'നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പലഹാരമേതാണ്' ആറാം ക്ലാസിലെ സയന്‍സ് ക്ലാസില്‍ ആഹാരത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയില്‍ റോസമ്മ ടീച്ചറിന്റെ ചോദ്യം. 'പാലപ്പം'  അന്നു വരെ ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലാത്ത വിനോദ് പിന്‍ബഞ്ചില്‍ നിന്നും ഒറ്റ ചാട്ടത്തിന് മറുപടി പറഞ്ഞു. ' വെള്ളേപ്പ'മെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ക്ലാസിലെ പൊടി ഉഴപ്പനും തെങ്ങണയിലെ ചായക്കടയില്‍ നിന്ന് ഇടയ്ക്ക് പോയി പലഹാരം ഒക്കെ കഴിക്കുന്നവനുമായ അനീഷ് അവന്റെ ഇഷ്ട ഭക്ഷണമായി പറഞ്ഞത് പൊറോട്ട. ഇത് കേട്ടതോടെ കുട്ടികള്‍ എല്ലാവരും അവനെ ആരാധനയോടെ നോക്കി. കാരണം ഞങ്ങള്‍ക്കൊക്കെ അപ്രാപ്യമായ ഭക്ഷണമായിരുന്നു പൊറോട്ട. ഹോട്ടലിലേ കിട്ടുകയുള്ളു. 

ഇതിനിടയിലാണ് എന്നോട് ചോദ്യം വന്നത്. 'കുമ്പിളപ്പം' -മറുപടി പറയുന്നതില്‍ എനിക്ക് ഒരു സംശയവുമില്ലായിരുന്നു. എന്റെ ഉത്തരം കേട്ടപ്പോഴേക്കും ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി. ഇതിലൊന്നും കുലുങ്ങാതെ അടുത്ത വേനല്‍ക്കാലം മുഴുവന്‍ അമ്മയുണ്ടാക്കുന്ന കുമ്പിളപ്പം തിന്നുന്നതിനെക്കുറിച്ച് കൊതിയോടെ ഓര്‍ത്തുകൊണ്ട് നില്‍ക്കുകയായിരുന്നു ഞാന്‍.

ചക്കപ്പഴം വിളയിച്ചതും അരിപ്പൊടിയും ശര്‍ക്കരയും കൂട്ടി കുഴച്ച്  ഇടനയിലയില്‍ (കുമ്പിള്‍ ഇല)  അമ്മ പുഴുങ്ങിയെടുക്കുന്ന കുമ്പിളപ്പത്തിന്റെ രുചി ഇതെഴുതുമ്പോഴും നാവിലുണ്ട്. കുട്ടിക്കാലം മുതല്‍ ഇപ്പോഴും ചക്കയുടെ സീസണായാല്‍ വീട്ടിലെ ഒരു സ്ഥിരം പലഹാരമാണ് കുമ്പിളപ്പം. വീട്ടില്‍ കുമ്പിളപ്പത്തില്‍ കൈവിഷം കിട്ടിയിരിക്കുന്നത് എനിക്കും അനുജത്തി ജോ ആനുമാണെന്ന് അമ്മ തമാശയായി പറയും. ഏതായാലും ആറാം ക്ലാസില്‍ വച്ച് പരസ്യമായി പ്രഖ്യാപിച്ച ആ ഇഷ്ടം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

കുമ്പിളപ്പവുമായി വേറൊരു ആത്മബന്ധം കൂടി എനിക്കുണ്ട്. കുട്ടിക്കാലത്ത് അതൊരു നൊമ്പരപ്പെടുത്തുന്ന ഓര്‍മയായിരുന്നെങ്കില്‍ തിരിച്ചറിവുണ്ടായപ്പോള്‍ ആ ഓര്‍മകള്‍ അഭിമാനത്തിന്റേതായി മാറി.
ക്രിസ്ത്യന്‍ (കത്തോലിക്കരുടെ) കുടുംബങ്ങളില്‍ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം അന്നും ഇന്നും ആത്മീയ വശത്തിനൊപ്പം ഒരു ആഘോഷം കൂടിയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് അപ്പവും ഇറച്ചിക്കറിയും അവല്‍ വിളയിച്ചതും പഴവും അലുവാക്കഷണവുമായാല്‍ ആദ്യ കുര്‍ബാനയുടെ ഭക്ഷണ മെനുവായി. മൂത്ത കുട്ടികളുടെ ആദ്യ കുര്‍ബാന ആഘോഷമായിരിക്കും സാധാരണ ഗംഭീരമായി (ഇടത്തരക്കാര്‍ ) നടത്തുക. രണ്ടാമതാകുമ്പോള്‍ അത്ര ആഘോഷം പലപ്പോഴും കാണില്ല.

ചേട്ടന്റെ ആദ്യ കുര്‍ബാന സ്വീകരണവും സദ്യയുമൊക്ക ഗംഭീരമായി ആഘോഷിച്ചതിന്റെ ഓര്‍മകള്‍ ഉണ്ട്. അമ്മ വീട്ടില്‍ വച്ചായിരുന്നു ആഘോഷം. സാധാരണ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ നടക്കേണ്ട എന്റെ ആദ്യ കുര്‍ബാന സ്വീകരണം രണ്ടു വര്‍ഷം വൈകി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നടക്കുന്നത്.

എയര്‍ ഫോഴ്സില്‍ നിന്ന് പതിനഞ്ച് വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞ് അച്ചാച്ചന്‍ നാട്ടില്‍ തിരിച്ചെത്തി പലചരക്ക് കടയും ടെമ്പോ വാന്‍ സര്‍വീസുമൊക്കെ നടത്തുകയാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര ഭദ്രമല്ല. ഇതിനിടയിലാണ് എന്റെ ആദ്യ കുര്‍ബാന സ്വീകരണം വരുന്നത്. 

വലിയ ആഘോഷമൊന്നുമില്ലെന്ന് അച്ചാച്ചന്‍ അമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു. എങ്കിലും ഡ്രസിലും മറ്റ് ഒരുക്കങ്ങളിലുമൊന്നും ഒരു കുറവും വരുത്തിയില്ല. ആദ്യ കുര്‍ബാന കൈക്കൊള്ളുന്ന കുട്ടികള്‍ക്ക്  അതിനു ശേഷം പള്ളിയില്‍ വച്ച് നല്ല പ്രഭാത ഭക്ഷണം നല്‍കും. ഇതിനുള്ള വിഭവങ്ങള്‍ ഓരോ കുട്ടികളുടെയും മാതാപിതാക്കള്‍ സ്പോണ്‍സര്‍ ചെയ്യുകയാണ് അന്നത്തെ പതിവ്.

ആദ്യ കുര്‍ബാന ഒരുക്കത്തിനുള്ള ക്ലാസില്‍ ടീച്ചര്‍ ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിസ്‌കറ്റ് കൊണ്ടുവരാമെന്ന് ചാടിക്കയറി ഞാന്‍ പറഞ്ഞു. വീട്ടില്‍ ചെന്നു പറഞ്ഞപ്പോള്‍ അച്ചാച്ചന്‍ ഒരു മടിയും കൂടാതെ സമ്മതിച്ചു. കുര്‍ബാന കൈക്കെള്ളപ്പാടിന്റെ തലേ ദിവസമേ ബിസ്‌കറ്റ് പള്ളിയിലെത്തിക്കുകയും ചെയ്തു.

അങ്ങനെ ആദ്യ കുര്‍ബാന സ്വീകരണ ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ച് ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള ഡ്രസുമിട്ട് ഞാന്‍ മുന്നില്‍ നടന്നു. അച്ചാച്ചനും അമ്മയും സഹോദരങ്ങളും  ആലീസാന്റിയുടെ മക്കള്‍ ജിജിമോളും കൊച്ചുമോളും കൂടെയുണ്ട്. പള്ളിയില്‍ ചെല്ലുമ്പോഴെ തലയില്‍ വയ്ക്കാനുള്ള പുഷ്പകിരീടം സിസ്റ്റര്‍മാര്‍ നല്‍കൂ.

ആദ്യ കുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികളായിരിക്കും അന്ന് പള്ളിയിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. ആണ്‍കുട്ടികള്‍ വെള്ള ഷര്‍ട്ടും കറുപ്പ് നിക്കറും. പെണ്‍കുട്ടികള്‍ക്ക് വെള്ള നിറത്തിലുള്ള ഉടുപ്പും അമ്പടിയായി വെള്ള നെറ്റും പുഷ്പ കിരീടവും. ലോകത്തിന്റെ കാപട്യമറിയാത്ത മാലാഖാക്കുഞ്ഞുങ്ങളായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അങ്ങനെ നില്‍ക്കും.

ആദ്യ കുര്‍ബാന സ്വീകരണവും കുട്ടികള്‍ക്കുളള ഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ആഘോഷമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കളെയോ അയല്‍പക്കകാരെയോ ഒന്നും ക്ഷണിച്ചിട്ടില്ല. ഞങ്ങളെക്കൂടാതെയുള്ളത് ജിജിമോളും കൊച്ചുമോളും മാത്രം.

വീട്ടില്‍ എന്തായിരിക്കും രാവിലെ കഴിക്കാന്‍. ഞാന്‍ വിഭവ സമൃദ്ധമായ സദ്യ കഴിച്ചതാണ്. എന്നാലും  എനിക്കൊരു ആകാംക്ഷ. വീട്ടില്‍ ചെന്നു കയറിയതും അമ്മ ജിജിമോളോടും കൊച്ചുമോളോടും പറഞ്ഞു. വാ..കഴിച്ചിട്ടു പോകാം. എല്ലാവരും കൈ കഴുകി ഇരുന്നപ്പോള്‍ അമ്മ സാവധാനം പാത്രങ്ങളുമായി എത്തി. ഞാന്‍ നോക്കിയപ്പോള്‍ കുമ്പിളപ്പങ്ങള്‍.

kumblilappam
 വര: മനോജ്കുമാര്‍ തലയമ്പലത്ത്

പിന്നെ കുടുംബത്തില്‍ ആരുടെയെങ്കിലും  ആദ്യ കുര്‍ബാന സ്വീകരണം വരുമ്പോള്‍ കുമ്പിളപ്പത്തിന്റെ കഥ പറഞ്ഞ് ചേട്ടന്‍ എന്നെ കളിയാക്കും. അന്നത്തെ വറുതിക്കാലത്ത് കുമ്പിളപ്പമെങ്കിലും ഒപ്പിച്ചു തരാന്‍ അച്ചാച്ചന്‍ എത്ര കഷട്പ്പെട്ടു കാണുമെന്ന്  മുതിര്‍ന്നപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്.

കല്യാണം കഴിഞ്ഞ് ഭാര്യയുടെ ചെവിയിലും ആദ്യകുര്‍ബാനയുടെയും കുമ്പിളപ്പത്തിന്റെയും കഥയെത്തി. ഇപ്പോഴും കുമ്പിളപ്പം വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ അവള്‍ ഒരു ചെറു ചിരിയോടെ  അല്‍പ്പം ആക്കി പറയും '  ഇന്ന് നിങ്ങളുടെ ആദ്യ കുര്‍ബ്ബാനയുടെ പലഹാരമാ.'...

കുമ്പിളപ്പം കാരണം പാതിരാത്രി തലതല്ലിച്ചിരിച്ചത് 'മഹേഷിന്റെ പ്രതികാരം' സിനിമ കണ്ടപ്പോഴാണ്. സിനിമ തീയറ്ററില്‍ കാണാന്‍ പറ്റിയിരുന്നില്ല. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലെത്തി ഡി.വി.ഡിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കുമ്പിളപ്പവുമായി മഹേഷ്( ഫഹദ് ),  കാമുകി സൗമ്യയെ (അനുശ്രീയെ) കാണാനെത്തുന്നത്. കുമ്പിളപ്പത്തിന് ഗ്ലാമര്‍ ആയല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അടുത്ത സീന്‍. ജാഫര്‍ ഇടുക്കിയുടെ ചാച്ചന്‍ മകള്‍ സൗമ്യയോട്  കല്യാണാലോചനയുടെ കാര്യം പറയുമ്പോഴത്തെ ഇടിവെട്ട് ഡയലോഗ്. 'മോളേ ചാച്ചനേക്കാളും ലോകപരിചയം നിനക്കാ. നീ ഇതുവഴി കുമ്പിളപ്പവും തിന്നോണ്ട് നടന്നാ മതിയോ?. അന്ന് നട്ടപ്പാതിരക്ക് ചിരിച്ച ചിരി നിറുത്താന്‍ കുറെ പാടുപെട്ടു.

ചക്കയൊക്കെ വിളഞ്ഞു തുടങ്ങി. കുമ്പിളപ്പത്തിന്റെ അടുത്ത സീണണ്‍ ആയി. കൊതിപ്പിച്ചും ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ജീവിതത്തിന്റെ ഭാഗമായി മാറിയ കുമ്പിളപ്പമേ,ഞാന്‍ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

കുമ്പിളപ്പം ഉണ്ടാക്കുന്ന വിധം

ആവശ്യത്തിന് പഴുത്ത വരിക്ക ചക്കച്ചുളകള്‍ അരിഞ്ഞ് കുക്കറില്‍ വേവിച്ചെടുക്കുക. അതിലേക്ക് വറുത്ത അരിപ്പൊടിയും ശര്‍ക്കര ചീവിയതും തേങ്ങ ചിരവിയതും ഇട്ട്  പാകത്തിന് കുഴയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഏലയ്ക്കയും ജീരകവും പൊടിച്ചതും ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. നന്നായി കുഴച്ച മിശ്രിതം കുമ്പിള്‍ കൂട്ടിയ വഴനയിലയില്‍ നിറയ്ക്കുക. ഇത് ആവിയില്‍ പുഴുങ്ങിയെടുക്കുക. തണുത്തതിന് ശേഷം ഉപയോഗിക്കുക. ഇടനയില (കുമ്പിള്‍ ഇല)യുടെ ഹൃദ്യമായ ഗന്ധം ആഴ്ന്നിറങ്ങിയ കുമ്പിളപ്പത്തിന്റെ സ്വാദ് അനുഭവിച്ചു  തന്നെ അറിയണം. Jo

പാചക വിധി- ജോ ആന്‍ ജയ്ക്കോ 

 

 

Content Highlight: Recipe of nadan kerala snacks Kumbilappam / Therali Appam or Steamed Jackfruit Dumplings