ബീറ്റ്റൂട്ട് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നതിന്റെ മുഖ്യ കാരണം അതിന്റെ കടുത്ത നിറമാണ്. ബീറ്റലിൻ എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്‌മെന്റ് ആണ് ബീറ്റ്റൂട്ടിന്റെ കടുത്ത നിറത്തിനു പിന്നിൽ. ബീറ്റ്റൂട്ട് വിദേശരാജ്യങ്ങളിൽ സാലഡുകളിൽ സ്ഥിരമായി ഇടംകണ്ടെത്തുന്ന ഒരു പച്ചക്കറിയാണ്.  കേരളത്തിൽ ബീറ്റ്‌റൂട്ട് എല്ലാവരും കഴിക്കുമെങ്കിലും ഈ പച്ചക്കറിയുടെ യഥാർത്ഥ ഗുണങ്ങളെപ്പറ്റി അറിയുന്നവർ വളരെ ചുരുക്കമാണ്. 

ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. കരൾ, കിഡ്നി, അസ്ഥികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയ്ക്കെല്ലാം ഈ ഭീമൻ റൂട്ട് പച്ചക്കറി കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങൾ ലഭിക്കുന്നു. ബീറ്റ്റൂട്ട് എന്ന പച്ചക്കറിയുടെ ഇലകളും തണ്ടും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങിന് മധുരമാണെങ്കിലും തണ്ടിന് ചെറിയ കയ്പുരുചിയാണ്.  ബീറ്റ്റൂട്ട് എന്നത് കൊഴുപ്പുകുറവായി കാണുന്ന ഒരു പച്ചക്കറിയാണ്. എന്നാൽ ധാരാളം വിറ്റമിനുകളും നാരുകളും കാർബോഹൈഡ്രേറ്റുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ്. ഒരു കപ്പ് വേവിക്കാത്ത ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ളത്‌ - 58 കലോറി, 13 ഗ്രാം കാർബോഹൈഡ്രേറ്റ് (9 ഗ്രാം പഞ്ചസാര, 4 ഗ്രാം നാരുകൾ) 2 ഗ്രാം പ്രോട്ടീൻ 

കുട്ടികള്‍ക്ക് ബീറ്റ്‌റൂട്ട് പരിചയപ്പെടുത്താന്‍ എളുപ്പമുള്ള ഫുഡ് ആര്‍ട്ട്

ബീറ്റ്‌റൂട്ട് റോസ്

ബീറ്റ്‌റൂട്ട് വട്ടത്തില്‍ വളരെ നേരിയതായി അരിയുക. ഇവ ഓരോന്നായി ഒരു ചെറിയ ടൂത്ത്പിക്ക് ഉപയോഗിച്ച് അടുക്കിയെടുക്കുക. 

വെള്ളത്തിലെ താറാവ് 

Arstic plates

ഉപയോഗിച്ചിരിക്കുന്നവ:
പരിപ്പ് കറി  താറാവ്
ബീറ്റ്‌റൂട്ട്  താറാവിന്റെ കണ്ണ്
ചോളം  താറാവിന്റെ ചുണ്ട്
കാരറ്റ്  താറാവിന്റെ കാലുകള്‍ 
വെള്ളം  ചോറ് 
ചവിട്ടുപടി  ബീറ്റ്‌റൂട്ട്
ചുറ്റുമുള്ള കല്ലുകള്‍  ഓറഞ്ച്, ചെമ്മീന്‍ വറുത്തത്

ബീറ്റ്റൂട്ട് പ്രദാനം ചെയ്യുന്ന ഗുണങ്ങൾ

രക്തസമ്മർദം കുറയ്ക്കാൻ

ബീറ്റ്റൂട്ടിന്റെ ജ്യൂസ് കഴിക്കുന്നതു വഴി രക്തസമ്മർദം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. ബീറ്റ്റൂട്ടിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് ദഹനപ്രക്രിയയുടെ ഭാഗമായി ശരീരം നൈട്രിക് ഓക്സൈഡാക്കി മാറ്റും. നൈട്രിക് ഓക്സൈഡ് ശക്തിയേറിയ ഒരു തന്മാത്രയാണ്. നൈട്രിക്‌ ഓക്സൈഡ് കൊണ്ട്‌ നമ്മുടെ ശരീരത്തിലെ രക്തധമനികൾ ശാന്തമാക്കാനും രക്തക്കുഴലുകളുടെ വലിപ്പം നേരിയതോതിൽ വികസിപ്പിക്കാനും അതുവഴി രക്തസഞ്ചാരം സുഗമമാക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ഇതേകാരണം കൊണ്ടു തന്നെയാണ് വ്യായാമം ചെയ്യുന്നതിന്‌ ഒരു മണിക്കൂർ മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്നു വർക്ക്ഔട്ട് സ്പെഷ്യലിസ്റ്റുകൾ പറയുന്നത്. 

മൂല്യവത്തായ പോഷകങ്ങളും നാരുകളും

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റമിൻ സി, നാരുകൾ, പൊട്ടാസ്യംപോലുള്ള അവശ്യ ധാതുക്കൾ, (ആരോഗ്യമുള്ള നാഡി-പേശി പ്രവർത്തനത്തിന് അത്യാവശ്യമാണ്), മാംഗനീസ് (നിങ്ങളുടെ എല്ലുകൾ, കരൾ, കിഡ്നി, പാൻക്രിയാസ് എന്നിവയ്ക്ക് വളരെ അത്യാവശ്യമുള്ളതാണ്). മഗ്നീഷ്യം, ഇരുമ്പ്, വിറ്റമിൻ എ, ബി 6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവയാലും പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.
 
മേധാക്ഷയ (ഡിമെൻഷ്യ) സാധ്യത കുറയ്ക്കും 

മുകളിൽ വിവരിച്ചതുപോലെ ബീറ്റ്റൂട്ട് ജ്യൂസ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നു. മസ്തിഷ്കത്തിൽ നല്ല രക്തചംക്രമണം നിലനിർത്തുന്നത് മൂലം രക്തക്കുഴലിൽ ഡിമെൻഷ്യമൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കുന്നു. അതിനാലാണ് മറവി സംബന്ധിച്ച രോഗങ്ങൾക്കും ബീറ്റ്‌റൂട്ട് ഒരു പ്രതിവിധിയാണ് എന്നു പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള നൈട്രേറ്റ് രക്തയോട്ടം വർദ്ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ ഓക്സിജൻ ശരീരത്തിന്‌ ലഭിക്കും. ഇത് മറവി പരിഹരിക്കാൻ കാരണമാകും.

കരളിനെയും കിഡ്‌നിയെയും വിഷമുക്തമാക്കും

 നിങ്ങളുടെ കരൾ, വൃക്കകൾ എന്നിവ നന്നായി പ്രവർത്തിക്കാനും നല്ല ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീറ്റി റിപ്പോർട്ട് ചെയ്തത് ബീറ്റ്റൂട്ട്‌ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും കാരണമാകുന്നു. മറ്റു ഗവേഷണ പഠനങ്ങളും ചൂണ്ടി ക്കാണിക്കുന്നത് വൃക്കത്തകരാറുകൾ തടയുന്നതിനും വൃക്കരോഗങ്ങളുണ്ടാക്കുന്ന ഫ്രീ റാഡിക്കിൾസ് നീക്കം ചെയ്യുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുമെന്നാണ്. 

 വിളർച്ച (അനീമിയ) മാറ്റാൻ

ചുവപ്പുരക്താണുക്കളിൽ കാണപ്പെടുന്ന തന്മാത്രയാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിനാണ്‌ രക്തത്തിന്‌ ചുവപ്പുനിറം നൽകുന്നത്. രക്തകോശങ്ങളിൽ കാണുന്ന ഈ ഹീമോഗ്ലോബിൻ തന്മാത്രകളാണ് ശരീരത്തിന് വേണ്ട ഓക്സിജനെത്തിക്കുന്നത്. ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് (അയേൺ) വളരെ അത്യാവശ്യമായ പോഷണം ആണ്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്‌. 

ഗർഭിണികളായ സ്ത്രീകൾക്കും 
ഗർഭസ്ഥശിശുവിനും

ഗർഭസ്ഥശിശുക്കളുടെ സുഷുമ്നാ നാഡിയുടെ ശരിയായ രൂപവത്കരണത്തിനും അത്യാവശ്യ ഘടകമാണ് ഫോളിക് ആസിഡ്. കുട്ടികളിൽ കണ്ടുവരുന്ന സ്പൈനൽ ബിഫിഡ പോലുള്ള അവസ്ഥയിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഫോളിക് ആസിഡ്. ബീറ്റ്‌റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ സുഷുമ്നാ നാഡിയുടെ ശരിയായ വളർച്ചയ്ക്ക് സഹായിക്കും.

കാൻസർ പ്രതിരോധം

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഔഷധമെന്ന നിലയിൽ രോഗികൾക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ സയാനിന്, കാൻസർ കോശങ്ങളുടെ വളർച്ച സാവധാനത്തിലാക്കാൻ കഴിയും. കൂടാതെ, ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന അദ്വിതീയ നാരുകളുടെ ഉയർന്ന നിലവാരം കോളൻ കാൻസറിനെതിരേ പ്രവർത്തിക്കുന്നു.

 ബ്യൂട്ടി ആൻഡ് ദി ബീറ്റ്റൂട്ട് 

 ചർമസംരക്ഷണത്തിന്‌ അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് അത്യുത്തമമാണ്.  ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചർമത്തിന്‌ വളരെ ഫലപ്രദമാണ്.
 തടി കുറയ്ക്കാൻ നോക്കുന്നവർക്കുള്ള ഒരു സ്വാഭാവിക വഴിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന്‌ അലിയിച്ചുകളയാൻ ഇതിനാകും.

ഫേഷ്യൽ പാക്ക് 

2:1 ടേബിൾ സ്പൂൺ അനുപാതത്തിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലർത്തി ഫേസ്‌ പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിന്റെ നൈസർഗിക സൗന്ദര്യം നിലനിർത്താനും സഹായിക്കും.

താരൻ     

ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേർത്ത് മുടിയിൽ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരൻ കാരണമുള്ള ചൊറിച്ചിൽ തടയും. ബീറ്റ്റൂട്ടിന്റെ എൻസൈം സ്വഭാവം താരൻ കുറയ്ക്കുകയും താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകൾ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു.

തിളക്കമുള്ള മുഖത്തിന്

ഒന്നുരണ്ടു ബീറ്റ്റൂട്ട് കഷ്ണം വേവിച്ചതിനു ശേഷം, അത് ചർമത്തിൽ തേച്ചുപിടിപ്പിച്ച്‌ 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകൾ എന്നിവ ധാരാളമായി ബീറ്ററൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങളിലേക്ക്‌ വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കുകയും ചെയ്യും.

മുഖത്തിന്റെ യൗവ്വനം നിലനിർത്താൻ 

തേനും പാലും ബീറ്റ്റൂട്ട് ജ്യൂസിൽ മിക്സ് ചെയ്യുക. ആഴ്ചയിൽ ഒരുതവണയെങ്കിലും നിങ്ങളുടെ മുഖത്ത് തേയ്ക്കുക. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകൾ കുറയ്ക്കുകയും പ്രകൃതിദത്തമായ തിളക്കം നൽകുകയും ചെയ്യും. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈകോപിൻ, സ്‌ക്ലേലെൻ എന്നിവ ചർമത്തിലെ ഇലാസ്റ്റികത വർധിപ്പിക്കുകയും അതുവഴി മുഖത്ത്‌ ചുളിവുകൾവരുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.

ചുണ്ടുകളുടെ നൈസർഗിക ചുവപ്പുനിറത്തിന്

ഉറങ്ങാൻപോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കിൽ ചുണ്ടിലെ പാടുകൾ മാറി ചുണ്ടുകൾ ഇളംനിറമായി മാറും. ബീറ്റ്‌റൂട്ടിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സന്തുലിതമായ ഗ്ലൂക്കോസ് അളവുകളുള്ള ഒരു വ്യക്തിക്ക് ഇത് ദോഷം ചെയ്യുകയില്ല, എന്നാൽ ഡയബെറ്റിക്‌ മുതലായവയ്ക്ക്‌ മരുന്നുകഴിക്കുന്നവർ ഭക്ഷണക്രമത്തിൽ ബീറ്റ്റൂട്ട് സ്ഥിരമായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം. ബീറ്റാനിൻ ആണ് ബീറ്റ്റൂട്ടിന്‌ തനതു നിറം കൊടുക്കുന്നത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. ആയതിനാൽ ചിലപ്പോൾ ബീറ്റ്റൂട്ട് കഴിച്ചതിനു ശേഷം മൂത്രം രക്തംകലർന്ന നിറത്തിലാകും. അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. എന്നാൽ നിറവ്യത്യാസം തുടരുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറോട് പറയുക.