സൗദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ.922 വിമാനത്തിലാണ് ഈ അറബി 'കള്ളവണ്ടി' കയറിയത്. സൗദിയിലെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട മലബാറികളായിരുന്നു വിമാനം നിറയെ. നിതാഖതെന്ന എടങ്ങേറ് ഹലാക്കിലാക്കിയ ജീവിതത്തെക്കുറിച്ച് സങ്കടം കൊളളുന്നവര്‍. നാട്ടിലെത്തിയാല്‍ എങ്ങനെ മുന്നോട്ടുപോവുമെന്ന ശങ്കയോടെ അവര്‍ മാനംനോക്കി ഇരുന്നു. വീടുപണി,മക്കളുടെ പഠനം,വിവാഹം,നിക്കാഹ്,നിശ്ചയം...നാട്ടിലെ സകല കുലുമാലുകളുമോര്‍ത്ത് മനസ്സ് വാടിയിരിക്കുന്ന ആ മുഖങ്ങള്‍ക്കിടയില്‍ തെളിഞ്ഞ ചിരിയുമായി അറബിയും ഞെരുങ്ങിയിരുന്നു. കൃത്യമായി മലബാറിന്റെ നെഞ്ചത്തുതന്നെ അറബി വിമാനമിറങ്ങി.

നിതാഖത്ത് ഊതിക്കെടുത്തിയ സ്വപ്‌നങ്ങളുമായി വീടുകളിലേക്ക് മടങ്ങിയ മലപ്പുറംകാര്‍ക്കൊപ്പം ഈ സുജായിയും നടന്നു. ഇനി എങ്ങനെ മുന്നോട്ടുപോവുമെന്ന് പ്രവാസികള്‍ ആശങ്കപ്പെട്ടപ്പോള്‍ വിരുന്നുവന്ന അറബി പറഞ്ഞു. 'മാഫി മുശ്കില്‍'(ഒന്നും പ്രശ്‌നമാക്കേണ്ടെന്ന്). ദ ഇപ്പ ശര്യാക്കിത്തരാമെന്നുളള ഉറപ്പ്. പറഞ്ഞത് അച്ചട്ടായി. ആ സൗദിയുടെ കൈപിടിച്ച് ഇപ്പോള്‍ മലപ്പുറത്തെ 'എക്‌സ്'ഗള്‍ഫുകാര്‍ സുന്ദരമായി ജീവിക്കുന്നു. മലപോലെ വന്ന നിതാഖത് എലിപോലെ പോയ കഥ. ആരാണീ മായാജാലക്കാരന്‍ അറബിയെന്നല്ലേ....നിങ്ങള് മലപ്പുറത്തേക്ക് വരിന്‍. ഞമ്മക്ക് ചോയിച്ച് ചോയിച്ച് കണ്ടുപിടിക്കാം.


ഗേറ്റ് വേ ഓഫ് ഇന്ത്യ

കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്കുള്ള പാത. രാമനാട്ടുകര കഴിഞ്ഞാല്‍ കോഴിക്കോടിന്റെ നഗരസ്വഭാവം മഷിയിട്ടുനോക്കിയാലും കാണില്ല. മുക്കിന് മുക്ക് ചായപ്പീടികകള്‍. അരിപ്പത്തിരിയും നെയ്പ്പത്തിരിയും ബീഫ് വരട്ടിയതും കിട്ടുന്ന രുചിക്കൂടുകള്‍. വയറുനിറച്ച് കഴിച്ച് സന്തോഷത്തോടെ വഴിയരികില്‍ വെടിവട്ടം തീര്‍ക്കുന്ന ഏറനാട്ടുകാര്‍. മലപ്പുറത്തുകാര്‍ ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരല്ല, ഭക്ഷണം കഴിക്കാന്‍ ജീവിക്കുന്നവരാണെന്ന് പറഞ്ഞ പഹയന്‍ ആരാണാവോ?


പുളിക്കലില്‍ എത്തിയപ്പോള്‍ ലൈറ്റായിട്ടെന്തെങ്കിലും ഭക്ഷണം കിട്ടുമോന്ന് തിരഞ്ഞു.അതുകേട്ട് സിദ്ദിക്ക വിളിക്കുന്നു.'ബീഫ് വരട്ടിയതും പൊറാട്ടയും കയിച്ചോ'. നെയ്‌ച്ചോറിനുള്ള കാല്‍ക്വിന്റല്‍ അരി ഒറ്റക്കൈയില്‍ തൂക്കിയെടുത്ത് നടക്കുന്ന പ്രത്യേക അഭ്യാസത്തിലായിരുന്നു ഇക്ക. അരി കഴുകി അടുപ്പത്തിടുന്ന തിരക്ക്. ചില്ലലമാരയില്‍ പഞ്ചാരപ്പാറ്റ, നൈസ് പത്തിരി, ടയര്‍ പത്തിരി, ബീഫ് വരട്ടിയും കരിച്ചും പൊരിച്ചും പലവിധം. ലൈറ്റായിട്ടെന്തെങ്കിലും പോരട്ടേന്ന് പറഞ്ഞപ്പോള്‍ മുന്നില്‍ വന്നതോ, നാല് പൊറോട്ടയും ബീഫിന്റെ അഞ്ചാറ് വെറൈറ്റികളും.


മൂട് ഇളകി ആടുന്ന ബെഞ്ചിലിരുന്ന് താളത്തില്‍ പൊറോട്ടയാട്ടുന്നവരോട് ചോദിക്കണമെന്നുണ്ട്. അല്ല ഈ മലപ്പുറത്തിന്റെ ഹൃദയമിരിക്കുന്നത് വയറിലാണോ അതോ നാവിലോ? കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന് ഇതുവരെ തീരുമാനമാകാത്തപോലെ, ഇതിനും ഉത്തരം കിട്ടാന്‍ ഇത്തിരി സമയമെടുക്കും. അതുകൊണ്ട് അവരെ വെറുതെ വിട്ട് അടുത്ത നാട് പിടിച്ചു.

കൊണ്ടോട്ടി കഴിയുമ്പോഴേക്കും നാടന്‍പീടികകളുടെ രൂപവും കോലവും മാറി. പെട്ടെന്ന് ഗള്‍ഫിലെത്തിയപോലെ. ദുബായിയോ, അതോ സൗദി അറേബ്യയോ. ബുഖാരി, ഖാബിലി, മദ്ഹൂത്ത്, കബ്‌സ...ഹോട്ടലുകളുടെ ബോര്‍ഡുകളിലെങ്ങും ഗള്‍ഫ് ഭക്ഷണത്തിന്റെ തിക്കിത്തിരക്ക്. ഈ അറബി പ്രേമം പണ്ടേ മലപ്പുറത്തിന്റെ രക്തത്തിലുണ്ട്. മലപ്പുറത്ത് ഏതൊരു വീട്ടിലും ഒരു ഗള്‍ഫുകാരനെങ്കിലും കാണും. അവര്‍ നാട്ടിലെത്തിയാല്‍ ഗള്‍ഫ് ഫുഡും തേടി ഈ പീടികകളിലേക്ക് ഇറങ്ങും. പിന്നാലെ ബന്ധുക്കളും.  പുളിക്കലിലെ കോയക്ക ചെവിക്ക് പിന്നില്‍ വന്നു. ഒരു രഹസ്യം പറയാനുളള തയ്യാറെടുപ്പാണ്.'ന്റെ മോനേ, ഇബ്‌ടെ പൊരിച്ച മീനും ചോറും എന്നെഴുതി വെച്ചാ ആള് ബരൂലാ. അതിന് ഞമ്മള് സമക്കുല്‍ മക്‌ലി എന്നെഴുതി വെക്കും. സംഗതി മീനുംചോറും തന്നെ. അറബിപ്പേര് കണ്ടാല്‍ നാലാള് വന്ന് അതെന്താണെന്ന് നോക്കിപ്പോവും'. ഇക്കയുടെ സമക്കുല്‍ മക്‌ലി മുന്നിലെത്തി.  നാടകാന്ത്യം ചോദിക്കാന്‍ തോന്നി. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കാളിദാസന്‍(ലാല്‍)കുക്ക് ബാബു(ബാബുരാജ്)വിനോട് ചോദിച്ച അതേ ചോദ്യം,'ങ്ങള് പോരുന്നോ, ന്റെ കൂടേ...'

അയാളിതാ ആ അറബി 

മോങ്ങത്തെത്തിയപ്പോഴാണ് തേടിയ അറബി കാലില്‍ ചുറ്റിയത്. വഴിയരികിലെ നിരനിരയായുള്ള അറിയിപ്പ് ബോര്‍ഡുകള്‍ക്കിടയില്‍നിന്നൊരു ചിരി. പിന്നെയങ്ങോട്ട് ആ അറബിയുടെ ദിവസമായിരുന്നു. ആളുടെ  പേര് മന്തി, മലപ്പുറത്തുകാര്‍ കുഴിമന്തിയാക്കി. മലപ്പുറത്തിന്റെ ഭക്ഷണശീലത്തില്‍ വലിയ പുകിലുകളുണ്ടാക്കിയതിന്റെ ഗമയൊന്നും ഈ സൗദിപൗരന്‍ കാണിച്ചില്ല. ബിരിയാണിയെ സൈഡിലാക്കിയവന്‍, മലപ്പുറത്തെ ഭക്ഷണപ്രിയരുടെ ഉറക്കം കെടുത്തിയവന്‍,നിതാഖത്തുകാരെ രക്ഷിച്ചവന്‍.... നാസറിന്റെ ബാവാസ് ഹോട്ടലില്‍ മന്തിക്ക് അഭിമുഖമിരിക്കുമ്പോള്‍ പേരും പെരുമയും മുദ്രാവാക്യംപോലെ വന്നു. 'ചിക്കന്‍, മട്ടന്‍, കുട്ടന്‍, ഫിഷ് അങ്ങനെ കുറെ വെറൈറ്റി മന്തികളുണ്ട്.സൗദിയില്‍ പക്ഷേ മട്ടന്‍മന്തിക്കാണ് പ്രിയം'എട്ടുവര്‍ഷം സൗദിയിലായിരുന്നതിന്റെ അനുഭവം വിവരിച്ചു നാസര്‍. ഹോട്ടലില്‍ കുക്കിങ്ങ് തന്നെയായിരുന്നു പരിപാടി. ഇടയ്ക്ക് നിതാഖത്ത് വന്നപ്പോള്‍ പെട്ടിമടക്കി നാട്ടിലേക്ക് പോന്നു. ഇവിടെ വന്നപ്പോള്‍ അറിയാവുന്ന പണി മന്തിയുണ്ടാക്കലാണ്. ഇപ്പോള്‍ ദിവസം 70 മന്തിവരെ നാസര്‍ വില്‍ക്കുന്നുണ്ട്. കല്യാണം, സല്‍ക്കാരം, നിക്കാഹ് തുടങ്ങിയവയൊക്കെ വന്നാല്‍ കച്ചവടം പൊടിപൊടിക്കും. മന്തിയില്ലാത്ത കല്യാണം ആനയില്ലാത്ത ഉത്സവംപോലെയാണെന്നാണ് വെപ്പ്. അന്തസ്സ് കുറയും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും മലപ്പുറംകാര്‍ തയ്യാറുമല്ല. ആ അഭിമാനബോധം ചിലരെ തുണച്ചു. ഒരു ഫുള്‍മന്തിക്ക് 500 രൂപ. ദിവസം നൂറുപേരു മന്തിവാങ്ങിയാല്‍ പഴയ ഗള്‍ഫുകാരന്റെ ജീവിതം സ്മൂത്ത്.

manthi 2

'അധികം എരിവില്ല. എണ്ണയും മസാലയുമില്ല. കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പോമില്ല',മുന്നിലെ തട്ടില്‍ വേവിച്ചുകയറ്റിയ കോഴിയെ പുഷ്പം പോലെ മുറിക്കുന്നതിന്റെ തിരക്കില്‍ നാസര്‍ പറഞ്ഞൊപ്പിച്ചു. വെന്ത കോഴി റൈസില്‍ പൂഴ്ത്തി വെച്ചാല്‍ മന്തിയായി. കാഴ്ചയില്‍ നമ്മുടെ ബിരിയാണിയുടെ അനിയന്‍. അപ്പോഴേക്കും പുറത്ത് വണ്ടികളുടെ ബഹളം. പെട്ടി ഓട്ടോകളില്‍ വലിയ ചെമ്പുകള്‍. സല്‍ക്കാരപ്പുരകളിലേക്ക് മന്തിവണ്ടികളുടെ ഘോഷയാത്ര. 

'സൗദിയില്‍ അറബികള്‍ കടയുടെ മുന്നില്‍ വന്ന് വണ്ടിനിര്‍ത്തി ആംഗ്യകാണിക്കും. ഒരു വിരല് പൊക്കിയാല്‍ ഒരു മന്തി, ചിലരൊക്കെ അഞ്ചുവിരലും പൊക്കും. അവര് വണ്ടിയില്‍നിന്ന് ഇറങ്ങുകയേ ഇല്ല.  റോഡരികില്‍നിന്ന് ആംഗ്യം കാണിക്കും. ഇവിടെയും ആ രീതി വരുന്നുണ്ട്. വരട്ടെ, വരട്ടെ. എന്നാലല്ലേ നമ്മക്കും പിടിച്ചുനില്‍ക്കാനാവൂ. കോഴിക്കോട്ടുകാരും തൃശ്ശൂരുകാരുമൊക്കെ ഇപ്പോള്‍ മന്തി കഴിക്കാന്‍ വരുന്നുണ്ട്. വൈകാതെ ഇത് മലബാറ് മൊത്തം പരക്കും.'നാസര്‍ ആവേശഭരിതനായി. 
 
യമനിലാണ് മന്തിയുടെ പിറവിയെന്നാണ് ചരിത്രം. അവിടെനിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും കുടിയേറി. പിന്നെ അറേബ്യന്‍ രാജ്യങ്ങളിലേക്കും. ഇപ്പോള്‍ നമുക്ക് പൊറോട്ട പോലെ സൗദിക്ക് മന്തിയാണ് ദേശീയ ഭക്ഷണം. സൗദിക്കാരായ മലയാളികള്‍ക്കും മന്തി പെരുത്തിഷ്ടമാണ്. ആ മൊഹബത്താണ് ഇപ്പോള്‍ മലപ്പുറത്തെത്തിയിരിക്കുന്നത്.

'അല്ലെങ്കിലും അറേബ്യയിലെന്ത് മാറ്റമുണ്ടായാലും അതിന്റെ അലയൊലി മലപ്പുറത്ത് കാണും. ചുട്ടുകഴിക്കുന്നത് അറേബ്യന്‍ ശൈലിയാണ്. മന്തിയുടെ ഇറച്ചി കനലില്‍ വേവിക്കുന്നതാണല്ലോ. അതുകൊ് ആ ഭക്ഷണം ഇവിടെ വേരുപിടിച്ചു', എം.എല്‍.എ. കെ.ടി.ജലീലാണ്. ഒരു കല്യാണ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു മൂപ്പര്‍.
എം.എല്‍.എ. ഒന്നുകൂടെ വിശദീകരിച്ചു,'മാപ്പിള സംസ്‌കാരത്തിന്റെ ഭാഗമായി വന്ന ഭക്ഷണരീതിയും ശീലങ്ങളുമാണ് മലപ്പുറത്തിന്റെ പ്രത്യേകത. അതില്‍ പേര്‍ഷ്യന്‍-അറേബ്യന്‍ സ്വാധീനം കാണാം. ആ നാടുകളില്‍ എന്തെങ്കിലും രൂപപരിണാമങ്ങള്‍ സംഭവിക്കുമ്പോള്‍ അതുകൂടെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാറ്റങ്ങള്‍ ഇവിടെയും വരും. ഗള്‍ഫ് സ്വാധീനവും സാമ്പത്തിക ഉയര്‍ച്ചയും ഇവിടുത്തെ ഭക്ഷണരീതിയെ സ്വാധീനിക്കുന്നുണ്ട്.' മന്തിയെ മലപ്പുറംകാരന്‍ നെഞ്ചിലേറ്റിയത് വെറുതെയാണോ.

അപ്പോള്‍ മലപ്പുറത്ത് ആദ്യം മന്തി വിളമ്പിയത് ആരാവും?ആ ചോദ്യത്തിന്റെ ഉത്തരത്തിന് ലൈഫ് ലൈനും കോള്‍ എ ഫ്രന്‍ഡുമില്ലാതെ ബാവാസ് നാസര്‍ ഉത്തരം പറഞ്ഞിട്ടുണ്ടല്ലോ. 'മദ്ബി ഹോട്ടലിലെ നാസറും കൂട്ടരും. ങ്ങള് അങ്ങോട്ട് വിട്ടോളീ..'

നിതാഖത്ത് പോയ വഴി 

വലിയൊരു കുഴിക്ക് ചുറ്റും നിറയെ കാഴ്ചക്കാര്‍. കനലില്‍നിന്ന് കുമുകുമാ ഉയരുന്ന പുക. ഒത്തുപിടിച്ച് താളത്തോടെ കുഴിയിലേക്ക് ചെമ്പ് ഇറക്കുന്ന വമ്പന്‍മാര്‍. ഹോട്ടല്‍ മദ്ബിയിലെ ഹംസക്കയും റസാഖും അബ്ദുള്‍ സലാമും കൂട്ടരും മന്തിയുടെ ഒരുക്കങ്ങളിലാണ് . എല്ലാവരും പഴയ സൗദി വാസികള്‍. അവിടെ നിന്ന് പെട്ടിയും കിടക്കയുമെടുത്ത് നാടുകടക്കേണ്ടി വന്നവര്‍.

'നാട്ടിലെത്തിയപ്പോള്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചു. അറിയാവുന്ന തൊഴില് ഹോട്ടല്‍ പണിയാണ്. സൗദി ഭക്ഷണത്തോട് നമ്മുടെ നാട്ടിലുള്ളവര്‍ക്ക് പെരുത്തിഷ്ടമുണ്ട്. അതുകൊണ്ട് ഞമ്മള് മന്തി തന്നെ പുറത്തെടുത്തു' ഹംസക്ക രംഗത്ത് വന്നു. ഹംസയും ചങ്ങായിമാരും ചേര്‍ന്ന് തുടങ്ങിയ ഹോട്ടലിന്റെ പേരും അറബിയാണ്, മദ്ബി. കനലില്‍ ചുട്ട കോഴിയെന്ന് മൊഴി മാറ്റം. ആ കോഴിയൊരു ഭാഗ്യമായി.നാട്ടിലേക്ക് തിരികെ വന്നവരെല്ലാം വീടിന്റെ പണി മുഴുവനാക്കി. പെങ്ങന്‍മാരെ കെട്ടിച്ചുവിട്ടു. കെട്ടുതാലി തിരികെയെടുത്തു.നിതാഖത്തിന്റെ ആഘാതം നാടുകടന്നിരിക്കുന്നു. മന്തി കൊണ്ടുവന്ന പലപല ഭാഗ്യങ്ങള്‍.

'ഒന്നര മീറ്റര്‍ നീളവും 40 ഇഞ്ച് വ്യാസവുമുള്ള കുഴിയിലാണ് മന്തി പാകം ചെയ്യുന്നത്. ഇഷ്ടിക കൊണ്ട് കെട്ടിയെടുക്കുന്ന കുഴിയാണ്. അതും സൗദി സ്‌റ്റൈലാണ്.കുഴിയില്‍ കനലിട്ട് കത്തിക്കും. പിന്നെ കുഴിയിലേക്ക് അരിച്ചെമ്പ് ഇറക്കിവെക്കും. മേലെ ചിക്കന്‍ നിരത്തിവെച്ച തട്ടും. ചിക്കനില്‍നിന്നുള്ള എണ്ണ ഒലിച്ചിറങ്ങി ചോറില്‍ ചേര്‍ന്നാല്‍ സംഗതി റെഡി. വെന്താല്‍ പുറത്തെടുത്ത് ചിക്കനും റൈസും മിക്‌സാക്കി കഴിക്കാം', ഹംസക്കയുടെ പാചകം . കുഴിമന്തി റെഡി. കനലിന്റെ അളവ് നോക്കിയാണ് മന്തിയുടെ വേവ് അറിയുന്നത്. കൂടുതല്‍ കനലുണ്ടെങ്കില്‍ പാകമാവുന്ന സമയം കുറയും. കുഴിയില്‍ വെച്ച് അടച്ച ചെമ്പിലെ വേവ് പുറത്തിരുന്ന് അറിയുന്നതിലാണ് മന്തി മാസ്റ്ററുടെ മിടുക്ക്.

മദ്ബി ഹോട്ടലില്‍ ആദ്യം ഒരു കുഴിയാണ് കുഴിച്ചത്. ആളുകളുടെ തിരക്കേറിയപ്പോള്‍ കുഴികള്‍ പെരുകി. ഇപ്പോള്‍ കിണറുപോലെ അഞ്ച് കുഴികള്‍. ഓരോന്നില്‍നിന്നും മാറിമാറി മന്തി വേവുന്നു.'ഒരു കുഴിയില്‍ ഇറക്കുന്ന ചെമ്പില്‍ 30 കിലോ അരിയും 35 കിലോ ചിക്കനുമുണ്ടാവും. ഏലം,പട്ട എന്നിവ മാത്രമാണ് ബസ്മതി റൈസില്‍ ചേര്‍ക്കുന്നത്. ഇത് ആദ്യം തിളപ്പിച്ചുതുടങ്ങും. ആ സമയംതന്നെ മസാല പുരട്ടി ദാ ഇതുപോലെ ചിക്കന്‍ റെഡിയാക്കി വെക്കും'മേശപ്പുറത്തുള്ള ചുവന്ന യൂണിഫോമിട്ട ചിക്കന്‍ യൂസഫ് അണിയിച്ചൊരുക്കി. ഡയറ്റിങ്ങോ ജോഗിങ്ങോ ചെയ്യാത്ത കോഴികളാണെന്ന് തോന്നുന്നു. എല്ലാം തടിച്ചുരുണ്ട്,കവിളുവീര്‍ത്ത്.....
മലപ്പുറത്തിന്റെ ആരോഗ്യവിചാരത്തിലേക്ക് കൂടിയാണ് മന്തി പിടിച്ചുകയറിയത്. എല്ലാവര്‍ക്കും കൊളസ്‌ട്രോള്‍ കൂടിവന്നപ്പോള്‍ എണ്ണയോടും പൊരിച്ചതിനോടുമുള്ള ആക്രാന്തം കുറഞ്ഞു. എന്നുകരുതി മലപ്പുറത്തുകാര്‍ ഇറച്ചി കഴിക്കുന്നത് വേണ്ടെന്ന് വെച്ചിട്ടുമില്ല. എല്ലാരുംകൂടെ ഇറച്ചിയെടുത്ത് കനലില്‍ ചുടാന്‍ തുടങ്ങി. ആ നേരം നോക്കിയാണ് നമ്മുടെ മന്തിയും വിമാനമിറങ്ങിയതും. അതൊരു ശുഭമുഹൂര്‍ത്തമായിരുന്നു. പരീക്ഷണങ്ങളെയും പുതുമകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലപ്പുറംകാരന്‍, അതേ ഹൃദയവിശാലതയോടെത്തന്നെ മന്തിയെയും നെഞ്ചിലേറ്റി. ഇപ്പോള്‍ ഫുട്‌ബോളും മമ്മൂട്ടിയും കഴിഞ്ഞാല്‍ മലപ്പുറത്തിന് ഇഷ്ടം മന്തിയാണത്രേ. വേങ്ങര, കോട്ടക്കല്‍, ചങ്കുവെട്ടി വഴി മന്തി നാട്ടിലെങ്ങും പാട്ടായിക്കഴിഞ്ഞു.

ഒന്ന് കോട്ടക്കലിലേക്ക് മൂക്കുവിടര്‍ത്തി നോക്കി. സ്വാഗതമാടിലെ അല്‍റൈദാന്‍ ഡിഷ്മാളില്‍ മന്തിപ്രിയരുടെ സംസ്ഥാന സമ്മേളനം തന്നെ. ചിക്കന്‍, മട്ടന്‍ മന്തികളുടെ മുന്നില്‍ കമിഴ്ന്നടിച്ച് വീണുപോയവര്‍. 'ഒരു ആടിനെ അതേപടി മന്തിയാക്കുന്നുണ്ട്. ഒരു കുടുംബത്തിന് ഒരുമിച്ചിരുന്ന് കഴിക്കാമല്ലോ', മാനേജര്‍ നദീം ആ കാഴ്ച കാണിച്ചുതന്നു. മഞ്ഞനിറത്തില്‍ അടുക്കളയില്‍ ഒരു മുഴുവന്‍ ആട്. കണ്ടാല്‍ ഓമനിക്കാതെ പോവുന്നതെങ്ങനെ. 

മക്കാനി തേടി വന്ന നടന്‍ മാമുക്കോയ ഇവിടുത്തെ അടുക്കളയില്‍ ചമ്രം പടിഞ്ഞിരുന്ന് മന്തി കഴിച്ചിട്ടുണ്ട്.'ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ മന്തി കഴിച്ചത്. നല്ല ടേസ്റ്റുണ്ട്. മസാലയില്ല, എണ്ണയില്ല, നെയ്യില്ല എന്നൊക്കെ കേട്ടപ്പോള്‍ കഴിച്ചുനോക്കിയതാണ്. എനിക്കിത് ഹരംപിടിച്ചുകഴിഞ്ഞു'. മാമുക്കോയയും വീണു കോയാാ. എന്നാപ്പിന്നെ നമ്മക്കും ഒരു മന്തി കഴിച്ചിട്ടു പോയാലോ.

ലേഖനം ഗൃഹലക്ഷമി മാസികയില്‍ പ്രസിദ്ധീകരിച്ചത്,

ചിത്രങ്ങള്‍: ശ്രീജിത്ത് പി രാജ്.