക്രിസ്തുമാര്‍...'ആ വിശദീകരണത്തിന്റെ ഞെട്ടലിലിരിക്കുമ്പോള്‍ വാതില്‍ക്കല്‍ ഒരു അവതാരം പ്രത്യക്ഷപ്പെട്ടു.'ഇത് ടെസ്റ്റര്‍ വാസു...', സുഹൃത്തിനെ മഹേഷ് പരിചയപ്പെടുത്തി. അണ്ണന്‍ വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി ഒന്നു ചിരിച്ചു.

'നാട്ടിലെ പ്രധാന ഷാപ്പില്‍ പുതിയ വാറ്റിന്റെ സ്ഥിരം ടെസ്റ്ററാണ.് പുതിയ വാറ്റ് വന്നാല്‍ ഉടമ എല്ലാ ദിവസവും ഒരാള്‍ക്ക് ആദ്യം അത് പരീക്ഷിക്കാന്‍ ഒഴിച്ചുകൊടുക്കും.എന്നും അതിന്റെ വരിയില്‍ മുന്നിലെത്തുക വാസുവാണ്.വാസുവിന് ഓസിന് എന്നും രണ്ട് സ്‌മോള്...' സുഹൃത്തുക്കള്‍ അവരുടെ ലോകത്തിലേക്ക് വീണു.

അതുവരെ ഷാപ്പിന്റെ മൂലയ്ക്കുള്ള ബെഞ്ചിലിരുന്ന് ചെമ്പന്‍താടി തടവിക്കൊണ്ടിരുന്നയാള്‍ എണീറ്റു.മുന്നിലെ കാലിയായ നാല് കുടങ്ങളും നിലത്തേക്ക് തട്ടിമറിഞ്ഞു.പിച്ച വെക്കുന്ന കുഞ്ഞിനെപ്പോലെ അയാള്‍ പുറത്തേക്ക് ആടിയാടി നടന്നു.റോഡരികില്‍ കുനിഞ്ഞുനിന്ന് നല്ല അച്ചടക്കത്തോടെ പുള്ളി 'വാള്' വെച്ചു.ഒന്നല്ല നാലുവട്ടം.അല്‍പം കഴിഞ്ഞ് വര്‍ധിതവീര്യത്തോടെ ഒരു മൂളിപ്പാട്ടുമായി ആശാന്‍ അകത്തേക്ക് കയറിവന്നു.കുടങ്ങള്‍ വീണ്ടും നിറഞ്ഞുതുടങ്ങി.

തൃശ്ശൂരിനോട് തൊട്ട് കള്ളിന്റെയും കരിമ്പനയുടെയും നാട് ചുട്ടുപഴുത്തിരിക്കുന്നു,ചെവിയില്‍ പാലക്കാടന്‍ കാറ്റിന്റെ മൂളക്കം.'പാലക്കാടന്‍ കള്ളാണ് സൂപ്പര്‍.നന്നായി മധുരിക്കും.കഴിക്കുന്നേല്‍ ഉച്ചയ്ക്കുമുമ്പേ കഴിക്കണം.ഉച്ച കഴിഞ്ഞാല്‍ അതിന്റെ ജീവന്‍ പോവും.'കള്ള്ഷാപ്പുകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ അഭിലാഷ് ചന്ദ്രന്‍ കൊച്ചിയില്‍നിന്ന് അഭിപ്രായം അറിയിക്കുന്നു.

 

FOOD ON TRAVEL

മുല്ല പൂക്കുമ്പോള്‍

ഉദയംപേരൂരിലെ 'മുല്ലപ്പന്തലില്‍' ഒരു സുന്ദര സായാഹ്നം.ചമ്പാവ് പുട്ടിനും കരിമീന്‍ കറിക്കും താറാവ് റോസ്റ്റിനും മുന്നില്‍ നാലഞ്ച് മഹിളാമണികള്‍.

'ഞങ്ങള്‍ ആനന്ദിക്കാനാണ് കുടിക്കുന്നത്.ആണുങ്ങളെപ്പോലെ നിരാശ മാറ്റാനല്ല', ഗിരിജ എന്നു പരിചയപ്പെടുത്തിയ കള്ളി മനസ്സുതുറന്നു.അരികില്‍ വേറെയുമുണ്ട് കഥാപാത്രങ്ങള്‍.പക്ഷേ പേരുചോദിച്ചാല്‍ സാരിയെക്കുറിച്ചാണ് മറുപടി.അല്ലേലും ഒരു പേരിലെന്തുകാര്യം എന്ന മട്ട്.

'മറ്റൊരാളോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കള്ള് കുടിച്ചാല്‍ തനിയെ പുറത്തുവരും.ഭര്‍ത്താവിന്റെ കാര്യങ്ങള്‍,കുടുംബപ്രശ്‌നങ്ങള്‍,ആണുങ്ങളുടെ കാപട്യങ്ങള്‍...എല്ലാം ഞങ്ങള്‍ ഈ മേശയ്ക്കു ചുറ്റുമിരുന്ന് പങ്കുവെക്കും.സെക്‌സിനെക്കുറിച്ച് പറയാനുള്ളവര്‍ അത് പറയും. മറ്റുള്ളവര്‍ അതൊക്കെ കേട്ട് ആസ്വദിക്കും.' അവര്‍ മനസ്സിന്റെ മണിച്ചിത്രത്താഴ് തുറന്നുവെച്ചു.

മുല്ലപ്പന്തലിന്റെ അണിയറയിലും സ്ത്രീകള്‍ തന്നെയാണ് താരങ്ങള്‍.ഉരുളിയില്‍ ഉള്ളിയിട്ട് പെരുക്കുന്നതിനിടയില്‍ രാധ തലപൊക്കി നോക്കി. 22 വര്‍ഷമായി ഈ പന്തലിലെ പാചകറാണിയാണ് തൃപ്പൂണിത്തുറക്കാരി.

'ഭര്‍ത്താവിന് ഇവിടെയായിരുന്നു ജോലി.അദ്ദേഹം പോയപ്പോള്‍ മൂന്നുമക്കളെ നോക്കാന്‍ വഴിയില്ലാതായി.പിന്നെ ഞാനും ഷാപ്പില്‍ത്തന്നെ ജോലി തുടങ്ങി.' ഉരുളിയില്‍ കാഞ്ഞുകിടക്കുന്ന കരിമീനിനെ അവര്‍ മുളകുകൊണ്ട് പുതപ്പിച്ചു.അപ്പുറത്ത് കുഴച്ചുവെച്ച അരിപ്പൊടിയെ പുട്ടിന്‍കുറ്റിയിലേക്ക് ചൊരിഞ്ഞുവെച്ചു.

'ഷാപ്പായതുകൊണ്ട് അല്‍പം എരിവും പുളിയുമൊക്കെ കൂടുതല്‍ വേണം.അത് വേണ്ടാത്തവര്‍ക്ക് തേങ്ങാപ്പാല് ചേര്‍ത്ത് അല്‍പം മയപ്പെടുത്തും.അതാണ് രുചിയുടെ സീക്രട്ട്.' രാധയുടെ അഭിപ്രായത്തിന് ശോഭനയും ഗിരിജയും ഭാനുമതിയും തലകുലുക്കി.

പുറത്തുകിടന്ന മേശ അവര്‍ ഷോപ്പിങ് ഫെസ്റ്റിനുള്ള പവലിയനാക്കി ഒരുക്കി. താറാവ്, കടുക്ക, ഞെണ്ട്, കൂന്തല്‍,കൊഞ്ച്... ഒടുവില്‍ കാവലിനെന്ന പോലെ രണ്ട് കള്ളിന്‍കുടങ്ങളും.ഇതിനിടയില്‍ ഒരു വലിയതല കിടന്ന് ചിരിക്കുന്നു.മസാലക്കൂട്ടിന്റെ തിളക്കമുണ്ട് ആ മുഖത്ത്.ഈ പ്ലേറ്റിലൊന്നും നില്‍ക്കേണ്ടവനല്ല ഈ മീനിന്റെ തല.മൂന്ന് മൂന്നരക്കിലോ കാണും.ഒരാള്‍ തല പൊളിച്ചുതുടങ്ങി.കണ്ടുനിന്നയാളുടെ കമന്റ്'വണ്ടി കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടതേയുള്ളൂ.തിരുനക്കര എത്തുമ്പോഴേക്കും വൈകുന്നേരമാവും.'

മുല്ലപ്പന്തലില്‍ കള്ളിനേക്കാള്‍ പേര് കപ്പയ്ക്കും കരിമീനിനുമാണ്.1945ല്‍ കുടംതുറന്ന ഷാപ്പാണിത്.അന്നൊക്കെ മുല്ലവള്ളി പടര്‍ത്തിയ പന്തലിലായിരുന്നത്രേ. 

'ഒരു പ്രസിദ്ധനടന്‍ ഇവിടുത്തെ പതിവുകാരനാണ്.പക്ഷേ പേരുപറയുന്നില്ല', സീനിയര്‍ സപ്ലൈയര്‍ മാധവേട്ടന്റെ വിവരണം. 15 ാം വയസ്സുമുതല്‍ ആളുകള്‍ക്ക് കള്ളൊഴിച്ചുകൊടുക്കുന്നുണ്ട് മാധവേട്ടന്‍.ഇപ്പോള്‍ അറുപത് വയസ്സില്‍ റിട്ടയര്‍ ചെയ്തിട്ടും മുതലാളി പിടിച്ചുനിര്‍ത്തിയിരിക്കുകയാണത്രേ.

'മുമ്പൊക്കെ ഞാനും കഴിക്കുമായിരുന്നു.പക്ഷേ ഷുഗറ് വന്നപ്പോള്‍ നിര്‍ത്തേണ്ടി വന്നു.' മാധവേട്ടന് അതിന്റെ സങ്കടം മാത്രമേയുള്ളൂ. അത്തിപ്പഴം പഴുത്തപ്പോഴുള്ള കാക്കയുടെ ഗതി 'പണ്ട് കാരണവന്‍മാരൊക്കെയാണ് കുടിക്കാനെത്തുക.ഇപ്പോള്‍ കൊച്ചുപിള്ളേരുപോലും ഒന്നുരണ്ടെണ്ണം വീശും.' കാലത്തിന്റെ മാറ്റത്തെക്കുറിച്ച് അയാള്‍ പറഞ്ഞുവെച്ചു.ഇടയ്ക്ക് മാധവേട്ടന്റെ കണ്ണൊന്ന് തെറ്റിയ നേരം നോക്കി ഒരു കള്ളക്കാക്ക പറന്നുവന്നു. ചുവന്ന കുടത്തില്‍ ഒന്നുമുങ്ങിക്കുളിച്ച് ഉന്മത്തനായി അത് തിരികെ പറന്നു.

കുട്ടനാടന്‍ കള്ളും കോഴിത്തോരനും 

ആലപ്പുഴ നിന്ന് ചങ്ങനാശ്ശേരിക്കുള്ള റോഡ്.കേരളത്തിലെ കള്ളുപ്രേമികളുടെ സ്വര്‍ഗം.വയലിന്റെ പച്ചപ്പിനുനടുവില്‍ മുക്കിനുമുക്കിനു സേവാകേന്ദ്രങ്ങള്‍.'പണ്ടൊക്കെ ഇവിടെ കള്ളില്‍ നിന്നുള്ള വിനാഗിരി കിട്ടുമായിരുന്നു. എത്ര തവണ ഞങ്ങളിവിടെ കയറിയിട്ടുണ്ട്', സിനിമാതാരം എന്‍.എല്‍.ബാലകൃഷ്ണനാണ് സ്‌ക്രീനിലെത്തുന്നത്. കുടിയന്മാര്‍ക്കും ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന് ബോധ്യപ്പെടുത്തിയ ആള്‍.'ഫോറം ഫോര്‍ ബെറ്റര്‍ സ്പിരിറ്റി'ന്റെ പ്രസിഡന്റാണ് നമ്മുടെ സ്വന്തം ബാലേട്ടന്‍.

FOOD ON TRAVEL'അന്നൊക്കെ ഷൂട്ടിങ്ങ് പായ്ക്ക് അപ് ആയാല്‍ രാത്രി ഞങ്ങള്‍ ഷാപ്പില്‍ ഒത്തുകൂടും.അരവിന്ദന്റെ മിക്കപടങ്ങളുടെയും ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണം ഷാപ്പിലാവും, കൂട്ടിന് കള്ളും.സിനിമാചര്‍ച്ചകളും രാഷ്ട്രീയവുമൊക്കെ പറഞ്ഞു നേരം വെളുപ്പിച്ച എത്രയെത്ര ദിനങ്ങള്‍.ജോണ്‍ എബ്രഹാമിന്റെ പടമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട', ബാലകൃഷ്ണന്‍ പഴയ കാലത്തുനിന്ന് തിരിച്ചുവന്നു.

'ഇപ്പോഴും ഷാപ്പുകളിലെ രുചിയൊന്നും നഷ്ടപ്പെട്ടിട്ടില്ല.വീട്ടില്‍ വെക്കുന്ന അതേ ഫുഡ് കഴിക്കാന്‍ ഇന്നും ഷാപ്പില്‍ത്തന്നെ പോവണം.' കോഴിത്തോരനും മീന്‍തീയലും ഫേവറിറ്റ് ഐറ്റമായ പന്നിയിറച്ചിയും അദ്ദേഹത്തിന്റെ നാവില്‍ ഊറിവരുന്നു.ഇതിനിടെ താനൊരു മുഴുക്കുടിയനൊന്നുമല്ലെന്ന് ബാലേട്ടന്‍ സത്യവാങ്മൂ ലം സമര്‍പ്പിച്ചു.'ആരോഗ്യം നോക്കിയേ ഞാന്‍ കഴിക്കൂ.അതും ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം.' ബാലേട്ടനെ വിട്ട് ഷാപ്പിലിറങ്ങുമ്പോള്‍ കാത്തിരിക്കാന്‍ എത്രയെത്ര വിഭവങ്ങള്‍.

അപ്പം, മീന്‍കറി, കാരി, വരാല്‍, കരിമീന്‍, കൊഞ്ച്, കണവ... നെടുമുടിയിലെ ഷാപ്പില്‍ കായലിലെ മീന്‍മൊത്തം കയറിവന്നെന്ന് തോന്നുന്നു.റോഡരികിലെ കമ്പിക്കൂട്ടില്‍ താറാവിന്‍ പിടകളും ഊഴം കാത്തുകിടക്കുന്നുണ്ട്.'കുട്ടനാടന്‍ കള്ളുവേണം,കരിമീനും ഞെണ്ടുംവേണം...തിത്തൈതക തൈതൈ തോം.' അകത്തുനിന്ന് ഒരു വഞ്ചിപ്പാട്ടിന്റെ ഈണം.

പാട്ടുതീരുമ്പോള്‍ ചില കുടുംബകാര്യങ്ങളുടെ ചര്‍ച്ചയുമായി ബെന്നിച്ചനും ചങ്ങാതി മധുവും പ്രത്യക്ഷപ്പെട്ടു. 'ഇന്നുരാവിലത്തെ കാര്യം കേള്‍ക്കണോ.പെണ്ണുമ്പിള്ള പറയുകയാ,നിങ്ങള്‍ മദ്യപിക്കുന്ന കാശുണ്ടേല്‍ പോയി രണ്ട് ലോട്ടറിയെടുക്കെന്ന്.നിങ്ങളോ രക്ഷപ്പെടുന്നില്ല,ആ ലോട്ടറിക്കാരന്റെ കുടുംബമെങ്കിലും രക്ഷപ്പെട്ടോട്ടേ എന്ന്. ഞാന്‍ നേരെ പോയി രണ്ട് ലോട്ടറി വാങ്ങി..പിന്നെ ഷാപ്പിലോട്ടും കയറി.'

 

താന്‍ ചെയ്തതുശരിയല്ലേ എന്ന മട്ടില്‍ ബെന്നിച്ചന്‍ സുഹൃത്തിന്റെ മുഖത്തുനോക്കി.പിന്നെ മദ്യസേവയെപ്പറ്റി പുള്ളിയൊരു അഭിമുഖത്തിനു തയ്യാറായി.ആദ്യചോദ്യം.ദിവസം എത്ര കുടിക്കും.മറുപടിയിതാ'ചിലപ്പോള്‍ 100 രൂപയ്ക്ക് പണി കിട്ടും.അന്ന് ഞാന്‍ 500 രൂപയ്ക്കടിക്കും.കടം വീട്ടാന്‍ പിറ്റേന്ന് 2000 രൂപയ്ക്ക് പണിയെടുക്കും.' ഈ ഞങ്ങളുടെ ഒരുകാര്യം എന്ന മട്ടില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ബെന്നിച്ചനും മധുവും അമ്പരന്നിരുന്നു.ഒരു പെഗ്ഗില്‍ തുടങ്ങിയതാണത്രേ ഇവരുടെ ചങ്ങാത്തം.

FOOD ON TRAVEL

അല്ലേലും ആണുങ്ങളുടെ ഇടയില്‍ എളുപ്പത്തില്‍ സൗഹൃദങ്ങളുണ്ടാക്കിക്കളയും ഈ വിരുതന്‍ കള്ള്... ഗ്ലാസ് മേറ്റ് സൗഹൃദമെന്ന് മദ്യവിരുദ്ധര്‍ കളിയാക്കിയാലും ആന കുത്തിയാലും ഇളകാത്ത ബന്ധമെന്നു പറഞ്ഞ് കുടിയന്‍മാര്‍ പിടിച്ചുനില്‍ക്കും.

സൗഹൃദവും പാട്ടും തീരുമ്പോള്‍ കൈയിലൊരു ചൂരലുമായി ഹെഡ്മാസ്റ്ററുടെ ഗൗരവത്തോടെ ഒരാള്‍ വരുന്നു,ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍: 'ശുദ്ധമായ കള്ളില്‍ ആല്‍ക്കഹോളിന്റെ അംശം കുറവാണ്.അത് കുടിച്ചാല്‍ ചെറിയൊരു ലഹരി കിട്ടുന്നുവെന്നേയുള്ളു. ഇപ്പോള്‍ കള്ളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നു എന്ന് പറയുന്നു. ഇവിടെ ചെത്തുന്ന കള്ളും കുടിക്കുന്ന കള്ളും തമ്മിലുള്ള അന്തരം അത്ര വലുതാണ്. വീര്യം കൂട്ടാന്‍ ഡയസിഫാം പോലുള്ള ഉറക്കഗുളികകള്‍ പൊടിച്ചുചേര്‍ക്കുന്നുണ്ടത്രേ.അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും.ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന കള്ള് കഴിക്കുന്നവരില്‍ ലിവര്‍ അമീബിയാസ് പോലുള്ള അസുഖങ്ങളും കൂടുന്നുണ്ട്.കരളിന് വീക്കം,പഴുപ്പ് എന്നിവയാവും പിന്നാലെയെത്തുക.'ഇതൊക്കെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ.

 

ചിത്രങ്ങള്‍: പി.ജയേഷ്, എന്‍.എം പ്രദീപ് (ലേഖനം ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചത്)