shap curry with Piriyan Mulakള്ള് ഷാപ്പിലെ മീന്‍ കറിയെന്നാല്‍ മലയാളികള്‍ക്കൊരു വികാരമാണ്. ഷാപ്പില്‍ മാത്രമല്ല ഇനി വീട്ടിലുണ്ടാക്കാം നല്ല  എരിവുള്ള  മീന്‍ കറി ..!

ഈ കറിക്ക് കൂടുതല്‍ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ചാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയന്‍ മുളകോ കാശ്മീരി മുളകോ ചൂട് വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക. ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നെയ്മീന്‍, ചൂര, വറ്റ, ആകോലി, ഏതു മീനും ഷാപ്പ് കറിവെക്കാനായി തിരഞ്ഞെടുക്കാം. 

ചേരുവകള്‍ 

  1. കഴുകി വൃത്തിയാക്കി മുറിച്ച മീന്‍ കഷണം - അരകിലോ 
  2. ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് - 100ഗ്രാം
  3. ഇഞ്ചി ചതച്ചത് - 30ഗ്രാം
  4. വെളുത്തുള്ളി ചതച്ചത് - 30 ഗ്രാം
  5. പച്ചമുളക് നീളത്തില്‍ കീറിയത് - 2 എണ്ണം 
  6. കറിവേപ്പില - ആവശ്യത്തിന് 
  7. കല്ലുപ്പ് - ആവശ്യത്തിന് 
  8. കുടംപുളി ചൂട് വെള്ളത്തില്‍ കുതിര്‍ത്തത്  -3  എണ്ണം 
  9. വാളന്‍പുളി - 15ഗ്രാം
  10. പിരിയന്‍/കാശ്മീരി മുളക് അരച്ചത് -30ഗ്രാം (എരിവിന് അനുസരിച്ചു അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
  11. മല്ലിപൊടി -10ഗ്രാം
  12. മഞ്ഞള്‍പൊടി -5ഗ്രാം 
  13. വറുത്തുപൊടിച്ച ഉലുവ പൊടി -5ഗ്രാം
  14. കുരുമുളക് പൊടി - 2ഗ്രാം
  15. വെളിച്ചെണ്ണ -ആവശ്യത്തിന് 

താളിക്കാന്‍ 

കടുക് -5ഗ്രാം
ചെറിയഉള്ളി -2 ഏണ്ണം 
കറിവേപ്പില 
വെളിച്ചെണ്ണ 

തയ്യാറാക്കുന്ന വിധം

ഒരു മണ്‍ ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക അതിലേക്കു ചുവന്നുള്ളിയിട്ട് നന്നായി വഴറ്റുക. ശേഷം അരച്ച മുളകും മല്ലിപൊടിയും മഞ്ഞള്‍ പൊടിയും ഉലുവാപ്പൊടിയും കുരുമുളകുപൊടിയുമിട്ട് എണ്ണ തെളിയുന്നവരെ ചെറുചൂടില്‍ നന്നായി മൂപ്പിക്കുക. അതിലേക്കു പച്ചമുളകും കറിവേപ്പിലയും കൊടംപുളിയും പിഴിഞ്ഞ വാളന്‍ പുളിയും കല്ലുപ്പും ആവശ്യത്തുന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

ചാറു തിളക്കുമ്പോള്‍ മീനിട്ട് ചെറിയ തീയില്‍ ചാറു കുറുകി മീന്‍ വേകുന്നതുവരെ പാകം ചെയുക. വേറൊരു പാനില്‍ എണ്ണ  ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു മീന്‍ കറിയിലേക്കു  താളിച്ചൊഴിച്ച് അടച്ചുവെക്കുക. കുറഞ്ഞത് ഒരു മണിക്കൂര്‍ തണുത്തതിനു ശേഷം ചോറിനൊപ്പമോ കപ്പയോടപ്പമോ വിളബാം.. 

ടിപ്‌സ് 

  1. മീന്‍ കല്ലുപ്പിട്ട് വയറ്റി ഉടയാതെ വൃത്തിയാക്കുക
  2. മീന്‍ കറി വാഴയിലയിട്ട് മൂടി വെക്കുക 
  3. മദ്യപിക്കുന്നവരുണ്ടെങ്കില്‍ മീന്‍ കറിയുടെ അളവ് മൂന്നിരട്ടിയാക്കാം!   

 Content Highlight: Shappu curry with Piriyan Mulaku By BBC master chef Fame suresh Pillai