malayali master chief
 ചിത്രം: സുരേഷ് പിള്ള 

ചേരുവകള്‍ 

വലിയ മീന്‍ (നെയ്മീന്‍, കറുത്ത ആവോലി,കരിമീന്‍, സ്രാവ്, തെരണ്ടി തുടങ്ങി വലിയ മീന്‍ ഏതുമാകാം)

  1. മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്: 1  കിലോ
  2. തേങ്ങ ചിരകിയത്: 300 ഗ്രാം( തേങ്ങ അപ്പോള്‍ തന്നെ ചിരകിയെടുത്തത് ആണ് ഉത്തമം. ഇത് ലഭ്യമല്ലാത്തിടത്ത് ഫ്രോസണ്‍,ഡെസിക്കേറ്റട് തേങ്ങ ഉപയോഗിക്കാം
  3. മുളക് പൊടി: 20  ഗ്രാം
  4. മല്ലിപ്പൊടി: 25 ഗ്രാം
  5. ഉലുവ പൊടി വറുത്തത്:  3 ഗ്രാം
  6. പച്ചമുളക് നീളത്തില്‍ നെടുകെ കീറിയത്:  3 എണ്ണം
  7. കറിവേപ്പില: കുറച്ച് 
  8. കുടംപുളി: 4  എണ്ണം( കുടം പുളി കിട്ടിയില്ലെങ്കില്‍ വാളന്‍പുളി, ഇവ രണ്ടും സമാസമം എടുത്തും ഉപയോഗിക്കാം
  9. കല്ലുപ്പ്: കുറച്ച് 

കടുക് വറുക്കാന്‍

  1. വെളിച്ചെണ്ണ: 15 മില്ലി
  2. കടുക്- 5 ഗ്രാം
  3. ഉണക്ക് മുളക് നടുവെ മുറിച്ചത് 2 എണ്ണം
  4. ചെറിയ ഉള്ളി  2 എണ്ണം ( ചെറുതായി അരിഞ്ഞത്) 

തയ്യാറാക്കുന്ന വിധം
 
ആദ്യം ചെയ്യേണ്ടത് തേങ്ങ വറുക്കുകയാണ്. നോണ്‍സ്റ്റിക്ക് പാനോ കട്ടിയുള്ള പാത്രങ്ങളോ ഉപയോഗിക്കാം. പാത്രം ഇളം ചൂടാകുമ്പോള്‍ തേങ്ങ ഇടാം. പാത്രത്തിന് ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ചൂട് കൂടുതലായാല്‍ തേങ്ങ കറുക്കുകയും മുകള്‍ ഭാഗം വേകാതിരിക്കുകയും ചെയ്യും.  തേങ്ങ ചിരകുകയാണെങ്കില്‍ ഒരേ അളവില്‍ ചിരകിയെടുക്കാന്‍ നോക്കണം. വ്യത്യസ്ത വലുപ്പത്തിലാണെങ്കില്‍  മിക്‌സിയില്‍ ചെറുതായൊന്ന് അടിച്ച് എടുക്കാം. തേങ്ങ  വറുക്കാന്‍ എടുക്കുമ്പോള്‍ തന്നെ മറ്റ് ചേരുവുകള്‍ അടുത്ത് എടുത്ത് വയ്ക്കുകയാണ് അഭികാമ്യം. തുടര്‍ന്ന് പതുക്കെ തേങ്ങ വറുക്കുക. തേങ്ങ മൂക്കുന്നതിന് അനുസരിച്ച് തീ കുറച്ചുകൊണ്ട് വരിക. ഈ സമയത്ത് മുളക് പൊടിയും, മല്ലിപ്പൊടിയും, ഉലുവാപ്പൊടിയും ചേര്‍ത്ത് രണ്ട് മിനിട്ട് കൂടി  അടുപ്പത്ത് വച്ച ശേഷം വാങ്ങിവയ്ക്കാം. ഈ സമയത്ത് മറ്റൊരു പാത്രത്തിലേക്ക് തേങ്ങമാറ്റിയാല്‍ പാനില്‍ ഇരുന്ന് കരിയുന്നത് ഒഴിവാക്കാം. 

അടുത്ത ഘട്ടം തേങ്ങ അരച്ചെടുക്കുകയാണ്. ചൂടാറിയ ശേഷം വേണം തേങ്ങ അരയ്ക്കാനായി എടുക്കാന്‍. മിക്‌സിയില്‍ ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ നല്ല പേസ്റ്റ് രൂപത്തില്‍ തേങ്ങ അരച്ചെടുക്കുക.  വെള്ളം ചേര്‍ത്താല്‍ തേങ്ങയുടെ രുചി പോകും. വാളന്‍ പുളിയാണ് ഉപയോഗിക്കുന്നതെങ്കില്‍ തേങ്ങ അരയ്ക്കുമ്പോള്‍ വാളന്‍ പുളിയും ചേര്‍ക്കാം.  ഈ അരപ്പ് മാറ്റിവയ്ക്കുക.

മണ്‍ചട്ടിയില്‍ മീന്‍ കറിവയ്ക്കുന്നതായിരിക്കും അഭികാമ്യം. ഇതിനായി അരപ്പ് മണ്‍ചട്ടിയിലേക്ക് അരപ്പ് മാറ്റിയശേഷം മീനിന്റെ അളവിന്റെ അനുപാതത്തില്‍ വെള്ളമൊഴിക്കുക. ഇതിലേക്ക് പച്ചമുളക് കീറിയതും ചേര്‍ത്ത് അരപ്പ് തിളപ്പിയ്ക്കാന്‍ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. അരപ്പ് നന്നായി തിളച്ച് വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ ഇതിലേക്ക് ചേര്‍ക്കുക. മീനിന് ഉളുമ്പ് മണം ഉണ്ടെങ്കില്‍ കല്ല് ഉപ്പ് ഉപയോഗിച്ച് കറിചട്ടിയില്‍ ഇട്ടൊന്നു വഴറ്റിയാല്‍ ഉളുമ്പ് മണം മാറികിട്ടും. 

മീന്‍ വെന്ത് കുറുകിയ പരുവം ആകുമ്പോള്‍  പുളിവെള്ളം ഒഴിക്കാം കറിവേപ്പിലയും ഈ സമയത്ത് ചേര്‍ക്കാം. നെയ്മീന്‍ ആണെങ്കില്‍ പാകമാകാന്‍ സമയം എടുക്കും. മീന്‍ വെന്ത് ഗ്രേവി ഡബിള്‍ ക്രീമീന്റെ പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കാം. അതായത് ഒരു സ്പൂണില്‍ ഗ്രേവി എടുത്ത് ഒഴിച്ചാല്‍ അവിടെ നില്‍ക്കണം ഒഴുകരുത് അതാണ് പരുവം.  ശേഷം മറ്റൊരു പാനില്‍  വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടായശേഷം കടുക് ഇടുക. കടുക് പൊട്ടിയ ശേഷം  ഉളക്കമുളകും ചുവന്ന ഉള്ളിയും ചേര്‍ത്ത് മൂപ്പിച്ച ശേഷം മീന്‍ ചട്ടിയിലേക്ക് ഒഴിക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് അടച്ച് വയ്ക്കണം.  മീന്‍ കറി സ്വഭാവികമായി തണുത്ത ശേഷം മാത്രം ഉപയോഗിക്കുക.

സുരേഷ് പിള്ള മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖം വായിക്കാം:  മീന്‍കറി വെച്ച് സായിപ്പിനെ ഞെട്ടിച്ച ബി.ബി.സി. മാസ്റ്റര്‍ ഷെഫിലെ മലയാളി......


Content Highlight: Meen varutharachath, Malayali master chef, suresh pillai nadan kerala food nadan kerala fish curry nadan meen curry with coconut  BBC masterchef fame suresh pillai